2011, മാർച്ച് 11, വെള്ളിയാഴ്‌ച

ജപ്പാനില്‍ വന്‍ ഭൂകമ്പം; മിയാമിയില്‍ സുനാമി ആഞ്ഞടിക്കുന്നു‍

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്‌. റിക്‌ടര്‍ സ്‌കെയില്‍ 8.8 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ടോക്കിയോവില്‍ നിന്നും 400 കീലോമീറ്റര്‍ വടക്കു കിഴക്കന്‍ മേഖലയിലെ പസഫിക്‌ തീരത്താണുണ്ടായത്‌. മിയാമി തീരത്ത്‌ സുനാമിത്തിരമാല ആഞ്ഞടിച്ചുകയറുകയാണ്‌. ഇതിനകം തന്നെ പല പ്രധാനപട്ടണങ്ങളും സുനാമി വിഴുങ്ങിക്കഴിഞ്ഞു. പലയിടത്തും അഗ്നിബാധയുമുണ്ടായിട്ടുണ്ട്‌. കൂടുതല്‍ ജനവാസ പട്ടണങ്ങളിലേക്ക്‌ സുനാമി തിരമാല കയറുകയാണ്‌.മിനിറ്റുകള്‍ നീണ്ടുനിന്ന ഭൂകമ്പത്തിന്റെ ശക്‌തിയില്‍ ടോക്കിയോവിലെ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്ര ശക്‌തിയേറിയ ഭൂചലനം അനുഭവപ്പെടുന്നത്‌. ഇതേ തുടര്‍ന്ന്‌ രാജ്യത്ത്‌ സുനാമി മുന്നറിയിപ്പ്‌ നല്‍കി. തിരമാലകള്‍ 20 അടി വരെ ഉയരത്തില്‍ തീരത്തേക്ക്‌ അടിച്ചുകയറിയേക്കാമെന്ന്‌ മുന്നറിയിപ്പില്‍ പറയുന്നു.പ്രദേശിക സമയം ഉച്ചകളഇഞ്ഞ്‌ 2.40 ഓടെയാണ്‌ ഭൂകമ്പമുണ്ടായത്‌. കഴിഞ്ഞ ഏതാനും ദിവസമായി ജപ്പാനില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ടായിരുന്നു. 7.6 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്‌ മുന്‍പ്‌ അനുഭവപ്പെട്ടതില്‍ ഏറ്റവും ശക്‌തിയേറിയത്‌. നാലു മീറ്റര്‍ ഉയരത്തിലുള്ള തിരമാലകളാണ് ഇന്നത്തെ ഭൂചലനത്തിനു പിന്നാലെ കരയിലേക്ക് അടിച്ചുകയറുന്നതെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഭൂചലനത്തിനു പിന്നാലെ തീരത്തുനിന്നു ജനങ്ങളെ ഏറെക്കുറെ ഒഴിപ്പിച്ചിരുന്നുവെങ്കിലും തീരത്തുണ്ടായിരുന്ന വാഹനങ്ങളും ബോട്ടുകളും തുടച്ചുനീക്കിയാണ് സുനാമിത്തിര മുന്നേറുകയാണ്. ടോക്കിയോ ഉള്‍പ്പെടെ എല്ലാ നഗരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ 40 ലക്ഷംവീടുകളില്‍ വൈദ്യൂതി വിചേ്ഛദിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വാഹനങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് രക്ഷപ്പെടുന്നതിനിടെ ആഞ്ഞടിച്ച സുനാമിയില്‍ പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വെള്ളം കയറി പലയിടത്തും വാര്‍ത്താവിതര സംവിധാനം തകരാറിലായി. പല ടെലിവിഷന്‍ കേന്ദ്രങ്ങളും വെള്ളം കയറി. റഷ്യ, അമേരിക്ക, ഇന്തോനീഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കന്‍ മേേലയിലും വൈകാതെ ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടാകുമെന്ന് കരുതുന്നു. അടുത്തകാലത്ത് ലോകചരിത്രത്തിലെ തന്നെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ജപ്പാനെ കാത്തിരിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. ഭൂചലനം തുടര്‍ക്കഥയായ ജപ്പാനില്‍ അവയെ പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വീടുകളും കെട്ടിടങ്ങളുമാണ് നിര്‍മ്മിക്കുന്നത്. ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് ഔദ്യോഗിക വിശദീകരണം പുറത്തുവന്നു. അഞ്ചു ആണവ നിലയങ്ങള്‍ ഇതിനകം അടച്ചുപൂട്ടി.

വാര്‍ത്ത