2011, മാർച്ച് 3, വ്യാഴാഴ്‌ച

ലഹരി നുരയും തക്കാളി

ആവശ്യമാണു കണ്ടെത്തലിന്റെ മാതാവ്‌ എന്നു പറയുന്നത്‌ ശരിവയ്‌ക്കുകയാണ്‌ ഗുജറാത്തുകാര്‍. മദ്യം നിരോധിച്ച സംസ്‌ഥാനമാണ്‌ ഗുജറാത്ത്‌. എന്നാല്‍, അവിടെ കുടിയന്മാരില്ലേ? അവര്‍ക്കു ലഹരി എങ്ങനെ ലഭിക്കും. അതിനുള്ള ഉത്തരമാണ്‌ ഗുജറാത്തില്‍ തക്കാളികള്‍. വ്യാജമദ്യ മാഫിയക്കാരാണ്‌ ഈ തക്കാളികള്‍ രംഗത്തിറക്കിയിരിക്കുന്നത്‌. മദ്യം നിറച്ച തക്കാളികളാണ്‌ ഇവയെന്നുമാത്രം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ്‌ ഈ തക്കാളികളില്‍ സിറിഞ്ച്‌ ഉപയോഗിച്ച്‌ നിറയ്‌ക്കുന്നത്‌. തക്കാളിക്കു 20 രൂപയാണ്‌ വിലയെങ്കിലും ലഹരിതക്കാളിക്കു 250-300 രൂപ കൊടുക്കണം. റമ്മിനും ബ്രാണ്ടിക്കും വിലവ്യത്യാസവുമുണ്ട്‌. തെരഞ്ഞെടുത്ത കടകളില്‍ തെരഞ്ഞെടുത്ത കുടിയന്മാര്‍ക്കു മാത്രമേ ഈ തക്കാളി ലഭിക്കൂ. തക്കാളിയില്‍ നിറച്ച മദ്യത്തിനു പ്രത്യേക ലഹരിയാണെന്നാണ്‌ ഗുജറാത്തിലെ സ്‌ഥിരം കുടിയന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌.

