2011, മേയ് 24, ചൊവ്വാഴ്ച

അന്യഗ്രഹ ചെടികളുടെ നിറം?

മറ്റു ഗ്രഹങ്ങളില്‍ ചെടികളുണ്ടായാല്‍ നിറമെന്തായിരിക്കും? സങ്കല്‍പ്പ ചോദ്യത്തിനുളള മറുപടി ബ്രിട്ടനിലെ സെന്റ്‌ ആന്‍ഡ്രൂസ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ തേടിയത്‌ . ഒന്നിലേറെ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടായാല്‍ അവ മനുഷ്യനേത്രങ്ങള്‍ക്കു മുന്നില്‍ കറുത്ത നിറത്തിലാകും കാണപ്പെടുക. സൂര്യ രശ്‌മികളുടെ സ്വഭാവം, ചൂട്‌ , ഭൂമിയുമായുളള അകലം എന്നിവയാണത്രേ ഭൂമിയിലെ ചെടികള്‍ക്ക്‌ പച്ചനിറം നല്‍കിയത്‌ . പ്രകാശ സംശ്‌ളേഷണം നടത്തുന്ന ചെടികള്‍ പച്ച, ഇന്‍ഫ്രാറെഡ്‌ എന്നി രശ്‌മികള്‍ മാത്രമാണ്‌ ആഗിരണം ചെയ്യാത്തത്‌ . എന്നാല്‍ ക്ഷീര പഥത്തിലെ 80 ശതമാനം നക്ഷത്രങ്ങള്‍ക്കും സൂര്യന്റെ സ്വഭാവമല്ല. ഈ സാഹചര്യത്തില്‍ ചെടികള്‍ ചുവപ്പ്‌ , മഞ്ഞ, പര്‍പ്പിള്‍, ഗ്രേ എന്നി നിറങ്ങള്‍ സ്വീകരിക്കാനാണ്‌ സാധ്യത. നക്ഷത്രവുമായുള്ള ദൂരത്തിന്റെയും പ്രകാശത്തിന്റെ ശക്‌തിയുമനുസരിച്ചാകും ഈ നിറങ്ങള്‍ സ്വീകരിക്കുക. ഒന്നിലേറെ നക്ഷത്രങ്ങളുളള ഗ്രഹങ്ങള്‍ക്ക്‌ ഒരേ സമയം രണ്ട്‌ പ്രകാശ കേന്ദ്രങ്ങളെയാകും ആശ്രയിക്കേണ്ടി വരുക. ഇങ്ങനെയുള്ള ഗ്രഹങ്ങളിലെ ചെടികള്‍ മനുഷ്യര്‍ക്ക്‌ മുന്നില്‍ കറുത്ത നിറത്തിലാകും കാണപ്പെടുകയെന്ന്‌ ഗവേഷകനായ ജാക്ക്‌ ഒ മല്ലേ ജയിംസ്‌ അറിയിച്ചു. ചില ഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടാകാന്‍ ഭൂമിയേക്കാള്‍ അഞ്ചിരട്ടി അടുപ്പം നക്ഷത്രവുമായി വേണം. ഇവിടെ ചെടികള്‍ ഉണ്ടാകണമെങ്കില്‍ ചൂടിനെ നേരിടാനുള്ള സൗകര്യം ചെടികള്‍ക്കു വേണം. നിറങ്ങള്‍ അന്വേഷിക്കുന്ന ഗവേഷകര്‍ അന്യഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടെന്ന്‌ അവകാശപ്പെടുന്നില്ല. എങ്കിലും സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോള്‍ ശക്‌തിയേറിയ ടെലസ്‌കോപ്പിലൂടെ ചെടികളെ കണ്ടെത്തിയേക്കാമെന്ന്‌ ഇവര്‍ പ്രതീക്ഷിക്കുന്നു.

2011, മേയ് 23, തിങ്കളാഴ്‌ച

ഒബാമയ്‌ക്ക്‌ ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ്‌ നല്‍കിയ പതിമൂന്നുകാരന്‍ കുടുങ്ങി

വിറ്റോ ലാപിന്റോ എന്ന പതിമൂന്നുകാരന്‍ ഇന്റര്‍നെറ്റിലെ സൗഹൃദശൃംഖല വെബ്‌സൈറ്റായ ഫേസ്‌ബുക്കില്‍ സജീവമാണ്‌. അമേരിക്കന്‍ സൈനികര്‍ ഒസാമയെ വധിച്ച ദിവസം വിറ്റോ ഫേസ്‌ബുക്കില്‍ എഴുതി. ഒസാമ മരിച്ചു. എന്നാല്‍, ഒബാമ കരുതിയിരിക്കണം. ചാവേര്‍ ബോംബാക്രമണങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്‌. കൗമാരക്കാരന്‍ നടത്തിയ നിരുപദ്രവമായൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു ഇത്‌. എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ഇതിനെ അത്ര ചെറുതായല്ല കണ്ടത്‌. അവര്‍ സ്‌കൂളിലെത്തി വിറ്റോയെ ചോദ്യം ചെയ്‌തു. അല്‍ ക്വയ്‌ദയുടെ ഏതെങ്കിലും കുട്ടിക്കൂട്ടാളിയായിരിക്കും വിറ്റോ എന്നു കരുതിയാണ്‌ അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോഴേ വിറ്റോ കരഞ്ഞുതുടങ്ങി. ഒടുവില്‍ ഇനി ഫേസ്‌ബുക്കില്‍ പ്രവേശിക്കില്ലെന്ന്‌ സത്യം ചെയ്‌തതോടെയാണ്‌ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു മടങ്ങിയത്‌.

റഗ്‌ബി ലോകകപ്പ്‌ കാണാന്‍ 30,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്ന ദമ്പതികള്‍

ബ്രിട്ടീഷ്‌ ദമ്പതികളായ ഹഡ്‌സണും ബര്‍ട്ടണും റഗ്‌ബി കളിയെന്നാല്‍ ജീവനാണ്‌. ബ്രിട്ടീഷ്‌ ടീം മത്സരിക്കുന്ന റഗ്‌ബി ലോകകപ്പ്‌ നേരില്‍ കാണുകയാണ്‌ ഇരുവരുടെയും ആഗ്രഹം. ന്യൂസിലന്‍ഡില്‍ സെപ്‌്റ്റംബര്‍ ഒമ്പതു മുതല്‍ ഒകേ്‌ടാബര്‍ 23 വരെയാണ്‌ റഗ്‌ബി ലോകകപ്പ്‌ നടക്കുന്നത്‌. ഈ ലോകകപ്പ്‌ കാണാന്‍ ബ്രിട്ടീഷ്‌ ദമ്പതികള്‍ പോകുന്നതെങ്ങനെയെന്നോ. സൈക്കിളില്‍. ബ്രിട്ടണില്‍നിന്ന്‌ സൈക്കിള്‍ ചവിട്ടി ന്യൂസിലന്‍ഡിലെത്തി ലോകകപ്പ്‌ കാണാനാണ്‌ ഇരുവരുടെയും തീരുമാനം. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ്‌ ഇരുവരും ലോകകപ്പ്‌ കാണാന്‍ സൈക്കിള്‍ ചവിട്ടേണ്ടത്‌. ഹഡ്‌സണും ബര്‍ട്ടണും ബ്രിട്ടണില്‍നിന്നു സൈക്കിള്‍ ചവിട്ടി ഇപ്പോള്‍ മലേഷ്യയിലെത്തിയിരിക്കുകയാണ്‌. 24 രാജ്യങ്ങളും രണ്ടു ഭൂഖണ്ഡങ്ങളും കടന്നുവേണം ഇരുവര്‍ക്കും മത്സരവേദിയായ ന്യൂസിലന്‍ഡിലെത്താന്‍. പക്ഷേ, റഗ്‌ബി ലോകകപ്പ്‌ മത്സരം കാണാനുള്ള ടിക്കറ്റൊന്നും ഇരുവരും ബുക്ക്‌ ചെയ്‌തിട്ടില്ല. എന്നാല്‍, ന്യൂസിലന്‍ഡിലെത്തിയാല്‍ ടിക്കറ്റൊക്കെ ശരിയാകുമെന്നാണ്‌ ഈ ദമ്പതികളുടെ വിശ്വാസം.

മദ്യപിക്കാന്‍ പോലീസിനെ കമ്പനിക്ക്‌ വിളിച്ചയാള്‍ കുടുങ്ങി

റെയ്‌മണ്ട്‌ റോബെര്‍ഗ്‌ എന്ന അമേരിക്കക്കാരന്‍ സ്വയം വിശേഷിപ്പിക്കുന്നത്‌ മികച്ചൊരു കുടിയനായിട്ടാണ്‌. അമേരിക്കയിലെ ബ്രിഡ്‌പോര്‍ട്ടിലുള്ള ഈ അറുപത്തിയഞ്ചുകാരന്റെ വീട്‌ ഒരു പൊതുബാറുപോലെയാണ്‌. ഏതൊരാള്‍ക്കും ഈ വീട്ടില്‍വന്ന്‌ ഏത്രനേരം വേണമെങ്കിലും മദ്യപിക്കാം. റെയ്‌മണ്ടിന്റെ ഈ സ്വഭാവം മൂലം ഭാര്യയും മക്കളുമൊക്കെ ഇയാളെ ഉപേക്ഷിച്ചു പോയിരിക്കുകയാണ്‌. ഭാര്യയും മക്കളും പോയെങ്കിലെന്താ തനിക്കത്രയും സന്തോഷമെന്നാണ്‌ റെയ്‌മണ്ട്‌ പറയുന്നത്‌. പേരുകേട്ട കുടിയനാണെങ്കിലും കമ്പനിയില്ലാതെ ഒറ്റയ്‌ക്കു റെയ്‌മണ്ട്‌ മദ്യപിക്കില്ല. മദ്യപിക്കുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ ആരെങ്കിലുമൊക്കെ കമ്പനിവേണമെന്നാണ്‌ ഇയാള്‍ പറയുന്നത്‌. പക്ഷേ, കഴിഞ്ഞ ദിവസം റെയ്‌മണ്ടിന്‌ മദ്യപിക്കാന്‍ ആരെയും കൂട്ടുകിട്ടിയില്ല. അടുത്ത പല സുഹൃത്തുക്കളെയും വിളിച്ചെങ്കിലും ആരും ഇയാളെ തിരിഞ്ഞുപോലും നോക്കിയില്ല. ഒടുവില്‍ റെയ്‌മണ്ട്‌ പോലീസിന്റെ എമര്‍ജന്‍സി നമ്പരിലേക്ക്‌ വിളിച്ചു. അത്യാവശ്യമായി തന്റെ വീട്ടിലേക്കു വരണമെന്നായിരുന്നു ആവശ്യം. എന്തോ അപകടമുണ്ടെന്ന്‌ കരുതി പോലീസുകാര്‍ റെയ്‌മണ്ടിന്റെ വീട്ടിലേക്ക്‌ പാഞ്ഞെത്തി. പോലീസിനായി വീടിന്റെ വാതിലൊക്കെ റെയ്‌മണ്ട്‌ തുറന്നിട്ടിരുന്നു. പോലീസ്‌ വീടിനുള്ളിലെത്തി നോക്കുമ്പോള്‍ വിശാലമായ മുറിയില്‍ മദ്യകുപ്പികളും ഐസ്‌ക്യൂബുകളുമായി ഒരാള്‍ കാത്തിരിക്കുന്നു. പോലീസുകാരെ കണ്ടതും വരണം സാറുമാരെ രണ്ടെണ്ണം വീശിയിട്ടുപോകാമെന്നായി റെയ്‌മണ്ട്‌. മദ്യത്തോട്‌ താത്‌പര്യമുണ്ടെങ്കിലും ഡ്യൂട്ടി സമയമായതിനാല്‍ കുടിച്ചു പുലിവാലു പിടിക്കേണ്ടെന്നായി പോലീസുകാര്‍. പക്ഷേ, റെയ്‌മണ്ടുണ്ടോ വിടുന്നു. നിര്‍ബന്ധമായി, പിന്നെ ഭീഷണിയായി. ഇതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു പോലീസുകാര്‍ക്കു മനസിലായി. ഒടുവില്‍ പോലീസിനെ അനാവശ്യമായി വിളിച്ചു ശല്യപ്പെടുത്തിയെന്ന കേസില്‍ റെയ്‌മണ്ടിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു പ്രശ്‌നങ്ങള്‍ പരിഹരിച്ചു.

12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പല്‍ വലിച്ചു നീക്കി റെക്കോഡിട്ടു

20,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ കപ്പല്‍ വലിച്ചു നീക്കി ലോകറെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു സംഘം എസ്‌റ്റോണിയാക്കാര്‍. 20 പേരടങ്ങിയ സംഘമാണ്‌ കപ്പല്‍ വടം ഉപയോഗിച്ച്‌ വലിച്ചു നീക്കിയത്‌. 12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ്‌ എസേ്‌റ്റാണിയാക്കാര്‍ വലിച്ചുനീക്കിയത്‌. ബാള്‍ട്ടിക്ക്‌ ക്യൂന്‍ എന്നാണ്‌ കപ്പലിന്റെ പേര്‌. 212 മീറ്ററാണ്‌് ഈ കപ്പലിന്റെ നീളം. അന്താരാഷ്ര്‌ടതലത്തിലെ ശക്‌തി മത്സരങ്ങളില്‍ കരുത്തുതെളിയിച്ചിട്ടുള്ളവര്‍ അടങ്ങിയതാണ്‌ ഈ സംഘം. 40 ടണ്‍ ഭാരമുള്ള കൂറ്റന്‍ ബോയിംഗ്‌ 737-500 വിമാനം ഒറ്റക്കൈകൊണ്ട്‌ തള്ളിനീക്കി ലോകറെക്കോഡ്‌ സ്വന്തമാക്കിയ ആന്‍ഡ്രസ്‌ മുറുമെറ്റ്‌സാണ്‌ സംഘത്തെ നയിച്ചത്‌. കഴിഞ്ഞവര്‍ഷം 200 ടണ്‍ ഭാരമുള്ള ഒരു കൂറ്റന്‍ ട്രെയിന്‍ വലിച്ചു നീക്കിയും ഈ സംഘം ലോകശ്രദ്ധനേടിയിരുന്നു.

2011, മേയ് 21, ശനിയാഴ്‌ച

നായയെ പ്രസവിച്ച പൂച്ച

ചൈനയില്‍ കാര്യങ്ങളെല്ലാം തലതിരിഞ്ഞാണു നടക്കുന്നത്‌. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഒരു ആട്‌് പ്രസവിച്ചത്‌ നായയെ. കഴിഞ്ഞദിവസം ഒരു പൂച്ചജന്മം നല്‍കിയതു നായക്കുട്ടിക്കും. ചൈനയിലെ യാങ്‌ഷാന്‍ പ്രവിശ്യയിലാണ്‌ പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ച സംഭവമുണ്ടായത്‌. ഷുവു യാങ്‌ എന്ന വീട്ടമ്മയുടെ പൂച്ചയാണ്‌ നായക്കുഞ്ഞിനു ജന്മമേകിയത്‌. പൂച്ച പ്രസവിച്ചു കിടക്കുന്നതാണ്‌ ഷുവു കാണുന്നത്‌. രണ്ട്‌ കുഞ്ഞുങ്ങള്‍ക്കായിരുന്നു പൂച്ച ജന്മം നല്‍കിയത്‌. ഷുവു പരിശോധിച്ചപ്പോള്‍ ഒരു കുഞ്ഞു മരിച്ചിരിക്കുന്നു. രണ്ടാമത്തെ കുഞ്ഞ്‌ നായക്കുഞ്ഞിനെപ്പോലെയുമുണ്ട്‌. ഷുവു അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ പൂച്ച(നായ)ക്കുഞ്ഞുമായി എത്തി. അവിടത്തെ പരിശോധനയിലും കുഞ്ഞ്‌ നായക്കുഞ്ഞാണെന്ന്‌ സ്‌ഥിരീകരിച്ചു. പൂച്ചക്കുഞ്ഞ്‌ ഒരിക്കലും നായക്കുഞ്ഞിനു ജന്മം നല്‍കില്ലെന്നാണ്‌ മൃഗസംരക്ഷണകേന്ദ്രത്തിലെ ഡോക്‌ടര്‍ പറയുന്നത്‌. പ്രസവത്തെത്തുടര്‍ന്ന്‌ കുഞ്ഞ്‌ ചത്തപ്പോള്‍ പൂച്ച എവിടെനിന്നെങ്കിലും നായക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നതാകാമെന്നാണ്‌ മൃഗഡോക്‌ടര്‍ ചൂണ്ടിക്കാട്ടുന്നത്‌.

