2013, നവംബർ 5, ചൊവ്വാഴ്ച

'പാമ്പിന്‍ വിഷം'-ഏറ്റവും വീര്യമുളള ബിയര്‍

ലോകത്തിലെ ഏറ്റവും വീര്യമുളള ബിയറില്‍ ആല്‍ക്കഹോളിന്റെ അംശം എത്രയാണെന്ന്‌ അറിയാമോ? പാമ്പിന്‍ വിഷമെന്ന്‌ അര്‍ഥംവരുന്ന 'സ്‌നേക്ക്‌ വെനം' എന്ന പേരിലുളള ബിയറില്‍ 67.5 ശതമാനം ആല്‍ക്കഹോളാണ്‌. അതായത്‌ വിസ്‌കിയെക്കാളും വോഡ്‌കയെക്കാളുമൊക്കെ വീര്യം കൂടുതല്‍!




യഥാര്‍ഥത്തില്‍ ബിയറിന്റെ രുചി മാത്രമാണ്‌ 'സ്‌നേക്ക്‌ വെന'ത്തിനുളളത്‌. കുടിച്ചാല്‍ ഫിറ്റായി വീഴുമെന്ന്‌ ഉറപ്പ്‌. അതിനാല്‍, ബിയറിന്റെ രുചി ആസ്വദിച്ച്‌ ഒറ്റയടിക്ക്‌ കുടിച്ചുകളയരുതെന്ന്‌ നിര്‍മ്മാതാക്കളായ ലൂയിസ്‌ ഷാന്‍ഡും ജോണ്‍ മെക്കന്‍സിയും മുന്നറിയിപ്പു നല്‍കുന്നു.



കഴിഞ്ഞ വര്‍ഷം ഇതേ നിര്‍മ്മാതാക്കള്‍ 65 ശതമാനം ആല്‍ക്കഹോളിന്റെ വീര്യമുളള ബിയര്‍ പുറത്തിറക്കി ശ്രദ്ധനേടിയിരുന്നു. എന്നാല്‍, അതിന്‌ ലഭിച്ച സ്വീകരണം അത്ര നല്ലതായിരുന്നില്ല. കാത്തുകാത്തിരുന്ന്‌ ശക്‌തനായ ബിയര്‍ എത്തിയപ്പോള്‍ വന്‍ പ്രതീക്ഷയായിരുന്നുവെന്നും എന്നാല്‍ അതിന്റെ രുചി കാരണം വീര്യം അറിയാതെ പോകുന്നുമെന്ന പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്നാണ് 'സ്‌നേക്ക്‌ വെനം' രംഗത്തെത്തിയത്

2013, ജൂലൈ 16, ചൊവ്വാഴ്ച

'മരിച്ച' രോഗി ഉണര്‍ന്നു; യു.എസ്സില്‍ ആസ്‌പത്രിക്ക് 13.2 ലക്ഷം പിഴ

രോഗി മരിച്ചെന്നു കരുതി അവയവങ്ങള്‍ നീക്കാന്‍ തുടങ്ങിയ ആസ്പത്രി അധികൃതര്‍ക്ക് 22,000 ഡോളര്‍ (13.2 ലക്ഷം രൂപ) പിഴ. ന്യൂയോര്‍ക്കില്‍ 2009- ലാണ് സംഭവം.




41 വയസ്സായ കൊളീന്‍ എസ് ബേണിനെയാണ് അമിതമായി മരുന്നുകഴിച്ച് ബോധം നിലച്ച അവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ മരണം സംഭവിച്ചെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതിച്ചു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്താന്‍ തുടങ്ങവേ കൊളീന്‍ കണ്ണുതുറക്കുകയായിരുന്നു.



മതിയായ ചികിത്സ നല്‍കാതെയാണ് ആസ്പത്രിയധികൃതര്‍ രോഗി മരിച്ചതായി പ്രഖ്യാപിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് പിഴശിക്ഷ വിധിച്ചത്.

മുഖസൗന്ദര്യത്തിന് 'ഒച്ച് തെറാപ്പി'

ഒച്ചുകള്‍ മുഖത്ത് ഇഴയുന്നതിനെക്കുറിച്ച് അറപ്പും പേടിയുമില്ലാതെ ചിന്തിക്കാനാകുമോ? എങ്കില്‍, പരസ്യത്തില്‍ പറയുംപോലെ 'മുഖസൗന്ദര്യം നിങ്ങളെ തേടിവരും'. ജപ്പാനിലെ ഒരു ബ്യൂട്ടി പാര്‍ലറാണ് മുഖസൗന്ദര്യം സംരക്ഷിക്കാന്‍ 'ഒച്ച് തെറാപ്പി'യുമായി രംഗത്തുവന്നിരിക്കുന്നത്.



