2011, മാർച്ച് 5, ശനിയാഴ്‌ച

മുട്ടയ്‌ക്കുള്ളില്‍ മുട്ട

ഒരു മുട്ടയ്‌ക്കു പകരം രണ്ടു മുട്ട കിട്ടിയ അത്ഭുതത്തിലാണ്‌ ജോണ്‍ ഫെല്ലോ. അറുപത്തിയെട്ടുകാരനായ ജോണ്‍ പ്രഭാത ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു. പതിവുള്ള ഓംലെറ്റിനായി മുട്ട പൊട്ടിച്ചതായിരുന്നു ജോണ്‍. എന്നാല്‍, പാത്രത്തിലേക്കു വീണതോ മറ്റൊരു മുട്ടയും. ഇംഗ്ലണ്ടിലെ വേമൗത്തിലാണ്‌ സംഭവം. സ്‌ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പിംഗ്‌ സെന്ററില്‍നിന്നാണ്‌ ജോണ്‍ ഈ മുട്ടയും വാങ്ങിയത്‌. എന്നാല്‍, അപൂര്‍വമായ പ്രകൃതി പ്രതിഭാസമാണെന്നും എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്ന്‌ വ്യക്‌തമായി കണ്ടെത്തിയിട്ടില്ലെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌.

കാന്തികശക്‌തിയുള്ള ബാലന്‍

ലോഹങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവ്‌ കാന്തിക വസ്‌തുക്കള്‍ക്കുണ്ട്‌. മനുഷ്യനും ഇങ്ങനെ ലോഹങ്ങളെ ആകര്‍ഷിക്കാന്‍ തുടങ്ങിയാലോ. കാന്തിക മനുഷ്യനെന്നു വിളിക്കാം. അങ്ങനെയെങ്കില്‍ സെര്‍ബിയക്കാരനായ ബോഗ്‌ദാന്‍ എന്ന ഏഴുവയസുകാരനെ കാന്തിക ബാലനെന്നു വിളിക്കേണ്ടിവരും. കാരണം, ബോഗ്‌ദാന്‍ കാന്തിക ശക്‌തിയുള്ള മനുഷ്യനാണ്‌. ചെറിയ സ്‌പൂണുകളും, കത്തികളും ടിവി റിമോര്‍ട്ടും എന്തിന്‌ ഫ്രൈയിംഗ്‌പാന്‍പോലും ഈ കുഞ്ഞു ശരീരത്തിന്റെ ആകര്‍ഷണ ശക്‌തിയാല്‍ ശരീരത്തോട്‌ ഒട്ടിയിരിക്കും. ബോഗ്‌ദാന്‍ വരുമ്പോള്‍ സമീപത്തുള്ള ലോഹങ്ങള്‍ പാഞ്ഞടുത്തു ശരീരത്തോട്‌ ഒട്ടിച്ചേരുകയില്ല. ഇവ ഈ ബാലന്റെ ശരീരത്തില്‍ ചേര്‍ത്തുവയ്‌ക്കണമെന്നുമാത്രം. പശയൊന്നും വേണ്ട. ഒട്ടിയങ്ങിരിക്കും. പിന്നെ ഒരിത്തിരി ബലം കൊടുത്ത്‌ പറിച്ചെടുക്കണമെന്നുമാത്രം. ബോഗ്‌ദാന്റെ ഈ കാന്തിക ശക്‌തികാരണം വൈദ്യുതി വസ്‌തുക്കളുടെ സമീപത്തേക്ക്‌ ഈ ബാലനെ വീട്ടുകാര്‍ വിടാറില്ല. ടെലിവിഷന്റെയും കംപ്യൂട്ടറിന്റെയും മുമ്പില്‍ ബോഗ്‌ദാന്‍ എത്തിയാല്‍ ഇവ തനിയെ ഓഫായി പോകുമെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌.

