2013, ജനുവരി 4, വെള്ളിയാഴ്‌ച

നായകള്‍ ഡ്രൈവിംഗ്‌ ടെസ്‌റ്റ് പാസായി!

ഉപേക്ഷിക്കപ്പെട്ടവരായിരുന്നു അവര്‍. പക്ഷേ നാഥനുണ്ടായപ്പോള്‍ ലോക ചരിത്രത്തില്‍ ഇടം നേടാനുളള പ്രാപ്‌തി തങ്ങള്‍ക്കുണ്ടെന്ന്‌ തെളിയിക്കുകയും ചെയ്‌തു. ന്യുസിലന്റില്‍ ഒരു ആനിമല്‍ ചാരിറ്റി എടുത്ത്‌ വളര്‍ത്തിയ രണ്ട്‌ നായകളുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ഇവര്‍ ഡ്രൈവിംഗ്‌ പഠിക്കുന്നത്‌ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അവര്‍ ടിവി ക്യാമറയ്‌ക്ക് മുന്നില്‍ ലൈവായി ഡ്രൈവിംഗ്‌ പരീക്ഷയും പാസായി!
പോര്‍ട്ടര്‍ എന്ന പത്ത്‌ മാസക്കാരനും മോണ്ടി എന്ന പതിനെട്ട്‌ മാസം പ്രായമുളള നായയുമാണ്‌ ഡ്രൈവിംഗ്‌ ടെസ്‌റ്റില്‍ പങ്കെടുത്തത്‌. എന്നാല്‍, ഇവര്‍ക്കൊപ്പം പഠിച്ച ഗിന്നി ടെസ്‌റ്റില്‍ പങ്കെടുത്തില്ല. രണ്ട്‌ മാസത്തെ പരിശീലനമാണ്‌ നായകള്‍ക്ക്‌ നല്‍കിയത്‌. പോര്‍ട്ടറെയും മോണ്ടിയേയും പ്രത്യേകം തയ്യാറാക്കിയ കാറില്‍ ഇരുത്തി ബെല്‍റ്റിട്ട്‌ മുറുക്കി റേസ്‌ ട്രാക്കിലേക്ക്‌ വിട്ടായിരുന്നു പരീക്ഷ. ഇവര്‍ സ്വയം സ്‌റ്റാര്‍ട്ട്‌ ചെയ്‌ത് കൂളായി ട്രാക്കിലൂടെ ഓടിച്ചു പോവുകയും ചെയ്‌തു! ഇത്തരമൊരു പ്രകടനം ലോകത്തില്‍ ആദ്യമാണെന്നാണ്‌ വിലയിരുത്തുന്നത്‌.
നായ ഡ്രൈവര്‍മാരുടെ സൗകര്യത്തിനായി പ്രത്യേകം തയ്യാറാക്കിയ കാറില്‍ ഡാഷ്‌ബോര്‍ഡിന്റെ ഉയരത്തിലാണ്‌ ബ്രേക്കും ആക്‌സിലേറ്റര്‍ പെഡലും പിടിപ്പിച്ചിരിക്കുന്നത്‌. അതേസമയം, വേഗത ക്രമാതീതമായി കൂടാതിരിക്കാന്‍ വേഗതാ നിയന്ത്രണ സംവിധാനവും കാറില്‍ ഘടിപ്പിച്ചിരിക്കുന്നു. അതായത്‌, ആക്‌സിലേറ്റര്‍ എത്ര കൂട്ടിയാലും നടക്കുന്നതില്‍ കൂടുതല്‍ വേഗത്തില്‍ പോകാനാവില്ല.
'ന്യൂസിലന്റ്‌ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ്‌ ക്രൂവല്‍റ്റി ടു അനിമല്‍സ്‌' ആണ്‌ ലൈവ്‌ ഡ്രൈവിംഗ്‌ ടെസ്‌റ്റ് സംഘടിപ്പിച്ചത്‌. ഉപേക്ഷിക്കപ്പെട്ട നായകള്‍ എത്രത്തോളം ബുദ്ധിയുളളവരാണെന്ന്‌ തെളിയിക്കുകയായിരുന്നു ലക്ഷ്യം.

വാര്‍ത്ത