2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഗതാഗതക്കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ ആകാശയാത്ര

ഗതാഗതക്കുരുക്കിനെ ശപിക്കാത്തവരായി ആരുമില്ല. അര്‍ജന്റീനക്കാരനായ ഹെര്‍നന്‍ പിറ്റോക്കോയും ഗതാഗതക്കുരുക്കില്‍ ഒട്ടേറെത്തവണ അകപ്പെട്ടിട്ടുണ്ട്‌. അര്‍ജന്റീനയുടെ തലസ്‌ഥാനമായ ബ്യൂനേസ്‌ഐറസിലാണ്‌ ഹെര്‍നന്റെ താമസം. ഗതാഗതക്കുരുക്കിന്റെ ലോകതലസ്‌ഥാനമാണ്‌ ഈ നഗരമെന്നാണ്‌ ഹെര്‍നന്‍ പറയുന്നത്‌. ഗതാഗതക്കുരുക്കില്‍ രക്ഷപെടാന്‍ ഒടുവില്‍ ആകാശത്തുകൂടി പറന്നു പോകാനായിരുന്നു ഹെര്‍നന്‍ പദ്ധതിയിട്ടത്‌. യന്ത്രസംവിധാനമുള്ള ഗ്ലൈഡറില്‍ ഹെര്‍നന്‍ നഗരത്തിനുമുകളിലൂടെ പറക്കുകയും ചെയ്‌തു. ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ സുന്ദരമായി നഗരകാഴ്‌ചകളൊക്കെ കണ്ട്‌ ഹെര്‍നന്‍ പറന്നിറങ്ങി. ഉടനേ സ്‌ഥലത്തെത്തിയ ബ്യൂനെസ്‌ഐറസ്‌ പോലീസ്‌ ഹെര്‍നനെ ഗ്ലൈഡര്‍ ഉള്‍പ്പെടെ അറസ്‌റ്റു ചെയ്‌തു. നഗരത്തിലെ ആകാശത്തുകൂടി പറക്കുന്നതിനു പ്രത്യേക അനുമതി വേണം. ഈ അനുമതിയില്ലാതെ പറന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അറസ്‌റ്റു. പോലീസിന്റെ പിടിയിലായെങ്കിലെന്ത്‌ നഗരത്തിലെ ആകാശത്തുകൂടി സ്‌ഥിരമായി പറന്നു നടക്കാനുള്ള അനുമതിക്കായി ഹെര്‍നന്‍ ഇപ്പോള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്‌.

എക്‌സ് റേ സോപ്പും അറ്റോമിക്‌ ബ്ലേഡും

ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓരോ കാലത്തും ഓരോ തന്ത്രമുണ്ട്‌. അതില്‍പലതും കാലങ്ങള്‍ കഴിയുമ്പോള്‍ വിചിത്രമായി തോന്നുന്നവയുമാണ്‌. പക്ഷേ, കഴിഞ്ഞനൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ സോപ്പും ബ്ലേഡും വെണ്ണയും സിഗരറ്റും തുടങ്ങിയ ജനപ്രിയവസ്‌തുക്കള്‍ വിറ്റഴിച്ചിരുന്നത്‌ മാരകവസ്‌തുക്കളുണ്ടെന്നവകാശപ്പെട്ടായിരുന്നു. മാരകമായ ആണവവികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന റേഡിയം അടങ്ങിയിട്ടുണ്ടെന്ന്‌ അവകാശപ്പെട്ടായിരുന്നു ഇവയില്‍ പല വസ്‌തുക്കളുടെയും വില്‍പ്പന. ചന്ദനവും കുങ്കുമവും സ്വര്‍ണവുമൊക്കെയുണ്ടെന്ന്‌ അവകാശപ്പെട്ട്‌ വസ്‌തുക്കള്‍ വിറ്റഴിക്കപ്പെടുന്നില്ലേ. അതേപോലുള്ള ഒരു മാര്‍ക്കറ്റിംഗ്‌ തന്ത്രമായിരുന്നു ഇത്‌. റേഡിയത്തെക്കുറിച്ചും എക്‌സ് റേയെക്കുറിച്ചും ആറ്റത്തെക്കുറിച്ചൊക്കെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കാലത്തായിരുന്നു ഇവ അടങ്ങിയിട്ടുണ്ടെന്ന്‌ അവകാശപ്പെട്ടുള്ള വസ്‌തുക്കളുടെ വില്‍പ്പന പൊടിപൊടിച്ചിരുന്നത്‌. റേഡിയത്തെയും എക്‌സ് റേയുമൊക്കെ അത്യപൂര്‍വ വസ്‌തുവായി ആളുകള്‍ കരുതിയിരുന്ന കാലമായിരുന്നു അത്‌. ഇവ അടങ്ങിയ വസ്‌തുക്കള്‍ ആരോഗ്യത്തിനു നല്ലതാണെന്നായിരുന്നു ആളുകള്‍ അന്നു കരുതിയിരുന്നത്‌. അതിനാലായിരുന്നു എക്‌സ്്‌ റേ സോപ്പും ആറ്റോമിക്‌ ബ്ലേഡും റേഡിയം വെണ്ണയും റേഡിയം സിഗരറ്റുകളും എക്‌സ് റേ ക്രീമുമൊക്കെ വിപണിയിലെത്തിയിരുന്നത്‌. പക്ഷേ, ഇവയിലൊന്നും ഈ വസ്‌തുക്കളില്ലെന്ന്‌ ജനത്തിനറിയില്ലല്ലോ.

