
സഹോദരിയുടെ സ്വാര്‍ത്ഥതയും ക്രൂരതയും അതിരുവിട്ടപ്പോള്‍ ഗ്രീഷ്മ എന്ന പന്ത്രണ്ടുകാരിക്ക് നഷ്ടമായത് സ്വജീവന്‍. സ്വന്തം പ്രണയബന്ധം സംരക്ഷിക്കുന്നതിന് വേണ്ടി സ്വസഹോദരിയെ കുരുതികൊടുത്ത രേഷ്മ എന്ന പത്തൊമ്പതുകാരിയെയും കാമുകന്‍ കണ്ണനെന്ന പ്രശാന്തിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി ആനച്ചാല്‍ പുളിക്കച്ചുണ്ടയില്‍ രാജന്‍ മാത്യുവിന്റെ മകള്‍ ഗ്രീഷ്മയെ 2006 സെപ്തംബര്‍ 19 ന് ആണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ കുളിക്കാന്‍ പോയ സമയത്ത് അനുജത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി.
കുളികഴിഞ്ഞു വരുന്ന സമയത്ത് അനുജത്തി തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നും അഴിച്ച് നിലത്ത് കിടത്തിയപ്പോഴേക്കും മരിച്ചു എന്നുമായിരുന്നു രേഷ്മ നല്‍കിയ മൊഴി. ഗ്രീഷ്മ വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍, തുടര്‍ന്ന് നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ സഹോദരിയുടെയും കാമുകന്റെയും രാക്ഷസീയ ഭാവം വെളിച്ചത്ത് വന്നത്.
സംഭവം നടക്കുമ്പോള്‍ രേഷ്മയ്ക്ക് പതിനാലും കാമുകന്‍ പ്രശാന്തിന് ഇരുപതും വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറായ പ്രശാന്തും രേഷ്മയും തമ്മില്‍ പ്രണയത്തിലാവുകയും പ്രശാന്ത് അടിക്കടി വീട്ടിലെത്തി രേഷ്മയെ കാണുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഈ ബന്ധം അനുജത്തി ഗ്രീഷ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഗ്രീഷ്മ ഇക്കാര്യം പിതാവ് രാജന്‍മാത്യുവിനെ അറിയിക്കുകയും ചെയ്തു. മേലില്‍ വീട്ടില്‍ വരരുത് എന്ന് രാജന്‍മാത്യു പ്രശാന്തിനെ വിലക്കുകയും അയാളുടെ വീട്ടില്‍ ഇതെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, സംഭവ ദിവസം രേഷ്മയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന അവസരം മുതലാക്കാന്‍ പ്രശാന്ത് വീണ്ടും അവിടെയെത്തി. പ്രശാന്തിനെ കണ്ട ഗ്രീഷ്മ ഇക്കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞു. പറയരുത് എന്ന് പലതവണ പ്രശാന്ത് ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, വഴങ്ങാതിരുന്ന ഗ്രീഷ്മയെ പ്രശാന്ത് കഴുത്ത് ഞെരിച്ച് ബോധം കെടുത്തി. അബോധാവസ്ഥയിലായിരുന്ന ഗ്രീഷ്മയെ കട്ടിലില്‍ എടുത്തു കിടത്തിയപ്പോള്‍ അവ്യക്തമായി വെള്ളത്തിനു വേണ്ടി യാചിക്കുന്നുണ്ടായിരുന്നു.
ഈ സമയത്ത് പ്രശാന്ത് കൈയില്‍ കരുതിയിരുന്ന വിഷം ഗ്ലാസിലൊഴിച്ച് ഗ്രീഷ്മയ്ക്ക് നല്‍കുകയായിരുന്നു. ഇതിനായി ഗ്ലാസ് എടുത്തു കൊടുത്തത് രേഷ്മയായിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ഗ്ലാസ് തെളിവ് നശിപ്പിക്കാന്‍ വേണ്ടി പൊട്ടിച്ച് കളയുകയായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിനായി സ്വസഹോദരിയെ ക്രൂരമായി കൊലചെയ്യാന്‍ കൂട്ടുനിന്ന രേഷ്മയുടെ പ്രണയബന്ധം പിന്നീട് മുറിഞ്ഞുപോയിരുന്നു. ഗ്രീഷ്മയുടെ ജീവിതം തല്ലിക്കെടുത്തിയതിന്റെ ശാപം കാരണമായിരിക്കാം മറ്റൊരാളുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കെ രേഷ്മയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്!