2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

വാവസുരേഷിന്‌ മുമ്പില്‍ രാജവെമ്പാലയും പത്തി താഴ്‌ത്തും

 കോന്നി: വാവസുരേഷിനെ കണ്ടാല്‍ ഏത്‌ രാജവെമ്പാലയും പത്തിതാഴ്‌ത്തും. കേരളത്തിലെ പ്രശസ്‌തനായ പാമ്പുപിടുത്തക്കാരന്‍ വാവസുരേഷിന്‌ പാമ്പുകളോടുള്ള പ്രണയം തന്റെ 12-ാമത്തെ വയസില്‍ തുടങ്ങിയതാണ്‌. ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വീടിന്‌ സമീപത്തെ വയലിലൂടെ നടന്നുപോകുമ്പോഴാണ്‌ മാളത്തിലൊളിക്കുന്ന മൂര്‍ഖന്‍ വാവയുടെ ദൃഷ്‌ടിയില്‍പ്പെടുന്നത്‌. പിന്നിട്‌ ഒട്ടും വൈകിയില്ല. സാഹസികമായി മൂര്‍ഖനെ പിടികൂടി. വീട്ടില്‍ കൊണ്ടുപോകണമെന്ന്‌ അതിയായ ആഗ്രഹം മനസിലുണ്ടായിരുന്നെങ്കിലും വീട്ടുകാരെ ഭയന്ന്‌ പിന്നീട്‌ മൂര്‍ഖനെ ഉപേക്ഷിച്ച വാവ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പാമ്പുപിടുത്തം തുടരുകയാണ്‌.

ഇതുവരെ 10,500 ഓളം പാമ്പുകളെയാണ്‌ വാവ പിടികൂടി വിട്ടയച്ചിട്ടുള്ളത്‌. കഴിഞ്ഞ ഡിസംബര്‍- ജനുവരി മാസങ്ങളില്‍ 450ലേറെ മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും 90 അണലികളെയും അടക്കം 650 ഓളം പാമ്പുകളെ വനപാലകരുടെ നിര്‍ദ്ദേശപ്രകാരം നെയ്യാര്‍ഡാം വനത്തില്‍ വിട്ടയച്ചു. എല്ലാ മാസവും ഇത്‌ തുടരുന്നുണ്ട്‌. എന്നാല്‍ 25 വര്‍ഷത്തിനിടെ എട്ട്‌ രാജവെമ്പാലകളെ മാത്രമാണ്‌ വാവയ്‌ക്ക് പിടികൂടാനായത്‌. ഇതില്‍ 5 എണ്ണവും പത്തനംതിട്ട ജില്ലയില്‍നിന്നുമാണ്‌. മൂഴിയാറില്‍നിന്ന്‌ രണ്ടും, കോന്നി പെരിഞ്ഞോട്ടയ്‌ക്കല്‍, കോന്നി താവളപ്പാറ, കോന്നി, കുമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്‌ അഞ്ച്‌ രാജവെമ്പാലകളെ പിടികൂടുന്നത്‌.

രാജവെമ്പാലകളില്‍ ഏറ്റവും വലിയ രാജവെമ്പാലയെ പിടികൂടുന്നത്‌ കുളത്തൂപ്പുഴ മടത്തറയില്‍നിന്നുമാണ്‌. പതനഞ്ചരയടി നീളമായിരുന്നു ഇതിന്‌. ഏറ്റവും പ്രായം കുറഞ്ഞ രാജവെമ്പാലയെ പിടിക്കുന്നത്‌ ഇന്നലെ കുമ്മണ്ണൂരില്‍നിന്നുമാണ്‌. മൂന്ന്‌ വയസ്‌ മാത്രമായിരുന്നു ഇതിന്‌ പ്രായം. ഇരുപത്തിയൊന്നാമത്തെ വയസിലാണ്‌ ആദ്യമായി പാമ്പുകടിയേല്‍ക്കുന്നത്‌് ഇതുള്‍പ്പെടെ നൂറിലധികം പാമ്പുകള്‍ വാവയെ കടിച്ചിട്ടുണ്ടെങ്കിലും അഞ്ചുതവണ മാത്രമാണ്‌ നില ഗുരുതരമായ ഘട്ടം ഉണ്ടായിട്ടുള്ളത്‌. നാലുതവണ മൂര്‍ഖന്റെയും, ഒരു തവണ അണലിയുടെയും കടിയാണ്‌. മൂന്നുതവണ വെന്റിലേറ്ററിലും, രണ്ട്‌ തവണ ഐ.സി.യുവിലും വാവയെ കിടത്തിയത്‌.

