2011, മേയ് 3, ചൊവ്വാഴ്ച

43 ശരീരഭാഗങ്ങള്‍കൊണ്ട്‌ എഴുതുന്ന ചൈനാക്കാരന്‍

കൈകള്‍കൊണ്ടാണ്‌ എഴുതുന്നത്‌. ശാരീരികമായി വെല്ലുവിളിയുള്ളവര്‍ ചിലപ്പോള്‍ എഴുതാന്‍ കാലുകളും ഉപയോഗിക്കാറുണ്ട്‌. എന്നാല്‍, ചൈനക്കാരാനായ കയോ റൂയിക്വിന്‍ എന്ന നാല്‍പ്പത്തിനാലുകാരന്‍ ശരീരത്തിന്റെ ഏതു ഭാഗമുപയോഗിച്ചും എഴുതും. അതും വ്യത്യസ്‌തമായ 43 ശരീരഭാഗങ്ങള്‍കൊണ്ട്‌ എഴുതാന്‍ കയോയ്‌ക്കു സാധിക്കും. കണ്ണുകള്‍, ചെവി, മൂക്ക്‌, കൈമടക്ക്‌, കക്ഷം, കാല്‍മുട്ടുകള്‍ തുടങ്ങിയ 43 ശരീരഭാഗങ്ങള്‍ കയോയ്‌ക്കു എഴുത്തിനു വഴങ്ങും. എഴുതാന്‍ വിഷമകരമായ ചൈനീസ്‌ ഭാഷയിലാണ്‌ കയോയുടെ ഈ എഴുത്തുകളെല്ലാം. പത്തുവര്‍ഷം മുമ്പായിരുന്നു കയോ തന്റെ ഈ ശീലം ആരംഭിച്ചത്‌. പ്രിയപ്പെട്ട സുഹൃത്തിന്റെ മരണമാണ്‌ കയോയെ ഈ ശീലത്തിലെത്തിച്ചത്‌. മനോഹരമായി ചൈനീസ്‌ ഭാഷ എഴുതുന്നയാളായിരുന്നു കയോയുടെ ഈ സുഹൃത്ത്‌. എന്നാല്‍, രോഗത്തെത്തുടര്‍ന്ന്‌ കയോയുടെ സുഹൃത്തിന്റെ കൈകള്‍ മുറിച്ചു മാറ്റേണ്ടിവന്നു. പിന്നീട്‌ എഴുതാന്‍ സാധിക്കാത്തതിലുള്ള ദുഃഖത്താല്‍ ഇയാള്‍ മരിക്കുകയായിരുന്നു. ഈ മരണമാണ്‌ കയോയെ വ്യത്യസ്‌ത ശരീരഭാഗങ്ങള്‍കൊണ്ട്‌ എഴുതാന്‍ പ്രേരിപ്പിച്ചത്‌. ഇപ്പോള്‍ ഗിന്നസ്‌ ലോകറെക്കോഡില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്‌ കയോ.

ഗ്രാമം വില്‍പ്പനയ്‌ക്ക്

ഇറ്റലിയിലുള്ള പുരാതനമായ ഒരു ഗ്രാമം വില്‍പ്പനയ്‌ക്കുവച്ചിരിക്കുകയാണ്‌. 1059 മുതല്‍ ജനവാസമുണ്ടായിരുന്ന വാലി പിയോള എന്ന ഗ്രമമാണ്‌ പുതിയ ഉടമസ്‌ഥനെയും കാത്തിരിക്കുന്നത്‌. പര്‍വതതാഴ്‌വാരത്തിലുള്ള ഈ വിദൂരഗ്രാമത്തില്‍ വര്‍ഷങ്ങളായി ജനവാസമില്ല. 13-ാം നൂറ്റാണ്ടിലുള്ള ഒരു പള്ളിയുണ്ട്‌ ഈ ഗ്രാമത്തില്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി വീടുകളും പിയോള ഗ്രാമത്തിന്റെ പ്രത്യേകതയാണ്‌. 3.5 കോടിരൂപയ്‌ക്കാണ്‌ പ്രാദേശിക ഭരണകൂടം ഗ്രാമം വില്‍പ്പനയ്‌ക്കുവച്ചിരിക്കുന്നത്‌. സമുദ്രനിരപ്പില്‍നിന്നു മൂവായിരത്തോളമടി ഉയരത്തിലാണ്‌ ഗ്രാമം സ്‌ഥിതിചെയ്യുന്നത്‌. ആട്ടിടയന്മരായിരുന്നു ഗ്രാമീണര്‍. പിന്നീട്‌ മെച്ചപ്പെട്ട ജീവിതത്തിനായി നഗരങ്ങളിലേക്ക്‌ കുടിയേറിയതോടെ ആളില്ലാ ഗ്രാമമായി മാറുകയായിരുന്നു.