മൃതകോശങ്ങള്‍ നീക്കാനും മുഖക്കുരുവിന് കാരണമായ ചെറുസുഷിരങ്ങള്‍ വൃത്തിയാക്കി യൗവനം തിരികെപ്പിടിക്കാനും ഒച്ചുകളെ വെറും അഞ്ചു മിനിറ്റ് സ്വതന്ത്രമായി മുഖത്ത് വിഹരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ടോക്കിയോയിലെ 'സിസ് ലാബോ' എന്ന ബ്യൂട്ടിപാര്‍ലറിന്റെ വക്താവ് മനാമി തകാമുര പറയുന്നത്.



ഒച്ചുകള്‍ പുറപ്പെടുവിക്കുന്ന പശിമയുള്ള ദ്രവം പഴകിയ കോശങ്ങള്‍ നീക്കംചെയ്യുകയും വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അകറ്റുകയും ചെയ്യും. മുഖത്ത് ഈര്‍പ്പമുണ്ടാക്കാനും ഈ ദ്രവം സഹായിക്കും. ഒച്ചിന്റെ ദ്രവത്തിന് ത്വക്കിനെ വാര്‍ധക്യബാധയില്‍നിന്ന് സംരക്ഷിക്കാനാകുമെന്നാണ് വിശ്വാസം. വിപണിയില്‍ വില്‍ക്കുന്ന ചില സൗന്ദര്യസൗരക്ഷണ വസ്തുക്കളില്‍ ഒച്ചില്‍നിന്നുള്ള സത്ത് ഉപയോഗിക്കുന്നുമുണ്ട്.



ഒച്ചുകളെ മുഖത്തു വെക്കുമ്പോള്‍ നൂറുശതമാനം ശുദ്ധമായ ദ്രവമാണ് നേരിട്ടു ലഭിക്കുന്നതെന്നും മനാമി പറയുന്നു. സിസ് ലാബോ ബ്യൂട്ടിപാര്‍ലറില്‍ ഒറ്റത്തവണ ഒച്ച് തെറാപ്പി ചെയ്യാന്‍ 10,500 യെന്‍ (ഏതാണ്ട് 6,350 രൂപ) ആണ് ഈടാക്കുന്നത്.

2013, ജൂലൈ 1, തിങ്കളാഴ്‌ച

കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ള സൈക്കിള്‍; വില 500 രൂപ..!!!

 
കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ളതാണ് ഈ സൈക്കിള്‍. പക്ഷേ, കളിപ്പാട്ടമല്ല. 220 കിലോ ഭാരമുള്ളയാള്‍ക്കും ചവിട്ടിപ്പോകാം. വില അഞ്ഞൂറ് രൂപയില്‍ താഴെ. ഭാരം ഒമ്പത് കിലോ മാത്രം. ഇസ്രായേലി എന്‍ജിനീയര്‍ ഇസ്ഹര്‍ ഗഫ്‌നിയാണ് ഇതിന്റെ നിര്‍മാതാവ്. കടലാസ് മടക്കി രൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് കലയാണ് കാര്‍ഡ്‌ബോര്‍ഡ് സൈക്കിളിന്റെ അടിസ്ഥാന തത്വം

