അസാമാന്യ ശക്‌തിയുള്ള ഒരു കോമിക്ക് കഥാപാത്രമാണ് ഹള്‍ക്ക്. എന്നാല്‍, ഹള്‍ക്ക് ഒരു ഭാവനാ സൃഷ്‌ടിമാത്രമാണ്. പക്ഷേ, ഹള്‍ക്കിനെ വെല്ലുന്നരീതിയില്‍ ശക്‌തിമാനായി അവതരിച്ചിരിക്കുകയാണ് ആറു വയസുകാരനായ ജൂലിയാനോ സ്‌ട്രോ. സിക്‌സ്പായ്‌ക്ക് മസിലുകളുമായി ലോകത്തിന്റെ മുമ്പില്‍ നെഞ്ചുവിരിച്ചാണ് ജൂലിയാനോയുടെ നടപ്പ്. ഏതൊരു അഭ്യാസിയേയും വെല്ലുന്ന ശാരീരിക മികവാണ് ഈ കുഞ്ഞുപ്രായത്തിലേ ജൂലിയാനോ സ്വന്തമാക്കിയിരിക്കുന്നത്.
ഈ കരുത്തിന്റെ തെളിവായി രണ്ടു ലോകറിക്കാര്‍ഡുകളാണ് കൊച്ചു ജൂലിയാനോയുടെ കൈയിലുള്ളത്. കാലുകള്‍ക്കിടയില്‍ ബോള്‍വച്ച് തലകുത്തി പത്തു മീറ്റര്‍ ദൂരം ഏറ്റവും വേഗത്തില്‍ നടന്നുതീര്‍ക്കുക, കാലുകള്‍ തറയില്‍ തൊടാതെ കൈകള്‍മാത്രം തറയില്‍കുത്തിയുള്ള എയര്‍ പുഷ് അപ്‌സ് ഏറ്റവും കൂടുതല്‍ നടത്തുക എന്നിവയാണ് ജൂലിയാനോ സ്വന്തമാക്കിയ ഗിന്നസ് റിക്കോര്‍ഡുകള്‍.
ബോഡിബിള്‍ഡിംഗിലും ജിംനാസ്‌റ്റിക്കിലുമാണ് ഈ ആറു വയസുകാരന്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. റുമേനിയന്‍ സ്വദേശികളാണ് ജൂലിയാനോയുടെ കുടുംബം. ലുലിയനാണ് ജൂലിയാനോയുടെ പിതാവും പരിശീലകനും. ദിവസവും ശരാശരി രണ്ടു മണിക്കൂറാണ് ജൂലിയാനോ ജിമ്മില്‍ പരിശീലിക്കുന്നത്. മകനെ കൊണ്ട് നിര്‍ബന്ധിച്ച് പരിശീലിപ്പിക്കാറില്ലെന്നും ജൂലിയാനോയ്‌ക്കു മടുക്കുമ്പോള്‍ കളിക്കാന്‍ പോകാറുണ്ടെന്നും പിതാവ് പറയുന്നു.
എന്നാല്‍, ഈ ചെറുപ്രായത്തിലേ ജൂലിയാനോ പ്രകടിപ്പിക്കുന്ന മികവ് ലോകത്തിനുതന്നെ അത്ഭുതമാണ്. പ്രഫഷണല്‍ ജിംനാസ്‌റ്റിക്ക് താരങ്ങളോട് കിടപിടിക്കുന്ന അഭ്യാസങ്ങളാണ് ജൂലിയാനോ നടത്തുന്നത്. ജൂലിയാനോയ്‌ക്കൊപ്പം ജിമ്മില്‍ പരിശീലിക്കാന്‍ സഹോദരന്‍ ക്ലൗഡിയയുമുണ്ട്. നാലുവയസേ ആയുള്ളൂ എങ്കിലും സഹോദരനോട് മത്സരിച്ചാണ് ക്ലൗഡിയയുടെ പരിശീലനം.
ഇത്ര കഠിനമായി ചെറുപ്രായത്തിലേ പരിശീലിക്കുന്നത് ജൂലിയാനോയുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് ചില ആരോഗ്യവിദഗ്‌ധരുടെ പക്ഷം. എന്നാല്‍, ലുലിയാന്‍ ഇതെല്ലാം തള്ളിക്കളയുന്നു. ചെടികള്‍ക്ക് നല്ലതുപോലെ വളമിട്ട് പരിചരിക്കുമ്പോഴാണ് അവ കൂടുതല്‍ പുഷ്‌ടിപ്പെടുന്നതെന്നും ജൂലിയാനോയ്‌ക്കു ഇപ്പോള്‍ നല്‍കുന്ന പരിശീലനം ഇതുപോലെയാണെന്നുമാണ് ലുലിയന്റെ വാദം.