മറ്റ്‌ ജോലികള്‍ ഒന്നും ചെയ്യാന്‍ വാവയ്‌ക്ക് സമയം കിട്ടാറില്ല. ദിവസവും 15 ല്‍ കുറയാത്ത ഫോണ്‍ കോളുകളാണ്‌ പാമ്പുകളെ പിടിക്കാനായി വാവയ്‌ക്ക് എത്തുന്നത്‌. എല്ലായിടത്തും എത്തിച്ചേരാന്‍പോലും സമയം തികയാറില്ലെങ്കിലും പരമാവധി എത്താന്‍ ശ്രമിക്കാറുണ്ടെന്ന്‌ വാവ പറയുന്നു. തന്റെ വിയര്‍പ്പിന്റെ ഗന്ധം നാക്കുകൊണ്ട്‌ പാമ്പുകള്‍ തിരിച്ചറിയുന്നുണ്ടെന്ന്‌ വാവ അവകാശപ്പെടുന്നു.

25 വര്‍ഷത്തെ പാമ്പുപിടിത്ത ജീവിതത്തില്‍ മറക്കാനാവാത്ത സംഭവം മൂന്നുമാസം മുമ്പാണുണ്ടായത്‌. വനപാലകരോടൊപ്പം 100 പാമ്പുകളെ നെയ്യാര്‍ാമില്‍ വിട്ടയയ്‌ക്കാന്‍ പോയിരുന്നു. വനത്തില്‍ ഇവയെ ഉപേക്ഷിച്ചശേഷം തിരികെ തങ്ങള്‍ വന്ന ബോട്ടിന്‌ സമീപം എത്തിയപ്പോള്‍ വിട്ടയച്ച കൂട്ടത്തിലുള്ള ഒരു പാമ്പ്‌ ഇവരെ കാത്തുനില്‍ക്കുന്നു. പാമ്പിനെ തടവി യാത്രചോദിച്ച്‌ ബോട്ടില്‍ കയറിയപ്പോള്‍ പാമ്പ്‌ തനിയെ വനത്തിനുള്ളിലേക്ക്‌ കടന്നുപോയി. ഇത്‌ മറക്കാന്‍ കഴിയാത്ത സംഭവമാണെന്ന്‌ വാവ പറയുന്നു.തിരുവനന്തപുരം ശ്രീകാര്യം ചെറുവക്കല്‍ തേരുവിളയില്‍ ബാഹുലന്റെയും കൃഷ്‌ണമ്മയുടെയും മൂന്നാമത്തെ മകനായ വാവ സുരേഷ്‌ ശിഷ്‌ടജീവിതവും പാമ്പുകള്‍ക്കായി ഒഴിഞ്ഞുവച്ചിരിക്കുകയാണ്‌.

അമ്പോ! ഇവനൊരു വമ്പന്‍‍

 സ്‌റ്റ്യൂയി ഒരു സാധാരണ പൂച്ചയല്ല. ഇവന്‍ പൂച്ചകളില്‍ പുലിയാണ്‌. കാരണം ലോകത്തിലെ ഏറ്റവും നീളമേറിയ വളര്‍ത്തുപൂച്ചയാണ്‌ കക്ഷി. നാലടിയാണ്‌ ഇവന്റെ നീളം. കൃത്യമായി കണക്കാക്കിയാല്‍ 48.5 ഇഞ്ച്‌ നീളം. മൂക്കുമുതല്‍ വാലിന്റെ തുമ്പുവരെയുള്ള നീളമാണിത്‌.സാധാരണ പൂച്ചകള്‍ സ്‌റ്റ്യുയിനെ കണ്ടാല്‍ ആ പരിസരത്തെന്നല്ല ആ സംസ്‌ഥാനത്തുപോലും പ്രവേശിക്കില്ല. കാരണം ശരാശരി ഒരു പൂച്ചയുടെ നീളം 18 ഇഞ്ചാണ്‌. അപ്പോള്‍ സാദാ പൂച്ചകള്‍ ഓടിയൊളിക്കേണ്ടേ. റോബിന്‍ ഹെന്‍ഡ്രിക്‌സണും എറിക്‌ ബ്രാന്‍ഡ്‌സ്നെസുമാണ്‌ ഇവന്റെ ഉടമകള്‍. അഞ്ചു വയസാണ്‌ ഇവന്റെ പ്രായം.