വീടു നിയന്ത്രിക്കാനും ഗൂഗിള്‍!

ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്‌ പുതിയ മാനങ്ങള്‍ നല്‍കാനുറച്ചിരിക്കുകയാണ്‌ ഗൂഗിള്‍.മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രായിഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്റെ പരിധികൂട്ടാനാണ്‌ ശ്രമം. Tungstens എന്നാണ്‌ പുതിയ സംവിധാനത്തിന്‌ നല്‍കുന്ന പേര്‌ . വിളക്കുകള്‍ മുതല്‍ ഫ്രിഡ്‌ജ് വരെയുള്ള ഉപകരങ്ങളെ ദൂരെ നിന്ന്‌ പ്രവര്‍ത്തിപ്പിക്കാനുളള സാങ്കേതിക വിദ്യ സംവിധാനത്തിന്റെ ഭാഗമാകും. വീട്ടിലുളള എല്ലാ ഉപകരണങ്ങളെയും ബന്ധിപ്പിക്കാനും നിയന്ത്രിക്കാനുമുളള സംവിധാനമാണ്‌ തയാറാക്കുന്നതെന്ന്‌ Android@Home പദ്ധതിയുടെ തലവനായ ജോ ബ്രിട്ട്‌ അറിയിച്ചു. Tungstenന്റെ മാതൃകയും അദ്ദേഹം പുറത്തുവിട്ടു. ആറിഞ്ച്‌ നീളത്തില്‍ ചുറ്റും സെന്‍സറുകള്‍ ഘടിപ്പിച്ചതാണ്‌ ഉപകരണം. ആന്‍ഡ്രോയിഡ്‌ ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമായതിനാല്‍ കമ്പനികള്‍ക്ക്‌ ആവശ്യങ്ങള്‍ വരുത്താനാകും. Tungstenന്‌ ആവശ്യമായ ഹാര്‍ഡ്‌വേര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ഗൂഗിള്‍ പുറത്തുവിടും. ഇന്റര്‍നെറ്റ്‌ ബന്ധത്തിന്‌ Wi-Fi സംവിധാനമാകും Tungsten ഉപയോഗിക്കുക.

ഇന്റര്‍നെറ്റില്ലാതെയും ഫേസ്‌ബുക്കിലെത്താം

ഫേസ്‌ബുക്കിലെത്താന്‍ ഇനി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വേണ്ട. സിംഗപൂര്‍ ആസ്‌ഥാനമാക്കിയുള്ള U2opia മൊബൈല്‍ ആണ്‌ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്‌. ഇവരുടെ പ്രോഗ്രാം ഉപയോഗിച്ചാല്‍ ഡേറ്റാ കണക്ഷന്‍ ആവശ്യമാകില്ല. GPRS കണക്ഷന്‍ ഉപയോഗിക്കുന്ന ഏതു ഫോണിലും തങ്ങള്‍ തയാറാക്കിയ USSD അധിഷ്‌ഢിത സാങ്കേതിത വിദ്യ ഉപയോഗിക്കാമെന്ന്‌ സിഇഒ സുമേഷ്‌ മേനോന്‍ അറിയിച്ചു. മൊബൈല്‍ സേവനദാതാക്കള്‍ അറിയിപ്പുകളും , ബാലന്‍സ്‌ വിവരങ്ങളും നല്‍കാനാണ്‌ ഇപ്പോള്‍ Unstructured Supplementary Data (USSD) സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌ . തങ്ങളുടെ പ്രോഗ്രാം ഇപ്പോള്‍ ഗ്രാഫിക്‌സിന്‌ അനുമതി നല്‍കുന്നില്ലെന്ന്‌ സുമേഷ്‌ അറിയിച്ചു. എന്നാല്‍ ഫേസ്‌ബുക്കിലെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. എസ്‌എംഎസ്‌ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫേസ്‌ബുക്ക്‌ പ്രവര്‍ത്തിപ്പിക്കുന്നതു മൂലം ട്രാഫിക്‌ കാര്യമായി കൂടില്ല. ഇന്ത്യയിലെ ഒരു സ്വകാര്യ മൊബൈല്‍ സേവന ദാതാവ്‌ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാന്‍ രംഗത്തുണ്ട്‌ .

2011, മേയ് 20, വെള്ളിയാഴ്‌ച

ബ്രെഡ്‌ ശില്‍പങ്ങള്‍

ജാം തേച്ച്‌ ബ്രെഡ്‌ കഴിക്കുന്നത്‌ രുചികരമാണ്‌. എന്നാല്‍, ഇറ്റലിക്കാരിയായ ബിയാട്രിസ്‌ മില്ലര്‍ക്ക്‌ ബ്രെഡുകള്‍ കണ്ടാല്‍ കഴിക്കാന്‍ തോന്നില്ല. ബ്രെഡുകള്‍ ഇഷ്‌ടപ്പെടാത്തതുകൊണ്ടല്ല. ബ്രെഡുകള്‍ കണ്ടാല്‍ ഒരു ശില്‌പിയായി മാറും ഈ കലാകാരി. ബ്രെഡുകൊണ്ട്‌ ശില്‌പങ്ങള്‍ തീര്‍ക്കുന്നതില്‍ വിരുതയാണ്‌ ഇവര്‍. അതു നല്ല ഒന്നാന്തരം ശില്‌പങ്ങള്‍. തടിയിലും ലോഹത്തിലുമൊക്കെ തീര്‍ക്കുന്ന ശില്‌പങ്ങളെ വെല്ലുന്നതരത്തിലാണ്‌ ബിയാട്രിസിന്റെ ബ്രെഡ്‌ രൂപങ്ങള്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ പരമ്പരാഗതമായ രീതിയുപയോഗിച്ചാണ്‌ ബിയാട്രിസിന്റെ ബ്രെഡ്‌ കൊണ്ടുള്ള ശില്‌പ നിര്‍മാണം. ഇങ്ങനെ ബിയാട്രിസ്‌ നിര്‍മിച്ച ശില്‍പങ്ങളുടെ പ്രദര്‍ശനം ചൈനയിലെ ഷാങ്‌ഹായിലുള്ള ഡ്യൂല്യുങ്‌ മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ ആന്‍ഡില്‍ നടന്നുവരികയാണ്‌. നൂറുകണക്കിന്‌ ബ്രെഡ്‌ ശില്‌പങ്ങളാണ്‌ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. സുന്ദരമായ ബ്രെഡ്‌ ശില്‌പങ്ങള്‍ കാണുമ്പോള്‍ സന്ദര്‍ശകര്‍ക്ക്‌ അതൊന്നു കഴിക്കാന്‍ തോന്നിയാലോ എന്നു പേടിച്ച്‌ ബിയാട്രിസ്‌ പ്രദര്‍ശനഹാളില്‍ എപ്പോഴുമുണ്ടാവും.

'കോടതി കനിഞ്ഞില്ല; കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ര്‌ടം കേസില്‍ ഡിഎംകെയുടെ രാജ്യസഭാ എം.പിയും മുതിര്‍ന്ന നേതാവ്‌ കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ ജാമ്യാപേക്ഷ സി.ബി.ഐ. പ്രത്യേക കോടതി തള്ളി. കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി അവരെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു ചെയ്‌തു. പ്രത്യേക കോടതി ജഡ്‌ജി ഒ.പി. സെയ്‌നിയാണ്‌ കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളിയത്‌. കനിമൊഴിക്കൊപ്പം കലൈഞ്‌ജര്‍ ടിവി എംഡി ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അദ്ദേഹത്തെയും കോടതി റിമാന്‍ഡ്‌ ചെയ്‌തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കനിമൊഴി അറസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന്‌ അപേക്ഷ നല്‍കാനാണ്‌ ശ്രമിക്കുന്നത്‌. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കണമെന്നാകും കനിമൊഴിയുടെ അഭിഭാഷകന്‍ രാം ജഠ്‌മലാനി അപേക്ഷിക്കുക. ഇത്‌ അംഗീകരിച്ചില്ലെങ്കില്‍ മുന്‍ ടെലികോം മന്ത്രി രാജയുള്‍പ്പെടെയുള്ളവര്‍ കഴിയുന്ന തിഹാര്‍ ജയിലിലേക്കുതന്നെ കനിമൊഴിക്കും പോകേണ്ടിവരും. 2 ജി. സ്‌പെക്ര്‌ടം കേസിലെ 15 പ്രതികളില്‍ മൂന്ന്‌ പേര്‍ ഒഴികെ ബാക്കിയെല്ലാവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. കനിമൊഴി, ശരത്‌കുമാര്‍, സിനിയുഗ്‌ ഫിലിംസിന്റെ കരീം മൊറാനി എന്നിവര്‍ മാത്രമായിരുന്നു പുറത്തുള്ളത്‌. കനിമൊഴിക്കെതിരേ പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്ന്‌ സിബിഐയുടെ അഭിഭാഷകന്‍ വാദിച്ചത്‌ കോടതി അംഗീകരിക്കുകയായിരുന്നു. കനിമൊഴിയെ വിട്ടയയ്‌ച്ചാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതേസമയം കനിമൊഴി ഒരു സ്‌ത്രീയാണെന്ന പരിഗണന നല്‍കണമെന്നും അവര്‍ ഒരു പാര്‍ലമെന്റ്‌ അംഗമാണെന്ന പരിഗണന നല്‍കണമെന്നുമാണ്‌ കനിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്‌. എന്നാല്‍ കനിമൊഴി അഴിമതി നടത്തിയെന്നു തെളിയിക്കുന്ന വ്യക്‌തമായ രേഖകളാണ്‌ സിബിഐ കോടതിയില്‍ ഹാജരാക്കിയത്‌.

2011, മേയ് 19, വ്യാഴാഴ്‌ച

മൂന്നു വീലുള്ള ബൈക്ക്‌

ബൈക്കുകള്‍ സൃഷ്‌ടിക്കുന്ന പരിസ്‌ഥിതി മലിനീകരണത്തിനെതിരേ ഒരു അമേരിക്കന്‍ യുവാവ്‌ പരിഹാരം കണ്ടത്‌ ഇലക്ര്‌ടിക്‌ ബൈക്കുകള്‍ രൂപകല്‌പന ചെയ്‌താണ്‌. രണ്ടു വീലുകളുള്ള ബൈക്കുകള്‍ക്ക്‌ പകരം മൂന്നു വീലുകളുള്ളതാണ്‌ ഈ ബൈക്കുകള്‍. അതും സൂപ്പര്‍ ബൈക്കുകളുടെ മാതൃകയിലാണ്‌ ഒറ്റസീറ്റുള്ള വൈദ്യുതിയിലോടുള്ള ഈ ബൈക്ക്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. പുറകില്‍ രണ്ടു വീലുകളുണ്ട്‌ ഈ ബൈക്കിന്‌. ഈ വീലുകള്‍ക്കിടയില്‍ മറ്റൊരു വീലുകൂടി ഒളിപ്പിച്ചുവച്ചിട്ടുണ്ട്‌ ഈ ബൈക്ക്‌. ഈ രൂപത്തില്‍ 360 ഡിഗ്രിയില്‍ കറങ്ങാന്‍ ഈ ബൈക്കിനാവും. ഗതാഗത കുരുക്കുകളില്‍ യഥേഷ്‌ടം ഏതു ദിശയിലേക്ക്‌ തിരിഞ്ഞും മുന്നേറാമെന്നതാണ്‌ പ്രത്യേകത. ഗതാഗത കുരുക്കൊഴിഞ്ഞ്‌ വിശാലമായ റോഡിലെത്തിയാലോ. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പിന്‍ഭാഗത്ത്‌ ടയറുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച വീല്‍ മുന്‍ഭാഗത്തേക്കു വരികയായി. പിന്നെ സാധാരണ ബൈക്കുകളെ വെല്ലുന്ന വേഗതയില്‍ കുതിച്ചുപായാം. ബെഞ്ചമിന്‍ ഗുലാക്കാണ്‌ ഈ ബൈക്കിന്റെ സൃഷ്‌ടാവ്‌. നാലു മണിക്കൂറോളം ചാര്‍ജ്‌ ചെയ്‌താല്‍ 50 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാനാവും. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പിതാവിനൊപ്പം ബെഞ്ചമിന്‍ ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനീസ്‌ മഹാനഗരങ്ങളില്‍ അനുഭവപ്പെട്ട ഗതാഗത കരുക്കും മലിനീകരണങ്ങളുമാണ്‌ ബെഞ്ചമിനെ ഇത്തരമൊരു ബൈക്കിനെക്കുറിച്ച്‌് ചിന്തിപ്പിച്ചത്‌. പക്ഷേ, 3.35 ലക്ഷം മുടക്കണം ഈ സൂപ്പര്‍ ബൈക്ക്‌ സ്വന്തമാക്കാന്‍.

ഫേസ്‌ബുക്ക്‌ പ്രേമികളായ ദമ്പതികള്‍ മകള്‍ക്ക്‌ പേരിട്ടു... ലൈക്ക്‌

സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്‌. ടുണീഷ്യയിലെയും ഈജിപ്‌തിലെയും ലിബിയയിലെയും ജനകീയ വിപ്ലവങ്ങളില്‍ ഫേസ്‌ബുക്കിനുള്ള സ്‌ഥാനം തള്ളിക്കളയാനാവില്ല. എന്നാല്‍, ഫേസ്‌ബുക്കിനോടുള്ള പ്രേമം തലയ്‌ക്കു പിടിച്ച്‌ ഈ വെബ്‌സൈറ്റിലെ ഒരു ടാബിന്റെ പേര്‌ മകള്‍ക്കിട്ടാലോ. ഇസ്രേലി ദമ്പതികളായ ലിയോറും വാര്‍ദിത്‌ ആഡ്‌ലറുമാണ്‌ മകള്‍ ലൈക്ക്‌ എന്നു പേരിട്ട്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചത്‌. ഫേസ്‌ബുക്കില്‍ ഓരോ ഫോട്ടോയുടെയും കമന്റിന്റെയും ചുവടെ ലൈക്ക്‌ എന്നൊരു ടാബും കാണും. വലതുകൈ ചുരട്ടി തള്ളവിരല്‍ മാത്രം ഉയര്‍ത്തി പിടിച്ചുള്ള ചിഹ്നത്തോടൊപ്പം ലൈക്ക്‌ എന്ന്‌ എഴുതിയിട്ടുണ്ടാവും. ഫോട്ടോയും കമന്റുമൊക്കെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഈ ലൈക്ക്‌ ടാബില്‍ ക്ലിക്ക്‌ ചെയ്യാം. ഈ ലൈക്ക്‌ ടാബ്‌ ഇഷ്‌ടപ്പെട്ടാണ്‌ ലിയോറും വാര്‍ദിതും തങ്ങളുടെ മൂന്നാമത്തെ പുത്രിക്ക്‌ ലൈക്ക്‌ എന്നു പേരിട്ടത്‌. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക്‌ ഇസ്രേലി പേരുകളാണ്‌ ഇവര്‍ നല്‍കിയത്‌. മൂന്നാമത്തെ കുട്ടി ജനിച്ചപ്പോള്‍ വ്യത്യസ്‌തമായൊരു പേരു നല്‍കണമെന്ന ആഗ്രഹത്താലാണ്‌ ഇവര്‍ ലൈക്ക്‌ എന്നു പേരിട്ടത്‌. ഫേസ്‌ബുക്കിലെ ലൈക്ക്‌ എന്ന ടാബാണ്‌ കുഞ്ഞിന്‌ ഈ പേരു നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ ദമ്പതികള്‍ പറയുന്നത്‌.

'സലീംകുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്; മികച്ച ചിത്രം ആദാമിന്റെ മകന്‍ അബു

ന്യുഡല്‍ഹി: 58-ാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളി താരം സലിം കുമാറും തമിഴ് നടന്‍ ധനുഷും പങ്കിട്ടു. ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ പുരസ്കാരത്തിന് അര്‍ഹനായത്. ആടുകളം ആണ് ധനുഷിനെ മികച്ച നടനാക്കിയത്.മികച്ച ചിത്രം ആദമിന്റെ മകന്‍ അബു. മികച്ച നടിക്കുള്ള പരുസ്കാരം ബംഗാള്‍ നടി മിത്താലി ജെത്തബ്, തമിഴ് നടി ശരണ്യ പ്രിവര്‍ണ്ണയും പങ്കിട്ടു. കലാസംവിധാനത്തിനുള്ള അവാര്‍ഡ് സാബു സിറിളിനാണ്. സഹനടിക്കുള്ള അവാര്‍ഡ് സുകുമാരിയും പങ്കിട്ടു. മികച്ച സംവിധായകന്‍ വെട്രിമാരന്‍(ആടുകളം). മികച്ച സഹനടിയായി മൈനയെ തെരഞ്ഞെടുത്തു. മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം-ദ ജെം, കള്‍ച്ചര്‍ ആന്‍ഡ്‌ ആര്‍ട്ട്‌ ഫിലിം-ലീവിംഗ്‌ ഹോം, എഡ്യുക്കേഷന്‍ ഫിലിം-അദ്വൈതം, സംവിധാനം-അരുണിമ ശര്‍മ്മ. സിനിമാ നിരൂപണത്തിനുള്ള പുരസ്‌കാരം മലയാളി കൂടിയായ ജോഷി ജോസഫ്‌ സ്വന്തമാക്കി. രജതകമലം സ്‌നേഹല്‍ ആര്‍.നായര്‍ക്ക്‌ ലഭിച്ചു. ദേശീയോദ്ഗ്രന്ഥന പുരസ്കാരം നര്‍ഗീസ് ദത്തിന് ലഭിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം മറാട്ടി ചിത്രമായ ചാന്പ്യന്‍സ് സ്വന്തമാക്കി. തവാങ് ആണ് ജനപ്രിയ ചിത്രം

2011, മേയ് 17, ചൊവ്വാഴ്ച

ആഫ്രിക്കന്‍ ദമ്പതികള്‍ക്ക്‌ ജനിച്ചത്‌ വെളുത്ത ശിശു

മാതാപിതാക്കളുടെ വംശസ്വഭാവത്തോടുകൂടിയായിരിക്കും കുട്ടികള്‍ ജനിക്കുക. വെളുത്ത നിറത്തോടു കൂടിയുള്ള ദമ്പതികള്‍ക്ക്‌ ജനിക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായും വെളുത്തിരിക്കും. അതുപോലെ കറുത്ത വര്‍ഗക്കാരായ ദമ്പതികള്‍ക്ക്‌ ജനിക്കുക കറുത്ത നിറത്തോടുകൂടിയുള്ള കുട്ടികളും. കറുത്തതും വെളുത്തനിറത്തോടുകൂടിയുള്ള ദമ്പതികള്‍ക്ക്‌ ജനിക്കുക ഇരുവരുടെയും വംശപ്രത്യേകതയോടെയുള്ള കുഞ്ഞുമായിരിക്കും. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്‌തമായി ഒരു കുഞ്ഞ്‌ ജനിച്ചിരിക്കുകയാണ്‌ ബ്രിട്ടണിലുള്ള ഒരു ആഫ്രിക്കന്‍ ദമ്പതികള്‍ക്ക്‌. ഫ്രാന്‍സിസ്‌ ഷിബാന്‍ഗു-ആര്‍ലെറ്റെ എന്ന കറുത്ത വര്‍ഗത്തിലുള്ള ദമ്പതികള്‍ക്ക്‌ ജനിച്ച കുഞ്ഞാകട്ടെ ഇരുവരുടെയും വംശീയ പ്രത്യേകതകളൊന്നുമില്ലാത്തൊരു കുഞ്ഞും. ഈ ദമ്പതികളില്‍നിന്നു വ്യത്യസ്‌തമായ നിറത്തോടും വംശീയ പ്രത്യേകതകളോടും കൂടിയതാണ്‌ ഈ കുഞ്ഞ്‌. വെളുത്ത നിറത്തില്‍ യൂറോപ്യന്‍ പ്രത്യേകതകളോടുകൂടിയതാണ്‌ ഈ കുഞ്ഞ്‌ ജനിച്ചത്‌. കുഞ്ഞിനെക്കണ്ടാല്‍ ഈ ദമ്പതികളുടേതാണെന്ന്‌ പറയുകയേയില്ല. ഡാനിയല്‍ എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞ്‌ വൈദ്യശാസ്‌ത്രത്തെ അത്ഭുതപ്പെടുത്തിരിക്കുകയാണ്‌. കാരണം, അത്യപൂര്‍വമായി മാത്രമാണ്‌ ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്‌. ജനിതക വ്യത്യാസമാണ്‌ ഡാനിയലിന്റെ ഈ നിറംമാറ്റത്തിന്റെ കാരണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഷിബാന്‍ഗു- ആര്‍ലെറ്റെ ദമ്പതികള്‍ക്ക്‌ രണ്ടു വയസുള്ള മറ്റൊരു പുത്രനുമുണ്ട്‌. കറുത്ത നിറത്തില്‍ ഇരുവരുടെയും വംശീയ പ്രത്യേകതകളോടുകൂടിയതാണ്‌ ഈ കുഞ്ഞ്‌.

മേയ്‌ 21ന്‌ ലോകാവസാനം!

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകം അവസാനിക്കുമെന്ന്‌ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്‌ അമേരിക്കക്കാരനായ റോബര്‍ട്ട്‌ ഫിറ്റ്‌സ്്‌പാട്രിക്‌ എന്ന അറുപതുകാരന്‍. ഒരു വമ്പന്‍ ഭൂചലനത്തോടെയാണ്‌ ലോകാവസാനമെന്നാണ്‌ റോബര്‍ട്ട്‌ പറയുന്നത്‌. 2011 മേയ്‌ 21ന്‌ ലോകം അവസാനിക്കും. അതായത്‌ ഈ വെള്ളിയാഴ്‌ച. അന്നേദിവസം അമേരിക്കന്‍ സമയം വൈകിട്ട്‌ ആറുമണിയോടെയാണ്‌ ഭൂകമ്പമുണ്ടാകുന്നതെന്നും ലോകത്തുണ്ടായതില്‍വച്ച്‌ ഏറ്റവും വലിയ ഭൂകമ്പമായിരിക്കും ഇതെന്നും റോബര്‍ട്ട്‌ പ്രവചിക്കുന്നു. ലോകാവസാനം പ്രവചിക്കുകമാത്രമല്ല. ഇതിനെക്കുറിച്ച്‌ ലോകാവസാന രേഖകള്‍ എന്നൊരു പുസ്‌തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌ ഈ അമേരിക്കക്കാരന്‍. പുസ്‌തകം ചെലവാകുന്നില്ലെന്നു കണ്ടതോടെ തന്റെ സമ്പാദ്യം മുഴുവന്‍ മുടക്കി പരസ്യം ചെയ്യുകയാണ്‌ റോബര്‍ട്ട്‌. ജീവിതകാലത്ത്‌ താന്‍ സമ്പാദിച്ച 6.3 കോടിയോളം രൂപയാണ്‌ ന്യൂയോര്‍ക്കില്‍ ലോകാവസാനത്തെക്കുറിച്ചുള്ള പരസ്യം ചെയ്യാനായി റോബര്‍ട്ട്‌ വിനിയോഗിച്ചത്‌. കൂറ്റന്‍ പരസ്യബോര്‍ഡുകളിലൂടെയാണ്‌ റോബര്‍ട്ടിന്റെ ലോകാവസാന മുന്നറിയിപ്പുകള്‍. 2011 മേയ്‌ 21ന്‌ ലോകം അവസാനിക്കുമെന്നതിനെക്കുറിച്ച്‌ ബൈബിളില്‍ സൂചനയുണ്ടെന്നാണ്‌ റോബര്‍ട്ട്‌ അവകാശപ്പെടുന്നത്‌.

മദ്യപിച്ചാല്‍ ഡ്രൈവര്‍ വാഹനത്തിനു പുറത്ത്‌

മദ്യപിച്ച്‌ വാഹനമോടിക്കുന്നതാണ്‌ റോഡപകടങ്ങളുടെ പ്രധാനകാരണം. ഇത്തരം അപകടങ്ങള്‍ തടയാന്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വാഹനത്തോടൊപ്പം സംവിധാനമുണ്ടെങ്കിലോ. ഇത്തരമൊരു സംവിധാനം എര്‍പ്പെടുത്തിയിരിക്കുകയാണ്‌ ബ്രിട്ടണ്‍. അവിടെ യാത്രാ ബസുകളില്‍ മദ്യപിച്ച്‌ ഡ്രൈവര്‍ പ്രവേശിച്ചാല്‍ വാഹനം സ്‌റ്റാര്‍ട്ടാവില്ല. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത്‌ അനലൈസറുകള്‍ ഈ ബസുകളില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ഡ്രൈവിംഗ്‌ സീറ്റില്‍ കയറിയിരുന്നാല്‍ ഡ്രൈവര്‍ ആദ്യം ചെയ്യേണ്ടത്‌ ഈ ബ്രീത്ത്‌ അനലൈസറില്‍ ഊതുകയെന്നതാണ്‌. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെങ്കില്‍ ബസ്‌ സ്‌റ്റാര്‍ട്ടാവും. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ബ്രീത്ത്‌ അനലൈസറില്‍നിന്ന്‌ പ്രത്യേക കേന്ദ്രത്തിലേക്ക്‌ സന്ദേശം പോവും. ബസ്‌ സ്‌റ്റാര്‍ട്ടാവുകയില്ലെന്നു മാത്രമല്ല ഏതാനും നിമിഷങ്ങള്‍ക്കകം പോലീസ്‌ സ്‌ഥലത്തെത്തി ഡ്രൈവറെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്യും. ഈ സംവിധാനം മറ്റു വാഹനങ്ങളിലും ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ്‌ ബ്രിട്ടണ്‍.

ശവമഞ്ചം ഓടിച്ച്‌ റെക്കോഡിട്ട വൈദികന്‍

റേ ബിദ്ദിസ്‌ ഇംഗ്ലണ്ടിലെ ഒരു വൈദികനാണ്‌. മോട്ടോര്‍ ബൈക്കുകള്‍ വേഗത്തില്‍ ഓടിക്കുകയെന്നതാണ്‌ ഈ വൈദികന്റെ പ്രിയപ്പെട്ടവിനോദം. വേഗതയോടുള്ള ഈ ഇഷ്‌ടം തന്റെ വൈദികവൃത്തിയോട്‌ ബന്ധിപ്പിച്ചിരിക്കുകയാണ്‌ റേ. ഏറ്റവും വേഗത്തില്‍ ശവമഞ്ചം ഓടിച്ചാണ്‌ ഈ വൈദികന്‍ തന്റെ ബൈക്കുപ്രേമം തെളിയിച്ചിരിക്കുന്നത്‌. മോട്ടോര്‍ബൈക്കില്‍ ഘടിപ്പിച്ച ശവമഞ്ചം മണിക്കൂറില്‍ 182.5 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ്‌ റേ റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം പിടിച്ചത്‌. ഏറ്റവും വേഗത്തില്‍ ശവമഞ്ചം ഓടിച്ചതിന്റെ റേക്കോഡാണ്‌ റേ സ്വന്തമാക്കിയത്‌. ട്രയഫ്‌ അമേരിക്ക എന്ന ബൈക്കാണ്‌ റെ ഉപയോഗിച്ചത്‌. ഈ വാഹനത്തില്‍ രണ്ടു ചക്രങ്ങളോടു കൂടിയുള്ള ശവമഞ്ചം ഘടിപ്പിച്ചു. ഇതില്‍ ശവപ്പെട്ടിയും റേ വച്ചിരുന്നു. യോര്‍ക്ക്‌ ഷെയറിലുള്ള ഹാലിഫാക്‌സിലുള്ള ഒരു വിമാനത്താവളത്തിന്റെ റണ്‍വേയിലാണ്‌ റേ തന്റെ ബൈക്കില്‍ റെക്കോഡ്‌ പ്രകടനം നടത്തിയത്‌. സംസ്‌കാര ചടങ്ങില്‍ മൃതദേഹ പേടകം വഹിക്കുന്ന ശവമഞ്ചം ഓടിച്ചാണ്‌ റെക്കോഡിട്ടതെന്നാണ്‌ ഈ വൈദികന്റെ അവകാശവാദം. പരമ്പരാഗത രീതികളില്‍നിന്നു വ്യത്യസ്‌തമായി ചിന്തിക്കുന്നവരാണ്‌ ഈ ശവമഞ്ചത്തില്‍ അത്യയാത്രയ്‌ക്കിഷ്‌ടപ്പെടുന്നതെന്നും റേ ചൂണ്ടിക്കാട്ടുന്നു. റോക്കറ്റെന്നാണ്‌ റേ ഈ പായുന്ന ശവമഞ്ചത്തിനിട്ടിരിക്കുന്ന പേര്‌.

ചന്ദ്രനിലേക്കൊരു വിനോദയാത്ര

ആകാശത്ത്‌ വിളങ്ങിനില്‍ക്കുന്ന ചന്ദ്രനിലേക്കൊരു യാത്ര നടത്താന്‍ ആഗ്രഹിക്കാത്താവരായി ആരുണ്ട്‌. ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങള്‍ നിധിപോലെ സൂക്ഷിച്ചുവച്ചായിരിക്കും ഇത്തരക്കാര്‍ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം നടത്തുന്നത്‌. എന്നാല്‍, ചന്ദ്രയാത്രയെന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഒരു കമ്പനി രംഗത്തെത്തിയിരിക്കുകയാണ്‌. 17 ദിവസം നീളുന്നൊരു ബഹിരാകാശ യാത്ര. ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സെന്ററിലെ താമസവും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ ചുറ്റക്കറക്കവും ഉള്‍പ്പെടുന്നതാണ്‌ ഈ ട്രിപ്പ്‌. ചെലവ്‌ അല്‌പം കൂടുമെന്നുമാത്രം. 675 കോടി രൂപ മുടക്കാന്‍ തയാറാകുന്ന ഏതൊരാള്‍ക്കും ചന്ദ്രനെ ചുറ്റിയടിച്ച്‌ ഭൂമിയിലെത്താം. സ്‌പേസ്‌ അഡ്‌വെഞ്ചര്‍ എന്ന കമ്പനിയാണ്‌ ട്രാവല്‍ ഏജന്റുമാര്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. റഷ്യന്‍ ബഹിരാകാശ വാഹത്തിലായിരിക്കും ചന്ദ്രനെ ചുറ്റിയടിച്ചുവരാന്‍ ബഹിരാകാശ വിനോദസഞ്ചാരികള്‍ യാത്രയാവുക. 2015 മുതല്‍ വിനോദസഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്‌ ഇവര്‍. നിലവില്‍ ഒരാള്‍ ചാന്ദ്രയാത്രയ്‌ക്കായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു കഴിഞ്ഞു. 2020തോടെ 140 വിനോദയാത്രക്കാരെയെങ്കിലും ചന്ദ്രന്‍ ചുറ്റിയടിച്ച്‌ കാണിക്കാനാണ്‌ കമ്പനിയുടെ പദ്ധതി.