ഒരു പെഗിനു 1.25 ലക്ഷം രൂപ

ഒരു പെഗു വീശാന്‍ 1.25 ലക്ഷം രൂപയോ! മുറിനിറയേ മദ്യം വാങ്ങി സൂക്ഷിച്ച്‌ ആഴ്‌ചകളോളം കുടിച്ചുതീര്‍ക്കാനുള്ള കാശ്‌ എന്തിനാ ഒരു തുള്ളി മദ്യത്തിനായി ചെലവഴിക്കുന്നതെന്നാണ്‌ മലയാളിയുടെ സംശയം. ഇതു സാധാരണ മദ്യമല്ല. ലോകത്തെ ഏറ്റവും അപൂര്‍വമായ മദ്യം കഴിക്കാനാണ്‌ ഒരു പെഗിനു 1.25 ലക്ഷം രൂപ മുടക്കേണ്ടത്‌. റെമി മാര്‍ട്ടിന്‍ ലൂയിസ്‌ 13 ബ്ലാക്‌ പേള്‍ എന്ന മദ്യത്തിനാണ്‌ പെഗിനു ലക്ഷങ്ങള്‍ വിലമതിക്കുന്നത്‌. ലോകത്താകെ റെമി മാര്‍ട്ടിന്‍ ലൂയിസിന്റെ 50 ബോട്ടിലുകളേയുള്ളൂ. അതില്‍ ഒരെണ്ണം ഡല്‍ഹിയിലെ ചാണക്യപുരിയിലെ ലീലാ പാലസിലാണ്‌. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏക റെമി മാര്‍ട്ടിന്‍ ലൂയിസ്‌ കുപ്പിയാണിത്‌. 14.5 ലക്ഷം രൂപയാണ്‌ ഇതിന്റെ ഒരു ബോട്ടിലിന്റെ വില. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും വിലകൂടിയ മദ്യവും ഇതുതന്നെ. 100 വര്‍ഷത്തോളം പഴക്കുമുള്ളതാണ്‌ ഈ മദ്യമെന്ന പ്രത്യേകതയുമുണ്ട്‌.

ജിമ്മില്‍പോകൂ; നഗ്നരായി വ്യായാമം ചെയ്യൂ

വ്യായാമം ചെയ്‌ത് മസില്‍ പെരുപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സുന്ദരമായി ഒരു ഓഫറുമായി എത്തിയിരിക്കുകയാണ്‌ ഒരു സ്‌പാനിഷ്‌ ജിം. ജിമ്മില്‍ വരൂ, നഗ്നരായി വ്യായാമം ചെയ്യൂ എന്നാണ്‌ സ്‌പെയിനിലെ ബാസ്‌ക്വെയിലുള്ള ഈസി ജിം ഉടമ പറയുന്നത്‌. ആളുകളെ ആകര്‍ഷിക്കാനാണ്‌ ജിമ്മില്‍ നഗ്നരായി വ്യായാമം ചെയ്യാന്‍ സൗകര്യമുണ്ടെന്നുള്ള പ്രഖ്യാപനം നടത്തിയെന്നാണ്‌ ജിം ഉടമ പറയുന്നത്‌. സ്‌പെയിന്‍ കടുത്തസാമ്പത്തിക പ്രതിസന്ധിയിലാണ്‌. ജിമ്മില്‍ വ്യായാമത്തിനായി എത്തിയിരുന്ന ആളുകളുടെ എണ്ണത്തെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചു. ഇതേത്തുടര്‍ന്നാണ്‌ ആളുകളെ ആകര്‍ഷിക്കാന്‍ ജിം ഉടമയായ മെര്‍ഷെ ലാസെക നഗ്നതാ വാഗ്‌ദാനം പ്രഖ്യാപിക്കുന്നത്‌. പണത്തിനുവേണ്ടിയാണ്‌ ഇതെല്ലാമെന്നാണ്‌ മെര്‍ഷെ പറയുന്നത്‌. ഈ പ്രദേശത്തുള്ള രണ്ട്‌ നീന്തല്‍ കുളങ്ങളില്‍ മാസത്തില്‍ ഒരു തവണ നഗ്നരായി കുളിക്കാനുള്ള സൗകര്യമുണ്ട്‌. ഈ പദ്ധതി വന്‍ വിജയമായിരുന്നു. ഇതിനെ മാതൃകയാക്കിയാണ്‌ നഗ്നരായി വ്യായാമം ചെയ്യാന്‍ തന്റെ ജിമ്മില്‍ അവസരമുണ്ടെന്ന്‌ മെര്‍ഷെ പ്രഖ്യാപിച്ചത്‌.

