
ക്ഷേത്രനഗരിയായ വാരണാസിയില്‍ എണ്‍പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്നൊരു ബാങ്കുണ്ട്. റാം റാമപതി എന്നാണ് ഈ ബാങ്കിന്റെ പേര്. സാധാരണ ബാങ്കുകളെപോലെയാണ് ഈ ബാങ്കിന്റെയും പ്രവര്‍ത്തനങ്ങള്‍. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്‌പന നല്‍കുകയും ചെയ്യും. പക്ഷേ, ഒരു വ്യത്യാസം പണമല്ല ഈ ബാങ്ക് കൈകാര്യം ചെയ്യുന്നത്. രാമനാമമാണ് പണത്തിനു പകരം ഈ ബാങ്ക് കൈകാര്യം ചെയ്യുന്നത്. ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ടുണ്ട്‌്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഈ നിക്ഷേപകര്‍. രാമനാമം 125,000 തവണ എഴുതിയ പേപ്പറാണ് ഈ ബാങ്കില്‍ നിക്ഷേപിക്കേണ്ടത്. ഇങ്ങനെ രാമനാമം എഴുതിയ പേപ്പറുകള്‍ ബാങ്ക് അധികൃതര്‍ പ്രത്യേക പൂജയ്‌ക്കു വിധേയമാക്കുകയും സൂക്ഷിക്കുകയും ചെയ്യും. ഈ പൂജകള്‍ നിക്ഷേപകന് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. വാരണാസിയിലെ ഒരു കുടുംബമാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ആവശ്യമുള്ള ആളുകള്‍ക്ക് രാമനാമമാണ് ഈ ബാങ്ക് വായ്‌പയായി നല്‍കുന്നത്. നിശ്‌ചിത എണ്ണം രാമനാമം എഴുതി നല്‍കുന്നതോടെ ഇവര്‍ വായ്‌പ തിരിച്ചടച്ചതായി കണക്കാക്കുമെന്നും നിക്ഷേപകന്റെ ആഗ്രഹം സഫലമാകുമെന്നുമാണ് വിശ്വാസം. നിക്ഷേപകന് രാമനാമം എഴുതാനുള്ള പേപ്പറും പേനയുമൊക്കെ ഈ ബാങ്ക് സൗജന്യമായി നല്‍കും.
എന്നാല്‍, രാമനാമം എഴുതിയ പേപ്പര്‍ ഈ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ചില വ്യവസ്‌ഥകളൊക്കെയുണ്ട്. വായ്‌പ സ്വീകരിച്ച് എട്ടു മാസത്തിനും 10 ദിവസത്തിനുമുള്ളില്‍ നിശ്‌ചിത എണ്ണം രാമനാമം എഴുതി ബാങ്കിനു നല്‍കണം.
കുളിച്ചു ദേഹശുദ്ധി വരുത്തിയതിനുശേഷം മാത്രമേ രാമനാമം എഴുതാന്‍ പാടുള്ളൂ. രാമനാമം എഴുതുന്ന വ്യക്‌തി സസ്യഭക്ഷണം മാത്രമേ കഴിക്കാവൂ. അയാള്‍ ഉള്ളിയും വെളുത്തുള്ളിയും ഭക്ഷിക്കരുതെന്നും നിബന്ധനയുണ്ട്.