വിമാനമോ അതോ ട്രെയിനോ?

വിമാനത്തിന്റെ രൂപത്തില്‍ പറക്കുന്ന ട്രെയിന്‍ വികസിപ്പിച്ചിരിക്കുകയാണ്‌ ജപ്പാനീസ്‌ വാഹനവിദഗ്‌ധര്‍. കാഴ്‌ചയില്‍ ഈ വാഹനം വിമാനത്തെപ്പോലെയിരിക്കും. ചിറകുകളും പ്രൊപ്പല്ലറുകളുമൊക്കെയുള്ള ഒരു യഥാര്‍ഥ വിമാനം. എന്നാല്‍, ഇവന്‌ സഞ്ചരിക്കാന്‍ ട്രെയിനിന്റെ മാതൃകയില്‍ പ്രത്യേക ട്രാക്ക്‌ വേണം. ഭൂമിയില്‍ തൊടാതെ ആകാശത്ത്‌ ഏതാനും ഇഞ്ച്‌ ഉയര്‍ന്നാണ്‌ ഈ വിമാനട്രെയിനിന്റെ സഞ്ചാരം. ജപ്പാനിലെ തൊഹൊകു സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്‌ധരാണ്‌ ഈ വിമാനട്രെയിനിന്റെ മാതൃക വികസിപ്പിച്ചെടുത്തത്‌. ഭൂമിയില്‍ തൊടാതെ സഞ്ചരിക്കുന്നതിനാല്‍ ഘര്‍ഷണം ഇല്ലാതെ വളരെ വേഗത്തില്‍ കുതിക്കാന്‍ ഈ വാഹനത്തിനു സാധിക്കും. അതോടൊപ്പം കുറഞ്ഞ ഊര്‍ജത്തില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍, ഈ വിമാനട്രെയിനില്‍ സഞ്ചരിക്കണമെന്ന്‌ മോഹമുള്ളവര്‍ വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

മോഷണം പോയകാര്‍ തിരികെ ലഭിച്ചത്‌ 36 വര്‍ഷത്തിനുശേഷം

മോഷണം പോകുന്ന കാറുകള്‍ തിരികെ ലഭിക്കുന്നതു തന്നെ മഹാഭാഗ്യമാണ്‌. കാറിന്റെ എന്‍ജിനുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അഴിച്ചുമാറ്റി വില്‍ക്കുന്നതാണ്‌ സാധാരണ മോഷ്‌ടാക്കളുടെ രീതി. അല്ലെങ്കില്‍ വ്യാജരജിസ്‌ട്രേഷനില്‍ വാഹനത്തെ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കാനും മോഷ്‌ടാക്കള്‍ തയാറാണ്‌. ഇങ്ങനെ നഷ്‌ടപ്പെടുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. എന്നാല്‍, അമേരിക്കയില്‍ മോഷണം പോയ ഒരു കാര്‍ കണ്ടെത്തിയത്‌ 36 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. 1975 ജൂലൈ 8ന്‌ ന്യൂയോര്‍ക്കില്‍നിന്നു മോഷണം പോയ കാറാണ്‌ കഴിഞ്ഞ ദിവസം ന്യൂജഴ്‌സിയില്‍നിന്നു കണ്ടെത്തിയത്‌. 1969 മോഡല്‍ ഷെവി കമറോ എസ്‌എസ്‌ എന്ന കാറാണ്‌ തിരികെ ലഭിച്ചത്‌. ജാനിസ്‌ മഫുസി എന്ന സ്‌ത്രീയുടെ പേരിലുള്ളതാണ്‌ ഈ കാര്‍. ഇവരുടെ പിതാവ്‌ ജോലി ചെയ്‌തിരുന്ന ഓഫീസിന്റെ മുമ്പില്‍നിന്നായിരുന്നു കാര്‍ 1975ല്‍ മോഷണം പോയത്‌. കഴിഞ്ഞ മാസം ഈ കാര്‍ ഇന്റര്‍നെറ്റിലൂടെ സാന്‍ത മരിയ എന്നയാള്‍ വാങ്ങുകയായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നതില്‍നിന്നു വ്യത്യസ്‌തമായ കാര്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ സാന്‍ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ന്യൂയോര്‍ക്കില്‍നിന്നു മോഷണം പോയതാണെന്ന്‌ പോലീസ്‌ കണ്ടെത്തിയത്‌.

അപ ഷേര്‍പ്പയ്‌ക്കുമുമ്പില്‍ എവറസ്‌റ്റ് തലകുനിച്ചത്‌ 21ാം തവണ

ലോകത്തെ ഏറ്റവും ഉയരും കൂടിയ കൊടുമുടിയാണ്‌ എവറസ്‌റ്റ്. എവറസ്‌റ്റ് കീഴടക്കുകയെന്നത്‌ ലോകത്തെ ഏതൊരു പര്‍വതാരോഹകന്റെയും സ്വപ്‌നമാണ്‌. ഒരു തവണ എവറസ്‌റ്റ് കീഴടക്കുന്നവരെപ്പോലും മാധ്യമങ്ങള്‍ ധീരരായാണ്‌ വാഴ്‌ത്തുന്നത്‌. എന്നാല്‍, 8850 മീറ്റര്‍ 8848 മീറ്റര്‍ ഉയരമുള്ള ഈ വമ്പനെ 21 തവണ കീഴടക്കി ലോകറെക്കോഡിട്ടിരിക്കുകയാണ്‌ അപ ഷേര്‍പയെന്ന നേപ്പാളുകാരന്‍. തന്റെ തന്നെ മുന്‍ റെക്കോഡാണ്‌ അപ ഷേര്‍പ തിരുത്തിയത്‌. 1990ലാണ്‌ അപ ഷേര്‍പ ആദ്യമായി എവറസ്‌റ്റ് കീഴടക്കുന്നത്‌. പിന്നീട്‌ ഓരോ വര്‍ഷവും എന്ന കണക്കില്‍ അപ ഷേര്‍പ എവറസ്‌റ്റ് കീഴടക്കിവരുന്നു. 51-ാം വയസിലാണ്‌ അമേരിക്കയില്‍ താമസമാക്കിയ അപ ഷേര്‍പയുടെ ഈ നേട്ടമെന്ന പ്രത്യേകതയുമുണ്ട്‌.

2011, മേയ് 16, തിങ്കളാഴ്‌ച

തലയില്‍കൂടി ഇരുമ്പ്‌ ദണ്ഡ്‌ തുളഞ്ഞുകയറിയയാള്‍ രക്ഷപ്പെട്ടു

അമേരിക്കക്കാരനായ ആന്‍ഡ്രു ലിന്‍ മഹാഭാഗ്യവാനാണ്‌. വായില്‍ക്കൂടി തുളച്ചുകയറിയ ഇരുമ്പ്‌ ദണ്ഡ്‌ തലയോട്ടി തുളച്ച്‌ പുറത്തുവന്നെങ്കിലും ജീവന്‍ നഷ്‌ടപ്പെടാതെ രക്ഷപ്പെട്ട ഭാഗ്യവാനാണ്‌ ആന്‍ഡ്രു. അമേരിക്കയിലെ ലാസ്‌ വേഗസുകാരനാണ്‌ ആന്‍ഡ്രു. രാത്രിയില്‍ കാറോടിച്ച്‌ വീട്ടിലേക്കു പോകവേ ആന്‍ഡ്രു ഉറങ്ങിപ്പോവുകയായിരുന്നു. ആന്‍ഡ്രു ഉറങ്ങിയതോടെ നിയന്ത്രണംവിട്ട കാര്‍ ഒരു ഇരുമ്പുവേലിയില്‍ ഇടിച്ചു. രണ്ടിഞ്ച്‌ വ്യാസമുള്ള ഇരുമ്പ്‌ ദണ്ഡുകള്‍ കൊണ്ട്‌ നിര്‍മിച്ചതായിരുന്നു ഈ ഇരുമ്പുവേലി. കാര്‍ ഇരുമ്പുവേലിയില്‍ ഇടിച്ചതോടെ രണ്ടിഞ്ച്‌ വ്യാസമുള്ള ഇരുമ്പ്‌ ദണ്ഡ്‌ ആന്‍ഡ്രുവിന്റെ തലയിലൂടെ തുളഞ്ഞുകയറുകയായിരുന്നു. വായിലൂടെ കയറിയ ഇരുമ്പ്‌ ദണ്ഡ്‌ തലയോട്ടി തുളച്ചാണ്‌ പുറത്തുവന്നത്‌. ഇരുമ്പുദണ്ഡ്‌ തുളഞ്ഞുകയറി പുറത്തുവന്നത്‌ അല്‌പം മാറിയിരുന്നെങ്കില്‍ ആന്‍ഡ്രുവിന്റെ ജീവന്‍ നഷ്‌ടപ്പെടുമായിരുന്നു. അപകടം നടന്ന്‌ ഉടനെ ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ ആന്‍ഡ്രുവിന്റെ ജീവന്‍ രക്ഷപെടുകയായിരുന്നു.

92 കിലോ ഭാരമുള്ള ആറു വയസുകാരി

സുമന്‍ ഖാടനെന്ന പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു കച്ചിത്തുറൂ ഉരുണ്ടുവരികയാണെന്നേ തോന്നൂ. മൂന്നടി അഞ്ചിഞ്ച്‌ പൊക്കമുള്ള സുമന്റെ ഭാരം 92 കിലോയാണ്‌. ലോകത്തെ ഏറ്റവും ഭാരമുള്ള ബാലികയാണ്‌ സുമന്‍. എന്തുകഴിച്ചാലും മതിവരാത്ത വിശപ്പാണ്‌ സുമന്റെ പ്രശ്‌നം. രാവിലെ ഏഴുമണിക്ക്‌ 20 ബിസ്‌ക്കറ്റും 12 ഏത്തപ്പഴവും കഴിക്കുന്ന സുമന്‍ 9.30 ആകുമ്പോള്‍ രണ്ടു പ്ലേറ്റ്‌ ചോറും 5 മുട്ടയും കഴിക്കും. പിന്നെ ഉച്ചഭക്ഷണത്തിനുമുമ്പ്‌ 15 ബിസ്‌ക്കറ്റും രണ്ടു പായ്‌ക്കറ്റ്‌ ചിപ്‌സും 10 ഏത്തപ്പഴവും കഴിക്കും. 12-നാണ്‌ ഉച്ചഭക്ഷണം. രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ടു പ്ലേറ്റ്‌ മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌കറിയും രണ്ട്‌ ഓംലൈറ്റുമാണ്‌ ഉച്ചയ്‌ക്ക് സുമന്‍ അകത്താക്കുന്നത്‌. വൈകുന്നേരം മധുരപലഹാരങ്ങളാണ്‌ സുമന്‌ പ്രിയം ഇതോടൊപ്പം 15 ബിസ്‌ക്കറ്റും 10 ഏത്തപ്പഴവും രണ്ട്‌ പായ്‌ക്കറ്റ്‌ ചിപ്‌സും സുമന്‍ കഴിക്കും. രാത്രി ഭക്ഷണത്തിന്‌ രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ട്‌ പാത്രം മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌ കറിയും സുമനു വേണം. ചില ദിവസങ്ങളില്‍ ഇത്രയൊക്കെക്കഴിച്ചാലും സുമന്റെ വിശപ്പ്‌ അടങ്ങില്ല. ഭക്ഷണം ചോദിച്ച്‌ വീട്ടുകാരോട്‌ അവള്‍ വഴക്കു തുടങ്ങും. വിശന്നാല്‍ അയല്‍വീടുകളില്‍പ്പോയി ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിക്കാനും ഈ ആറു വയസുകാരിക്കു മടിയില്ല. ആരും ഭക്ഷണം തന്നില്ലെങ്കില്‍ മണ്ണുവാരിത്തിന്നായിരിക്കും സുമന്‍ വിശപ്പടക്കുക. ആഴ്‌ചയില്‍ 14 കിലോ അരി, 8 കിലോ ഉരുളന്‍കിഴങ്ങ്‌, 8 കിലോ മീന്‍, 140 ഏത്തപ്പഴം എന്നിവ വേണ്ടിവരും. അതോടൊപ്പം മധുരപലഹാരങ്ങളും ചിപ്‌സുമൊക്കെ വേറെയും. ദിവസക്കൂലിക്കാരനായ സുമന്റെ പിതാവിനു ലഭിക്കുന്ന വേതനം മുഴുവന്‍ മകളുടെ ഭക്ഷണത്തിനായി ചെലവഴിക്കുകയാണ്‌. കുട്ടികള്‍ കളിയാക്കുന്നതിനാല്‍ സുമന്‍ സ്‌കൂളില്‍ പോകാറില്ല. സ്‌കൂളില്‍ ചെന്നാലും ആവശ്യത്തിന്‌ ഭക്ഷണം കഴിക്കാന്‍ തനിക്കു സാധിക്കില്ലെന്നാണ്‌ സുമന്‍ പറയുന്നത്‌. ആറു വസയുപ്രായമുള്ള സാധാരണകുട്ടികളേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്‌ സുമന്റെ ഭാരം. അമിതഭാരമുള്ളതിനാല്‍ അധികനേരം നടക്കാന്‍ സുമനു സാധിക്കില്ല. ഏതാനും മിനിട്ടുകള്‍ നടന്നാല്‍ സുമന്‍ കുഴഞ്ഞു വീഴും. എന്തുകൊണ്ടാണ്‌ സുമന്‌ അമിതമായ വിശപ്പ്‌ വരുന്നതെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ കണ്ടെത്തനായില്ല. സുമന്‍ ഇങ്ങനെ അമിതവണ്ണം വച്ചാല്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

2011, മേയ് 15, ഞായറാഴ്‌ച

യേശുവാണെന്ന്‌ അവകാശപ്പെട്ട്‌ ഓസ്‌ട്രേലിയക്കാരന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആള്‍ ദൈവം വിവാദത്തിലേക്ക്‌ . അലന്‍ ജോണ്‍ മില്ലര്‍ - മേരി സൂസെയ്‌ന്‍ ലക്ക്‌ എന്നിവരാണ്‌ തങ്ങള്‍ യേശുക്രിസ്‌തുവും മര്‍ദ്ദല മറിയവുമാണെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌ . ഇതു വരെ 40 തോളം അനുയായികളെയും സംഘടിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ . 2007 മുതല്‍ വില്‍കേസ്‌ഡേലിലാണ്‌ ഇരുവരുടേയും താമസം. അനുയായികള്‍ മില്ലറിന്റെ വീടിനടുത്തുള്ള സ്‌ഥലം വാങ്ങിക്കുന്ന തിരക്കിലാണ്‌ . ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളാണ്‌ മില്ലര്‍ക്കുള്ളത്‌ . മുന്‍ ജന്മത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ന്നപ്പോഴാണ്‌ ആദ്യ ഭാര്യയില്‍ നിന്ന്‌ വിവാഹ മോചനം തേടിയത്‌ .