കണ്ണില്‍ ഘടിപ്പിക്കാവുന്ന കംപ്യൂട്ടര്‍

ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ സംവിധാനം നിര്‍മിച്ചിരിക്കുകയാണ്‌ അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല. അന്ധതയ്‌ക്കു കാരണമാകാവുന്ന ഗ്ലൂക്കോമ എന്ന നേത്രരോഗത്തിന്റെ ചികിത്സാര്‍ഥമാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടര്‍ നിര്‍മിച്ചിരിക്കുന്നത്‌. ഒരു ചതുരശ്രമില്ലീമീറ്ററാണ്‌ ഇതിന്റെ വിലുപ്പം. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ ഈ കംപ്യൂട്ടറിനെ കണാനാവൂ. ഗ്ലൂക്കോമ രോഗം പിടിപെട്ടയാളുടെ കണ്ണില്‍ ഘടിപ്പിക്കാനാണ്‌ ഈ കംപ്യൂട്ടര്‍. കണ്ണിന്റെ മര്‍ദം അളക്കാനുള്ള ഉപകരണമായാണ്‌ ഇതിനെ ഉപയോഗിക്കുന്നത്‌. സാദാ കംപ്യൂട്ടറെ വെല്ലുന്നവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടര്‍. തീരെച്ചെറിയ മൈക്രോപ്രൊസസറാണ്‌ ഇതിലുള്ളത്‌. കണ്ണിന്റെ മര്‍ദം അളക്കാനുള്ള സെന്‍സര്‍, മെമ്മറി, ബാറ്ററി, സോളാര്‍സെല്‍, വയര്‍ലെസ്‌ റേഡിയോ, ഇതിന്റെ ആന്റിന തുടങ്ങിയവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടറിലുള്ളത്‌. പുറത്തുള്ള റേഡിയോ ഉപകരണത്തിലേക്ക്‌ വിവരങ്ങള്‍ കൈമാറാനാണ്‌ ഈ റേഡിയോയും ആന്റിനയും. വയര്‍ലെസ്‌ നെറ്റ്‌വര്‍ക്ക്‌ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാവുന്നവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടറെന്നാണ്‌ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. കംപ്യൂട്ടര്‍ രംഗത്തെ ഭാവിതന്നെ മാറ്റിമറിക്കാവുന്ന കണ്ടുപിടിത്തമായാണ്‌ ശാസ്‌ത്രലോകം ഇതിനെ വിലയിരുത്തുന്നത്‌. എന്നാല്‍, ഇവ വിപണിയില്‍ ലഭ്യമാകണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഈ കംപ്യൂട്ടറിനു ശാസ്‌ത്രജ്‌ഞര്‍ പേരു നല്‍കിയിട്ടില്ല.
സ്‌കോട്ട്‌ലന്‍ഡില്‍നിന്നുള്ള ഒരു വാര്‍ത്ത കേട്ടാല്‍ മദ്യപാനികളുടെ സ്വന്തം നാടെന്ന കേരളീയരുടെ അഹങ്കാരം തീരും. മദ്യത്തിന്റെ കാര്യത്തില്‍ സോഷ്യലിസ്‌റ്റു നിലപാട്‌ സ്വീകരിച്ചെന്ന കേരളത്തിന്റെ അവകാശവാദവും ഇതോടെ അവസാനിക്കും. കാരണം, സ്‌കോട്ട്‌ലന്‍ഡിലെ ഒരു എട്ടു വയസുകാരി ചികിത്സാ സഹായം തേടുകയാണ്‌. ഏതെങ്കിലും മാരകമായ രോഗത്തിനല്ല ഈ രണ്ടാം ക്ലാസുകാരി ചികിത്സാസഹായം തേടുന്നത്‌. മദ്യപാനത്തില്‍നിന്നു മോചനം നേടാനാണ്‌ ഈ ബാലിക ശ്രമിക്കുന്നത്‌. ഏതൊരു മദ്യപാനിയേയും വെല്ലുവിളിക്കാവുന്ന കപ്പാസിറ്റി ഈ ചെറുപ്രായത്തിലേ ഇവള്‍ കരസ്‌ഥമാക്കിയിരിക്കുന്നെന്നാണ്‌ ഡോക്‌ടര്‍മാര്‍ ഞെട്ടലോടെ സാക്ഷ്യപ്പെടുത്തിയത്‌. പരമ്പരാഗതമായി മദ്യപന്മാരുടെ കുടുംബമായിരുന്നു ഈ ബാലികയുടേത്‌. അതിനാലാണ്‌ ചെറുപ്രായത്തിലേ മികച്ച മദ്യപാനിയെന്നു പേരുനേടാന്‍ ഈ ബാലികയെ സഹായിച്ചത്‌.

ബിയറില്ലാതെ എന്തു ബഹിരാകാശ യാത്ര!

ബിയറില്ലാതെ നമുക്കെന്ത്‌ ആഘോഷം എന്ന നിലപാടുകാരാണ്‌ ഓസ്‌ട്രേലിയക്കാര്‍. സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും പതഞ്ഞുപൊങ്ങുന്ന ബിയര്‍ ലഹരിയില്‍ തീര്‍ക്കുന്നവരാണ്‌ കങ്കാരുവിന്റെ നാട്ടുകാര്‍. ലഹരിയുടെയും രുചിയുടെയും നിറത്തിന്റെയും വൈവിധ്യം ബിയറില്‍ തീര്‍ത്തിട്ടുള്ളവരാണ്‌ ഓസീസുകാര്‍. ഇപ്പോള്‍ പുതിയൊരു തരം ബിയറാണ്‌ രണ്ട്‌ ഓസീസ്‌ കമ്പനികള്‍ പുറത്തിറക്കിയിരിക്കുന്നത്‌. ഭൂമിയിലുള്ളവര്‍ക്കു ലഹരി നല്‍കാനുള്ളതല്ല ഈ ബിയര്‍. ബഹിരാകാശ യാത്രക്കാര്‍ക്കുള്ളതാണ്‌ ഈ ബിയര്‍. ബഹിരാകാശ യാത്രക്കാര്‍ക്കായുള്ള ആദ്യത്തെ ബിയറുകള്‍ സൃഷ്‌ടിച്ചാണ്‌ ഓസീസുകാര്‍ പുതിയ ചരിത്രം രചിച്ചത്‌. ബഹിരാകാശത്തു ലഹരിനല്‍കാനുദ്ദേശിച്ചുള്ളതാണീ ബിയറെന്നാണ്‌ ഇതുണ്ടാക്കിയ കമ്പനികള്‍ പറയുന്നത്‌. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തിനു ദോഷകരമല്ല ഈ ബിയറുകളെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ബഹിരാകാശ ടൂറിസം അടുത്ത വര്‍ഷം മുതല്‍ വ്യാപകമാകുമെന്നും അതിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ്‌ ബിയറുകള്‍ നിര്‍മിച്ചതെന്നുമാണ്‌ കമ്പനികള്‍ പറയുന്നത്‌.

