2011, ജനുവരി 30, ഞായറാഴ്‌ച

'ഐസ്‌ക്രീം കേസ്‌ സി.ബി.ഐക്ക്‌ ?

പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ വിവാദമായ ഐസ്‌ക്രീം കേസിന്റെ അന്വേഷണത്തില്‍ കേരള പോലീസ്‌ ഗുരുതരമായ വീഴ്‌ച വരുത്തിയെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ തുടരന്വേഷണം സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണ. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഐസ്‌ക്രീം കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ പണം വാരിയെറിഞ്ഞെന്ന വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ പുതിയ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് സി.ബി.ഐക്ക്‌ കൈമാറാനാണ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു ലഭിച്ച നിയമോപദേശം. വിധ്വംസക പ്രവര്‍ത്തനം, കളളനോട്ട്‌ കച്ചവടം, രാജ്യദ്രോഹം തുടങ്ങിയ നിരവധി സംഭവങ്ങള്‍ കേരളത്തിലും അയല്‍ സംസ്‌ഥാനങ്ങളിലുമായി ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടു നടന്നുവെന്ന്‌ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ്‌ അന്വേഷണം സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഇതേസമയം, സുപ്രീംകോടതി അവസാനിപ്പിച്ച ഐസ്‌ക്രീം കേസ്‌ പുനരന്വേഷിക്കാനാവില്ലെന്നു കാട്ടി നിയമോപദേശം നല്‍കാന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ഓഫീസിന്റെമേല്‍ ഒരു വിഭാഗം സമ്മര്‍ദം നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌. തുടര്‍ന്ന്‌, ഗുജറാത്തിലെ ബെസ്‌റ്റ് ബേക്കറി കേസ്‌ സുപ്രീംകോടതി അവസാനിപ്പിച്ചിട്ടും തുടരന്വേഷണം നടത്തിയ മാതൃകയില്‍ ഐസ്‌ക്രീംകേസും അന്വേഷിക്കാവുന്നതാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഡി.ജി.പിയുടെ ഓഫീസിനെ അറിയിച്ചതായി സൂചനയുണ്ട്‌. കേരളാ പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്‌ഥന്‍ ഉത്തരമേഖലാ ഐ.ജിയായിരുന്ന വേളയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ ഹൈക്കോടതിയില്‍ എത്തിച്ചാണ്‌ കുഞ്ഞാലിക്കുട്ടി അന്ന്‌ അനുകൂലവിധി സമ്പാദിച്ചത്‌. ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ അടിമുടി കൃത്രിമം നടന്നുവെന്നു മുഖ്യമന്ത്രി ഉറച്ചു വിശ്വസിക്കുന്നു. അന്നു കേസ്‌ അന്വേഷിച്ച ഉത്തരമേഖലാ ഐ.ജി. ഇപ്പോള്‍ ഡി.ജി.പിയാണ്‌. അതുകൊണ്ടുതന്നെ ഈ കേസ്‌ കേരളാ പോലീസിനെക്കൊണ്ടു വീണ്ടും അന്വേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ കരുതുന്നു. ഡി.ജി.