ലക്‌ചര്‍ നോട്ടെഴുതാന്‍ സെക്‌സ്‌ ബുക്ക്‌

ഷെറിദാന്‍ സിമോവ്‌- ഈ പേരിപ്പോള്‍ ഇംഗ്ലണ്ടില്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമതാണ്‌. ഹാരിപോട്ടറെയും മറ്റു വിഖ്യാത പുസ്‌തകങ്ങളെയുമൊക്കെ കടത്തിവെട്ടി മുന്നേറുന്ന പുസ്‌തകത്തിന്റെ രചയിതാവാണ്‌ സിമോവ്‌. വാട്ട്‌ എവരി മാന്‍ തിങ്ക്‌ എബൗട്ട്‌ എപ്പാര്‍ട്ട്‌ ഫ്രം സെക്‌സ് എന്നാണ്‌ പുസ്‌തകത്തിന്റെ പേര്‌്. ലൈംഗികതയെ മാറ്റിനിര്‍ത്തിയാല്‍ പുരുഷന്‍ എന്താണു ചിന്തിക്കുന്നത്‌ എന്നതിനെക്കുറിച്ചാണ്‌ തന്റെ പുസ്‌കതമെന്നാണ്‌ സിമോവിന്റെ അവകാശവാദം. 200 പേജുള്ള ഈ പുസ്‌കത്തിന്റെ വില 330 രൂപയാണ്‌. പക്ഷേ, ഈ 200 പേജുകളിലും ഒരു വാക്കുപോലും അച്ചടിച്ചിട്ടില്ലെന്നതാണ്‌ പ്രത്യേകത. നിരവധി വര്‍ഷങ്ങളായി ഈ വിഷയത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടും പഠിച്ചിട്ടും ഒന്നു കണ്ടെത്താനായിട്ടില്ലെന്നും അതിനാലാണ്‌ പുസ്‌തകത്തിന്റെ പേജുകള്‍ ശൂന്യമാക്കിയിട്ടിരിക്കുന്നതെന്നാണ്‌ സിമോവ്‌ പറയുന്നത്‌. സിമോവിന്റെ പുസ്‌തകം കോളജ്‌ വിദ്യാര്‍ഥികള്‍ ലക്‌ചര്‍ നോട്ട്‌ എഴുതാനാണ്‌ വാങ്ങിക്കുട്ടുന്നതെന്നാണ്‌ പ്രസാധകര്‍ പറയുന്നത്‌. ബ്രിട്ടണിലെ കോളജ്‌ കാമ്പസുകളില്‍ ഈ ബുക്ക്‌ വാങ്ങി നോട്ടെഴുതുന്നതാണ്‌ ഇപ്പോഴത്തെ ഫാഷന്‍. വന്‍തോതില്‍ കോളജ്‌ വിദ്യാര്‍ഥികള്‍ ബുക്ക്‌ വാങ്ങിക്കൂട്ടുന്നതിനാല്‍ വില്‍പ്പനയില്‍ റിക്കോഡ്‌ സൃഷ്‌ടിച്ച്‌ സിമോവിന്റെ ബുക്ക്‌ മുന്നേറുകയാണെന്നാണ്‌ പുസ്‌തക വില്‍പ്പനക്കാര്‍ പറയുന്നത്‌.

ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍...

