2011, മാർച്ച് 2, ബുധനാഴ്‌ച

ഉന്നതനിലയില്‍ ജീവിച്ച കുറുക്കന്‍

ഉന്നതനിലയില്‍ ജീവിച്ചൊരു കുറുക്കനെ കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ പിടികൂടി. ബ്രിട്ടണിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍ താമസമാക്കിയ കുറുക്കനെയാണ്‌ പിടികൂടിയത്‌. 288 മീറ്റര്‍ ഉരത്തിലുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവേ തന്നെ അനിധികൃതമായി ഈ കുറുക്കന്‍ കൈയേറുകയായിരുന്നെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. 72 നിലകളുള്ള ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌ കുറക്കന്‍ താമസിച്ചിരുന്നത്‌. മരങ്ങള്‍ നിറഞ്ഞ കാടല്ലെങ്കിലും നഗരമൊരു കോണ്‍ക്രീറ്റ്‌ വനമാണെന്നു ചിന്തിച്ചിരുന്ന പുരോഗമന ചിന്തകനായിരുന്നു ഈ കുറുക്കന്‍. നിര്‍മാണ തൊഴിലാളികളുടെ ഭക്ഷണാവശിഷ്‌ടങ്ങളായിരുന്നു ഈ വിരുതന്‍ കഴിച്ചിരുന്നത്‌. ലോകത്തെ ഏറ്റവും ഉന്നതനിലയില്‍ ജീവിക്കുന്ന കുറുക്കനെന്ന അഹങ്കാരമൊന്നും ഈ പാവത്തിനില്ലായിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും കൂവുന്നൊരു സ്വഭാവദൂഷ്യം പാരമ്പര്യമായി കുറുക്കന്മാര്‍ക്കുണ്ടല്ലോ. എന്നാല്‍, ഈ പാവത്തിനു അതുമില്ലായിരന്നു. ലണ്ടന്‍ ബ്രിഡ്‌ജിനു സമീപത്തുയരുന്ന ആകാശഗോപുരത്തിന്റെ 72-ാം നിലയില്‍ നഗരകാഴ്‌ചകള്‍ കണ്ട്‌ സന്തോഷപൂര്‍വമായിരുന്നു ഇവന്റെ താമസം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഏതോ പണിക്കാരന്‍ മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ ഇവനെ കണ്ടുപിടിക്കുകയായിരുന്നു. പിന്നീട്‌ ഒരു കൂട്ടിലടച്ച്‌ ഇവനെ മൃഗസംരക്ഷകര്‍ക്കു കൈമാറി. കെട്ടിടം പണിയുന്നവര്‍ ഈ സുന്ദരനായ കുറക്കനു ഒരു പേരുമിട്ടു. റോമിയോ. എന്തായാലും റോമിയോ ഇപ്പോള്‍ ലണ്ടനിലെ ഒരു മൃഗശാലയിലാണ്‌.

വാര്‍ത്ത