പിയുടെ ഈ റിപ്പോര്‍ട്ട്‌ പുനഃപരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌. നിലവിലുളള പോലീസ്‌ അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ഇപ്പോള്‍ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിക്കുകയാണെങ്കില്‍ മറിച്ചൊരു റിപ്പോര്‍ട്ട്‌ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ട്‌. കുറ്റമറ്റ രീതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ കേസ്‌ അന്വേഷിക്കണമെന്നാണു തന്റെ ആഗ്രഹമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. സി.ബി.ഐ. തന്നെ കേസ്‌ അന്വേഷിക്കണമെന്നു മുഖ്യമന്ത്രി പറയാനുളള പ്രധാന കാരണങ്ങള്‍ ഇവയാണ്‌: 1. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചത്‌ അദ്ദേഹം ഉള്‍പ്പെട്ട സര്‍ക്കാരാണ്‌. 2. അന്വേഷണം നടത്തിയ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ പല രീതിയിലും സ്വാധീനിക്കപ്പെട്ടു. 3. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പലവട്ടം പീഡിപ്പിക്കപ്പെട്ടു. 4. കേസുമായി ബന്ധപ്പെട്ട്‌ കോടിക്കണക്കിനു രൂപയുടെ കള്ളനോട്ട്‌ പ്രചരിച്ചു. 5. കേസ്‌ അട്ടിമറിക്കാന്‍ സി.പി.എം. നേതാവ്‌ പി. ശശി തന്നെ സ്വാധീനിച്ചെന്ന മുന്‍ പ്രോസിക്യൂഷന്‍സ്‌ ഡയറക്‌ടര്‍ ജനറല്‍ കല്ലട സുകുമാരന്റെ വെളിപ്പെടുത്തല്‍. ഇതു പാര്‍ട്ടിയുടെ യശസിനു തിരിച്ചടിയുണ്ടാകാതിരിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നു വി.എസ്‌. കരുതുന്നു. 6. തീവ്രവാദ ബന്ധമുളളവര്‍ ഐസ്‌ക്രീം കേസില്‍ ഉള്‍പ്പെട്ടുവെന്ന റൗഫിന്റെ വെളിപ്പെടുത്തല്‍. 7. മറ്റു സംസ്‌ഥാനങ്ങളിലും കേസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നിരുന്നു. 8.ജഡ്‌ജിമാരെ സ്വാധീനിച്ചെന്ന ആക്ഷേപം. 9. മലബാര്‍ സിമെന്റ്‌സിലെ മുന്‍ ഉന്നത ഉദ്യോഗസ്‌ഥന്‍ ശശീന്ദ്രന്റെ മരണം. 10. രാജ്യദ്രോഹ പ്രവൃത്തിയും വിധ്വംസക പ്രവര്‍ത്തനങ്ങളും ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടു നടന്നുവെന്ന സംശയം. 11. എം.കെ. മുനീര്‍ അടക്കമുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കളെ ഒതുക്കാനും വിജിലന്‍സ്‌ കേസുകളില്‍ കുടുക്കാനും അവര്‍ നേതൃത്വം നല്‍കുന്ന മാധ്യമസ്‌ഥാപനം തകര്‍ക്കാനും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍. ഇത്രയൊക്കെ സംഭവവികാസങ്ങളുണ്ടായിട്ടും അന്നു കേരളാ പോലീസ്‌ എന്തുകൊണ്ട്‌ കേസന്വേഷണത്തില്‍ മുഖംതിരിച്ചു നിന്നുവെന്നതാണ്‌ ചില ഉന്നത പോലീസുദ്യോഗസ്‌ഥര്‍ക്കെതിരേയുളള ആരോപണങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നത്‌. ഐസ്‌ക്രീം പെണ്‍വാണിഭക്കേസ്‌ സി.ബി.ഐക്കു വിടാന്‍ കഴിയുന്നില്ലെങ്കില്‍ ഡി.ജി.പി. സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്‌.

