2011, മേയ് 4, ബുധനാഴ്‌ച

Facebook

വിവാഹമോചനം: പഴി Facebookന്‌ അമേരിക്കയിലെ 20% വിവാഹമോചനങ്ങള്‍ക്കും കാരണം ഫേസ്‌ബുക്ക്‌ ? ഫ്‌ളോറിഡയിലെ അഭിഭാഷക Carin Constantine നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഫേസ്‌ബുക്കിനെ കുറ്റപ്പെടുത്തുന്നത്‌ . 80 % വിവാഹ ബന്ധങ്ങള്‍ ഉണ്ടാകാനും തകരാനും ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മകള്‍ കാരണമാകുന്നുണ്ടെന്നാണ്‌ കണ്ടെത്തല്‍. വിവാഹ മോചനം തേടുന്നവരില്‍ 90% ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നവരാണ്‌ . പലരും ഫേസ്‌ബുക്കില്‍ കുറിക്കുന്ന വിഡ്‌ഢിത്തങ്ങള്‍ ജീവിത പങ്കാളിയെ പ്രകോപിപ്പിക്കും. മറ്റൊരു കൂട്ടര്‍ പ്രകോപനപരമായ ചിത്രങ്ങള്‍ പോസ്‌റ്റ്‌ ചെയ്യുന്നവരാണ്‌ . സ്വന്തം സ്വകാര്യത വരെ പലരും കണക്കിലെടുക്കാറില്ല. നെറ്റിലൂടെ കൂട്ടുകാരെ തേടുന്നതിനിടെ നടത്തുന്ന അവകാശവാദങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ടെന്ന്‌ അവര്‍ പറഞ്ഞു. കോടതിയില്‍ ഫേസ്‌ബുക്ക്‌ സന്ദേശങ്ങളെയും അഭിഭാഷകര്‍ ഉപയോഗിക്കാറുണ്ടെന്ന്‌ അവര്‍ പറഞ്ഞു. ------------------------------------------------------------------------------------- ഫേസ്‌ബുക്ക്‌ വാച്ചിലേക്കും ഫേസ്‌ബുക്ക്‌ ഇനി വാച്ചുകളിലേക്കും. കനേഡിയന്‍ കമ്പനിയായ ഇന്‍പള്‍സ്‌ ആണ്‌ ഫേസ്‌ബുക്ക്‌ അലേര്‍ട്ടുകള്‍ വാച്ചുകളിലേക്ക്‌ നല്‍കുന്ന സാങ്കേതിക വിദ്യ തയാറാക്കിയത്‌ . സ്‌മാര്‍ട്ട്‌ ഫോണിന്റെയോ കമ്പ്യൂട്ടറിന്റേയോ സഹായത്തോടെയാകും വാച്ചിലേക്ക്‌ വിവരങ്ങള്‍ നല്‍കുക. 1.3 ഇഞ്ച്‌ ഡിസ്‌പ്ലേയാകും