2011, മേയ് 14, ശനിയാഴ്‌ച

ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്‌; ഭാര്യ വിവാഹമോചനത്തിന്‌

ബ്രിട്ടീഷ്‌ ദമ്പതികളുടെ ജീവിതത്തിലെ വില്ലനായി മാറിയിരിക്കുകയാണ്‌ റേഡിയോ. ബിബിസിയുടെ കീഴിലുള്ള റേഡിയോ 5 എന്ന റേഡിയോ സ്‌റ്റേഷനാണ്‌ ഈ ദമ്പതികളുടെ കഥയിലെ വില്ലന്‍. ടോണി എന്നു പേരുള്ളയാള്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ റേഡിയോ 5 കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണ്‌. എന്നാല്‍, ഭാര്യയോ റേഡിയോയുടെ ശബ്‌ദം കേള്‍ക്കുന്നതു തന്നെ ഇഷ്‌ടപ്പെടാത്ത വ്യക്‌തിയും. ടോണി ഉണര്‍ന്നാല്‍ ഉടനെ റേഡിയോ 5 ഓണ്‍ ചെയ്യുകയായി. സ്വന്തമായി ഒരു ഷോപ്പ്‌ നടത്തി വരികയാണ്‌ ടോണി. അവിടെയും റേഡിയോ 5 കേട്ടുകൊണ്ടാണ്‌ ടോണിയുടെ ബിസിനസ്‌. വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയാലോ വീണ്ടും റേഡിയോ ഓണ്‍ ചെയ്യുകയായി. ഭര്‍ത്താവിന്റെ റേഡിയോ പ്രേമം സഹിക്കവയ്യാതെ ഭാര്യ പലപ്പോഴും വീട്ടിലെ റേഡിയോകള്‍ വലിച്ചെറിഞ്ഞ്‌ നശിപ്പിക്കാറുണ്ട്‌. എന്നാല്‍, വീണ്ടും പുതിയ റേഡിയോ വാങ്ങിവരുന്ന ടോണി ഭാര്യയെ ശരിക്കും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്‌. 14 വര്‍ഷത്തോളം ഒന്നിച്ചു കഴിഞ്ഞ ദമ്പതികളാണിവര്‍. ഓര്‍മവച്ച നാള്‍ മുതല്‍ റേഡിയോ കേള്‍ക്കുന്നത്‌ ടോണിയുടെ ശീലമാണ്‌. എന്നാല്‍, ടോണിയുടെ ഈ ശീലത്തെ മനസിലാക്കാന്‍ ഭാര്യയ്‌ക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമമായി ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ്‌ കഴിയുന്നത്‌. മധ്യസ്‌ഥര്‍ പലരും ഇവരുടെ പിണക്കം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടില്‍ റേഡിയോ ഓണ്‍ ചെയ്യരുതെന്ന നിര്‍ബന്ധം മാത്രമേ തനിക്കുള്ളെന്നാണ്‌ ടോണിയുടെ ഭാര്യ പറയുന്നത്‌. എന്നാല്‍, റേഡിയോ ഉപക്ഷിച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ്‌ ടോണി. ഒടുവില്‍ ടോണിയുടെ ഭാര്യ വിവാഹമോചന കേസ്‌ നല്‍കുകയായിരുന്നു. റേഡിയോ 5വുമായുള്ള ഭര്‍ത്താവിന്റെ അഭിനിവേശം തങ്ങളുടെ ആശയവിനിമയത്തെ തകര്‍ത്തിരിക്കുകയാണെന്നും അതിനാല്‍ ഒന്നിച്ചു ജീവിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ടോണിക്കെതിരേ ഭാര്യ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌.

കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന്‌ പരസ്യം: നരഭോജി അറസ്‌റ്റില്‍

പാചകം ചെയ്‌തു കഴിക്കാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്നു ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്‌ത സ്‌ളോവാക്യക്കാരനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. താന്‍ നരഭോജിയാണെന്നും തനിക്കു പാചകം ചെയ്‌തു കഴിക്കാന്‍ ജീവനുള്ള മനുഷ്യനെ ആവശ്യമുണ്ടെന്നും കാട്ടിയാണ്‌ സ്‌ളോവാക്യക്കാരന്‍ പരസ്യം ചെയ്‌തത്‌. ഈ പരസ്യം കണ്ട ഒരു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ താന്‍ തയാറാണെന്നു പറഞ്ഞ്‌ സ്‌ളോവോക്യന്‍ നരഭോജിയെ ഫോണ്‍വിളിക്കുകയായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു താമാശയായിരിക്കും ഇതെന്നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ കരുതിയത്‌. എന്നാല്‍, ഫോണ്‍സംഭാഷണങ്ങള്‍ അതിരുകടന്നതോടെ കളികാര്യമാണെന്ന്‌ ഇയാള്‍ക്കു മനസിലായി. ഉടനെ ഈ വിവരം ഇയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസിനെ അറിയിക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസ്‌ സ്‌ളോവാക്യന്‍ പോലീസിനു വിവരം കൈമാറി. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സ്‌ളോവാക്യന്‍ പോലീസ്‌ നരഭോജിയെ കുടുക്കാന്‍ പദ്ധതിയിട്ടു. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ ആകൃഷ്‌ടനായി എത്തിയയാളെന്ന്‌ നടിച്ച്‌ ഒരു പോലീസ്‌ ഓഫീസര്‍ നാല്‍പ്പത്തിമൂന്നു വയസുള്ള നരഭോജിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ പോലീസുകാരനെ കൊല്ലാനായി നരഭോജി കത്തിയെടുത്തോടെ വീട്‌ വളഞ്ഞിരുന്ന മറ്റു പോലീസുകാര്‍ ഉള്ളിലേക്ക്‌ ഇരച്ചുകയറി ഇയാളെ അറസ്‌റ്റു ചെയ്യുകയായിരുന്നു

13 കോടിയുടെ സൂപ്പര്‍ കാര്‍

സ്‌റ്റാര്‍ട്ട്‌ ചെയ്‌താലുടന്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന കാറുകള്‍ ഹോളിവുഡ്‌ ശാസ്‌ത്രസിനിമകളിലെ മാത്രം യാഥാര്‍ഥ്യമാണ്‌. എന്നാല്‍, ഈ ഭാവനകള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്‌ ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഭാവിയുടെ കാര്‍ ഡിസൈനെന്ന്‌ വിലയിരുത്തുന്ന രൂപക്ലപനയോടെയാണ്‌ ലംബോര്‍ഗിനി ലോകത്തെ ഏറ്റവും വിലകൂടിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സെസ്‌റ്റോ എലിമെന്റോ എന്ന പേരിട്ടിരിക്കുന്ന ഈ കാര്‍ സ്വന്തമാക്കാന്‍ 13 കോടി രൂപയാണ്‌ മുടക്കേണ്ടത്‌. കാര്‍ബണ്‍ ഫബറിലാണ്‌ ഈ സൂപ്പര്‍ കാറിന്റെ ഷാസി നിര്‍മിച്ചിരിക്കുന്നത്‌. നിലവില്‍ കാര്‍ നിര്‍മിക്കാനുപയോഗിക്കുന്ന വസ്‌തുക്കളില്‍വച്ച്‌ ഏറ്റവും ശക്‌തിയേറിയതാണ്‌ കാര്‍ബണ്‍ ഫൈബറുകള്‍. ഈ സൂപ്പര്‍ കാറിനു 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ വെറും 2.5 സെക്കന്‍ഡുകള്‍ മതി. അതായത്‌ കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയാല്‍ ഉടന്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഇസെസ്‌റ്റോ എലിമെന്റോയ്‌ക്കാവും. മണിക്കൂറില്‍ 320 കിലോമീറ്ററാണ്‌ പരമാവധി വേഗം. വളരെ സുരക്ഷാ മുന്‍കരുതലോടും ആഢംബരത്തോടുമാണ്‌ ലംബോര്‍ഗിനി ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്‌. വെറും 20 എണ്ണം മാത്രമാണ്‌ ലംബോര്‍ഗിനി വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്‌. എന്നാല്‍, കാര്‍ പുറത്തിറക്കിയ ഉടനെ നൂറുകണക്കിനു കോടീശ്വരന്മാണ്‌ ഈ കാര്‍ വാങ്ങാനായി ക്യൂ നില്‍പ്പാരംഭിച്ചത്‌.

സ്‌കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്ച്‌ പ്രതിഷേധം

വേനല്‍ക്കാലത്ത്‌ സ്‌കൂളില്‍ നിക്കറിടാന്‍ അനുവദിക്കാത്ത നടപടിക്കെതിരേ ബ്രിട്ടണില്‍ ഒരു വിദ്യാര്‍ഥി പ്രതിഷേധിച്ചത്‌ വ്യത്യസ്‌തരീതിയിലായിരുന്നു. വിദ്യാര്‍ഥിനികളെപ്പോലെ പാവാടയുടുത്തു സ്‌കൂളില്‍ എത്തിയാണ്‌ 12 വയസുകാരനായ ക്രിസ്‌ വൈറ്റ്‌ഹെഡ്‌ പ്രതിഷേധിച്ചത്‌. ബ്രിട്ടണില്‍ ഇപ്പോള്‍ കടുത്ത വേനലാണ്‌. എന്നാല്‍, ഈ വേനല്‍ക്കാലത്ത്‌ വിദ്യാര്‍ഥികള്‍ പാന്റ്‌ ധരിച്ച്‌ എത്തണമെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ കേംബ്രിഡ്‌ജിലെ ഇംപിംഗ്‌ടണ്‍ വില്ലേജ്‌ കോളജ്‌ അധികൃതര്‍ തയാറായില്ല. വിദ്യാര്‍ഥിനികള്‍ക്ക്‌ സ്‌കൂളില്‍ പാവാട ധരിച്ച്‌ എത്താമെങ്കില്‍ തങ്ങളെ നിക്കറിട്ട്‌ സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്ന ക്രിസിന്റെയും സഹപാഠികളുടെയും ആവശ്യം പ്രിന്‍സിപ്പല്‍ നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ക്രിസ്‌ പാവാട ധരിച്ച്‌ സ്‌കൂളിലെത്തിയത്‌. ആണ്‍കുട്ടികള്‍ക്കെതിരായ വിവേചനത്തിനെതിരേ പ്രതിഷേധിക്കാനാണ്‌ താന്‍ പാവാട ധരിച്ചതെന്നാണ്‌ ക്രിസ്‌ പറയുന്നത്‌. എന്നാല്‍, ക്രിസ്‌ പാവാട ധരിച്ചു വരുന്നതില്‍ അപാകതയില്ലെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ നിലപാട്‌. ക്രിസ്‌ പ്രതിഷേധിച്ചാലും നിക്കര്‍ ധരിക്കാന്‍ അനുവദിക്കില്ലെന്നാണ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്‌.

തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്‌

91 വയസായെങ്കിലും ജോണ്‍ ബ്രേയ്‌ ഇപ്പോഴും ന്യൂസിലാന്‍ഡിലെ വൈപാവയില്‍ രാത്രിയില്‍ റോന്തു ചുറ്റാറുണ്ട്‌. വയസും പ്രായവുമൊക്കെയായപ്പോള്‍ ഉറക്കം കിട്ടാത്തതിനാല്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നതാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. നഗരത്തിലെ കുറ്റവാളികളെ തെരഞ്ഞ്‌ നടക്കുകയാണ്‌ ഈ വൃദ്ധന്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ ജോണ്‍ ബ്രോയ്‌. സൈന്യത്തില്‍നിന്നു റിട്ടയറായി നാട്ടില്‍ തിരികെയെത്തിയപ്പോള്‍ മുതലാണ്‌ കുറ്റവാളികള്‍ക്കെതിരേ ജോണ്‍ കുരിശുയുദ്ധവുമായി തെരുവുകളില്‍ രാത്രി റോന്ത്‌ ചുറ്റല്‍ ആരംഭിച്ചത്‌. അഭിനവ ബാറ്റ്‌്മാനാണ്‌ താനെന്നാണ്‌ ജോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. രാത്രിയില്‍ ടോര്‍ച്ചും ആയുധങ്ങളുമൊക്കെയായിട്ടാണ്‌ ജോണിന്റെ റോന്തുചുറ്റല്‍. രാത്രിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും പോലീസിനെ അറിയിക്കുകയാണ്‌ ജോണ്‍ ചെയ്യുന്നത്‌. അതോടൊപ്പം അക്രമികളില്‍നിന്നു നിരപരാധികളെ രക്ഷിക്കാനും ജോണ്‍ തന്റെ കായികശേഷി പ്രകടിപ്പിക്കാറുണ്ട്‌. പ്രായമായതോടെ ഒരു സഹായിക്കൊപ്പമായിരുന്നു ജോണിന്റെ റോന്ത്‌ ചുറ്റല്‍. എന്നാല്‍, രാത്രിയിലുള്ള ഈ റോന്തു ചുറ്റല്‍ ജോണ്‍ അവസാനിപ്പിക്കണമെന്നാണ്‌ പോലീസ്‌ ആവശ്യപ്പെടുന്നത്‌. കാരണം, കുറ്റവാളികള്‍ ജോണിനെ കൈകാര്യം ചെയ്‌താല്‍ തങ്ങള്‍ ഉത്തരം പറയേണ്ടിവരുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

ആപ്പിള്‍ കഴിക്കൂ, ചുംബിക്കൂ

വായ്‌നാറ്റമില്ലാതെ ചുംബിക്കണോ. എങ്കില്‍ ഒരു ആപ്പിള്‍ കഴിക്കൂ എന്നാണ്‌ ഉത്തര കൊറിയയിലെ ഗവേഷകര്‍ പറയുന്നത്‌. വായ്‌നാറ്റം ഒഴിവാക്കുന്ന ആപ്പിള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്‌ ഉത്തരകൊറിയയിലെ ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍. ടേബിള്‍ ടെന്നീസ്‌ പന്തിന്റെ വലുപ്പമുള്ള ഈ ചെറുആപ്പിള്‍ കഴിച്ചാല്‍ വായ്‌നാറ്റം ഇല്ലാതാക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. വസ്‌ത്രത്തിന്റെ പോക്കറ്റില്‍ ഈ ചെറുആപ്പിള്‍ കൊണ്ടുനടക്കാം. സുന്ദരികളെയോ സുന്ദരന്മാരെയോ കാണുമ്പോള്‍ ഈ ആപ്പിള്‍ കഴിക്കുക. പിന്നെ വായ്‌നാറ്റം പേടിക്കാതെ ഇവരോട്‌ സംസാരിക്കാമല്ലോ. കാമുകീകാമുകന്മാരാണെങ്കില്‍ ഇതിനിടെ പരസ്‌പരം ചുംബനവുമാകാം.

