2011, ഏപ്രിൽ 6, ബുധനാഴ്‌ച

കുതിരയെ രക്ഷിക്കാന്‍ ബിയര്‍

ഡോക്‌ടര്‍മാര്‍ രക്ഷയില്ലെന്നു പറഞ്ഞ്‌ ഉപേക്ഷിച്ച കുതിരയുടെ ജീവന്‍ രക്ഷിച്ചതോ ഒരു കുപ്പി ബിയറും. ഓസ്‌ട്രേലിയയിലാണ്‌ സംഭവം. ആറുവയസുള്ള ഡയമണ്ട്‌ മൊജോ എന്ന കുതിരയാണ്‌ ബിയറിന്റെ പിന്‍ബലത്തില്‍ ജീവിതത്തിലേക്കു തിരികെയെത്തിയത്‌. ഡയമണ്ട്‌ പെട്ടെന്ന്‌ തളര്‍ച്ചബാധിച്ചു വീഴുകയായിരുന്നു. നിരവധി മൃഗഡോക്‌ടര്‍മാര്‍ പരിശോധിച്ചെങ്കിലും 24 മണിക്കൂറിനുള്ളില്‍ കുതിര മരിക്കുമെന്നു വിധിയെഴുതി കൈയൊഴിയുകയായിരുന്നു. ഉടമസ്‌ഥനായ സ്‌റ്റീവ്‌ ക്ലിബ്ബണ്‍ ഡയമണ്ടിന്റെ മരണവും പ്രതീക്ഷിച്ച്‌ അടുത്തുതന്നെ ഇരിപ്പായി. നിമിഷമങ്ങള്‍ കഴിയുന്തോറും കുതിര മരണത്തോട്‌ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ്‌ സ്‌റ്റീവ്‌ കുട്ടിക്കാലത്തു പറഞ്ഞു കേട്ട കുതിരക്കഥ ഓര്‍ത്തെടുത്തത്‌. മരണാസന്നനായ കുതിരയ്‌ക്കു ബിയര്‍ നല്‍കിയതും അവന്‍ ഉന്‍മേഷം വീണ്ടെടുത്തതുമായിരുന്നു ആ കഥയിലെ പ്രമേയം. ഡയമണ്ട്‌ എന്ന തന്റെ കുതിര എന്തായാലും മരിക്കും. അങ്ങനെയെങ്കില്‍ അവസാനമായി ഒരു കുപ്പി ബിയര്‍ കൊടുത്തുനോക്കാം. ജീവന്‍ തിരിച്ചു കിട്ടിയാലോ. ബിയര്‍ പാത്രത്തിലൊഴിച്ചു ഡയമണ്ടിനു നല്‍കി. കൂതിര ആര്‍ത്തിയോടെ ആ ബിയര്‍ മുഴുവന്‍ കുടിച്ചു തീര്‍ത്തു. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണാസന്നനായ കുതിരയുടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പഴയതിലും ഊര്‍ജസ്വലനായി സ്‌റ്റീവിനു മുമ്പിലൂടെ ഡയമണ്ട്‌ ഓടി നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ദിവസവും ഒരു കുപ്പി ബിയര്‍ സ്‌റ്റീവ്‌ തന്റെ കുതിരയ്‌ക്കു നല്‍കുന്നുണ്ട്‌.

റീചാര്‍ജിന്‌ സെക്കന്‍ഡുകള്‍

മൊബൈല്‍ ഫോണ്‍ റീചാര്‍ജു ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി! . ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണ്‌ 3ഡി നാനോസ്‌ട്രക്‌ചര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയുടെ മാതൃക തയാറാക്കിയത്‌ . ഗവേഷണം യാഥാര്‍ത്ഥ്യമായാല്‍ മൊബൈല്‍ ഫോണുകള്‍ സെക്കന്‍ഡുകള്‍കൊണ്ടും ലാപ്‌ടോപ്പുകള്‍ മിനിറ്റുകള്‍ക്കുള്ളിലും റീചാര്‍ജ്‌ ചെയ്യാം. ഗവേഷണ ഫലം ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ക്കും പ്രയോജനപ്പെടുത്താമെന്ന്‌ ഗവേഷകരായ പോള്‍ ബ്രൗണും സംഘവും അവകാശപ്പെടുന്നു. നാനോടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി കാഥോഡാണ്‌ ഇവര്‍ രൂപകല്‍പന ചെയ്‌തതത്‌ . ഊര്‍ജ നഷ്‌ടമില്ലാതെ അതിവേഗം ചാര്‍ജ്‌ ചെയ്യുന്ന സംവിധാനമാണ്‌ വിഭാവന ചെയ്‌തിരിക്കുന്നത്‌ . നിലവിലുള്ള lithium-ion, nickel metal hydride ബാറ്ററികള്‍ക്ക്‌ കാലക്രമേണ ഊര്‍ജ സംഭരണ ശേഷി കുറയും. എന്നാല്‍ 3ഡി സ്‌ട്രക്‌ചര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക്‌ ഊര്‍ജ സംഭരണത്തിന്റെ കാര്യത്തില്‍ പരിമതികള്‍ ഉണ്ടാകില്ലെന്നാണ്‌ അവകാശവാദം. മിനിറ്റുകള്‍ കൊണ്ട്‌ റീച്ചാര്‍ജു ചെയ്യാന്‍ കഴിയുന്ന ഇലക്‌ട്രിക്‌ വാഹനങ്ങളും തങ്ങള്‍ തയാറാക്കിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിരത്തുകള്‍ കീഴക്കുന്ന കാലം സ്വപ്‌നം കാണുകയാണ്‌ ബ്രൗണും സംഘവും.

വാര്‍ത്ത