2011, മേയ് 24, ചൊവ്വാഴ്ച

അന്യഗ്രഹ ചെടികളുടെ നിറം?

മറ്റു ഗ്രഹങ്ങളില്‍ ചെടികളുണ്ടായാല്‍ നിറമെന്തായിരിക്കും? സങ്കല്‍പ്പ ചോദ്യത്തിനുളള മറുപടി ബ്രിട്ടനിലെ സെന്റ്‌ ആന്‍ഡ്രൂസ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ തേടിയത്‌ . ഒന്നിലേറെ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടായാല്‍ അവ മനുഷ്യനേത്രങ്ങള്‍ക്കു മുന്നില്‍ കറുത്ത നിറത്തിലാകും കാണപ്പെടുക. സൂര്യ രശ്‌മികളുടെ സ്വഭാവം, ചൂട്‌ , ഭൂമിയുമായുളള അകലം എന്നിവയാണത്രേ ഭൂമിയിലെ ചെടികള്‍ക്ക്‌ പച്ചനിറം നല്‍കിയത്‌ . പ്രകാശ സംശ്‌ളേഷണം നടത്തുന്ന ചെടികള്‍ പച്ച, ഇന്‍ഫ്രാറെഡ്‌ എന്നി രശ്‌മികള്‍ മാത്രമാണ്‌ ആഗിരണം ചെയ്യാത്തത്‌ . എന്നാല്‍ ക്ഷീര പഥത്തിലെ 80 ശതമാനം നക്ഷത്രങ്ങള്‍ക്കും സൂര്യന്റെ സ്വഭാവമല്ല. ഈ സാഹചര്യത്തില്‍ ചെടികള്‍ ചുവപ്പ്‌ , മഞ്ഞ, പര്‍പ്പിള്‍, ഗ്രേ എന്നി നിറങ്ങള്‍ സ്വീകരിക്കാനാണ്‌ സാധ്യത. നക്ഷത്രവുമായുള്ള ദൂരത്തിന്റെയും പ്രകാശത്തിന്റെ ശക്‌തിയുമനുസരിച്ചാകും ഈ നിറങ്ങള്‍ സ്വീകരിക്കുക. ഒന്നിലേറെ നക്ഷത്രങ്ങളുളള ഗ്രഹങ്ങള്‍ക്ക്‌ ഒരേ സമയം രണ്ട്‌ പ്രകാശ കേന്ദ്രങ്ങളെയാകും ആശ്രയിക്കേണ്ടി വരുക. ഇങ്ങനെയുള്ള ഗ്രഹങ്ങളിലെ ചെടികള്‍ മനുഷ്യര്‍ക്ക്‌ മുന്നില്‍ കറുത്ത നിറത്തിലാകും കാണപ്പെടുകയെന്ന്‌ ഗവേഷകനായ ജാക്ക്‌ ഒ മല്ലേ ജയിംസ്‌ അറിയിച്ചു. ചില ഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടാകാന്‍ ഭൂമിയേക്കാള്‍ അഞ്ചിരട്ടി അടുപ്പം നക്ഷത്രവുമായി വേണം. ഇവിടെ ചെടികള്‍ ഉണ്ടാകണമെങ്കില്‍ ചൂടിനെ നേരിടാനുള്ള സൗകര്യം ചെടികള്‍ക്കു വേണം. നിറങ്ങള്‍ അന്വേഷിക്കുന്ന ഗവേഷകര്‍ അന്യഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടെന്ന്‌ അവകാശപ്പെടുന്നില്ല. എങ്കിലും സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോള്‍ ശക്‌തിയേറിയ ടെലസ്‌കോപ്പിലൂടെ ചെടികളെ കണ്ടെത്തിയേക്കാമെന്ന്‌ ഇവര്‍ പ്രതീക്ഷിക്കുന്നു.

വാര്‍ത്ത