2013, ജൂലൈ 16, ചൊവ്വാഴ്ച

'മരിച്ച' രോഗി ഉണര്‍ന്നു; യു.എസ്സില്‍ ആസ്‌പത്രിക്ക് 13.2 ലക്ഷം പിഴ

രോഗി മരിച്ചെന്നു കരുതി അവയവങ്ങള്‍ നീക്കാന്‍ തുടങ്ങിയ ആസ്പത്രി അധികൃതര്‍ക്ക് 22,000 ഡോളര്‍ (13.2 ലക്ഷം രൂപ) പിഴ. ന്യൂയോര്‍ക്കില്‍ 2009- ലാണ് സംഭവം.




41 വയസ്സായ കൊളീന്‍ എസ് ബേണിനെയാണ് അമിതമായി മരുന്നുകഴിച്ച് ബോധം നിലച്ച അവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ മരണം സംഭവിച്ചെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതിച്ചു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്താന്‍ തുടങ്ങവേ കൊളീന്‍ കണ്ണുതുറക്കുകയായിരുന്നു.



മതിയായ ചികിത്സ നല്‍കാതെയാണ് ആസ്പത്രിയധികൃതര്‍ രോഗി മരിച്ചതായി പ്രഖ്യാപിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് പിഴശിക്ഷ വിധിച്ചത്.

മുഖസൗന്ദര്യത്തിന് 'ഒച്ച് തെറാപ്പി'

ഒച്ചുകള്‍ മുഖത്ത് ഇഴയുന്നതിനെക്കുറിച്ച് അറപ്പും പേടിയുമില്ലാതെ ചിന്തിക്കാനാകുമോ? എങ്കില്‍, പരസ്യത്തില്‍ പറയുംപോലെ 'മുഖസൗന്ദര്യം നിങ്ങളെ തേടിവരും'. ജപ്പാനിലെ ഒരു ബ്യൂട്ടി പാര്‍ലറാണ് മുഖസൗന്ദര്യം സംരക്ഷിക്കാന്‍ 'ഒച്ച് തെറാപ്പി'യുമായി രംഗത്തുവന്നിരിക്കുന്നത്.



മൃതകോശങ്ങള്‍ നീക്കാനും മുഖക്കുരുവിന് കാരണമായ ചെറുസുഷിരങ്ങള്‍ വൃത്തിയാക്കി യൗവനം തിരികെപ്പിടിക്കാനും ഒച്ചുകളെ വെറും അഞ്ചു മിനിറ്റ് സ്വതന്ത്രമായി മുഖത്ത് വിഹരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ടോക്കിയോയിലെ 'സിസ് ലാബോ' എന്ന ബ്യൂട്ടിപാര്‍ലറിന്റെ വക്താവ് മനാമി തകാമുര പറയുന്നത്.



ഒച്ചുകള്‍ പുറപ്പെടുവിക്കുന്ന പശിമയുള്ള ദ്രവം പഴകിയ കോശങ്ങള്‍ നീക്കംചെയ്യുകയും വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അകറ്റുകയും ചെയ്യും. മുഖത്ത് ഈര്‍പ്പമുണ്ടാക്കാനും ഈ ദ്രവം സഹായിക്കും. ഒച്ചിന്റെ ദ്രവത്തിന് ത്വക്കിനെ വാര്‍ധക്യബാധയില്‍നിന്ന് സംരക്ഷിക്കാനാകുമെന്നാണ് വിശ്വാസം. വിപണിയില്‍ വില്‍ക്കുന്ന ചില സൗന്ദര്യസൗരക്ഷണ വസ്തുക്കളില്‍ ഒച്ചില്‍നിന്നുള്ള സത്ത് ഉപയോഗിക്കുന്നുമുണ്ട്.



ഒച്ചുകളെ മുഖത്തു വെക്കുമ്പോള്‍ നൂറുശതമാനം ശുദ്ധമായ ദ്രവമാണ് നേരിട്ടു ലഭിക്കുന്നതെന്നും മനാമി പറയുന്നു. സിസ് ലാബോ ബ്യൂട്ടിപാര്‍ലറില്‍ ഒറ്റത്തവണ ഒച്ച് തെറാപ്പി ചെയ്യാന്‍ 10,500 യെന്‍ (ഏതാണ്ട് 6,350 രൂപ) ആണ് ഈടാക്കുന്നത്.

വാര്‍ത്ത