പഴത്തില്‍ ശില്‍പ്പങ്ങള്‍ തീര്‍ക്കുന്ന ജപ്പാന്‍കാരന്‍

വാഴപ്പഴം വാങ്ങിയാല്‍ രണ്ടുണ്ട്‌ കാര്യമെന്നാണ്‌ ജപ്പാന്‍കാരനായ കെയിസുകി യമാഡ പറയുന്നത്‌. ഒന്ന്‌ പഴത്തില്‍ ശില്‍പ്പങ്ങളുണ്ടാക്കാം. രണ്ട്‌ ഈ പഴങ്ങള്‍ കഴിക്കാം. പൈറൈറ്റ്‌സ് ഓഫ്‌ കരീബിയന്‍ എന്ന ഹോളിവുഡ്‌ ചലച്ചിത്രത്തിലെ കഥാപാത്രങ്ങളെയാണ്‌ കെയിസുകി പഴത്തില്‍ കൊത്തിയുണ്ടാക്കുന്നത്‌. ടൂത്ത്‌പിക്കും സ്‌പൂണും ഉപയോഗിച്ചാണ്‌ ശില്‍പനിര്‍മാണം. അരമണിക്കൂര്‍ വേണ്ടിവരും പഴത്തില്‍ ശില്‍പമുണ്ടാക്കാന്‍. ഇതിനുശേഷം ഈ ശില്‍പ്പത്തിന്റെ ഫോട്ടോയെടുക്കും. തുടര്‍ന്ന്‌ ഈ പഴശില്‍പ്പം കെയിസൂകി വായിലാക്കും. ശില്‍പ്പം ഉണ്ടാക്കി കൂടുതല്‍ സമയം വച്ചാല്‍ പഴം ചീത്തയായി പോകുമെന്നതിനാലാണ്‌ ശില്‍പ്പിതന്നെ ശില്‍പ്പം തിന്നുതീര്‍ക്കുന്നത്‌. മങ്കിബിസിനസ്‌ ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റിലൂടെയാണ്‌ 23 വയസുകാരനായ കെയിസുകി ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌.

നോട്ടുകള്‍ രൂപകല്‍പന ചെയ്യൂ; സമ്മാനം നേടൂ

ബാങ്ക്‌ നോട്ടുകള്‍ ഡിസൈന്‍ ചെയ്യാന്‍ മത്സരമൊരുക്കുകയാണ്‌ സ്വീഡന്‍. ആര്‍ക്കുവേണമെങ്കിലും ഈ മത്സരത്തില്‍ പങ്കെടുക്കാം. രാജ്യത്തെ നോട്ടുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ മത്സരം. 25 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഡിസൈന്‍ ചെയ്‌ത നോട്ടുകളാണ്‌ ഇപ്പോള്‍ സ്വീഡനില്‍ ഉപയോഗിച്ചുവരുന്നത്‌. രാജ്യത്തിന്റെ നോട്ടുകള്‍ക്ക്‌ ആധുനിക മുഖം നല്‍കുന്നതിനുവേണ്ടിയാണ്‌ പുതിയ നോട്ടുകള്‍ ഇറക്കുന്നതെന്നാണ്‌ സ്വീഡന്‍ പറയുന്നത്‌. എന്നാല്‍, വെറുതേ ഒരു നോട്ട്‌ ഡിസൈന്‍ ചെയ്‌താലൊന്നും മത്സരത്തില്‍ ജേതാവാകാന്‍ സാധിക്കില്ല. കള്ളനോട്ടുകള്‍ ഇറക്കുന്നതു തടയുന്ന സുരക്ഷാമാനദണ്ഡങ്ങളും ഭംഗിക്കൊപ്പം ഈ നോട്ടുകള്‍ പാലിക്കണം. സ്വീഡനിലെ കേന്ദ്ര ബാങ്കായ റിക്‌സ്്‌്ബാങ്കിനാണ്‌ നോട്ടുകള്‍ പുറത്തിറക്കുന്ന ചുമതല. റിക്‌സ്ബാങ്കാണ്‌ ഈ മത്സരം നടത്തുന്നത്‌. ജേതാവിനെ കാത്തിരിക്കുന്നത്‌ വമ്പന്‍ സമ്മാനങ്ങളാണ്‌. തെരഞ്ഞെടുക്കപ്പെട്ട ഡിസൈനിലുള്ള നോട്ടുകള്‍ 2014-2015ല്‍ മാത്രമേ സ്വീഡന്‍ പുറത്തിറക്കൂ.