തളര്‍ത്തിക്കളഞ്ഞ ചുംബനം

പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണ്‌ ചുംബനം. എന്നാല്‍, ചുംബനമേറ്റ്‌ താത്‌കാലികമായി ശരീരം തളര്‍ന്നൊരു സ്‌ത്രീയുണ്ട്‌ ന്യൂസിലന്‍ഡില്‍. നാല്‍പ്പത്തിനാലുകാരിയായ ഇവരുടെ കഴുത്തില്‍ പങ്കാളി ചുംബിച്ചതാണ്‌ ശരീരം തളരാന്‍ കാരണമായത്‌. പങ്കാളിയുടെ ചുംബനം കഴുത്തിലുള്ള രക്‌തക്കുഴലുകളില്‍ ഏല്‍പ്പിച്ച ആഘാതമാണ്‌ ഇവരെ തളര്‍ച്ചയിലേക്കു നയിച്ചതെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. ടെലിവിഷന്‍ കണ്ടു കൊണ്ടിരുന്ന സ്‌ത്രീയെ പിന്നീലൂടെ എത്തിയ പങ്കാളി കഴുത്തില്‍ ചുംബിക്കുകയായിരുന്നു. പിന്നീട്‌ ഇടതുകൈ ചലിപ്പിക്കാന്‍ സാധിക്കാതെ ഇവര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തുകയായിരുന്നു. ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ്‌ കഴുത്തിലെ രക്‌തക്കുഴലിനെ ആഘാതമേല്‍പ്പിച്ച പാട്‌ കണ്ടെത്തിയതിത്‌. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ അല്‍പ്പം നാണത്തോടെ തന്റെ പങ്കാളിയുടെ സ്‌നേഹപ്രകടനത്തെക്കുറിച്ച്‌ സ്‌ത്രീ വെളിപ്പെടുത്തിയത്‌. എന്തായാലും ഇനി സൂക്ഷിച്ചുമാത്രമേ പങ്കാളിയുടെ ചുംബനം സ്വീകരിക്കൂ എന്നാണ്‌ ഇവര്‍ പറയുന്നത്‌.

ലോകത്തെ ഏറ്റവും പ്രായമേറിയ ജയില്‍പുള്ളി മോചിതനാവുന്നു

ഉത്തര്‍പ്രദേശിലെ ഖരക്‌പൂര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബ്രിജ്‌ ബിഹാരിയൊരു ലോക റെക്കോഡിന്‌ ഉടമയാണ്‌. ലോകത്തെ ഏറ്റവും പ്രായമേറിയ തടവുപുള്ളിയെന്ന റെക്കോഡാണ്‌ ബിഹാരിയുടെ പേരിലുള്ളത്‌. 108 വയസുണ്ട്‌ ഇയാള്‍ക്ക്‌. ബിഹാരിയെ റിപ്പബ്ലിക്ക്‌ ദിനത്തില്‍ മോചിപ്പിക്കാനുള്ള തയാറെടുപ്പിലാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. നാലു പേരെ കൊന്ന കുറ്റത്തിനാണ്‌ ബിഹാരിയേയും 18 കൂട്ടാളികളെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചത്‌. മൂന്നു പേര്‍ ശിക്ഷയ്‌ക്കിടെ മരിച്ചു. 84-ാം വയസിലാണ്‌ കൊലക്കേസില്‍ ബിഹാരി ജയിലിലെത്തുന്നത്‌. 24 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന ബിഹാരി പിന്നീട്‌ ജയിലല്ലാതെ പുറംലോകം കണ്ടിട്ടില്ല. തന്റെ 108-ാം വയസില്‍ കൊച്ചുമക്കളെ കാണാന്‍ സാധിക്കുന്ന സന്തോഷത്തിലാണ്‌ ബിഹാരി. റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ ഭാഗമായി ജയില്‍പുള്ളികള്‍ക്ക്‌ തടവുശിക്ഷയില്‍ സര്‍ക്കാരുകള്‍ ഇളവ്‌ അനുവദിക്കാറുണ്ട്‌. അതിന്റെ ഭാഗമായാണ്‌ ബിഹാരിയെ മോചിപ്പിക്കുന്നത്‌. കൊലപാതകമാണ്‌ ചെയ്‌തതെങ്കിലും ഖരക്‌പൂര്‍ ജയിലിലെ മാന്യനായ തടവുപുള്ളിയായിരുന്നു ബിഹാരി.

