2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പൂവനായി മാറിയ പിടക്കോഴി

ശസ്‌ത്രക്രിയയിലൂടെ ലിംഗമാറ്റത്തിനു വിധേയരാകാന്‍ മനുഷ്യനു സാധിക്കുമെങ്കില്‍ ഈ മാറ്റം പ്രകൃതിയാല്‍ സാധ്യമാണെന്നു തെളിയിച്ചിരിക്കുകയാണ്‌ ഒരു കോഴി. ഏതാനും മാസം മുമ്പുവരെ പിടക്കോഴിയായിരുന്ന കോഴിയാണ്‌ പ്രകൃതിപ്രതിഭാസത്തിലൂടെ പൂവന്‍കോഴിയായി മാറിയിരിക്കുന്നത്‌. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്ഷെയറിലുള്ള ജാനറ്റ്‌ ഹൊവാര്‍ഡ്‌ എന്ന വൃദ്ധ വളര്‍ത്തുന്ന ഗ്രെറ്റിയെന്ന പിടിക്കോഴിയാണ്‌ പൂവനായി മാറിയത്‌. കഴിഞ്ഞ വര്‍ഷം വരെ മുട്ടയിട്ടിരുന്നു ഗ്രെറ്റി. എന്നാല്‍, പിന്നീട്‌ മുട്ടയിടുന്നതു നിര്‍ത്തിയ ഗ്രെറ്റി പൂവന്‍ കോഴിയുടെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഹോര്‍മോണ്‍ മാറ്റാണ്‌ ഈ രൂപപരിണാമത്തിനു കാരണമെന്നാണ്‌ ശാസ്‌ത്രലോകം ചൂണ്ടിക്കാട്ടുന്നത്‌. അത്യപൂര്‍വമായ മാറ്റമാണിതെന്നു ജന്തുശാസ്‌ത്രജ്‌ഞര്‍ പറയുന്നു. പൂവന്‍കോഴിയായി മാറിയതോടെ ഗ്രെറ്റിയുടെ പേര്‌ ബെര്‍റ്റിയെന്നാക്കി മാറ്റിയാണ്‌ ജാനറ്റ്‌ രൂപപരിണാമത്തിനു പിന്തുണ നല്‍കിയത്‌.

'ഏത്തവാഴ' കാര്‍

പൈനാപ്പിളും , വാഴപ്പഴവും കൊണ്ട്‌ നിര്‍മ്മിച്ച 'കാര്‍' . ഇത്‌ കുട്ടികള്‍ക്കുളള കളിപ്പാട്ടമല്ല. വാഴയിലെയും കൈതയിലെയും നാരുകള്‍ ഉപയോഗിച്ച്‌ കൂടുതല്‍ ദൃഡതയുള്ള വാഹന ഘടകങ്ങള്‍ നിര്‍മ്മിക്കാമെന്ന്‌ ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ കണ്ടെത്തിയിരിക്കുന്നത്‌ . ഇവയില്‍ നിന്ന്‌ നിര്‍മ്മിക്കുന്ന വസ്‌തു പ്ലാസ്‌റ്റിക്കിന്‌ പകരം ഉപയോഗിക്കാമെന്നാണ്‌ അവകാശവാദം. ഏത്തപ്പഴത്തിലെയും പൈനാപ്പിളിലിലെയും നാനാ - സെല്ലുലോസ്‌ നാരുകള്‍ ഉപയോഗിച്ച്‌ പ്രതിരോധ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന കെവ്‌ലാറിനേക്കാള്‍ കരുത്തുളള വസ്‌തു നിര്‍മ്മിക്കാനാകുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ അല്‍സിഡസ്‌ ലിയാവോ പറഞ്ഞു.കെവ്‌ലാര്‍ പൊട്രോളിയത്തില്‍ നിന്നാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌ . പുതിയ വസ്‌തു പ്ലാസ്‌റ്റിക്കിനെക്കാള്‍ നാലിരട്ടി ശക്‌തിയുള്ളതാണ്‌ . എന്നാല്‍ ഭാരത്തില്‍ 30 % കുറവുണ്ടാകും. കാറുകളുടെ ഡാഷ്‌ബോര്‍ഡുകള്‍, ബമ്പറുകള്‍, സൈഡ്‌ പാനലുകള്‍ എന്നിവയും പുതിയ വസ്‌തു ഉപയോഗിച്ച്‌ ഉണ്ടാക്കാം. ജലം , ഓക്‌സിജന്‍, തീ എന്നിവയോടുളള പ്രതിരോധ ശേഷിയും കൂടുതലാണ്‌ . ബ്രസീലുകാരുടെ കണ്ടെത്തലിന്‌ പുതുമ ഏറെ അവകാശപ്പെടാനില്ല. കോട്ടയം ബസേലിയോസ്‌ കോളജിലെ രസതന്ത്രം അധ്യാപകന്‍ വാഴനാരുകള്‍ ഉപയോഗിച്ച്‌ ഹെല്‍മെറ്റുകള്‍ നിര്‍മ്മിച്ച്‌ ശ്രദ്ധേയനായിരുന്നു.

