2011, മാർച്ച് 15, ചൊവ്വാഴ്ച

പ്രേമിച്ചോളൂ, വിവാഹം കഴിക്കരുത്‌!

പ്രേമിച്ചോളു, പക്ഷേ, വിവാഹം കഴിക്കരുത്‌. കാരണം പ്രേമ വിവാഹങ്ങള്‍ക്കു ആയൂസ്‌ കുറയും. ലോകപ്രസിദ്ധമായ ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി വര്‍ഷങ്ങളോളം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയതാണിത്‌. എന്നാല്‍, മാതാപിതാക്കളും മറ്റു ചേര്‍ന്നു നിശ്‌ചിക്കുന്ന വിവാഹമാകാം. കാരണം, ഈ വിവാഹബന്ധം ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്നും ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി പറയുന്നു. ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോ. റോബര്‍ട്ട്‌ എപ്‌സ്റ്റിന്‍ എട്ടു വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങളിലാണ്‌ പ്രേമവിവാഹങ്ങള്‍ അല്‌പായൂസുകളാണെന്നു കണ്ടെത്തിയത്‌. പ്രേമവിവാഹങ്ങള്‍ അഭിനിവേശത്തിന്റെ ആവേശത്താല്‍ നടക്കുന്നവയാണെന്നും വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ പ്രണയം കുറയുകയും അകല്‍ച്ചയുണ്ടാവുകയും ചെയ്യുമെന്നാണ്‌ ഡോ. റോബര്‍ട്ട്‌ പറയുന്നത്‌. ഇത്‌ വിവാഹബന്ധത്തിന്റെ തകര്‍ച്ചയിലേക്കു നയിക്കുമെന്നും ഡോ. റോബര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അറേഞ്ച്‌ഡ് മാരേജില്‍ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. കുടുംബ ബന്ധം, ജോലി, സാമ്പത്തികം, സാമൂഹികാവസ്‌ഥ, വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ്‌ അറേഞ്ച്‌ഡ് മാരേജ്‌. ഈ വിവാഹത്തിലൂടെ ഒരുമിക്കുന്ന ദമ്പതികള്‍ മെല്ലെമെല്ലെ അടുക്കുകയും പരസ്‌പരം മനസിലാക്കുകയും ചെയ്യും. ഇത്‌ നാള്‍ക്കുനാള്‍ ഇവരുടെ ബന്ധത്തെ സുദൃഢമാക്കുമെന്നുമാണ്‌ ഡോ. റോബര്‍ട്ടിന്റെ ഗവേഷണം പറയുന്നത്‌. ഇന്ത്യ, പാക്കിസ്‌താന്‍ തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തില്‍ മാതൃകയാക്കണമെന്നാണ്‌ ഡോ. റോബര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌. ഈ രാജ്യങ്ങളില്‍ അറേഞ്ച്‌ഡ് മാരേജുകളാണെന്നതാണ്‌ കാരണം.

സംസാരിക്കുന്ന കാര്‍

ശാസ്‌ത്രനോവലുകളിലും സിനിമകളിലും പരിചിതമായ സംസാരിക്കുന്ന കാര്‍ യാഥാര്‍ഥ്യമാവുന്നു. ഡ്രൈവറുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന കാറാണ്‌ നിരത്തുകള്‍ കീഴടങ്ങാന്‍ തയാറാവുന്നത്‌. വാഹന നിര്‍മാതാക്കളായ ഫോഡാണ്‌ സംസാരിക്കുന്ന സംവിധാനമുള്ള കാര്‍ രംഗത്തിറക്കുന്നത്‌. സ്‌ഥലമെത്താറായോ, അടുത്ത പെട്രോള്‍ പമ്പ്‌ എവിടെയാണ്‌ തുടങ്ങിയ നൂറുകണക്കിനു ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ ശേഷിയുള്ള സംവിധാനം സ്‌ഥാപിച്ച കാറുകള്‍ രംഗത്തിറക്കാനാണ്‌ ഫോഡിന്റെ പദ്ധതി. 19 ഭാഷകളിലെ 10,000 ഉത്തരവുകളോട്‌ പ്രതികരിക്കാന്‍ ശേഷിയുള്ളവയായിരിക്കും ഈ സംവിധാനം. മ്യൂസിക്ക്‌ സിസ്‌റ്റം, ഫോണ്‍, നാവിഗേറ്റര്‍ തുടങ്ങിയവ കാറിനോട്‌ സംസാരിച്ചുകൊണ്ട്‌ നിയന്ത്രിക്കാം. യാത്ര ചെയ്യുമ്പോള്‍ പാട്ട്‌ ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ പറയാം. കാറേ ഈ പാട്ടു മാറ്റു ഒരു അടിപൊളിപാട്ട്‌ കേള്‍പ്പിക്കൂ. ഉടനെ കാര്‍ പറയും യെസ്‌ ബോസ്‌. പിന്നെ അടിപൊളി പാട്ട്‌ കേട്ട്‌ യാത്രയാവാം. കാറിലുള്ള ആധുനിക സംവിധാനങ്ങളോട്‌ ഈ സംസാര സംവിധാനം കൂട്ടിയിണക്കിയാണ്‌ ഫോഡ്‌ കാറുകള്‍ രംഗത്തിറക്കുന്നത്‌. നിലവില്‍ ചില അത്യാഡംബര കാറുകളില്‍ ഡ്രൈവറുടെ സംഭാഷണം കേട്ട്‌ പ്രവര്‍ത്തിക്കുന്ന സംവിധാനമുണ്ടെങ്കിലും അത്‌ അത്ര കാര്യക്ഷമമല്ല. ഫോഡ്‌ ഫോക്കസ്‌ എന്ന മോഡലിലായിരിക്കും ഈ സംവിധാനം ആദ്യം നടപ്പാക്കുക. അടുത്ത വര്‍ഷമേ ഈ സംവിധാനമുള്ള കാര്‍ ഫോഡ്‌ രംഗത്തിറക്കൂ.