കൃത്രിമ തലച്ചോര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്‌

കുറെ കൃത്രിമ തലച്ചോര്‍ വാങ്ങി ബുദ്ധികൂട്ടാമെന്ന്‌ തലവാചകം കണ്ട്‌ തെറ്റിധരിക്കരുത്‌ . എങ്കിലും ഭാവിയില്‍ നമുക്ക്‌ ഈ സൗകര്യം പ്രതീക്ഷിക്കാമെന്നാണ്‌ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്‌ . നാനോ ടെക്‌നോളജിയുടെ സഹായത്തോടെയാണ്‌ കൃത്രിമ തലച്ചോര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌ . തലച്ചോറിലെ അടിസ്‌ഥാന ഘടകമായ ന്യൂറോണുകളെ പ്രവര്‍ത്തനത്തില്‍ അനുകരിക്കുന്ന കാര്‍ബണ്‍ നാനോട്യൂബാണ്‌ ഗവേഷകര്‍ സൃഷ്‌ടിച്ചത്‌ . പ്രൊഫ. ആലീസ്‌ പാര്‍ക്കര്‍, പ്രൊഫ.ചൊംഗ്‌വു സു എന്നിവരാണ്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ . കാര്‍ബണ്‍ തന്മാത്രകളെ അടിസ്‌ഥാനമാക്കി നിര്‍മ്മിക്കുന്ന കാര്‍ബണ്‍ നാനോട്യൂബുകള്‍ക്ക്‌ പെന്‍സില്‍ പോയിന്റിന്റെ ലക്ഷ്യത്തിലൊന്ന്‌ വലുപ്പമേയുളളൂ. ഇലക്‌ട്രോണിക്‌ സര്‍ക്യൂട്ടുകളില്‍ ഇവയെ ഉപയോഗിക്കാനാകും. ന്യൂറോണിന്‌ പകരം ഇവ ഉപയോഗിച്ച്‌ സര്‍ക്യൂട്ടുകള്‍ സൃഷ്‌ടിക്കാനാണ്‌ നീക്കം. എന്നാല്‍ കോടിക്കണക്കിന്‌ ന്യൂറോണുകള്‍ക്ക്‌ പകരം എങ്ങനെ നാനോട്യൂബുകളെ വിനിയോഗിക്കാമെന്ന്‌ തലപുകയ്‌ക്കുകയാണ്‌ ഗവേഷകര്‍. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം കൃത്രിമ തലച്ചോര്‍ യാഥാര്‍ത്ഥ്യമാകുമെന്ന്‌ പാര്‍ക്കര്‍ പ്രതീക്ഷിക്കുന്നു. എങ്കിലും തലച്ചോറിന്‌ ആഘാതമേറ്റവര്‍ക്കും വൈകല്യങ്ങളുളളവര്‍ക്കും കണ്ടെത്തല്‍ അനുഗ്രഹമാകുമെന്ന്‌ അവര്‍ പറയുന്നു.

വാര്‍ത്ത