കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ളതാണ് ഈ സൈക്കിള്‍. പക്ഷേ, കളിപ്പാട്ടമല്ല. 220 കിലോ ഭാരമുള്ളയാള്‍ക്കും ചവിട്ടിപ്പോകാം. വില അഞ്ഞൂറ് രൂപയില്‍ താഴെ. ഭാരം ഒമ്പത് കിലോ മാത്രം. ഇസ്രായേലി എന്‍ജിനീയര്‍ ഇസ്ഹര്‍ ഗഫ്‌നിയാണ് ഇതിന്റെ നിര്‍മാതാവ്. കടലാസ് മടക്കി രൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് കലയാണ് കാര്‍ഡ്‌ബോര്‍ഡ് സൈക്കിളിന്റെ അടിസ്ഥാന തത്വം
പലതരം ഹൈഎന്‍ഡ് ബൈക്കുകള്‍ സ്വന്തമായുള്ള അമേച്വര്‍ സൈക്ലിസ്റ്റാണ് ഗഫ്‌നി. സൈക്കിളും ഹൈഎന്‍ഡായിക്കൊണ്ടിരിക്കുമ്പോഴാണ് കാര്‍ഡ്‌ബോര്‍ഡ് സൈക്കിള്‍ എന്ന ആശയം അദ്ദേഹത്തിന്റെ തലയിലുദിച്ചത്. മൂന്ന് വര്‍ഷത്തെ പരിശ്രമം കൊണ്ട് അത് യാഥാര്‍ഥ്യമായി.
ഒരാളുടെ ഭാരം താങ്ങാനാവുന്ന കാര്‍ഡ്‌ബോര്‍ഡുണ്ടാക്കുകയായിരുന്നു ആദ്യ പടി. പഴയ കടലാസുകള്‍ സംസ്‌ക്കരിച്ചുണ്ടാക്കിയ കാര്‍ഡ്‌ബോര്‍ഡ് പലതായി മടക്കി കട്ടികൂട്ടി. പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു നനയാത്ത, ഉരുകാത്ത കാര്‍ബോര്‍ഡിന്റെ നിര്‍മാണം. അതിനെ വാര്‍ണിഷടിച്ച് മനോഹരമാക്കി. ഇതിന്റെ ഒരു കഷണം മാസങ്ങളോളം വാട്ടര്‍ ടാങ്കിലിട്ടായിരുന്നു ഗുണനിലവാരം ഉറപ്പാക്കല്‍. പിന്നീടായിരുന്നു സൈക്കിള്‍ നിര്‍മാണം.
\സൈക്കിളിന്റെ ഫ്രെയിം, ചക്രങ്ങള്‍, ഹാന്‍ഡില്‍, സീറ്റ് എന്നിവയും കാര്‍ഡ്‌ബോര്‍ഡുകൊണ്ടുണ്ടാക്കി. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുകൊണ്ടുള്ളതാണ് പെഡല്‍. റീസൈക്കിള്‍ ചെയ്ത വസ്തുക്കളാണ് ബ്രെയ്ക്കുണ്ടാക്കാനും ഉപയോഗിച്ചിട്ടുള്ളത്. ഇവയെന്തെന്ന് ഗഫ്‌നി വെളിപ്പെടുത്തിയിട്ടില്ല. വൈദ്യുതി മോട്ടോര്‍ ഘടിപ്പിക്കാനുള്ള സൗകര്യവും സൈക്കിളിലുണ്ട്.തിര്‍ന്നവര്‍ക്കുള്ള സൈക്കിളിന് ഒമ്പതുകിലോയെ ഭാരം വരൂ. വില ഏതാണ്ട് പത്ത് ഡോളര്‍ (ഏകദേശം 480 രൂപ). കുട്ടികളുടെ സൈക്കിളും ഉണ്ടാക്കിയിട്ടുണ്ട് ഗഫ്‌നി. മൂന്നരക്കിലോ ഭാരമുള്ള ഇതിന് ആറ് ഡോളറേ (ഏകദേശം 164 രൂപ) വിലയുള്ളൂ. ദരിദ്ര രാജ്യങ്ങളിലാണ് ഗഫ്‌നി വിപണി ലക്ഷ്യംവെക്കുന്നത്.
സൈക്കിള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ വേണ്ട തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഇസ്രായേലി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ഇ.ആര്‍.ബി. സകലസഹായവുമായി ഗഫ്‌നിക്കൊപ്പമുണ്ട്.