രണ്ടുതവണ വിവാഹം കഴിച്ച കൗമാരക്കാരന്‍

ബാലവിവാഹം ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിരിക്കുകയാണ്‌. എന്നാല്‍, രാജ്യത്തെ പല വിദൂര ഗ്രാമങ്ങളിലും ഇന്നും ബാലവിവാഹങ്ങള്‍ വ്യാപകമാണ്‌. ഇത്തരത്തില്‍ ഒരു ബാലവിവാഹം നടക്കുന്നുണ്ടെന്നറിഞ്ഞ്‌ തടയാന്‍ എത്തിയതായിരുന്നു രാജസ്‌ഥാനിലെ ബറാന്‍ ജില്ലാ അധികൃതര്‍. എന്നാല്‍, സംഭവസ്‌ഥലത്ത്‌ എത്തിയ ജില്ലാ അധികൃതര്‍ ഞെട്ടി. കാരണം, വരന്റെ രണ്ടാമത്തെ ബാലവിവാഹമായിരുന്നു ഇത്‌. ആദ്യ ഭാര്യ കഴിഞ്ഞ വര്‍ഷം മരിച്ചതിനെത്തുടര്‍ന്നാണ്‌ പ്രായപൂര്‍ത്തിയാകാത്ത വരന്‍ വീണ്ടും വിവാഹിതനാവുന്നത്‌. വരനു പ്രായം 18. വധുവിനും വിവാഹപ്രായം എത്തിയിരുന്നില്ല. ജയ്‌പൂരില്‍നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള പാലപൂര ഗ്രാമത്തിലായിരുന്നു സംഭവം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌.

ഒന്നര വയസുകാരന്‍ 'മെസിക്ക്‌' 10 വര്‍ഷത്തെ കരാര്‍

ജൂണിയര്‍ മെസി എന്ന പേരില്‍ യൂടൂബിലുടെ പ്രശസ്‌തനായ ഒന്നര വയസുകാരന്‍ Baerke van der Meij ക്ക്‌ 10 വര്‍ഷത്തെ കരാര്‍. ഹോളണ്ടിലെ പ്രഫഷണല്‍ ക്ലബായ വിവിവി ആണ്‌ 10 വര്‍ഷത്തേക്കുളള കരാര്‍ ഒപ്പുവച്ചത്‌ . പിതാവ്‌ ജോര്‍ജ്‌ ആണ്‌ മകന്റെ ഫുട്‌ബോള്‍ പ്രകടനം യൂടൂബില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌ . ടോയ്‌ബോക്‌സിലേക്ക്‌ Baerke van der Meij പന്ത്‌ അടിച്ചുകയറ്റുന്നത്‌ കണ്ട പലരും കുട്ടിയില്‍ ഒരു ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുകയായിരുന്നു. വിവിവിയുടെ മിഡ്‌ഫീല്‍ഡര്‍ കെന്‍ ലീമാന്‍സിനൊപ്പം പുതിയ താരം ചെറിയ പരിശീലനവും നടത്തി. കുട്ടിയുടെ മുത്തച്‌ഛന്‍ ഫുട്‌ബോള്‍ താരമായിരുന്നെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

കണ്ണില്ലാത്ത നായയ്‌ക്കു കണ്ണായി വാത്ത

താറാവുകളും കോഴികളും വാത്തകളുമായി നായ്‌ക്കള്‍ക്കു സൗഹൃദമില്ല. നേര്‍ക്കുനേരെ വന്നാല്‍ ഇരുവരും ശത്രുക്കളാണ്‌. എന്നാല്‍, ഈ ശത്രുതയൊക്കെ പഴങ്കഥയാക്കിയിരിക്കുകയാണ്‌ പോളണ്ടില്‍നിന്നുള്ള ഒരു പുതുകഥ. കാരണം, ബോക്‌സര്‍ ഇന്നത്തില്‍പ്പെട്ടെ ഒരു അന്ധനായയും ഒരു വാത്തയും തമ്മിലുള്ള ഹൃദയസ്‌പര്‍ശിയായ സൗഹൃദത്തിന്റെ കഥയാണിത്‌. അന്ധനായ നായയെ നയിക്കുന്നത്‌ നാലു വയസുള്ള വാത്തയാണ്‌. ഊണിലും ഉറക്കത്തിലും ഉരുവരും ഒന്നിച്ചാണ്‌്. നായയെ തന്റെ കഴുത്തിനാല്‍ നിയന്ത്രിച്ചാണ്‌ വാത്ത നയിക്കുന്നത്‌. കഴിഞ്ഞ വര്‍ഷമുണ്ടായ ഒരു അപകടത്തിലാണ്‌ നായയ്‌ക്കു കാഴ്‌ച നഷ്‌ടപ്പെട്ടത്‌. ഇതേത്തുടര്‍ന്നാണ്‌ നാളുകളോളം ശത്രുതയിലായിരുന്ന വാത്ത ഈ ഭീകരന്‍ നായയോടടുക്കുന്നതെന്നാണ്‌ ഉടമസ്‌ഥയായ റെനാട കൗര്‍സ പറയുന്നത്‌.

വാര്‍ത്ത