അന്തരിച്ച മലയാള സിനിമാ താരം ജയന്റെ കൈയില്‍ ഒരു മുതലയെ കിട്ടിയാല്‍ എന്തു സംഭവിക്കും. ജയന്‍ അതുമായി ഗുസ്‌തിപിടിക്കും. ലോകത്ത്‌ ജയനുമാത്രം സാധിക്കുന്നൊരു ജോലിയാണ്‌ മുതലയുമായുള്ള ഗുസ്‌തിപിടിത്തമെന്നാണ്‌ മലയാളികള്‍ കരുതിയിരുന്നത്‌. എന്നാല്‍, തായ്‌്ലന്‍ഡിലെ ഒരു മൃഗശാലയില്‍ ഒറിജിനല്‍ മുതല ഗുസ്‌തിക്കാരുണ്ട്‌. ബാംങ്കോഗിലെ സാംഫ്രാന്‍ എലിഫന്റ്‌ ഗ്രൗണ്ട്‌ ആന്‍ഡ്‌ സൂ എന്ന മൃഗശാലയിലാണ്‌ മുതല ഗുസ്‌തിക്കാരുള്ളത്‌. 1985 മുതല്‍ ഇവിടെ മുതലയും മനുഷ്യരും തമ്മിലുള്ള ഗുസ്‌തി സന്ദര്‍ശകര്‍ക്കായി നടത്തി വരുന്നുണ്ട്‌. സോംഫ്‌പൊ എന്ന ഇരുപത്തിരണ്ടുകാരനാണ്‌ ഇപ്പോള്‍ ഈ മൃഗശാലയിലെ ജയന്‍. മുതലയുമായി കരണം മറിയുക. മുതലയുടെ വായ്‌ ബലമായി പിടിച്ചു തുറക്കുക, തുറന്നിരിക്കുന്ന മുതല വായില്‍ തലവയ്‌ക്കുക തുടങ്ങിയ ഞെട്ടിക്കല്‍ ഐറ്റങ്ങളാണ്‌ ഈ തായ്‌്ലന്‍ഡ്‌ ജയന്‍ ചെയ്യുന്നത്‌. ഒരു മണിക്കൂറോളം നേരം നീണ്ടുനില്‍ക്കുന്നതാണ്‌ ഈ ഗുസ്‌തി.

ബാറ്ററിയില്‍ ഓടുന്ന ഒറ്റചക്രവാഹനം

നഗരത്തിരക്കുകളില്‍ കുടുങ്ങാതെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഒരു ഒറ്റചക്രവാഹനം. സോളോവീല്‍ എന്നാണ്‌ ഇതിന്റെ പേര്‌. ചക്രവും അതിന്റെ മുകളില്‍ ഒരാള്‍ക്കു കയറിനിന്നു സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലുമാണ്‌ ഈ വാഹനം തയാറാക്കിയിരിക്കുന്നത്‌. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സോളോവീലിനു കഴിയും. ആയിരം വാട്ടിന്റെ ബാറ്ററിയുടെ സഹായത്തോടെയാണ്‌ ഇവന്റെ സഞ്ചാരം. ഈ ഒറ്റവീല്‍ വാഹനത്തില്‍ കയറി മുന്നോട്ട്‌ ആഞ്ഞാല്‍ ഇവന്‍ ഓടിത്തുടങ്ങും. പുറകോട്ടാഞ്ഞാലോ ഇവന്‍ നില്‍ക്കും. തിരിയുകയും വളയുകയുമൊക്കെ ചെയ്യാം. പക്ഷേ, അല്‌പം ബാലന്‍സുണ്ടാകണമെന്നാണ്‌ കമ്പനി പറയുന്നത്‌. 45 മിനിട്ട്‌ ചാര്‍ജു ചെയ്‌താല്‍ രണ്ടു മണിക്കൂര്‍ ഈ ഒറ്റ ചക്രവാഹനത്തില്‍ സഞ്ചരിക്കാമെന്നാണ്‌ കമ്പനിയുടെ വാഗ്‌ദാനം. അത്യാവശ്യം കയറ്റങ്ങളൊക്കെ ഈ കുഞ്ഞന്‍ കയറിക്കോളും. ഷേന്‍ ചെന്‍ എന്ന അമ്പത്തിനാലുകാരനായ ഈ ഒറ്റചക്രവാഹനം വികസിപ്പിച്ചെടുത്തത്‌. ഒമ്പതു കിലോമാത്രം ഭാരമുള്ള ഇവനെ ഒരു ചെറിയ ബാഗു കണക്കേ എവിടെയും കൈയില്‍ തൂക്കി കൊണ്ടുനടക്കാനാവും. പക്ഷേ, ഏതാണ്ട്‌ 70,000 രൂപയാണ്‌ ഇവന്റെ വില. അമേരിക്കയില്‍ മാത്രമാണ്‌ ഇപ്പോള്‍ സോളോവീല്‍ ലഭിക്കുന്നത്‌.

വാര്‍ത്ത