പതിനാലാം വയസില്‍ അച്‌ഛന്‍, 29-ാം വയസില്‍ മുത്തച്‌ഛന്‍

ഇരുപത്തിയൊമ്പതാം വയസില്‍ മുത്തച്‌ഛനായിരിക്കുകയാണ്‌ തൊഴില്‍രഹിതനായ ബ്രിട്ടീഷുകാരന്‍. സൗത്ത്‌വെയില്‍സിലുള്ള ഈ യുവാവ്‌ 14-ാം വയസിലാണ്‌ പിതാവായത്‌. ഇയാളുടെ 15 വയസുള്ള മകള്‍ സഹപാഠിയില്‍നിന്നും ഗര്‍ഭം ധരിച്ചിരിക്കുകയാണ്‌. ഓഗസ്‌റ്റില്‍ മകള്‍ പ്രസവിക്കുമെന്ന സന്തോഷത്തിലാണ്‌ ഇയാള്‍. ഭാര്യയില്‍നിന്നും പിരിഞ്ഞു കഴിയുകയാണ്‌ ഇയാള്‍. ജോലിക്കൊന്നും പോകാത്തതിനെത്തുടര്‍ന്ന്‌ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പമാണ്‌ ഇപ്പോള്‍ ജീവിക്കുന്നത്‌. മകള്‍ ചെറുപ്പമാണെങ്കിലും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ്‌ യുവാവായ ഈ മുത്തച്‌ഛന്‍ പറയുന്നത്‌. മകള്‍ ഗര്‍ഭം ധരിച്ചത്‌ നല്ലകാര്യമാണെന്നും ഒരിക്കലും ഇക്കാര്യത്തില്‍ അവളെ കുറ്റപ്പെടുത്തില്ലെന്നുമാണ്‌ പിതാവ്‌ പറയുന്നത്‌. എന്നാല്‍, മകളുടെ കാമുകന്‍ പറയന്നത്‌ ഇയാള്‍ ലോകചരിത്രത്തിലെ തന്നെ മോശം പിതാവാണെന്നാണ്‌. ജീവിതത്തില്‍ ഒരിക്കലും ജോലിക്കുപോകാത്ത ഇയാള്‍ മക്കള്‍ക്കായി ചില്ലിപൈസാ പോലും ചെലവഴിച്ചില്ലെന്നാണ്‌ കാമുകന്റെ പരാതി.

കൗതുക വാര്‍ത്തകള്‍

'പാമ്പു'കളുടെ വീട്‌ വില്‍പനയ്‌ക്ക് ------------------------------ സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികളും ശ്രദ്ധിക്കുക. അഞ്ചു ബെഡ്‌റൂമുള്ള വീട്‌ വില്‍പനയ്‌ക്ക്. Idahoയിലെ വീടിന്‌ മാര്‍ക്കറ്റ്‌ വിലയുടെ മൂന്നിലൊന്നു മാത്രമേ ഉടമകള്‍ ചോദിക്കുന്നുളളൂ. 66,000 ഡോളര്‍(ഏകദേശം 29 ലക്ഷം രൂപ) മുടക്കിയാല്‍ പാമ്പുകളുടെ വീട്‌ സ്വന്തമാക്കാം. വീടിനൊപ്പം ആയിരക്കണക്കിന്‌ പാമ്പുകളെയും വിരുന്നുകാരാക്കാം. പാമ്പുശല്യത്തെ തുടര്‍ന്ന്‌ പലതവണ ഈ വീട്‌ വിറ്റുപോയിട്ടുണ്ട്‌ . ഇപ്പോള്‍ ചേസ്‌ ബാങ്കിന്റെ നിയന്ത്രണത്തിലാണ്‌ വീട്‌ . വില്‍ക്കാനുള്ള ശ്രമം നടത്തുന്നതാകട്ടേ ബ്രോക്കറായ റ്റോഡ്‌ ഡേവിസും. 1.75 ലക്ഷം ഡോളറായിരുന്നു വീടിന്റെ മതിപ്പുവില. എന്നാല്‍ ആരുമെത്താത്തതിനെ തുടര്‍ന്ന വില 66,000 ഡോളറാക്കിയിട്ടും വാങ്ങാനാളില്ല. വിഷമില്ലാത്ത പാമ്പുകളാണ്‌ വീട്ടിലുള്ളത്‌ . മുറികളിലിഴഞ്ഞെത്തുന്ന അതിഥികളെ ഒരിക്കല്‍ കണ്ടവര്‍ വീടട്ടില്‍ നിന്ന്‌ രക്ഷപെടാനുളള തിരക്കിലാകും. വീടിലെ ദൃശ്യങ്ങള്‍ യൂടൂബിലും ആനിമല്‍ പ്ലാനറ്റിലുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌ . പാമ്പുകള്‍ കൂടുതലുളള പ്രദേശത്ത്‌ വീടു നിര്‍മ്മിച്ചതാണ്‌ പ്രശ്‌നമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇവയെ കൊല്ലാന്‍ പരിസ്‌ഥിതി സ്‌നേഹികള്‍ സമ്മതിക്കില്ല.