ചിമ്പാന്‍സികളുടെ 'ഭാഷ പഠിക്കാം'

ചിമ്പാന്‍സികളുടെ ഭാഷ പഠിക്കണോ? മനസുവച്ചാല്‍ സാദ്ധ്യമാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. സ്‌കോട്ട്‌ലന്‍ഡിലെ സെന്റ്‌ ആന്‍ഡ്രൂസ്‌ സര്‍വകലാശാലയിലെ ഗവേഷരുടെ വാദം അംഗീകരിച്ചാല്‍ വെറും 66 ആംഗ്യങ്ങള്‍ പഠിച്ചാല്‍ അവയുടെ സന്ദേശങ്ങള്‍ നമുക്ക്‌ മനസിലാക്കാം. 120 മണിക്കൂര്‍ നീളുന്ന വീഡിയോ ചിത്രവും ഇവരുടെ പക്കലുണ്ട്‌ . നേരത്തെ കൂട്ടിലടച്ച ചിമ്പാന്‍സികളെയാണ്‌ ഗവേഷകര്‍ നിരീക്ഷിച്ചിരുന്നത്‌. സ്വതന്ത്രരായ ചിമ്പാന്‍സികളെ നിരീക്ഷിച്ചപ്പോഴാണ്‌ തങ്ങള്‍ക്ക്‌ ഫലം ലഭിച്ചതെന്ന്‌ ഗവേഷകയായ കാതറൈന്‍ ഹൊബെയ്‌റ്റര്‍ അറിയിച്ചു. ഉഗാണ്ടയിലാണ്‌ കാതറൈന്‍ 266 ദിവസം നീണ്ട പഠനം നടത്തിയത്‌ . ചിമ്പാന്‍സി ഭാഷയിലെ ഓരോ ആംഗ്യങ്ങളും ഇവര്‍ വേര്‍ തിരിച്ചുകാട്ടുന്നുണ്ട്‌ . എതിര്‍ലിംഗത്തില്‍പ്പെട്ട ചിമ്പാന്‍സികള്‍ക്കു നല്‍കുന്ന ആംഗ്യങ്ങളും പൊതുവായി നല്‍കുന്ന സൂചനകളും ഏറെ വ്യത്യാസമുണ്ട്‌ . ഓരോ ആംഗ്യത്തിന്റെയും വ്യക്‌തമായ അര്‍ത്ഥം കണ്ടെത്താനുളള രണ്ടാം ഘട്ട പഠനങ്ങള്‍ സംഘം തുടങ്ങിക്കഴിഞ്ഞു. മനുഷ്യരുടെ ആംഗ്യങ്ങള്‍ക്കും ചിമ്പാന്‍സികളുടെ ആംഗ്യങ്ങള്‍ക്കും സാമ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്‌

ഭിത്തിയോട്‌ 'സംസാരിക്കാം'

റിമോട്ട്‌ കണ്‍ട്രോളുകളുടെ കാലം കഴിയാറായി. ടിവി ഓണ്‍ ചെയ്യാനും ,ലൈറ്റിടാനും ഭിത്തി 'നിര്‍ദ്ദേശം' നല്‍കിയാല്‍ മതി. വീടുകളെ കൂടുതല്‍ ഹൈടെക്‌ ആക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ മൈക്രോസോഫ്‌റ്റ് ആണ്‌ . മനുഷ്യ ശരീരത്തെ തന്നെ ആന്റീനകളാക്കിയുള്ള സാങ്കേതിക വിദ്യയാണ്‌ പുരോഗമിക്കുന്നത്‌ . ' വീടുപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ പുറത്തുവിടുന്ന ഇലക്‌ട്രോമാഗ്‌്നെറ്റിക്‌ വീട്ടിനുള്ളില്‍ ഉണ്ടാകും. റേഡിയോ ആന്റീനകള്‍ ഇവയില്‍ ചില തരംഗങ്ങള്‍ പിടിച്ചെടുക്കും. മനുഷ്യശരീരവും തരംഗങ്ങളെ ആഗിരണം ചെയ്യും.' - മൈക്രോസോഫ്‌റ്റിലെ ഗവേഷകനായ ഡെസ്‌നി ടാന്‍ പറയുന്നു. ഇലക്‌ട്രോണിക്‌ വയാറിംഗ്‌ ഉള്ള ഭിത്തിയില്‍ തൊടുമ്പോള്‍ ഭിത്തിയുമായുള്ള അകലമനുസരിച്ച്‌ ഇലക്‌ട്രിക്കല്‍ സിഗ്നലുകള്‍ ഉണ്ടാകും. മനുഷ്യന്റെ സാന്നിധ്യം മൂലം ഉണ്ടാകുന്ന ഇത്തരം സിഗ്നലുകളെ സ്വീകരിക്കുന്ന ഉപകരണങ്ങളാണ്‌ തയാറാക്കേണ്ടത്‌ . ശരീര ചലനങ്ങള്‍ അനുസരിച്ച്‌ സ്‌റ്റീരിയോയുടെ ശബ്‌ദം കൂട്ടുക, വിളക്ക്‌ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാനാകും. പ്രത്യേക തരം ബ്രേസ്ലറ്റുകള്‍ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ഗവേഷകര്‍ ശരീരവും ഭിത്തിയുമായുളള അകലം കണക്കാക്കുന്നത്‌ . ഇപ്പോള്‍ ശരീരത്തില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച്‌ പ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നത്‌ ലാപ്‌ടോപ്പുകളാണ്‌ . എന്നാല്‍ മൊബൈല്‍ ഫോണിന്റെ വലുപ്പമുള്ള ഡേറ്റാ പ്രോസസിംഗ്‌ സംവിധാനത്തിനായി ഗവേഷണം തുടരുകയാണെന്ന്‌ ശ്വേതക്‌ പട്ടേല്‍ അറിയിച്ചു.

വിരലോളമുള്ള പിസി

വില ആയിരം രൂപയോളം. വലുപ്പം വിരലിനോളം. Raspberry Pi അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ്‌ . ഇംഗ്ലണ്ടിലെ ഗെയിം പ്രോഗ്രാമര്‍ ഡേവിഡ്‌ ബ്രബെന്‍ ആണ്‌ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പുതിയ കമ്പ്യൂട്ടറിന്റെ പിന്നില്‍. യുഎസ്‌ബി സ്‌റ്റിക്കിലാണ്‌ വിവരങ്ങള്‍ ശേഖരിക്കുക. കീബോര്‍ഡും മോണിറ്ററും ഉപയോഗിക്കാനാവശ്യമായ പോര്‍ട്ടുകള്‍ ഇതിലുണ്ട്‌ . 700 മെഗാ ഹെട്‌സ് വേഗമുള്ള ARM11 പ്രോസസറാണ്‌ ഈ കമ്പ്യൂട്ടറിലുള്ളത്‌ . 128 റാമും OpenGL ഗ്രാഫിക്‌സും കമ്പ്യൂട്ടറിലുണ്ട്‌ . അത്യാവശ്യം വേഗത്തില്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ്‌ ചെയ്യാനാകും. Ubuntu , അല്ലെങ്കില്‍ മറ്റ്‌ ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം ഉപയോഗിക്കാം. വേര്‍ഡ്‌ പ്രോസസറും അനായാസം പ്രവര്‍ത്തിപ്പിക്കാം. അല്‍പം വിലകൂടിയ മോഡലില്‍ 12 മെഗാ പിക്‌സല്‍ കാമറയുമുണ്ടാകും. ഒരു വര്‍ഷത്തിനകം തന്റെ കമ്പ്യൂട്ടര്‍ വ്യാപകമാക്കാനുളള ശ്രമത്തിലാണ്‌ ബ്രബെന്‍.

കണ്‍ചിമ്മുക, ലോഗ്‌ ഇന്‍ ചെയ്യുക

പാസ്‌വേര്‍ഡുകള്‍ മറന്നാലുള്ള പൊല്ലാപ്പിന്‌ വിട. കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുക, കണ്ണുകള്‍ ചലിപ്പിക്കുക. ഇ- മെയില്‍ , നെറ്റ്‌ ബാങ്കിംഗ്‌ അക്കൗണ്ടുകളിലേക്ക്‌ ലോഗ്‌ ഇന്‍ ചെയ്യാന്‍ ഇത്രമാത്രം മതി. ന്യൂയോര്‍ക്കിലെ Hoyos Group ആണ്‌ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്‌. കൃഷ്‌ണമണിയെ സ്‌കാന്‍ ചെയ്‌ത ശേഷമാണ്‌ പ്രോഗ്രാം ഉപയോക്‌താവിനെ കണ്ടെത്തുന്നത്‌ . ബിസിനസ്‌ കാര്‍ഡിന്റെ വലുപ്പമാകും സ്‌കാനറിനുളളത്‌ . നാല്‌ ഔണ്‍സാണ്‌ ഭാരം. സ്‌കാനര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സോഫ്‌റ്റ്വേറും Hoyos Group നല്‍കും. പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്ന ഏതു പ്രോഗ്രാമിനും സ്‌കാനര്‍ അനുയോജ്യമാണ്‌ . കൃഷ്‌ണമണിയുടെ പ്രത്യേകത അനുസരിച്ചാകും പാസ്‌വേര്‍ഡുകള്‍ തയാറാകുക. വിരലടയാളത്തെക്കാള്‍ മികച്ചതാണ്‌ കൃഷ്‌ണമണിയടിസ്‌ഥാനമാക്കിയുളള സംവിധാനം. വിരലടയാളം അടിസ്‌ഥാനമാക്കിയുളള പ്രോഗ്രാമുകള്‍ 18 പരിശോധനകളാണ്‌ നടത്തുക. എന്നാല്‍ കൃഷ്‌ണമണി ഉപയോഗിക്കുമ്പോള്‍ 2,000 കേന്ദ്രങ്ങളാകും പരിഗണിക്കുക. സ്വഭാവികമായും സുരക്ഷയേറും. വിപണിയിലെത്തുമ്പോള്‍ ഉപകരണത്തിന്‌ 4,500 രൂപയോളം വിലയാകും.

ന്യുട്ടന്റെ ആപ്പിള്‍ മരം 'വീഴ്‌ചയിലേക്ക്‌'

ഐസക്ക്‌ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തിന്‌ കാരണമായ ആപ്പിള്‍ മരം വീഴ്‌ചയിലേക്ക്‌ . 1665 ല്‍ ന്യൂട്ടണ്‍ ഈ മരത്തിന്റെ ചുവട്ടിരിരുന്നപ്പോഴാണത്രേ ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ കാരണമായ ആപ്പിള്‍ പതിച്ചത്‌ . ന്യൂട്ടണ്‍ പ്രശസ്‌തനായതോടെ ലിങ്കണ്‍ഷേറിലുളള മരവും പ്രശസ്‌തമായി. ഇപ്പോഴാകട്ടേ ഏറെ വിനോദ സഞ്ചാരികളെയാണ്‌ ഈ മരം ആകര്‍ഷിക്കുന്നത്‌ . മരം കാണാനെത്തുന്നവര്‍ വേരിന്റെ ഒരംശമെങ്കിലും മുറിച്ചുകൊണ്ടാകും മടങ്ങുക. ഈയടുത്ത കാലത്ത്‌ സന്ദര്‍ശകരുടെ എണ്ണത്തില്‍ 50% വര്‍ധനയാണ്‌ ഉണ്ടായത്‌ . കൊടുങ്കാറ്റിനെ വരെ നേരിട്ട ചരിത്രം ഈ മരത്തിനുണ്ട്‌ . ഇപ്പോള്‍ 'ട' ആകൃതിയിലാണ്‌ മരം. മരത്തിന്‌ ചുറ്റും വേലി കൊട്ടി സംരക്ഷിക്കാനാണ്‌ ശ്രമം. 400 വര്‍ഷം കൂടിയെങ്കിലും മരത്തെ നിലനിര്‍ത്തണമെന്നാണ്‌ സംരക്ഷകരുടെ മോഹം.

റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്‌

ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും മാതൃകയിലൊരു ലോകകപ്പിന്‌ ന്യൂസിലന്‍ഡ്‌ വേദിയാവുകയാണ്‌. എന്നാല്‍, ഏതെങ്കിലുമൊരു കായിക ഇനത്തിനുവേണ്ടിയുള്ളതല്ല ഈ ലോകകപ്പ്‌. ഏറ്റവും മികച്ച റോബോട്ടിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ്‌ ഈ ലോകമത്സരം നടത്തുന്നത്‌. ന്യൂസിലന്‍ഡില്‍ ഒകേ്‌ടാബര്‍ 11 മുതല്‍ 13 വരെയാണ്‌ മത്സരം. ന്യൂസിലന്‍ഡിലെ ഓക്‌്ലാന്‍ഡില്‍ നടക്കുന്ന റഗ്‌ബി ലോകകപ്പിനോടനുബന്ധിച്ചാണ്‌ റോബോട്ട്‌ മത്സരവും അരങ്ങേറുന്നത്‌. ന്യൂസിലന്‍ഡ്‌, അമേരിക്ക, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ തന്നെ മത്സരത്തില്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു കഴിഞ്ഞു. റോബോട്ടിക്‌ വേള്‍ഡ്‌ കപ്പെന്നാണ്‌ മത്സരത്തിന്റെ പേര്‌. റോബോട്ടുകളുടെ രൂപകല്‌്പന, നിര്‍മാണം, പ്രവര്‍ത്തനം, വേഗത, കഴിവ്‌ തുടങ്ങിയവയാണ്‌ മത്സരത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്‌

റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം പിടിക്കാന്‍ ലിംഗാഗ്രഛേദ മഹാമഹം

ലോക റെക്കോഡ്‌ സ്വന്തമാക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ വഴികളുണ്ട്‌. ഫിലിപ്പീന്‍സിലെ മാരികിനാ നഗരം ലോക റെക്കോഡ്‌ സ്വന്തമാക്കാന്‍ അല്‌പം വ്യത്യസ്‌തമായൊരു മാര്‍ഗമാണ്‌ തെരഞ്ഞെടുത്തത്‌. നൂറുകണക്കിനു ബാലകര്‍ക്കും യുവാക്കള്‍ക്കും സൗജന്യമായി ലിംഗാഗ്രഛേദം നടത്തികൊടുത്ത്‌ റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം നേടാനായിരുന്നു മാരികിനാ നാഗരം ശ്രമിച്ചത്‌. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ യുവാക്കള്‍ വരെ ഈ സൗജ്യന ഛേദനത്തില്‍ പങ്കെടുത്തു. മാരികിനാ നഗര സേ്‌റ്റഡിയത്തില്‍ തയാറാക്കിയ ശസ്‌ത്രക്രിയാ മുറികളിലായിരുന്നു കൂട്ട ഛേദനം നടത്തിയത്‌. ചെറുപ്പത്തിലേ ലിംഗാഗ്ര ചര്‍മം ഛേദിക്കുന്നത്‌ ഫിലിപ്പീന്‍സ്‌ പാരമ്പര്യമാണ്‌. സ്‌കൂള്‍ അവധിക്കാലത്താണ്‌ ആണ്‍കുട്ടികള്‍ ഛേദനം നടത്തുന്നത്‌. സുരക്ഷിതമായ ഛേദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു നഗരസഭ ഈ പരിപാടി സംഘടിപ്പിച്ചത്‌. സ്വകാര്യ ആശുപത്രികളില്‍ രണ്ടായിരത്തോളം രൂപ ചെലവു വരുന്ന ഛേദനാ ശസ്‌ത്രക്രിയയാണ്‌ നഗരസഭ സൗജന്യമായി ചെയ്‌തു കൊടുത്തത്‌. രണ്ടായിരത്തിലേറെ ആളുകള്‍ ഇതില്‍ പങ്കെടുത്തെന്നാണ്‌ നഗരസഭ പറയുന്നത്‌. ഇതിലൂടെ റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം നേടി ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്‌ ലക്ഷ്യമെന്നാണ്‌ നഗരസഭാ അധികൃതര്‍ പറയുന്നത്‌.