പലതരം ഹൈഎന്‍ഡ് ബൈക്കുകള്‍ സ്വന്തമായുള്ള അമേച്വര്‍ സൈക്ലിസ്റ്റാണ് ഗഫ്‌നി. സൈക്കിളും ഹൈഎന്‍ഡായിക്കൊണ്ടിരിക്കുമ്പോഴാണ് കാര്‍ഡ്‌ബോര്‍ഡ് സൈക്കിള്‍ എന്ന ആശയം അദ്ദേഹത്തിന്റെ തലയിലുദിച്ചത്. മൂന്ന് വര്‍ഷത്തെ പരിശ്രമം കൊണ്ട് അത് യാഥാര്‍ഥ്യമായി. ഒരാളുടെ ഭാരം താങ്ങാനാവുന്ന കാര്‍ഡ്‌ബോര്‍ഡുണ്ടാക്കുകയായിരുന്നു ആദ്യ പടി. പഴയ കടലാസുകള്‍ സംസ്‌ക്കരിച്ചുണ്ടാക്കിയ കാര്‍ഡ്‌ബോര്‍ഡ് പലതായി മടക്കി കട്ടികൂട്ടി. പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു നനയാത്ത, ഉരുകാത്ത കാര്‍ബോര്‍ഡിന്റെ നിര്‍മാണം. അതിനെ വാര്‍ണിഷടിച്ച് മനോഹരമാക്കി. ഇതിന്റെ ഒരു കഷണം മാസങ്ങളോളം വാട്ടര്‍ ടാങ്കിലിട്ടായിരുന്നു ഗുണനിലവാരം ഉറപ്പാക്കല്‍. പിന്നീടായിരുന്നു സൈക്കിള്‍ നിര്‍മാണം. \സൈക്കിളിന്റെ ഫ്രെയിം, ചക്രങ്ങള്‍, ഹാന്‍ഡില്‍, സീറ്റ് എന്നിവയും കാര്‍ഡ്‌ബോര്‍ഡുകൊണ്ടുണ്ടാക്കി. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുകൊണ്ടുള്ളതാണ് പെഡല്‍. റീസൈക്കിള്‍ ചെയ്ത വസ്തുക്കളാണ് ബ്രെയ്ക്കുണ്ടാക്കാനും ഉപയോഗിച്ചിട്ടുള്ളത്. ഇവയെന്തെന്ന് ഗഫ്‌നി വെളിപ്പെടുത്തിയിട്ടില്ല. വൈദ്യുതി മോട്ടോര്‍ ഘടിപ്പിക്കാനുള്ള സൗകര്യവും സൈക്കിളിലുണ്ട്.തിര്‍ന്നവര്‍ക്കുള്ള സൈക്കിളിന് ഒമ്പതുകിലോയെ ഭാരം വരൂ. വില ഏതാണ്ട് പത്ത് ഡോളര്‍ (ഏകദേശം 480 രൂപ). കുട്ടികളുടെ സൈക്കിളും ഉണ്ടാക്കിയിട്ടുണ്ട് ഗഫ്‌നി. മൂന്നരക്കിലോ ഭാരമുള്ള ഇതിന് ആറ് ഡോളറേ (ഏകദേശം 164 രൂപ) വിലയുള്ളൂ. ദരിദ്ര രാജ്യങ്ങളിലാണ് ഗഫ്‌നി വിപണി ലക്ഷ്യംവെക്കുന്നത്.



സൈക്കിള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ വേണ്ട തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഇസ്രായേലി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ഇ.ആര്‍.ബി. സകലസഹായവുമായി ഗഫ്‌നിക്കൊപ്പമുണ്ട്.

2013, മേയ് 18, ശനിയാഴ്‌ച

സോളാര്‍ ഷര്‍ട്ട്’


   

കൊല്‍ക്കത്ത: കൊടുംചൂടില്‍ നിന്ന് രക്ഷനേടാന്‍ സോളാര്‍ സമ്മര്‍ ഷര്‍ട്ടുമായി ശാസ്ത്രജ്ഞന്‍. സൗര സെല്ലുകളും ചെറിയ ഫാനുകളും ഈ ഷര്‍ട്ടിന്‍െറ ഭാഗമാണ്. ഷര്‍ട്ടിന്‍െറ പോക്കറ്റിലോ നൂലിലോ ചെറിയ സൗര സെല്ലുകള്‍ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ശ്രമമെന്ന് ശാസ്ത്രജ്ഞനായ സന്തീപാഡ ഗോണ്‍ ചൗധരി പറഞ്ഞു.




സൗര സെല്ലുകളുടെ സഹായത്തോടെ 400 വാട്ട്സ് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സമ്മര്‍ ഷര്‍ട്ടിന് കഴിയുമെന്നും 2.5 ഇഞ്ച് മുതല്‍ മൂന്ന് ഇഞ്ച് വരെ വലുപ്പമുള്ളതായിരിക്കും സെല്ലുകളെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജം ശേഖരിച്ചു വെക്കാന്‍ കഴിയുന്ന ഈ ഷര്‍ട്ട് ഉപയോഗിച്ച് മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും ചാര്‍ജ് ചെയ്യാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.



ആഷ്ദന്‍ പുരസ്കാര ജേതാവാണ് ഗോണ്‍ ചൗധരി. ബംഗാള്‍ എന്‍ജിനീയറിങ് ആന്‍ഡ് സയന്‍സ് സര്‍വകലാശാലയിലെ അധ്യാപകനായ ഇദ്ദേഹം തന്‍െറ കണ്ടുപിടുത്തം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

പുകവലിച്ച്‌ വിമാനം നിലത്തിറക്കി!

