കൊച്ചി: സ്‌ത്രീകള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ പെണ്‍വാണിഭ കേന്ദ്രങ്ങളാകുന്നതായി പരാതി. യാതൊരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ പെണ്‍വാണിഭ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചൂഷണങ്ങള്‍ക്കും സാഹചര്യമൊരുക്കുന്നതായാണ് പരാതി. പോലീസ് ഉന്നതരുടേയും ഭരണത്തിന്റെ തണലും ഇത്തരക്കാര്‍ക്ക് പിന്തുണയാകുന്നുമുണ്ട്. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായി അറിയപ്പെടുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേന്ദ്രത്തില്‍ നല്ല പിള്ള ചമയുകയും പുറത്തെത്തിച്ച് ഉന്നതര്‍ക്ക് കാഴ്‌ചവയ്‌ക്കുകയും ചെയ്യുന്ന രീതിയാണ് നടക്കുന്നത്.
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിനു സമീപത്തെ ബില്‍ഡിംഗില്‍ 'ചൈല്‍ഡ് ലൈന്‍' ഓഫീസിനോട് ചേര്‍ന്ന് സ്‌ത്രീകള്‍ക്ക് താമസസൗകര്യമൊരുക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തെ കുറിച്ചും വ്യാപകപരാതി ഉയര്‍ന്നിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍ വാടകകൂടാതെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന് സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങളും വിദേശ ഫണ്ടും ലഭിക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ അധികൃതരുടെ യാതൊരുവിധ ഇടപെടലും നിയന്ത്രണവും ഈ സ്‌ഥാപനത്തിനില്ലെങ്കിലും ഔദ്യോഗിക പരിവേഷത്തോടെയാണ് പ്രവര്‍ത്തനം.
രാത്രികാലങ്ങളില്‍ വഴിയോര കച്ചവടക്കാരായ സ്‌ത്രീകള്‍ക്കും നഗരത്തില്‍ എത്തപ്പെടുന്ന വനിതകള്‍ക്കും താമസിക്കാനൊരിടം ഒരുക്കിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേഷന്‍ ഇത്തരമൊരു കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ വിവാദ ഐ.ജിയുടെയും സംസ്‌ഥാന ഭരണത്തിലെ ഉന്നതന്റേയും 'സ്വന്തമാളായി' സാമൂഹ്യപ്രവര്‍ത്തകയെന്ന് വിശേഷിപ്പിക്കുന്ന മദ്ധ്യവയസ്‌ക ഈ സ്‌ഥാപനം ഹൈജാക്ക് ചെയ്‌ത് തന്റെ അധീനതയിലാക്കുകയായിരുന്നു. ഈ സ്‌ഥാപനത്തില്‍ എത്തിക്കുന്ന പെണ്‍കുട്ടികളില്‍ ചിലരെ മുമ്പ് കാണാതെപോയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോടതി പോലീസ് അന്വേഷണത്തിന് ഡി.ജി.പിയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഉന്നതഇടപെടലിനെതുടര്‍ന്ന് നടന്നില്ല. നിരാലംബരെന്ന പേരില്‍ പെണ്‍വാണിഭ സംഘത്തില്‍പെട്ട പെണ്‍കുട്ടികളെ കേന്ദ്രത്തിലെത്തിക്കുന്നുവെന്നാണ് വിവരം. കേന്ദ്രത്തില്‍വച്ച് യാതൊരുവിധ പ്രവര്‍ത്തനവും നടത്താതെ ഫ്‌ളാറ്റുകള്‍ അടക്കമുള്ള സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ച് ഉന്നതര്‍ക്ക് കാഴ്‌ചവയ്‌ക്കുന്നതായാണ് പരാതി.
കേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ല. 2006- ല്‍ നല്‍കിയ പരാതി പൊടിപിടിച്ചുകിടന്നതോടെ 6 മാസം മുമ്പ് വീണ്ടും പരിഗണിച്ച കമ്മീഷന്‍, കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോട്ട് സമര്‍പ്പിക്കാന്‍ സി.ഐ പ്രദീപിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ നാളിതുവരെയായി അന്വേഷണം തുടങ്ങിയിട്ടില്ല. പോലീസിനെ ഉന്നതരുടെ ഇടപെടലിനെതുടര്‍ന്ന് ഇത്തരത്തിലുള്ള അന്വേഷണങ്ങളെല്ലാം തുടക്കത്തിലെ മരവിപ്പിക്കപ്പെടുന്നത് പതിവുമാണ്. പരാതിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ളതുകൊണ്ട് പരാതിയെകുറിച്ച് അന്വേഷിക്കാന്‍ സമയം കിട്ടിയില്ലെന്നും അതിനാല്‍തന്നെ കേന്ദ്രത്തെ കുറിച്ച് ഇതുവരെ അന്വേഷിച്ച് തുടങ്ങിയിട്ടില്ലെന്നുമാണ് സി.ഐ പ്രദീപ് 'മംഗളം പ്ലസി'നോട് പറഞ്ഞത്.
ഏതു സ്‌ത്രീയേയും എപ്പോള്‍ വേണമെങ്കിലും എതു 'പിമ്പി'നും ഈ കേന്ദ്രത്തിലെത്തിക്കാം. എത്തിക്കുന്നയാളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തില്ല. ഇവരെ കുറിച്ച് പിന്നെ അന്വേഷിക്കേണ്ടതുമില്ല. 60 വയസുവരെയുള്ള സ്‌ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. ഇതേതുടര്‍ന്ന് ഒരു സാമൂഹ്യ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി ഫോണില്‍ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയോട് സംസാരിച്ചു. വിദേശസന്ദര്‍ശനം പതിവാക്കിയ കേന്ദ്രത്തിന്റെ അധിപയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍, സ്വീഡനിലായിരുന്നു. ഓഫീസ് നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കൗണ്‍സിലര്‍ എന്നു പരിചയപ്പെടുത്തിയ യുവതിയാണ് സംസാരിച്ചത്.