2011, മേയ് 13, വെള്ളിയാഴ്‌ച

സംസാരിച്ചാല്‍ ചാര്‍ജ്‌ ചെയ്യുന്ന മൊബൈല്‍

ബാറ്ററിയുടെ ചാര്‍ജാണ്‌ മൊബൈല്‍ ഫോണുകളുടെ ജീവന്‍. ചാര്‍ജ്‌ തീര്‍ന്നാല്‍ വീണ്ടും ചാര്‍ജ്‌ ചെയ്‌താല്‍ മാത്രമേ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കൂ. യാത്രയിലും മറ്റും ചാര്‍ജ്‌ ചെയ്യാന്‍ സാധിക്കാതെ മൊബൈലുകള്‍ സ്വിച്ച്‌ ഓഫാകുന്നത്‌ പതിവാണ്‌. ഈ അവസ്‌ഥയ്‌ക്കൊരു പരിഹാരമായി പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ്‌ ഉത്തരകൊറിയയിലെ ഒരു സംഘം ശാസ്‌ത്രജ്‌ഞര്‍. സംസാരത്തില്‍നിന്നു ഊര്‍ജം സ്വീകരിച്ച്‌ റീചാര്‍ജാവുന്ന സാങ്കേതിക വിദ്യയാണ്‌ ഇവര്‍ വികസിപ്പിച്ചത്‌. സംസാരിക്കുന്നതിനനുസരിച്ച്‌ ഈ മൊബൈല്‍ഫോണ്‍ ചാര്‍ജായിക്കൊണ്ടിരിക്കും. അതിനാല്‍ ബാറ്ററി ചാര്‍ജ്‌ തീര്‍ന്ന്‌ മൊബൈല്‍ഫോണ്‍ സ്വിച്ച്‌ ഓഫാകുമെന്ന പേടിയേ വേണ്ട. ശബ്‌ദത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌ ഉത്തര കൊറിയന്‍ തലസ്‌ഥാനമായാ സിയോളിലെ സുങ്‌്ക്വാങ്‌വാന്‍ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണ്‌. ഡോ. സാങ്‌ വൂവിന്റെ നേതൃത്വത്തിലായിരുന്നു ഇത്‌ിന്റെ ഗവേഷണങ്ങള്‍ നടന്നത്‌. സംസാരം മാത്രമല്ല, സംഗീതവും മറ്റു ശബ്‌ദങ്ങളും ഈ സാങ്കേതിക വിദ്യപ്രകാരം വൈദ്യുതിയാക്കി മൊബൈല്‍ ഫോണിനെ റീചാര്‍ജ്‌ ചെയ്യിക്കാമെന്നാണ്‌ ഡോ. സാങ്‌ വൂ പറയുന്നത്‌. സംസാരിച്ചില്ലെങ്കില്‍ പോലും നഗരത്തിലൂടെ ഫോണ്‍ കൈയില്‍ പിടിച്ചു നടന്നാല്‍ മതിയാകും. ഇത്തരം മൊബൈല്‍ ഫോണുകളുടെ പ്രാഥമിക രൂപമാണ്‌ ഇപ്പോള്‍ ശാസ്‌ത്രജ്‌ഞര്‍ തയാറാക്കിയിട്ടുള്ളത്‌.

ലാദനെ വിറ്റു കാശാക്കിയ വിരുതന്‍

ഒസാമ ബിന്‍ ലാദനെ വിറ്റു കാശാക്കിയിരിക്കുകയാണ്‌ ഒരു അമേരിക്കക്കാരന്‍. ലാദനെ വധിച്ച വാര്‍ത്തയറിഞ്ഞ്‌ ന്യൂയോര്‍ക്കുകാരനായ ഈ ഇരുപത്തിമൂന്നുകാരന്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിച്ചു. ലാദന്റെ ചിത്രവും അതില്‍ മരിച്ചെന്ന്‌ പ്രിന്റ്‌ ചെയ്‌തതുമായി ടീഷര്‍ട്ടുകള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിനുവേണ്ടിയാണ്‌ മൗറിസ്‌ ഹറാരിയെന്ന യുവാവ്‌ വെബ്‌സൈറ്റ്‌ തയാറാക്കിയത്‌. രണ്ടു ദിവസത്തിനിടെ പതിനായിരം പേരാണ്‌ ലാദന്‍ ടീ ഷര്‍ട്ടുകള്‍ക്കായി മൗറിയുടെ വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ കൊടുത്തത്‌. 54 ലക്ഷത്തിന്റെ ബിസിനസാണ്‌ രണ്ടു ദിവസംകൊണ്ട്‌ ഇയാള്‍ നടത്തിയത്‌. പണിയൊന്നുമില്ലാതെ ഈച്ചപിടിച്ചിരുന്ന തന്നെ ലക്ഷപ്രഭുവാക്കിയിരിക്കുകയാണ്‌ ലാദനെന്നാണ്‌ ഈ യുവാവ്‌ നന്ദിയോടെ പറയുന്നത്‌

2011, മേയ് 12, വ്യാഴാഴ്‌ച

ലോകത്തെ ഏറ്റവും വലിയ പുഞ്ചിരി ചിഹ്നം

ലോകത്തെ ഏറ്റവും വലിയ പുഞ്ചിരി ചിഹ്നം(സ്‌മൈലി) തീര്‍ത്തു ഗിന്നസ്‌ റെക്കോഡ്‌ സ്വന്തമാക്കിയിരിക്കുകയാണ്‌ ക്രോയേഷ്യക്കാര്‍. 768 ആളുകള്‍ വൃത്തത്തില്‍ ഒന്നിച്ചുനിന്നാണ്‌ പുഞ്ചിരിച്ചു നില്‍ക്കുന്ന ഈ വമ്പന്‍ രൂപം തീര്‍ത്തത്‌. ക്രോയേഷ്യയിലെ സഗ്രെബ്‌ നഗരത്തിലായിരുന്നു ഈ ഭീമന്‍ രൂപം തീര്‍ത്തത്‌. മഞ്ഞ വസ്‌ത്രമണിഞ്ഞവര്‍ക്കിടയില്‍ കണ്ണിന്റെയും ചുണ്ടിന്റെയും സ്‌ഥാനത്ത്‌ കറുത്ത വസ്‌ത്രമണിഞ്ഞവര്‍ അണിനിരന്നാണ്‌ പുഞ്ചിരി രൂപം തീര്‍ത്തത്‌. ലാത്വവിയന്‍ തലസ്‌ഥാനമായ റിഗയില്‍ 551 ആളുകള്‍ ചേര്‍ന്നു തീര്‍ത്ത്‌ പുഞ്ചിരി രൂപമാണ്‌ ക്രോയേഷ്യക്കാര്‍ തകര്‍ത്തത്‌.

പുരുഷ ചിന്തകളില്‍ നിറയുന്നത്‌ ഭക്ഷണവും ഉറക്കവും

പുരുഷന്മാര്‍ ഓരോ ഏഴു സെക്കന്‍ഡിലും ലൈംഗികതയെക്കുറിച്ചു ചിന്തിക്കുമെന്നാണ്‌ ഫെമിനിസ്‌റ്റുകളുടെ വാദം. ഫെമിനിസ്‌റ്റുകള്‍ മാത്രമല്ല പുരുഷന്മാരെക്കുറിച്ച്‌ ലോകം കരുതിയിരിക്കുന്നതും ഈ രീതിയിലാണ്‌. എന്നാല്‍, പുരുഷന്മാരെക്കുറിച്ചുള്ള ഈ ധാരണകളെല്ലാം തെറ്റാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഓഹിയോ സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍. പുരുഷന്‍ ലൈംഗികതയേക്കാള്‍ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തേക്കുറിച്ചുമാണ്‌ ചിന്തിക്കുന്നതെന്നാണ്‌ ഇവര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌. മനശാസ്‌ത്രജ്‌ഞയായ പ്രഫസര്‍ ടെറി ഫിഷര്‍ നടത്തിയ പഠനങ്ങളിലാണ്‌ പുരുഷന്മാര്‍ ലോകം ആരോപിക്കുന്നതുപോലെ ലൈംഗിക ജീവികളെല്ലെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കിടയിലാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. പ്രത്യേകം തയാറാക്കിയ ഒരു ചാര്‍ട്ട്‌് ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കു നല്‍കി. എപ്പോഴൊക്കെ ലൈംഗികതയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ചിന്തകള്‍ വരുന്നുവോ അപ്പോള്‍ ഈ ചാര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നു നിര്‍ദേശവും നല്‍കി. ഇങ്ങനെ വിദ്യാര്‍ഥികളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ്‌ ടെറി തന്റെ പഠനം നടത്തിയത്‌. വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി നല്‍കിയ ചാര്‍ട്ടുപ്രകാരം പരുഷന്മാര്‍ ഭക്ഷണം, ഉറക്കം എന്നിവയെക്കുറിച്ചാണ്‌ ലൈംഗികതയേക്കാള്‍ ഏറെ ചിന്തിക്കുന്നതെന്നാണ്‌ കണ്ടെത്തിയത്‌. ആരോഗ്യത്തെക്കുറിച്ചും ക്ഷീണത്തെക്കുറിച്ചും പുരുഷന്മാര്‍ കൂടുതല്‍ ബോധവാന്മാരായതിനാലാണ്‌ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും കൂടുതലായി ചിന്തിക്കാന്‍ കാരണമെന്നാണ്‌ പ്രഫസര്‍ ടെറി പറയുന്നത്‌.

ശസ്‌ത്രക്രിയ കഴിഞ്ഞപ്പോള്‍ സംസാരം വിദേശഉച്ചാരണത്തില്‍

തിരുവനന്തപുരത്തും കാസര്‍ഗോഡും സംസാരിക്കുന്നത്‌ മലയാളമാണെങ്കിലും ഇരു ദേശങ്ങളിലുള്ളവരുടെയും ഉച്ചാരണത്തില്‍ പരസ്‌പരം മനസിലാകാത്തവിധമുള്ള വ്യത്യാസമുണ്ട്‌. അമേരിക്കയിലും ബ്രിട്ടണിലും സംസാരിക്കുന്ന ഇംഗ്ലീഷ്‌ ഭാഷയിലും ഈ വ്യത്യാസം പ്രകടമാണ്‌. ഓരോ ദേശങ്ങളുടെ പ്രത്യേകതയാണ്‌ ഈ ഉച്ചാരണവ്യതിയാനത്തിനു കാരണം. എന്നാല്‍, അമേരിക്കക്കാരിയായ കാരെന്‍ ബട്ട്‌ലര്‍ എന്ന യുവതി ശസ്‌ത്രക്രിയ കഴിഞ്ഞതോടെ സംസാരിച്ചു തുടങ്ങിയതോ ബ്രിട്ടീഷ്‌ ഇംഗ്ലീഷിലും വായില്‍ നടത്തിയ ഒരു ശസ്‌ത്രക്രിയയെത്തുടര്‍ന്നാണ്‌ കാരെന്‍ അമേരിക്കന്‍ ഉച്ചാരണത്തില്‍നിന്നുമാറി ബ്രിട്ടീഷ്‌ ഉച്ചാരണത്തില്‍ സംസാരിച്ചു തുടങ്ങിയത്‌. എന്താണ്‌ കാരന്റെ ഉച്ചാരണ വ്യതിയാനത്തിന്റെ കാരണമെന്നു വൈദ്യശാസ്‌ത്രത്തിനു വിശദീകരിക്കാനായിട്ടില്ല. 1900നുശേഷം ഇത്തരം 60 കേസുകള്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍നിന്നു റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

വേദനയറിയാത്ത ബാലന്‍

ഒലിവര്‍ ജേബ്‌സണിനു പ്രായം മൂന്നു വയസുകഴിഞ്ഞു. പക്ഷേ, കാഴ്‌ചയില്‍ പ്രായമേറെ തോന്നും ഈ ബാലന്‌. ജന്മനാലുള്ള അസുഖമാണ്‌ ഒലിവറിന്റെ രൂപത്തെപ്പോലും വ്യത്യാസപ്പെടുത്തിയത്‌. ഒലിവറിനു ശാരീരികമായി വേദനിക്കില്ലെന്ന പ്രത്യേകതയുണ്ട്‌. ഇതും ഈ രോഗത്തിന്റെ ഭാഗമാണ്‌. സ്വന്തം ചുണ്ട്‌ കടിച്ചുപൊട്ടിച്ച്‌ ചോരയൊലിപ്പിച്ചാലോ, കനല്‍ക്കട്ട കൈകൊണ്ടു വാരിയെടുത്താലോ, വീഴ്‌ച്ചയില്‍ എല്ലുകള്‍ പൊട്ടിയാലോ ഒന്നും ഒലിവര്‍ക്ക്‌ വേദനിക്കില്ല. ഒലിവറിനു വേദനയനുഭവിക്കാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്‌ മാതാപിതാക്കളായ ഹേയ്‌ലിയും ഡെനയുമാണ്‌. കാരണം, ആരെങ്കിലും എപ്പോഴും ഒലിവര്‍ക്ക്‌ കൂട്ടായി ഒപ്പമുണ്ടാവണം. അല്ലെങ്കില്‍ ഒലിവര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന്‌ അറിയില്ലല്ലോ. വേദനയില്ലാത്തതിനാല്‍ ഒലിവര്‍ക്ക്‌ സ്വാതന്ത്രത്തോടെ എന്തും ചെയ്യാമല്ലോ. കോര്‍നെലിയ ഡി ലാങ്‌ സിന്‍ഡ്രോം എന്ന അപൂര്‍വരോഗമാണ്‌ ഒലിവറെ ബാധിച്ചിരിക്കുന്നത്‌. ഒലിവര്‍ രണ്ടുവയസില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ പോലും വിധിയെഴുതിയത്‌. എന്നാല്‍, വൈദ്യശാസ്‌ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയാണ്‌ ഒലിവറുടെ വളര്‍ച്ച.

വിവാഹദിനത്തില്‍ ഒളിച്ചോടിയ വധു 3.35 കോടി നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ വരന്‍

പണം വാരിക്കോരി ചെലവഴിച്ച വിവാഹത്തില്‍ അള്‍ത്താരയില്‍വച്ച്‌ വഞ്ചിക്കപ്പെട്ട ഇറ്റലിക്കാരന്‍ വരന്‍ തന്റെ പ്രതിശ്രുതവധുവിനെതിരെ 3.34 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു പരാതി നല്‍കിയിരിക്കുകയാണ്‌. വിവാഹത്തിനായി വമ്പന്‍ ബംഗ്ലാവ്‌ ബുക്ക്‌ ചെയ്‌തതും വധുവിന്റെ ആഗ്രഹപ്രകാരം തന്റെ അപ്പാര്‍ട്ട്‌മെന്റ്‌ മോടി കൂട്ടിയതും പസിഫിക്ക്‌ ദ്വീപിലേക്ക്‌ മധുവിധു പോകാന്‍ തീരുമാനിച്ചതുമായ വകയില്‍ തനിക്ക്‌ ധനനഷ്‌ടവും മാനഹാനിയും ഉണ്ടായി എന്നാണ്‌ ഈ മുപ്പത്തിരണ്ടുകാരന്‍ പറയുന്നത്‌. വധുവിന്റെ സഹോദരന്‍ പള്ളിയിലെത്തി വധുവിനു വിവാഹത്തിനു വരാന്‍ താത്‌പര്യമില്ലെന്ന്‌ അറിയിക്കുകയായിരുന്നു. തന്റെ കാമുകനുമൊത്താണ്‌ വധുവിന്റെ ഒളിച്ചോട്ടം. വിവാഹവേദിയില്‍വച്ച്‌ തന്നെ അപമാനിതനാക്കിയവളെ വെറുതെ വിടില്ലെന്ന നിലപാടിലാണ്‌ ഈ യുവാവ്‌.