പ്രണയചിഹ്നമുള്ള പെന്‍ഗ്വിന്‍

നെഞ്ചില്‍ ഹൃദയചിഹ്നമുള്ള പെന്‍ഗ്വിന്‍ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്‌ സൂ ഫ്‌ളൂഡ്‌ എന്ന പ്രകൃതി ഫോട്ടോഗ്രാഫര്‍. എംപറര്‍ പെന്‍ഗ്വിന്‍ ഇനത്തില്‍പ്പെട്ടതാണ്‌ പ്രണയ ചിഹ്നധാരിയായ ഈ കുഞ്ഞന്‍ പെന്‍ഗ്വിന്‍. 20 വര്‍ഷമായി പെന്‍ഗ്വിനുകളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫറാണ്‌ സൂ. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞിലൂടെ ദിവസങ്ങളോളം പെന്‍ഗ്വിനുകളുടെ ചിത്രങ്ങള്‍ എടുക്കാനായി സൂ അലഞ്ഞു നടന്നിട്ടുണ്ട്‌. എന്നാല്‍, ആദ്യമായാണ്‌ ഹൃദയ ചിഹ്നം ശരീരത്തിലുള്ള ഒരു പെന്‍ഗ്വിനിനെ കാണുന്നത്‌. ഹൃദയചിഹ്നധാരിയായ ഈ പെന്‍ഗ്വിനാണ്‌ ജന്തുശാസ്‌ത്ര ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. പ്രകൃതിയുടെ അപൂര്‍വമായ പ്രതിഭാസമായാണ്‌ ശാസ്‌ത്രജ്‌ഞര്‍ ഇതിനെ നിരീക്ഷിക്കുന്നത്‌.

രോഗപ്രതിരോധത്തിനു മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍

മുട്ടകള്‍ ആരോഗ്യത്തിനു നല്ലതാണ്‌. എന്നാല്‍, മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നതോ? രോഗങ്ങള്‍ തടയുമെന്നാണ്‌ ചൈനക്കാര്‍ പറയുന്നത്‌. കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ക്കേ ഈ ഗുണമുള്ളൂ. കിഴക്കന്‍ ചൈനയുടെ ഷെജിയാംങ്‌ പ്രവശ്യയിലെ ഡോംഗ്‌്യാംഗിലാണ്‌ കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നത്‌. നൂറുകണക്കിനു വര്‍ഷങ്ങളായി കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങുന്ന മുട്ടകള്‍ ഈ പ്രദേശവാസികള്‍ ഉപയോഗിക്കുന്നുണ്ട്‌. പക്ഷേ, ഇപ്പോള്‍ ഇത്‌ ചൈനീസ്‌ സംസ്‌കാരത്തിന്റെ ഭാഗമായി ലോകം മുഴുവന്‍ പ്രചാരത്തിലാക്കാന്‍ തയാറെടുക്കുകയാണ്‌ അധികൃതര്‍. 10 വയസില്‍ താഴെയുള്ള കുട്ടികളുടെ മൂത്രത്തിലാണ്‌ ഈ മുട്ടകള്‍ പുഴുങ്ങുന്നത്‌. സ്‌കൂളുകളില്‍നിന്നു രാവിലെയാണ്‌ ഇവിടത്തുകാര്‍ മൂത്രം ശേഖരിക്കുന്നത്‌. മൂത്രത്തില്‍ പുഴുങ്ങിയെടുക്കുന്ന മുട്ട പിന്നീട്‌ തൊടുപൊളിച്ച്‌ ഒരു ദിവസം സൂക്ഷിക്കും. ഇതിനുശേഷമേ ഉപയോഗിക്കൂ. ഈ മുട്ടകള്‍ ആരോഗ്യത്തിനു നല്ലതാണെന്നുമാത്രമല്ല രുചികരവുമാണെന്നാണ്‌ ഡോംഗ്‌യാംഗുകാര്‍ പറയുന്നത്‌. പനിപോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത്‌ ഉചിതമാണെന്നും ഇത്തരം മുട്ടകള്‍ ദിവസവും കഴിക്കുന്നത്‌ ഉറക്കത്തിനു നല്ലതാണെന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. ഇത്തരം മുട്ടകള്‍ ലോകമെങ്ങും വന്‍തോതില്‍ കയറ്റുമതി ചെയ്യാനുള്ള തയാറെടുപ്പിലാണ്‌ ഡോംഗ്‌യാംഗുകാര്‍

വാര്‍ത്ത