പാകിസ്‌താനില്‍ ചിലന്തി തരംഗം

പാകിസ്‌താനിലെ സിന്ധിലെ മരങ്ങള്‍ക്ക്‌ ചിലന്തികളുടെ ഉടുപ്പ്‌ . കഴിഞ്ഞ വര്‍ഷമുണ്ടായ വെളളപ്പൊക്കമാണ്‌ പുതിയ പ്രതിഭാസത്തിന്‌ കാരണമെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌ . വെള്ളപ്പൊക്കത്തില്‍ നിന്ന്‌ രക്ഷ നേടാന്‍ മരങ്ങളെ അഭയം പ്രാപിച്ച ചിലന്തികള്‍ മരങ്ങളെ ചിലന്തി വലകളാല്‍ പൊതിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ 2,000 പേരാണ്‌ മരിച്ചത്‌ . പാകിസ്‌താനിലെ മൂന്ന്‌ പ്രവിശ്യകളിലായി 2 കോടി ജനങ്ങളാണ്‌ ദുരിതത്തില്‍പ്പെട്ടത്‌ . സിന്ധ്‌ പ്രവിശ്യയിലാണ്‌ ചിലന്തികള്‍ മരങ്ങള്‍ സ്വന്തമാക്കിയത്‌ . ഈ പ്രതിഭാസം നേരത്തെ ഉണ്ടായിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. ചിലന്തികളോട്‌ അവര്‍ക്ക്‌ പിണക്കവുമില്ല. ചിലന്തിവലകള്‍ കൊതുക്‌ ശല്യം കുറച്ചെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌ .

പ്രണയലേഖനത്തിനു വില 67 ലക്ഷം രൂപ

പ്രണയലേഖനങ്ങള്‍ ചരിത്രത്തിലേക്കു പോയ്‌ മറഞ്ഞിട്ടു കാലങ്ങള്‍ ഏറെയായി. എന്നാലും പ്രണയലേഖനങ്ങള്‍ എന്നു കേള്‍ക്കുന്നതുതന്നെ ഒരു സുഖമുള്ള കാര്യമാണ്‌. എസ്‌.എം.എസുകളും വീഡിയോ ചാറ്റിംഗുമൊക്കെയായി 21-ാം നൂറ്റാണ്ടില്‍ പ്രണയം ചൂടുപിടിക്കുമ്പോള്‍ കാമുകിയെ കാണാത്ത കാമുകന്റെ വിഹ്വലതകള്‍ എഴുതിനിറഞ്ഞ ഒരു പ്രണയലേഖനം ലേലത്തില്‍ വിറ്റുപോയത്‌ 67.2 ലക്ഷം രൂപയ്‌ക്കാണ്‌. ഇംഗ്ലീഷ്‌ കവിതയ്‌ക്കു കാല്‌പനികതയുടെ പുതുഭാവങ്ങള്‍ നല്‍കിയ ജോണ്‍ കീറ്റ്‌സ് കാമുകിയും ഭാവിവധുവുമായ ഫാനി ബ്രാവിനു അയച്ച പ്രണയലേഖനമാണ്‌ റെക്കോഡ്‌ തുകയ്‌ക്കു വിറ്റുപോയത്‌. 1820ല്‍ ഇരുപത്തിനാലാം വയസില്‍ കാമുകിക്കെഴുതിയ കത്താണ്‌ ലേലത്തില്‍ വിറ്റുപോയത്‌. ക്ഷയരോഗ ബാധിതനായി രോഗശയ്യയില്‍ കിടക്കവേയാണ്‌ കീറ്റ്‌സ് കാമുകിക്കു സ്‌നേഹാക്ഷരങ്ങളില്‍ പ്രണയം നിറച്ച ഈ കത്തെഴുതിയത്‌. രോഗക്കിടക്കയിലായതിനാല്‍ തനിക്കു കാമുകിയെ കാണാനും ചുംബിക്കാനും സാധിക്കാത്തതിലുള്ള ദുഃഖവും 170 വാക്കുകളുള്ള ഈ പ്രണയലേഖനത്തില്‍ കീറ്റ്‌സ് പറയുന്നുണ്ട്‌. രേഗത്തിന്റെ തടവറയില്‍ ശിക്ഷ അനുഭവിക്കുകയാണ്‌ താനെന്നാണ്‌ കീറ്റ്‌സ് ഈ കത്തില്‍ പറയുന്നത്‌. 1821-ല്‍ ഇരുപത്തിയഞ്ചാം വയസിലാണ്‌ കീറ്റ്‌സ് അകാലത്തില്‍ ലോകത്തോടു വിടപറയുന്നത്‌. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കക്കരനാണ്‌ പ്രണയലേഖനം സ്വന്തമാക്കിയത്‌.

ചുംബനം നല്‍കിയില്ല; തൊണ്ണൂറുകാരി അമ്പതുകാരനെ വെടിവച്ചു

ചുംബനം നല്‍കാത്തതിനു വെടിവച്ചു കൊല്ലാന്‍ ശ്രമം. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്‌ സംഭവം. 92 വയസുള്ള ഹെലന്‍ ബി. സ്‌റ്റൗഡിംഗറാണ്‌ പ്രതി. അയല്‍വാസിയായ ബെറ്റ്‌നറുടെ വീട്ടില്‍ ഹെലന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ്‌ സംഭവം. ബെറ്റ്‌നര്‍ വൃദ്ധയായ ഹെലനെ പലകാര്യങ്ങള്‍ക്കും സഹായിച്ചിരുന്നു. വീട്ടിലെത്തിയ ഹെലന്‍ ബെറ്റ്‌നറോടു തന്നെ ചുംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 53 വയസുള്ള ബെറ്റ്‌നര്‍ ഇതിനു വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ്‌ ഹെലന്‍ വെടിവച്ചത്‌. പക്ഷേ, കാഴ്‌ചയ്‌ക്കു തകരാറുണ്ടായിരുന്ന ഹെലന്റെ തോക്കില്‍നിന്നുതിര്‍ന്ന വെടിയുണ്ടകളില്‍നിന്നു ബെറ്റ്‌നര്‍ രക്ഷപെടുകയായിരുന്നു. കൊലക്കുറ്റത്തിനിപ്പോള്‍ ഹെലനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്‌.

വാര്‍ത്ത