വാച്ചിലുണ്ടാകുക. ഫേസ്‌ബുക്കിനായി ബട്ടണുകള്‍, ടൈമറുകള്‍ തുടങ്ങിയവ വാച്ചിലുണ്ടാകും. ഗാനങ്ങള്‍ കേള്‍ക്കാനുളള സംവിധാനവും വാച്ചിലുണ്ടാകും. മൊബൈല്‍ ഫോണിനെ വാച്ചുകളുടെ രൂപത്തിലേക്ക്‌ ചുരുക്കുകയാണ്‌ ഗവേഷകരുടെ ലക്ഷ്യം. ------------------------------------------------------------------------------------- Facebookലെ സ്‌ത്രീകള്‍ ശ്രദ്ധിക്കുക ഫേസ്‌ബുക്കില്‍ പീഡന വീരന്മാര്‍ സജീവമാകുന്നു. കൂട്ടുകൂടുക, പിന്നെ വഞ്ചിക്കുക... എന്ന പതിവ്‌ ശൈലിയാണ്‌ സാമൂഹ്യകൂട്ടായ്‌മകളിലെ പീഡനക്കാരുടെ തന്ത്രം. ഫേസ്‌ബുക്കില്‍ മാത്രം 235 സ്‌ത്രീകളാണ്‌ വഞ്ചിക്കപ്പെട്ടത്‌ . ഇവരുടെ ചിത്രങ്ങള്‍ അശ്‌ളീല വെബ്‌ സൈറ്റുകളില്‍ പടര്‍ന്നപ്പോഴാണ്‌ പോലീസ്‌ സംഭവം ഗൗരവമായിട്ടെടുത്തത്‌ .മിനെസോട്ട സ്വദേശി തിമോത്തി നോയ്‌ജേന്‍ ആണ്‌ പോലീസിന്റെ പിടിയിലായത്‌ . ഫേസ്‌ബുക്കിലൂടെയാണ്‌ ഇയാള്‍ ഇരകളെ തേടിയിരുന്നത്‌ . സൗഹൃദം സ്‌ഥാപിച്ച ശേഷം വ്യക്‌തിപരമായ വിവരങ്ങള്‍ സ്വന്തമാക്കും. തന്ത്രശാലിയായ ഇയാള്‍ പെണ്‍കുട്ടികളുടെ പാസ്‌വേര്‍ഡ്‌ അടക്കമുളള വിവരങ്ങള്‍ ചോര്‍ത്തും. തുടര്‍ന്നാകും ചിത്രങ്ങള്‍ സംഘടിപ്പിക്കുക. ഇവ അശ്‌ളീല സൈറ്റുകള്‍ക്ക്‌ വിറ്റ്‌ പണവും ഉണ്ടാക്കും. 235 സ്‌ത്രീകളുടെ ഇ മെയില്‍ വിലാസവും സുരക്ഷാ വിവരങ്ങളും ഇയാളില്‍ നിന്ന്‌ കണ്ടെത്തി. ഇയാളുടെ കമ്പ്യൂട്ടറില്‍ സ്‌ത്രീകളുടെ വിവരങ്ങളും ഫോട്ടോകളും 92 ഫോള്‍ഡറുകളിലാണ്‌ സൂക്ഷിച്ചിരുന്നത്‌ . താന്‍ ചെയ്യുന്നത്‌ നിയമവിരുദ്ധമല്ലെന്നായിരുന്നു ഇയാളുടെ വിശ്വാസം. വാഷിംഗ്‌ടണ്‍ കോടതിയാകും തിമോത്തിയുടെ ഭാവി തീരുമാനിക്കുക.