2011, ജനുവരി 21, വെള്ളിയാഴ്‌ച

ദുബായ് ഫെസ്റ്റിവല്‍ തുടങ്ങി

16-മതു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനു തുടക്കമായി. 32 ദിവസം നീളുന്ന ഫെസ്റ്റിവല്‍ മനോഹരമായ ആഘോഷ പരിപാടികളോടെ ബുര്‍ജ് ഖലീഫയില്‍ ഉദ്ഘാടനം ചെയ്തു. വാട്ടര്‍ ഷോ ആയിരുന്നു ഉദ്ഘാടന ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം. പൊതുജനങ്ങള്‍ക്കു വേണ്ടി ദുബായി ക്രീക്ക് പാര്‍ക്കില്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. ക്രീക്ക് പാര്‍ക്ക്, ഹെറിറ്റേജ് വില്ലെജ്, ഗ്ലോബല്‍ വില്ലെജ് എന്നിവിടങ്ങളില്‍ കലാവിരുന്നുകളും കരിമരുന്നു പ്രയോഗവും നടന്നു. കൂടാതെ നിരവധി സമ്മാനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു. സമ്മാനര്‍ഹരില്‍ കൂടുതല്‍ മലയാളികളും.

2011, ജനുവരി 10, തിങ്കളാഴ്‌ച

ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; 50 പേര്‍ രക്ഷപെട്ടു

തെഹ്‌റാന്‍: ഇറാനില്‍ 95 പേരുമായി പോയ യാത്രാ വിമാനം തകര്‍ന്നു വീണു. നിസാര പരുക്കുകളോടെ അമ്പതു പേര്‍ രക്ഷപെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. ആരുടെയും മരണം സ്‌ഥിരീകരിച്ചിട്ടില്ല. ടെഹ്‌റാനില്‍നിന്ന്‌ ഉറുമിയിലേക്കുപോയ വിമാനമാണ്‌ തകര്‍ന്നത്‌. ഇന്നലെ രാത്രി വൈകി രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലായിരുന്നു അപകടമെന്നു ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. വിശദാംശങ്ങള്‍ അറിവായിട്ടില്ല. 95 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു

ലോകത്തെ ഏറ്റവും പ്രായമേറിയ പൂച്ച

172 മനുഷ്യായൂസിനു തുല്യമായ വയസുണ്ട്‌ ഇംഗ്ലണ്ടിലെ തെക്കന്‍ വേയില്‍സിലുള്ള ലൂസി എന്ന പൂച്ചയ്‌ക്ക്. ബില്ലി തോമസ്‌ എന്ന ഉടമസ്‌ഥന്റെ പ്രിയപ്പെട്ട ഓമനയായ ഈ പൂച്ചയ്‌ക്കു പ്രായം 39 വയസ്‌. ആണ്‍ പൂച്ചകളുടെ ശരാശരി ആയൂസ്‌ 12-14 വര്‍ഷമാണ്‌. പെണ്‍പൂച്ചകള്‍ രണ്ടു വര്‍ഷം അധികം ജീവിച്ചേക്കാം. ഉയര്‍ന്ന ആയൂസ്‌ രേഖപ്പെടുത്തിയിട്ടുള്ള പൂച്ചകളുടെ ശരാശരി പ്രായം 20-30 വയസുവരെമാത്രമാണ്‌. അതിനാല്‍തന്നെ ഏറ്റവും കൂടുതല്‍ ആയൂസുള്ള പൂച്ച എന്ന റിക്കോര്‍ഡ്‌ 39 വയസുള്ള ലൂസിക്കു സ്വന്തമായിരിക്കുകയാണ്‌. 1972ല്‍ തെരുവില്‍നിന്നാണ്‌ ലൂസിയെ ബില്‍ തോമസ്‌ കണ്ടെടുക്കുന്നത്‌. പടുവൃദ്ധയായെങ്കിലും കേള്‍വി തകരാര്‍മാത്രമേ ലൂസിക്കൂള്ളൂ എന്നാണ്‌ ഉടമസ്‌ഥന്‍ പറയുന്നത്‌.

