2012, ഒക്‌ടോബർ 21, ഞായറാഴ്‌ച
ലണ്ടന്‍: അന്തരീക്ഷവായുവും വെള്ളവുമുപയോഗിച്ച് പെട്രോളുണ്ടാക്കുന്ന വിദ്യ ആവിഷ്‌കരിച്ചതായി ബ്രിട്ടനിലെ ഒരു ചെറുകിടകമ്പനി അവകാശപ്പെട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ എന്നെല്ലാമാണ് അവകാശവാദമെങ്കിലും ഇന്ധനനിര്‍മാണത്തിന് വന്‍തോതില്‍ വൈദ്യുതി ആവശ്യമുള്ളതുകൊണ്ട് ഈ വിദ്യകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡും വെള്ളം വിഘടിച്ചുണ്ടാക്കുന്ന ഹൈഡ്രജനും ചേര്‍ത്ത് നിര്‍മിക്കുന്ന മെഥനോള്‍ ആണ് പുതിയ ഇന്ധനത്തിന്റെ അടിസ്ഥാനം. വടക്കന്‍ ഇംഗ്ലണ്ടിലെ എയര്‍ ഫ്യുവല്‍ സിന്‍ഡിക്കേഷന്‍ എന്ന കമ്പനി ലണ്ടന്‍ എന്‍ജിനീയറിങ് കോണ്‍ഫറന്‍സിലാണ് ഈ വിദ്യ അവതരിപ്പിച്ചത്. ലളിതമായൊരു രാസപ്രവര്‍ത്തനത്തിലൂടെ അന്തരീക്ഷ വായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡിനെ വേര്‍തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. വൈദ്യുതി ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുകയാണ് അടുത്ത പടി. ഇങ്ങനെ കിട്ടുന്ന ഹൈഡ്രജനും കാര്‍ബണ്‍ ഡയോകൈ്‌സഡും സംയോജിപ്പിച്ച് മെഥനോളുണ്ടാക്കും. മെഥനോളിനെ ഒരു ഗ്യാസലിന്‍ ഫ്യുവല്‍ റിയാക്ടറിലൂടെ കടത്തിവിട്ടാല്‍ ഏറെക്കുറെ പെട്രോളിന് സമാനമായ ഇന്ധനം കിട്ടും. ഇത് വാഹനങ്ങളുടെ പെട്രോള്‍ടാങ്കില്‍ നേരിട്ട് ഉപയോഗിക്കാം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കുറയ്ക്കും, ഓക്‌സിജന്റെ അളവ് കൂട്ടും, എണ്ണക്ഷാമത്തിന് പരിഹാരമാവും തുടങ്ങിയ മേന്മകള്‍ ഈ സാങ്കേതികവിദ്യക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ചെറിയൊരു റിയാക്ടറുപയോഗിച്ച് രണ്ടുമാസംകൊണ്ട് അഞ്ചുലിറ്റര്‍ ഇന്ധനം ഇങ്ങനെ ഉത്പാദിപ്പിച്ചതായും അവര്‍ അറിയിച്ചു. എന്നാല്‍, ഈ വിദ്യയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തിന്റെ അളവും അതിനുവേണ്ടി ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ചെലവും താരതമ്യംചെയ്താലേ ഇതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാവുമോ എന്ന് പറയാനാവൂ എന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുന്നതിന് വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കണം. വൈദ്യുതിയുണ്ടാക്കാന്‍ എണ്ണ കത്തിക്കണം. അങ്ങനെ കത്തിക്കുന്ന എണ്ണയെക്കാള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാനായാലേ പുതിയ വിദ്യ ലാഭകരമാവൂ. പുതിയവിദ്യയുടെ സാമ്പത്തികവശത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് അതിന്റെ വക്താക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. സൗരോര്‍ജത്തില്‍നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ നിലയ്ക്കും മലിനീകരണം കുറയ്ക്കാമെന്ന് അവര്‍ പറയുന്നു. വായുവില്‍നിന്ന് പെട്രോള്‍ എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഈ വിദ്യ അത്ര പുതുതൊന്നുമല്ല. ഫാക്ടറികളില്‍നിന്ന് പുറംതള്ളുന്ന പുകയില്‍നിന്ന് കാര്‍ബണ്‍ ഡയോകൈ്‌സഡ് വേര്‍തിരിച്ച് ഹൈഡ്രജനുമായി ചേര്‍ത്ത് മെഥനോളുണ്ടാക്കുന്ന വിദ്യ ചില രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. എണ്ണ നിര്‍മാണത്തെക്കാള്‍ വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള സങ്കേതം എന്ന നിലയിലാണ് അത് പ്രയോജനപ്പെടുത്തുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)