കൗതുക വാര്‍ത്തകള്‍

ഓര്‍മ്മകള്‍ മായിക്കാന്‍! ഓര്‍ക്കാന്‍ ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ മനസില്‍ നിന്ന്‌ നീക്കണോ? കമ്പ്യൂട്ടറില്‍ നിന്ന്‌ ഫയലുകള്‍ Delete ചെയ്യുന്ന വേഗത്തില്‍ അവ നീക്കം ചെയ്യാം. അല്‍പകാലം കൂടി കാത്തിരിക്കണമെന്ന്‌ മാത്രം. മറവി രോഗങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക്‌ തങ്ങളുടെ ഗവേഷണം പരിഹാരം ഉണ്ടാക്കുമെന്നാണ്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ആസ്‌ഥാനമാക്കിയുളള ഗവേഷകര്‍ പറയുന്നത്‌ . ഓര്‍മ്മകള്‍ തലച്ചോറിലുണ്ടാക്കുന്ന മാറ്റമാണ്‌ ഇവര്‍ കണ്ടെത്തിയിരിക്കുന്നത്‌ . എലികളിലായിരുന്നു പരീക്ഷണം. -------------------------------------------------------------------------------------

കാപ്പിയും ചായയും ചൂടാറാതെ കുടിക്കാന്‍ സ്‌റ്റീല്‍ കാപ്പിക്കുരു

കാപ്പിയും ചായയും ചൂടോടെ കുടിക്കുന്നതില്‍പ്പരം ആനന്ദകരമായി മറ്റെന്തുണ്ട്‌. എന്നാല്‍, ഈ പാനീയങ്ങള്‍ അല്‌പനേരം ഇരുന്നാല്‍ ചൂടാറുക സ്വാഭാവികം. തണുത്ത ചായയും കാപ്പിയും കുടിക്കുന്നതോ അരുചികരവും. എന്നാല്‍, ചൂടാറാതെ ചായയും കാപ്പിയും മറ്റു പാനീയങ്ങളും ദീര്‍ഘനേരമിരിക്കാന്‍ ഒരു എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ്‌ ശാസ്‌ത്രജ്‌ഞര്‍. ലോഹം കൊണ്ടുള്ള കാപ്പിക്കുരുവാണ്‌ പാനീയത്തിലെ ചൂട്‌ നിലനിര്‍ത്തുന്ന താരം. സ്‌റ്റീലുകൊണ്ടുള്ള കവചത്തോടുകൂടിയതും കാപ്പിക്കുരുവിന്റെ രൂപത്തിലുള്ളതുമാണ്‌ ഈ ലോഹരൂപം. കാപ്പിയോ, ചായയോ നിറച്ച ഗ്ലാസിലോ പാത്രത്തിലോ ഈ സ്‌റ്റീല്‍ കാപ്പിക്കുരു ഇട്ടാല്‍ അഞ്ചു മണിക്കൂറോളം ഈ പാനീയങ്ങള്‍ ചൂടാറാതെയിരിക്കും. പാനീയത്തിലെ അധികമായ ചൂടിനെ സാംശീകരിക്കുകയും പാനീയം തണുക്കുമ്പോള്‍ ഈ ചൂടിനെ പുറന്തള്ളുകയുമാണ്‌ ഈ കാപ്പിക്കുരു ചെയ്യുന്നത്‌. അതിനാല്‍ പാത്രത്തിലെ പാനീയത്തിന്റെ ചൂട്‌ ഒരേപോലെ നിലനില്‍ക്കുന്നു. കോഫീ ജൂളിയസ്‌ എന്നാണ്‌ ഈ ലോഹരൂപത്തിന്റെ പേര്‌. കാഴ്‌ചയിലും രൂപത്തിലും കാപ്പിക്കുരുവിനേപ്പെലെയാണെങ്കിലും വലുപ്പത്തില്‍ ഇവന്‍ കാപ്പിക്കുരുവിനെ കവച്ചുവയ്‌ക്കും. 60 ഡിഗ്രി സെല്‍ഷ്‌സ് ചൂടില്‍ ഉരുകിതുടങ്ങുന്ന രീതിയിലാണ്‌ ഈ സ്‌റ്റീല്‍ കാപ്പിക്കുരുവിനെ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ചൂട്‌ അധികമാകുന്തോറും ഉരുകുന്ന ഈ ലോഹരൂപം തണുക്കുന്തോറും വീണ്ടും പഴയരൂപത്തിലെത്തുന്നു. പക്ഷേ, ഈ സ്‌റ്റീല്‍ കാപ്പിക്കുരുക്കളടങ്ങിയ ഒരു പായ്‌ക്കറ്റിനു 2500 രൂപയോളം കൊടുത്താല്‍ മാത്രമേ അമേരിക്കന്‍ വിപണിയില്‍ ലഭിക്കൂ.

