
അന്തരിച്ച മലയാള സിനിമാ താരം ജയന്റെ കൈയില്‍ ഒരു മുതലയെ കിട്ടിയാല്‍ എന്തു സംഭവിക്കും. ജയന്‍ അതുമായി ഗുസ്‌തിപിടിക്കും. ലോകത്ത് ജയനുമാത്രം സാധിക്കുന്നൊരു ജോലിയാണ് മുതലയുമായുള്ള ഗുസ്‌തിപിടിത്തമെന്നാണ് മലയാളികള്‍ കരുതിയിരുന്നത്. എന്നാല്‍, തായ്‌്ലന്‍ഡിലെ ഒരു മൃഗശാലയില്‍ ഒറിജിനല്‍ മുതല ഗുസ്‌തിക്കാരുണ്ട്. ബാംങ്കോഗിലെ സാംഫ്രാന്‍ എലിഫന്റ് ഗ്രൗണ്ട് ആന്‍ഡ് സൂ എന്ന മൃഗശാലയിലാണ് മുതല ഗുസ്‌തിക്കാരുള്ളത്. 1985 മുതല്‍ ഇവിടെ മുതലയും മനുഷ്യരും തമ്മിലുള്ള ഗുസ്‌തി സന്ദര്‍ശകര്‍ക്കായി നടത്തി വരുന്നുണ്ട്.
സോംഫ്‌പൊ എന്ന ഇരുപത്തിരണ്ടുകാരനാണ് ഇപ്പോള്‍ ഈ മൃഗശാലയിലെ ജയന്‍. മുതലയുമായി കരണം മറിയുക. മുതലയുടെ വായ് ബലമായി പിടിച്ചു തുറക്കുക, തുറന്നിരിക്കുന്ന മുതല വായില്‍ തലവയ്‌ക്കുക തുടങ്ങിയ ഞെട്ടിക്കല്‍ ഐറ്റങ്ങളാണ് ഈ തായ്‌്ലന്‍ഡ് ജയന്‍ ചെയ്യുന്നത്. ഒരു മണിക്കൂറോളം നേരം നീണ്ടുനില്‍ക്കുന്നതാണ് ഈ ഗുസ്‌തി.