പ്ലസ്: 'മാഡം' പറഞ്ഞിട്ടാണ് ഓഫീസ് നമ്പറില്‍ വിളിച്ചത്. നാട്ടിലെ 17 വയസുള്ള പെണ്‍കുട്ടിയുടെ കാര്യം സംസാരിക്കാനാണ് വിളിച്ചത്....
കൗണ്‍സിലര്‍: സംസാരിച്ചോളൂ.
പ്ലസ്: അവള്‍ക്ക് അമ്മയും അഛനുമില്ല. ചിറ്റപ്പനൊപ്പമാണ് കഴിയുന്നത്. അവളെ നിങ്ങളുടെ കേന്ദ്രത്തില്‍ എത്തിക്കുന്നതിനെ കുറിച്ച് അറിയാനാണ്...
കൗണ്‍സിലര്‍: ഇവിടെ എത്തിച്ചാല്‍മതി. കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം.
പ്ലസ്: നമ്മളാണ് കൊണ്ടുവന്നതെന്നൊന്നും രേഖപ്പെടുത്തരുത്. പേപ്പറില്‍ ഒപ്പിട്ടുതരികയൊന്നുമില്ല. നാളെ നമുക്കൊരു പ്രശ്‌നമുണ്ടാകരുത്.
കൗണ്‍സിലര്‍: അതൊന്നുമില്ല. നിങ്ങള്‍ ഒപ്പിട്ടുതരേണ്ട ആവശ്യമോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യേണ്ടതില്ല. പെണ്‍കുട്ടിക്ക് ഇവിടെ കഴിയാന്‍ സമ്മതമാണെന്ന് എഴുതിതന്നാല്‍ മാത്രം മതി.
പ്ലസ്: ഇനി പോലീസെങ്ങാനും പ്രശ്‌നമുണ്ടാക്കുമോ..? പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയേ ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റാവൂ എന്നൊക്കെയല്ലെ ചട്ടം...?
കൗണ്‍സിലര്‍: പോലീസിന്റെ കാര്യമൊന്നും പ്രശ്‌നമല്ല. നിങ്ങളെ ആരും അന്വേഷിക്കുകയൊന്നുമില്ല. പെണ്‍കുട്ടി ഇവിടെയെത്തി ഒപ്പിട്ടുതന്നാല്‍ പിന്നെ ഞങ്ങള്‍ക്കാകും പൂര്‍ണ്ണ അധികാരം. നിങ്ങളാണ് കൊണ്ടുവന്നതെന്നൊന്നും ആരും അറിയുകയോ രേഖപ്പെടുത്തുകയോ ഇല്ലെന്ന് പറഞ്ഞില്ലെ...
പ്ലസ്: കോര്‍പ്പറേഷന്‍ ബില്‍ഡിംഗിലല്ലെ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ അവരുടെ ഇടപെടലുണ്ടാകുമോ..?
കൗണ്‍സിലര്‍: അവരുടെ യാതൊരുവിധ ഇടപെടലും ഉണ്ടാവില്ല. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ 'മാഡ'ത്തിന്റേത് മാത്രമാണ് തീരുമാനം. കോര്‍പ്പറേഷന്റെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമേയുള്ളൂ. കോര്‍പ്പറേഷന്റെ യാതൊരു നിയന്ത്രണവുമില്ല. അക്കാര്യത്തിലൊന്നും നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങള്‍ പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചുതന്നാല്‍ മാത്രംമതി. അപ്പോള്‍തന്നെ നിങ്ങള്‍ക്ക് തിരികെ പോകാം. പിന്നെ നിങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാകില്ല.
സംസ്‌ഥാന ഭരണത്തിലെ ഉന്നതനുമായുമുള്ള അടുത്തബന്ധവും ഇവര്‍ പറഞ്ഞുനടക്കാറുണ്ട്. പോലീസ് കണ്ടെത്തുന്ന അനാഥരായ പെണ്‍കുട്ടികളും ഈ കേന്ദ്രത്തിലെത്താറുണ്ട്. ആരോരുമില്ലാത്ത ഇത്തരക്കാരെ അന്വേഷിച്ചും പിന്നീടാരും എത്താറില്ല. ഇവര്‍ക്ക് എന്തു സംഭവിച്ചെന്നും ആരും തിരക്കാറില്ല. 'മാഡ'ത്തിന്റെ ഭര്‍ത്താവ് ഫ്‌ളാറ്റ് നിര്‍മാണത്തിന് സ്‌ഥലം വാങ്ങി ഒപ്പംനിന്നവരെ കബളിപ്പിച്ച് പണം കൊടുക്കാതെ മുങ്ങുകയായിരുന്നു. പിന്നീട് തിരിച്ചുകൊടുക്കാനുള്ള പണം ലഭിച്ചതെവിടെനിന്നെന്നതും വ്യക്‌തമല്ല. ഇവര്‍ സാമ്പത്തികമായി പൊടുന്നനെ വളര്‍ന്നതും ദുരൂഹം. ക്രൈം സിറ്റിയായ കൊച്ചിയില്‍ ഇത്തരക്കാരെകുറിച്ച് പക്ഷെ, അന്വേഷണവും എങ്ങുമെത്താറില്ല.