വിദ്യാര്‍ഥിനി കന്യകാത്വം വിറ്റത്‌ 32 ലക്ഷം രൂപയ്‌ക്ക്

ഇന്റര്‍നെറ്റിലൂടെ ബല്‍ജിയം വിദ്യാര്‍ഥിനി നടത്തിയ കന്യകാത്വലേലത്തില്‍ ലഭിച്ചത്‌ 32 ലക്ഷം രൂപ. 21 വയസുള്ള വിദ്യാര്‍ഥിനിയാണ്‌ തന്റെ കന്യകാത്വം ഇന്റര്‍നെറ്റിലൂടെ വില്‍പ്പനക്കുവച്ചത്‌. നൊല്ലെ എന്ന പേരിലാണ്‌ യുവതിയുടെ കന്യകാത്വ വില്‍പ്പന. ആംസ്‌റ്റര്‍ഡാമിലുള്ള യന്ത്രഎക്‌സകോര്‍ട്ട്‌ എന്ന വെബ്‌സൈറ്റ്‌ വഴിയായിരുന്നു കന്യകാത്വലേലം. മാര്‍ച്ചിലാണ്‌ നൊല്ലെ കന്യകാത്വം വില്‍പ്പനക്കുവച്ചത്‌. മുഖം മറച്ച ഫോട്ടോകളും വെബ്‌സൈറ്റില്‍ നൊല്ലെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ നടന്ന ലേലത്തിലാണ്‌ 32 ലക്ഷം രൂപയ്‌ക്ക് നൊല്ലെയുടെ കന്യകാത്വം വിറ്റുപോയത്‌. പണം മുടക്കിയയാളോടൊപ്പം നൊല്ലെ 24 മണിക്കൂര്‍ ചെലവഴിക്കും. ഷോപ്പിംഗിനും റെസേ്‌റ്റാറന്റിലുമൊക്കെ ഈ പങ്കാളി നൊല്ലെയെ കൊണ്ടുപോകണമെന്നുമാത്രം. ശാരീരികമായി ബന്ധപ്പെടുമ്പോള്‍ ഗര്‍ഭനിരോധനഉറ ഉപയോഗിക്കണമെന്ന നിബന്ധനയും നൊല്ലെയ്‌ക്കുണ്ട്‌. വീട്ടുകാരറിയാതെയാണ്‌ ഈ വിദ്യാര്‍ഥിനിയുടെ കന്യകാത്വവില്‍പ്പന. അതിനാല്‍ യഥാര്‍ഥ പേര്‌ നൊല്ലെ വെളിപ്പെടുത്തിയിട്ടില്ല. തനിക്കു ലഭിച്ച തുകയുടെ അഞ്ചു ശതമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഈ വിദ്യാര്‍ഥിനി സംഭാവന നല്‍കിയിട്ടുണ്ട്‌.

ബ്രിട്ടീഷ്‌ വനിതകള്‍ക്ക്‌ മുട്ടപുഴുങ്ങാന്‍ അറിയില്ല

പാചകം സ്‌ത്രീകളുടെ ജോലിയാണെന്നാണ്‌ പൊതുധാരണ. എന്നാല്‍, ബ്രിട്ടീഷ്‌ വനിതകള്‍ക്ക്‌ ഇതു ബാധകമല്ല. കാരണം, തങ്ങളേക്കാള്‍ മികച്ച പാചകക്കാര്‍ ഭര്‍ത്താക്കന്മാരാണെന്നാണ്‌ പകുതിയിലേറെ ബ്രിട്ടീഷ്‌ സ്‌ത്രീരത്നങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ബ്രിട്ടീഷ്‌ വനിതകളില്‍ നടത്തിയ ഒരു സര്‍വേയിലാണ്‌ ഇക്കാര്യം വെളിപ്പെട്ടത്‌്. ഭൂരിഭാഗം ബ്രിട്ടീഷ്‌ യുവതികള്‍ക്കും ഏഴു വിഭവങ്ങളില്‍ക്കൂടുതലുണ്ടാക്കാന്‍ അറിയില്ലെന്നും സര്‍വേഫലങ്ങള്‍ പറയുന്നു. ഇരുപതിലൊന്ന്‌ ബ്രിട്ടീഷ്‌ യുവതികള്‍ക്ക്‌ മുട്ട പുഴുങ്ങാന്‍പോലും അറിയില്ലെന്നാണ്‌ ഗുഡ്‌ ഫുഡ്‌ ചാനല്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞത്‌. രണ്ടായിരം പുരുഷന്മാരിലും സ്‌ത്രീകളിലുമായിരുന്നു സര്‍വേ നടത്തിയത്‌. പാചകപുസ്‌തങ്ങളുടെ സഹായത്തോടെയാണ്‌ ബ്രിട്ടീഷ്‌ യുവതികളുടെ പാചക പരീക്ഷണങ്ങളിലേറെയുമെന്നും സര്‍വേ പറയുന്നു. വീടും തൊഴിലും കൈകാര്യം ചെയ്യാന്‍ ബ്രിട്ടീഷ്‌ യുവതികള്‍ക്കാവാത്തതാണ്‌ ഇതിനുകാരണമെന്നാണ്‌ സര്‍വേ ചൂണ്ടിക്കാട്ടുന്നത്‌.

2011, മേയ് 10, ചൊവ്വാഴ്ച

രാമനാമം നിക്ഷേപമായി സ്വീകരിക്കുന്ന ബാങ്ക്‌

ക്ഷേത്രനഗരിയായ വാരണാസിയില്‍ എണ്‍പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്നൊരു ബാങ്കുണ്ട്‌. റാം റാമപതി എന്നാണ്‌ ഈ ബാങ്കിന്റെ പേര്‌. സാധാരണ ബാങ്കുകളെപോലെയാണ്‌ ഈ ബാങ്കിന്റെയും പ്രവര്‍ത്തനങ്ങള്‍. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്‌പന നല്‍കുകയും ചെയ്യും. പക്ഷേ, ഒരു വ്യത്യാസം പണമല്ല ഈ ബാങ്ക്‌ കൈകാര്യം ചെയ്യുന്നത്‌. രാമനാമമാണ്‌ പണത്തിനു പകരം ഈ ബാങ്ക്‌ കൈകാര്യം ചെയ്യുന്നത്‌. ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക്‌ ഈ ബാങ്കില്‍ അക്കൗണ്ടുണ്ട്‌്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്‌ ഈ നിക്ഷേപകര്‍. രാമനാമം 125,000 തവണ എഴുതിയ പേപ്പറാണ്‌ ഈ ബാങ്കില്‍ നിക്ഷേപിക്കേണ്ടത്‌. ഇങ്ങനെ രാമനാമം എഴുതിയ പേപ്പറുകള്‍ ബാങ്ക്‌ അധികൃതര്‍ പ്രത്യേക പൂജയ്‌ക്കു വിധേയമാക്കുകയും സൂക്ഷിക്കുകയും ചെയ്യും. ഈ പൂജകള്‍ നിക്ഷേപകന്‌ ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ്‌ വിശ്വാസം. വാരണാസിയിലെ ഒരു കുടുംബമാണ്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌. ആവശ്യമുള്ള ആളുകള്‍ക്ക്‌ രാമനാമമാണ്‌ ഈ ബാങ്ക്‌ വായ്‌പയായി നല്‍കുന്നത്‌. നിശ്‌ചിത എണ്ണം രാമനാമം എഴുതി നല്‍കുന്നതോടെ ഇവര്‍ വായ്‌പ തിരിച്ചടച്ചതായി കണക്കാക്കുമെന്നും നിക്ഷേപകന്റെ ആഗ്രഹം സഫലമാകുമെന്നുമാണ്‌ വിശ്വാസം. നിക്ഷേപകന്‌ രാമനാമം എഴുതാനുള്ള പേപ്പറും പേനയുമൊക്കെ ഈ ബാങ്ക്‌ സൗജന്യമായി നല്‍കും. എന്നാല്‍, രാമനാമം എഴുതിയ പേപ്പര്‍ ഈ ബാങ്കില്‍ നിക്ഷേപിക്കുന്നതിന്‌ ചില വ്യവസ്‌ഥകളൊക്കെയുണ്ട്‌. വായ്‌പ സ്വീകരിച്ച്‌ എട്ടു മാസത്തിനും 10 ദിവസത്തിനുമുള്ളില്‍ നിശ്‌ചിത എണ്ണം രാമനാമം എഴുതി ബാങ്കിനു നല്‍കണം. കുളിച്ചു ദേഹശുദ്ധി വരുത്തിയതിനുശേഷം മാത്രമേ രാമനാമം എഴുതാന്‍ പാടുള്ളൂ. രാമനാമം എഴുതുന്ന വ്യക്‌തി സസ്യഭക്ഷണം മാത്രമേ കഴിക്കാവൂ. അയാള്‍ ഉള്ളിയും വെളുത്തുള്ളിയും ഭക്ഷിക്കരുതെന്നും നിബന്ധനയുണ്ട്‌.

ഭൂമിയുടെ സമീപത്തുഭീമന്‍ ക്ഷുദ്രഗ്രഹം

ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നുപോവുകയാണ്‌ ഒരു ഭീമന്‍ ക്ഷൂദ്രഗ്രഹം. 1300 അടി വ്യാസവും 5.5 കോടി ടണ്‍ ഭാരവുമുണ്ട്‌ ഈ ഭീമന്‌. ഭൂമിയുടെ സമീപത്തുകൂടി ഇതുവരെ കടന്നുപോയിട്ടുള്ള വസ്‌തുക്കളില്‍ ഏറ്റവും വലുപ്പമുള്ളതാണ്‌ ഈ ക്ഷുദ്രഗ്രഹം. ഭൂമിയില്‍നിന്നു 201,700 മൈലുകള്‍ ദൂരത്തുകൂടിയാണ്‌ ഇതു കടന്നുപോകുന്നതെങ്കിലും ശാസ്‌ത്രലോകത്തെ സംബന്ധിച്ച്‌ ഈ ദൂരത്തിനു മുടിയിഴയുടെ അകലം മാത്രമേയുള്ളൂ. ചന്ദ്രനും ഭൂമിക്കും മധ്യേകൂടിയാണ്‌ ഈ ഭീമന്റെ കടന്നപോക്ക്‌. വൈയു55 എന്നാണ്‌ ഈ ആകാശ ഭീകരനു ശാസ്‌ത്രജ്‌ഞര്‍ പേരിട്ടിരിക്കുന്നത്‌. നവംബറിലാണ്‌ ഇവന്‍ ഭീതിപ്പെടുത്തികൊണ്ട്‌ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നത്‌. ഈ ക്ഷുദ്രഗ്രഹം ഭൂമിയിലെങ്ങാനും ഇടിച്ചാലോ 65,000 അണുബോംബുകള്‍ ഒന്നിച്ചുപൊട്ടുന്നതിനു തുല്യമായിരിക്കുമത്‌. ആറു മൈല്‍ വ്യാസത്തില്‍ രണ്ടായിരം അടി താഴ്‌ചയുള്ള ഗര്‍ത്തവും ഈ ഇടിയുടെ ആഘാതത്തില്‍ ഭൂമിയിലുണ്ടാവും. സൂര്യനെ ചുറ്റുന്നവയാണ്‌ ക്ഷുദ്രഗ്രഹങ്ങള്‍. നവംബര്‍ എട്ടിന്‌ ശക്‌തിയേറിയ ദൂരദര്‍ശനിയിലൂടെ നോക്കിയാലും ഈ വമ്പനെ കാണാനാവുമെന്നാണ്‌ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.

അമേരിക്കക്കാര്‍ക്കു ടിവി വാങ്ങാന്‍ പോലും കാശില്ല

സമ്പൂര്‍ണ സാക്ഷരതപോലെ അമേരിക്കയിലെ നൂറു ശതമാനം വീടുകളിലും ടെലിവിഷനുകളുണ്ടായിരുന്നൊരു സുവര്‍ണകാലമുണ്ടായിരുന്നു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ ടെലിവിഷന്‍ വാങ്ങാന്‍ പോലും പണില്ലാത്ത പരിതാപകരമായ നിലയിലെത്തി അമേരിക്കക്കാരുടെ കാര്യങ്ങള്‍. ടെലിവിഷനുള്ള വീടുകളുടെ എണ്ണം അമേരിക്കയില്‍ കുറഞ്ഞെന്നാണ്‌ പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍. ഇരുപതുവര്‍ഷത്തിനുശേഷമാണ്‌ അമേരിക്കയില്‍ ടെലിവിഷന്‍ സെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്‌. ടെലിവിഷന്‍ കാണുന്നതിനോടുള്ള വിരക്‌തിയൊന്നുമല്ല മറിച്ച്‌ ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങാനുള്ള പണമില്ലാത്തതാണ്‌ അമേരിക്കയില്‍ ടിവികളുടെ എണ്ണം കുറയാന്‍ കാരണമായത്‌. സാമ്പത്തിക പ്രതിസന്ധിക്കു മുമ്പുള്ള കണക്കുപ്രകാരം 98.9 ശതമാനം അമേരിക്കന്‍ വീടുകളിലും ടെലിവിഷനുകളുണ്ട്‌. എന്നാല്‍, 2011ല്‍ നടത്തിയ സര്‍വേ പ്രകാരം ടിവിയുള്ള വീടുകളുടെ എണ്ണത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്‌.

പരീക്ഷാപേടി ഓര്‍മശക്‌തി വര്‍ധിപ്പിക്കും

പരീക്ഷയെന്നു കേള്‍ക്കുന്നതുതന്നെ വിദ്യാര്‍ഥികള്‍ക്ക്‌ പേടിയാണ്‌. പക്ഷേ, ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌ പരീക്ഷാ പേടി നല്ലതാണെന്നാണ്‌. കാരണം, ഈ പേടി ഓര്‍മശക്‌തിയെ വര്‍ധിപ്പിക്കുമെന്നാണ്‌ അവര്‍ പറയുന്നത്‌. പരീക്ഷാ ഹാളില്‍ കയറുന്നതിനു മുമ്പുള്ള ഒരു പേടിയില്ലേ. ഈശ്വരാ... പഠിച്ചതൊക്കെ പരീക്ഷയ്‌ക്കുവരണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടുള്ള ഈ ഭയം നല്ലതാണെന്നാണ്‌ ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ നാഡീവ്യൂഹത്തെക്കുറിച്ച്‌ പഠനം നടത്തുന്ന ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. മാസങ്ങളോളം കുത്തിയിരുന്നു പഠിക്കുന്നതിനേക്കാള്‍ ഫലം ചെയ്യും പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനുമുമ്പുള്ള ഭയമെന്നാണ്‌ ഇവര്‍ കണ്ടെത്തിയിട്ടുള്ളത്‌. സമ്മര്‍ദമുണ്ടാകുമ്പോള്‍ ശരീരം ചില ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കുന്നു. ഇവ തലച്ചോറിലെ ഓര്‍മകളുമായി ബന്ധപ്പെട്ട കോശങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളാണ്‌ സമ്മര്‍ദമുണ്ടാകുമ്പോള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഇവ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും ഓര്‍മയിലുള്ള വിവരങ്ങളെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്നുമാണ്‌ തെളിഞ്ഞിരിക്കുന്നത്‌. മനുഷ്യനെ ശത്രൂക്കളില്‍നിന്നു രക്ഷപെടാന്‍ സഹായിക്കുന്നതിനു സമാനമായ അവസ്‌ഥയാണിതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. ശത്രുക്കളെ കാണുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കുകയും ഇവ രക്‌തത്തില്‍ പ്രവേശിക്കുകയും ഇത്‌ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ ഉത്‌പാദനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത്‌ വളരെയധികം ഊര്‍ജം ശരീരത്തിനു പ്രദാനം ചെയ്യുന്നു. ഇതാണ്‌ ഭയപ്പെടുന്ന സാഹചര്യങ്ങളില്‍നിന്നു ഓടിരക്ഷപെടാന്‍ മനുഷ്യനെ സഹായിക്കുന്നത്‌. പരീക്ഷ പാസാകുന്നതും ഒരുതരത്തിലുള്ള രക്ഷപെടലാണല്ലോ.

വാര്‍ത്ത