2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

പുകവലിച്ച്‌ വിമാനം നിലത്തിറക്കി!

പുകവലിക്കാരുടെ ഒരു കുടുംബം വിചാരിച്ചാല്‍ എന്തും നടക്കും. വേണമെങ്കില്‍ ഒരു വിമാനം പോലും നിലത്തിറക്കാന്‍ സാധിക്കും! മുന്നറിയിപ്പ്‌ അവഗണിച്ചും വിമാനത്തിനുളളില്‍ സിഗരറ്റു പുകച്ചുതളളിയ അച്‌ഛനും അമ്മയും മകനും കാരണം ഒരു വിമാനം നിലത്തിറക്കേണ്ടി വന്നു! ബര്‍മുഡയിലാണ്‌ സംഭവം നടന്നത്‌.
കാനഡയിലെ ഹാലിഫാക്‌സില്‍ നിന്ന്‌ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലേക്ക്‌ പോവുകയായിരുന്ന വിമാനത്തിലാണ്‌ 'നോണ്‍ സ്‌റ്റോപ്പ്‌' പുകവലി അരങ്ങേറിയതും യാത്ര തടസ്സപ്പെട്ടതും. ബര്‍മുഡയില്‍ വിമാനം ഇറക്കിയ ഉടന്‍ പോലീസെത്തി മൂന്ന്‌ പുകവലിക്കാരെയും അറസ്‌റ്റു ചെയ്‌തു.
വിമാനത്തില്‍ പുകവലിച്ച മൂന്ന്‌ കുടുംബാംഗങ്ങളുടേയും പാസ്‌പോര്‍ട്ട്‌ കണ്ടുകെട്ടിയിട്ടുണ്ട്‌. എന്നാല്‍ പുകവലിക്കാര്‍ മൂലം ശരിക്കും പാടുപെട്ടത്‌ മറ്റുയാത്രക്കാരാണ്‌. ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ തങ്ങിയ അവര്‍ക്ക്‌ അടുത്ത ദിവസം മാത്രമേ യാത്ര തുടരാനായുളളൂ.
സണ്‍വിംഗ്‌ എന്ന ട്രാവല്‍ കമ്പനിയുടെ വിമാനമാണ്‌ പുകവലിക്കാര്‍ മൂലം നിലത്തിറക്കേണ്ടിവന്നത്‌. കമ്പനി 40,000 ഡോളറാണ്‌ പുകവലിക്കാരുടെ കുടുംബത്തില്‍ നിന്ന്‌ നഷ്‌ടപരിഹാരമായി ആവശ്യപ്പെടുന്നത്‌. ഫെബ്രുവരി ആദ്യ വാരമാണ്‌ സംഭവം നടന്നത്‌.

വാര്‍ത്ത