ശ്വസിക്കാന്‍ മറക്കുന്ന ശിശു

ശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ജീവനില്ല. എന്നാല്‍, ഓസ്‌ട്രേലിയയിലുള്ള ഒമ്പതു മാസം മാത്രം പ്രായമുള്ള ജോഷ്വ ഹെറോണ്‍ എന്ന പിഞ്ചു കുഞ്ഞ്‌ ശ്വസിക്കാന്‍ മറന്നുപോകും. ഉറങ്ങിക്കഴിഞ്ഞാലാണ്‌ ജോഷ്വ ശ്വസിക്കാന്‍ മറന്നുപോകുന്നത്‌. ഉണര്‍ന്നിരിക്കുമ്പോള്‍ മറ്റ്‌ ഏതു ശിശുക്കളെയുംപോലെ ചിരിയും കളിയുമായി ജോഷ്വ മാതാപിതാക്കളെ സന്തോഷിപ്പിക്കും. എന്നാല്‍, ഉറക്കം വന്നാലോ മാതാപിതാക്കള്‍ക്കുപേടിയാണ്‌. കാരണം എപ്പോഴാണ്‌ കുഞ്ഞു ജോഷ്വായുടെ ശ്വാസം നിലയ്‌ക്കുന്നതെന്ന്‌ അറിയില്ലല്ലോ. ഉറക്കത്തില്‍ പലതവണ ജോഷ്വയുടെ ശ്വസനം നിലയ്‌ക്കും. അപ്പോഴെല്ലാം മാതാവായ സൂസിയോ പിതാവായ ഡാമിയനോ കുഞ്ഞു ജോഷ്വായുടെ പുറത്ത്‌ ശക്‌തിയായി തട്ടി ഉണര്‍ത്തേണ്ടിവരും. ഏറ്റവും വേദനകരമായ നിമിഷമാണിതെന്നാണ്‌ ജോഷ്യായുടെ മാതാപിതാക്കള്‍ പറയുന്നത്‌. ജോഷ്വയുടെ ശരീരത്തില്‍ ഒരു ചെറിയ ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്‌. ഉറക്കത്തില്‍ 20 സെക്കന്റിനുള്ളില്‍ ജോഷ്വ ശ്വാസനം നടത്തുന്നില്ലെങ്കില്‍ ഈ ഉപകരണം അപായമണി മുഴക്കും. ഉടന്‍ മാതാപിതാക്കളില്‍ ആരെങ്കിലും ജോഷ്വായെ തട്ടി ഉണര്‍ത്തും. അല്ലെങ്കില്‍ മരണത്തിലേക്കായിരിക്കും ആ ഉറക്കം ജോഷ്വയെ കൊണ്ടുപോവുക. ഈ അപൂര്‍വരോഗത്തിനു ഉത്തരം കണ്ടെത്താന്‍ ഡോക്‌ടര്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല. തലച്ചോറും ശ്വാസകോശവുമായുള്ള ബന്ധത്തിലുള്ള അസ്വഭാവികതയായിരിക്കാം ഈ ശ്വാസന തടസത്തിനു കാരണമെന്നാണ്‌ ചില ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്‌

വാര്‍ത്ത