മുതലയെ തിന്നും പിരാന!!

 മനുഷ്യരെ തിന്നുന്ന പിരാന മത്സ്യങ്ങളുടെ കഥകള്‍ നിരവധിയുണ്ട്‌. മുന്നില്‍വന്നുപെടുന്ന ജീവികളെ നിമിഷങ്ങള്‍ കൊണ്ട്‌ തിന്നുതീര്‍ക്കുന്ന ഇവയുടെ കഥകള്‍ ആഫ്രിക്കന്‍ വന്‍കരകളില്‍ അത്ര പുതുമയല്ല. എന്നാല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പര്യടനം നടത്തിയിരുന്ന ജെറെമി വേഡിന്‌ ഇവയുടെ കഥകള്‍ അത്ര പരിചിതമല്ലായിരുന്നു. അമ്പത്തിരണ്ടുകാരനായ ജെറെമി സാധാരണ പര്യടനംനടത്തുന്ന എല്ലാ സഞ്ചാരികളേയും പോലെ കോംഗോ നദിയില്‍ മീന്‍ പിടിക്കാന്‍ പോയി.

എന്നാല്‍, ജെറെമിയുടെ വലയില്‍ കുടുങ്ങിയത്‌ സാധാരണ മീനൊന്നുമല്ലായിരുന്നു. ഒരു കൂറ്റന്‍ പിരാന മത്സ്യമായിരുന്നു. അഞ്ചടി നീളവും അമ്പതു കിലോയോളം തൂക്കവുമുള്ള ഒരു വമ്പന്‍ പിരാന. അസാധാരണമായേ ഇത്തരം വലിയ പിരാനകളെ പിടികൂടാറുള്ളൂ. പിരാനയെ പിടിച്ചതും ജെറെമിനൊരു മോഹം അവനെ കൈയിലേന്തി ഫോട്ടോ എടുക്കണം. മുതലയെ തിന്നുന്ന പിരാനയാണ്‌ താന്‍ കൈയില്‍ പിടിച്ചിരിക്കുന്നതെന്ന ഭാവമൊന്നു ജെറെമിക്കില്ലായിരുന്നു. നാട്ടില്‍ ചെന്നാല്‍ തന്റെ വീരകൃത്യത്തെക്കുറിച്ച്‌ കാണിക്കാന്‍ തെളിവായല്ലോ എന്നേ ജെറെമി കരുതിയുള്ളൂ.

എന്നാല്‍, താന്‍ പിടികൂടിയ പിരാനയെക്കുറിച്ച്‌ അറിഞ്ഞപ്പോഴാണ്‌ ജെറെമിക്ക്‌ പേടിതേന്നിയത്‌. കൊലയാളി സ്രാവുകളെപ്പോലെയുള്ള മൂര്‍ച്ചയേറിയ 32 പല്ലുകളാണ്‌ ഈ വമ്പനുണ്ടായിരുന്നത്‌. ഇവന്റെ പല്ലെങ്ങാനും ശരീരത്തില്‍ കൊണ്ടിരുന്നെങ്കില്‍ ഹോ! ജെറെമിക്ക്‌ അത്‌ ആലോചിക്കാനേ വയ്യ. മനുഷ്യരെയും മുതലയെയും ജീവനോടെ തിന്നുന്ന പിരാനയെ പിടികൂടിയതിനാല്‍ ജെറെമി ഇപ്പോള്‍ സുഹൃത്തുക്കളുടെ മുമ്പില്‍ ഹീറോ ആയിരിക്കുകയാണ്‌

വാര്‍ത്ത