
റെയ്‌മണ്ട് റോബെര്‍ഗ് എന്ന അമേരിക്കക്കാരന്‍ സ്വയം വിശേഷിപ്പിക്കുന്നത് മികച്ചൊരു കുടിയനായിട്ടാണ്. അമേരിക്കയിലെ ബ്രിഡ്‌പോര്‍ട്ടിലുള്ള ഈ അറുപത്തിയഞ്ചുകാരന്റെ വീട് ഒരു പൊതുബാറുപോലെയാണ്. ഏതൊരാള്‍ക്കും ഈ വീട്ടില്‍വന്ന് ഏത്രനേരം വേണമെങ്കിലും മദ്യപിക്കാം. റെയ്‌മണ്ടിന്റെ ഈ സ്വഭാവം മൂലം ഭാര്യയും മക്കളുമൊക്കെ ഇയാളെ ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ഭാര്യയും മക്കളും പോയെങ്കിലെന്താ തനിക്കത്രയും സന്തോഷമെന്നാണ് റെയ്‌മണ്ട് പറയുന്നത്.
പേരുകേട്ട കുടിയനാണെങ്കിലും കമ്പനിയില്ലാതെ ഒറ്റയ്‌ക്കു റെയ്‌മണ്ട് മദ്യപിക്കില്ല. മദ്യപിക്കുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ ആരെങ്കിലുമൊക്കെ കമ്പനിവേണമെന്നാണ് ഇയാള്‍ പറയുന്നത്. പക്ഷേ, കഴിഞ്ഞ ദിവസം റെയ്‌മണ്ടിന് മദ്യപിക്കാന്‍ ആരെയും കൂട്ടുകിട്ടിയില്ല. അടുത്ത പല സുഹൃത്തുക്കളെയും വിളിച്ചെങ്കിലും ആരും ഇയാളെ തിരിഞ്ഞുപോലും നോക്കിയില്ല. ഒടുവില്‍ റെയ്‌മണ്ട് പോലീസിന്റെ എമര്‍ജന്‍സി നമ്പരിലേക്ക് വിളിച്ചു. അത്യാവശ്യമായി തന്റെ വീട്ടിലേക്കു വരണമെന്നായിരുന്നു ആവശ്യം. എന്തോ അപകടമുണ്ടെന്ന് കരുതി പോലീസുകാര്‍ റെയ്‌മണ്ടിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. പോലീസിനായി വീടിന്റെ വാതിലൊക്കെ റെയ്‌മണ്ട് തുറന്നിട്ടിരുന്നു. പോലീസ് വീടിനുള്ളിലെത്തി നോക്കുമ്പോള്‍ വിശാലമായ മുറിയില്‍ മദ്യകുപ്പികളും ഐസ്‌ക്യൂബുകളുമായി ഒരാള്‍ കാത്തിരിക്കുന്നു. പോലീസുകാരെ കണ്ടതും വരണം സാറുമാരെ രണ്ടെണ്ണം വീശിയിട്ടുപോകാമെന്നായി റെയ്‌മണ്ട്.
മദ്യത്തോട് താത്‌പര്യമുണ്ടെങ്കിലും ഡ്യൂട്ടി സമയമായതിനാല്‍ കുടിച്ചു പുലിവാലു പിടിക്കേണ്ടെന്നായി പോലീസുകാര്‍. പക്ഷേ, റെയ്‌മണ്ടുണ്ടോ വിടുന്നു. നിര്‍ബന്ധമായി, പിന്നെ ഭീഷണിയായി. ഇതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു പോലീസുകാര്‍ക്കു മനസിലായി. ഒടുവില്‍ പോലീസിനെ അനാവശ്യമായി വിളിച്ചു ശല്യപ്പെടുത്തിയെന്ന കേസില്‍ റെയ്‌മണ്ടിനെ പോലീസ് അറസ്‌റ്റു ചെയ്‌തു പ്രശ്‌നങ്ങള്‍ പരിഹരിച്ചു.