ഏറ്റവും കൂടുതല്‍ രോമമുള്ള പെണ്‍കുട്ടി

തായ്‌ലന്‍ഡിലെ സുപാത്ര സസുഫാന്‍ എന്ന പത്തുവയസുകാരിയെ കണ്ടാല്‍ ആരും ഒന്നു ഞെട്ടും. ശരീരം നിറയേ രോമം വളര്‍ന്ന ഒരു ഭീകരരൂപം. സുപാത്രയുടെ ശരീരത്തില്‍ ഒരിഞ്ചു സ്‌ഥലംപോലും രോമം വളരാത്തതായില്ല. മുഖത്താകട്ടെ രോമങ്ങള്‍ മുടിപോലെ വളര്‍ന്നു തൂങ്ങിക്കിടക്കുന്നു. ചെന്നായ്‌ ബാലികയെന്നും കുരങ്ങിയെന്നുമുള്ള കൂട്ടുകാരികളുടെ കളിയാക്കലുകള്‍ കൂടെയും. ഏതൊരാളുടെയും ആത്മവിശ്വാസം തകര്‍ക്കാന്‍ ഇതൊക്കെമതി. എന്നാല്‍, സുപാത്രയ്‌ക്ക് ഇതൊക്കെ കേട്ടാല്‍ ഒരുകുലുക്കവുമില്ല. കാരണം, ഏറ്റവും കൂടുതല്‍ രോമമുള്ള പെണ്‍കുട്ടിയെന്ന ഗിന്നസ്‌ ലോകറിക്കോഡ്‌ സ്വന്തമാക്കിയിരിക്കുകയാണ്‌ സുപാത്ര. ഈ ബഹുമതി തനിക്കു ആത്മവിശ്വാസം നല്‍കിയിരിക്കുകയാണെന്നാണ്‌ സുപാത്ര പറയുന്നത്‌. അപൂര്‍വമായ ജനിതകവ്യതിയാനമാണ്‌ സുപാത്രയുടെ ഈ അമിത രോമവളര്‍ച്ചയുടെ കാരണമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. തന്നെ കുഴക്കിയിരുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്‌ ഗിന്നസ്‌ ലോകറിക്കോഡെന്നാണ്‌ സുപാത്ര അഭിപ്രായപ്പെട്ടത്‌. നൃത്തം ചെയ്യാനും പാടാനും അഭിനയിക്കാനും ഇഷ്‌ടപ്പെടുന്ന സുപാത്രയാണ്‌ ഇപ്പോള്‍ അവളുടെ സ്‌കൂളിലെ താരം. ജന്മനാതന്നെ സുപാത്രയ്‌ക്കു അമിതരോമ വളര്‍ച്ചയുണ്ടായിരുന്നു. രണ്ടാം വയസില്‍ തന്നെ ലേസര്‍ ചികിത്സയ്‌ക്കു വിധേയയാക്കിയെങ്കിലും അതൊന്നും രോമവളര്‍ച്ചയെ തടയാന്‍ പര്യാപ്‌തമല്ലായിരുന്നു. എന്തായാലും മകളുടെ രോമവളര്‍ച്ചയെക്കുറിച്ചുള്ള സുപാത്രയുടെ മാതാപിതാക്കളുടെ ആശങ്കകള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്‌. കാരണം, ഗിന്നസ്‌ ലോകറിക്കോഡില്‍ പേരുവന്നതോടെ ലോകം മുഴുവന്‍ മകള്‍ അറിയപ്പെട്ട സന്തോഷത്തിലാണവര്‍.

വാര്‍ത്ത