വിലാസം തെറ്റി: ഫയര്‍ഫോഴ്‌സ്‌എത്താന്‍ വൈകി; വൃദ്ധ മരിച്ചു

അപകടങ്ങളില്‍പെട്ടവരെ സഹായിക്കുകയാണ്‌ ഫയര്‍ഫോഴ്‌സുകാരുടെ ചുതമല. എന്നാല്‍, അപകടവിവരം ഫയര്‍ഫോഴ്‌സുകാരെ അറിയിക്കുമ്പോള്‍ സ്‌ഥലം കൃത്യമായി പറഞ്ഞുകൊടുത്തില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിനു തെളിവാണ്‌ ബ്രിട്ടണില്‍ നടന്ന ഈ സംഭവം. എസെക്‌സിലാണ്‌ ദുരന്തമുണ്ടായത്‌. ഒരു വൃദ്ധ ഒറ്റയ്‌ക്കു താമസിക്കുന്ന വീടിനു തീപിടിച്ചു. വീട്ടില്‍ കുടുങ്ങിക്കിടന്ന ഈ വൃദ്ധയെ രക്ഷിക്കാന്‍ അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം അഭ്യര്‍ഥിച്ചു. ഫയര്‍ഫോഴ്‌സ് എത്താന്‍ ആവശ്യമായതിലും സമയമമെടുത്തപ്പോള്‍ വീണ്ടും അയല്‍വാസികള്‍ വിളിച്ചു. എന്നാല്‍, ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടിട്ട്‌ നേരമേറെയായെന്നായിരുന്നു മറുപടി. ഫോണ്‍കോള്‍ ലഭിച്ച ഉടനെ ഫയര്‍ഫോഴ്‌സ് നിലവിളി ശബ്‌ദമൊക്കെയിട്ട്‌ എസെക്‌സിലേക്കു പാഞ്ഞു. എന്നാല്‍, ഫയര്‍ഫോഴ്‌സുകാര്‍ എത്തപ്പെട്ടത്‌ സംഭവസ്‌ഥലത്തിനു മൂന്നു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടിലാണെന്നു മാത്രം. ഒടുവില്‍ ശരിയായ വിലാസം തപ്പിയെടുത്ത്‌ ഫയര്‍ഫോഴ്‌സുകാര്‍ യഥാര്‍ഥ സ്‌ഥലത്തെത്തിയപ്പോള്‍ പാവം വൃദ്ധ തീനാളങ്ങള്‍ക്കിരയായി ദൈവസന്നിധിയില്‍ എത്തിയിരുന്നു.

തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ടയുമായി 23 വര്‍ഷം

വാങ്‌ തിയാങ്കിംഗ്‌ എന്ന കര്‍ഷകന്‍ അപസ്‌മാരത്തിനു ചികിത്സ തേടി നടന്നത്‌ ഇരുപതു വര്‍ഷമാണ്‌. ഒടുവില്‍ രണ്ട്‌ സെന്റീമീറ്റര്‍ നീളമുള്ള വെടിയുണ്ട തലയില്‍നിന്നും പുറത്തെടുത്തപ്പോഴാണ്‌ അപസ്‌മാരത്തിന്റെ കാരണം ഈ കര്‍ഷകനു മനസിലായത്‌. വടക്കന്‍ ചൈനയിലെ ഹെബി പ്രവശ്യയിലാണ്‌ സംഭവം. 1988-ല്‍ വാങ്‌ തിയാങ്കിംഗ്‌ വീട്ടിലേക്ക്‌ പോകവേയാണ്‌ തലയില്‍ വെടിയേറ്റത്‌. റോഡില്‍ വീണ വാങ്‌ എഴുന്നേറ്റ്‌ നോക്കുമ്പോള്‍ ദൂരെയുള്ള കുന്നില്‍ ആരോ നില്‍പ്പുണ്ട്‌. തെറ്റാലികൊണ്ട്‌ ആരോ തന്നെ എറിഞ്ഞെന്നാണ്‌ വാങ്‌ കരുതിയത്‌. തലപൊട്ടി രക്‌തമൊലിപ്പിച്ചുകൊണ്ട്‌ വാങ്‌ ആശുപത്രിയില്‍ എത്തുകയും ഡോക്‌ടര്‍മാര്‍ ചികിത്സിക്കുകയും ചെയ്‌തു. പിന്നീടാണ്‌ ഇദ്ദേഹത്തിന്‌ അപസ്‌മാരത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയത്‌. പിന്നെ അപസ്‌മാരത്തിനായി ചികിത്സ. ഒടുവില്‍ 23 വര്‍ഷങ്ങള്‍ക്കുശേഷം വാങ്‌ ചികിത്സതേടിയെത്തിയ ആശുപത്രി അധികൃതര്‍ സിഎടി സ്‌കാന്‍ ചെയ്‌തപ്പോഴാണ്‌ തലയില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയാണ്‌ പ്രശ്‌നക്കാരനെന്ന്‌ കണ്ടെത്തിയത്‌. ഒടുവില്‍ വെടിയുണ്ട പുറത്തെടുത്ത്‌ ആശുപത്രിയധികൃതര്‍ വാങിന്റെ അപസ്‌മാരം ഭേദമാക്കി.

വാര്‍ത്ത