2011, മാർച്ച് 23, ബുധനാഴ്‌ച

കാക്കയ്‌ക്കു പ്രിയകൂട്ടുകാരനായ 10 വയസുകാരന്‍

കാക്കകളുമായുള്ള മനുഷ്യന്റെ സൗഹൃദത്തിന്റെ കഥകള്‍ അപൂര്‍വമാണ്‌. അത്തരം കഥകളില്‍തന്നെ അത്യപൂര്‍വമായ കഥയാണ്‌ ഒരു ബ്രിട്ടീഷ്‌ ബാലനും കാക്കയും തമ്മിലുള്ളത്‌. ഇമ്മാനുവല്‍ ആഡംസ്‌ എന്ന പത്തുവയസുകാരനും ഉറ്റസുഹൃത്തായ കാക്കയും തമ്മിലുള്ള അപൂര്‍വബന്ധത്തിന്റെ കഥയാണ്‌ ഇപ്പോള്‍ ബ്രിട്ടണില്‍ ചര്‍ച്ചാവിഷയം. സ്‌കൂളിലേക്കു നടന്നുപോകവേ ഒരു ദിവസം കാക്ക ഇമ്മാനുവലിന്റെ തലയില്‍വന്നിരിക്കുകയായിരന്നു. അതൊരു സൗഹൃദത്തിന്റെ തുടക്കമാവുകയായിരുന്നു. ഓടിച്ചുവിടാന്‍ നോക്കിയെങ്കിലും കാക്ക ഇമ്മാനുവലിനെ വിട്ടുമാറന്‍ തയാറായില്ല. പിന്നീടുള്ള ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. പിന്നെ പിന്നെ ഇമ്മാനുവലിനും കാക്കയെ ഇഷ്‌ടമായിത്തുടങ്ങി. സ്‌കൂളില്‍പോകാന്‍ വീട്ടില്‍നിന്നു ഇമ്മാനുവല്‍ ഇറങ്ങുമ്പോള്‍ തന്നെ കാക്കയും പറന്നെത്തുകയായി. സ്‌കൂളിന്റെ കവാടത്തിലെത്തിയാല്‍ കാക്ക ഇമ്മാനുവലിനെ യാത്രയാക്കി പറന്നുപോകും. ഇമ്മാനുവലിനോട്‌ അടുപ്പം കാണിക്കുമ്പോഴും ഇമ്മാനുവലിന്റെ സുഹൃത്തുക്കളോട്‌ കാക്കയ്‌ക്ക് അത്ര താത്‌പര്യം പോരാ. ഇപ്പോള്‍ കാക്ക ഇമ്മാനുവലിന്റെ വീട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണ്‌. ഇമ്മാനുവലുമായി കളിക്കുകയും ടിവികാണുകയുമാണ്‌ ജാക്‌ എന്നു വിളിക്കുന്ന ഈ കാക്കയുടെ ഇഷ്‌ടവിനോദം

പഠനത്തിനു പണം കണ്ടെത്താന്‍ ചൈനീസ്‌ വിദ്യാര്‍ഥികളുടെ ബീജദാനം

ബീജദാനം മഹാദാനമെന്നാണ്‌ ചൈനീസ്‌ ആരോഗ്യരംഗത്തെ മുദ്രാവാക്യം. കാരണം ചൈനീസ്‌ ദമ്പതികളില്‍ 10 ശതമാനപേരും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ്‌. ഇവരുടെ ദുഃഖത്തിനുള്ള പരിഹാരം കൃത്രിമ ഗര്‍ഭധാരണമാണ്‌. എന്നാല്‍, ഈ കൃത്രിമ ഗര്‍ഭധാരണത്തിനു ആവശ്യമായ പുരുഷബീജം നല്‍കുന്നതോ കോളജ്‌ വിദ്യാര്‍ഥികളും. ചൈനയില്‍ ബീജദാനം നടത്തുന്നവരില്‍ 95 ശതമാനവും വിദ്യാര്‍ഥികളാണെന്ന്‌ കണക്ക്‌. 22നും 45നും മധ്യേപ്രായമുള്ളവര്‍ക്കെ ചൈനയില്‍ ബീജദാനം ചെയ്യാന്‍ അര്‍ഹതയുള്ളൂ. മൂന്നു ഘട്ടങ്ങളിലുള്ള പരിശോധനകളിലൂടെയാണ്‌ ഇവരെ തെരഞ്ഞെടുക്കുന്നത്‌. ഒരിക്കല്‍ ബീജദാനം ചെയ്‌താല്‍ ഇരുപതിനായിരത്തിലേറെ രൂപയാണ്‌ ലഭിക്കുക. ജീവിത ചെലവും പഠനച്ചെലവും വര്‍ധിച്ച സാഹചര്യത്തില്‍ പണം കണ്ടെത്താനാണ്‌ വിദ്യാര്‍ഥികള്‍ ബീജദാനത്തിനു തയാറാകുന്നത്‌.

വാര്‍ത്ത