പുകവലിക്കാരുടെ ഒരു കുടുംബം വിചാരിച്ചാല്‍ എന്തും നടക്കും. വേണമെങ്കില്‍ ഒരു വിമാനം പോലും നിലത്തിറക്കാന്‍ സാധിക്കും! മുന്നറിയിപ്പ്‌ അവഗണിച്ചും വിമാനത്തിനുളളില്‍ സിഗരറ്റു പുകച്ചുതളളിയ അച്‌ഛനും അമ്മയും മകനും കാരണം ഒരു വിമാനം നിലത്തിറക്കേണ്ടി വന്നു! ബര്‍മുഡയിലാണ്‌ സംഭവം നടന്നത്‌.
കാനഡയിലെ ഹാലിഫാക്‌സില്‍ നിന്ന്‌ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലേക്ക്‌ പോവുകയായിരുന്ന വിമാനത്തിലാണ്‌ 'നോണ്‍ സ്‌റ്റോപ്പ്‌' പുകവലി അരങ്ങേറിയതും യാത്ര തടസ്സപ്പെട്ടതും. ബര്‍മുഡയില്‍ വിമാനം ഇറക്കിയ ഉടന്‍ പോലീസെത്തി മൂന്ന്‌ പുകവലിക്കാരെയും അറസ്‌റ്റു ചെയ്‌തു.
വിമാനത്തില്‍ പുകവലിച്ച മൂന്ന്‌ കുടുംബാംഗങ്ങളുടേയും പാസ്‌പോര്‍ട്ട്‌ കണ്ടുകെട്ടിയിട്ടുണ്ട്‌. എന്നാല്‍ പുകവലിക്കാര്‍ മൂലം ശരിക്കും പാടുപെട്ടത്‌ മറ്റുയാത്രക്കാരാണ്‌. ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ തങ്ങിയ അവര്‍ക്ക്‌ അടുത്ത ദിവസം മാത്രമേ യാത്ര തുടരാനായുളളൂ.
സണ്‍വിംഗ്‌ എന്ന ട്രാവല്‍ കമ്പനിയുടെ വിമാനമാണ്‌ പുകവലിക്കാര്‍ മൂലം നിലത്തിറക്കേണ്ടിവന്നത്‌. കമ്പനി 40,000 ഡോളറാണ്‌ പുകവലിക്കാരുടെ കുടുംബത്തില്‍ നിന്ന്‌ നഷ്‌ടപരിഹാരമായി ആവശ്യപ്പെടുന്നത്‌. ഫെബ്രുവരി ആദ്യ വാരമാണ്‌ സംഭവം നടന്നത്‌.

2013, ജനുവരി 18, വെള്ളിയാഴ്‌ച

ജപ്പാനില്‍ വഞ്ചനാ മൊബൈലുണ്ട്‌

ലോകം മുഴുവന്‍ സ്‌മാര്‍ട്ട്‌ ഫോണുകളുടെ പിന്നാലെ പായുമ്പോഴും ജപ്പാനിലെ ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും ഒരു പഴഞ്ചന്‍ മൊബൈല്‍ മോഡലിനു പിന്നാലെയാണ്‌. വിവാഹേതര ബന്ധമുളളവര്‍ക്ക്‌ അത്‌ ജീവിത പങ്കാളിയില്‍ നിന്ന്‌ മറച്ചുവച്ച്‌ കൂളായി ജീവിക്കാന്‍ ഈ ഫോണ്‍ സഹായിക്കും! 'ഇന്‍ഫിഡലിറ്റി ഫോണ്‍' എന്ന്‌ അറിയപ്പെടുന്ന ഈ മോഡല്‍ യഥാര്‍ഥത്തില്‍ ഒരു വഞ്ചകന്‍ തന്നെയാണ്‌.
ഫുജിത്സു എഫ്‌ സീരീസ്‌ ഫ്‌ളിപ്പ്‌ ഫോണുകളാണ്‌ പങ്കാളികളെ വഞ്ചിക്കാന്‍ സഹായിക്കുന്നത്‌. ഇതുവരെ ഒരു പുതുതലമുറ ഫോണുകളും പ്രയോഗിക്കാത്ത രഹസ്യ സജ്‌ജീകരണങ്ങളാണ്‌ ഇതിലുളളത്‌. സ്വകാര്യ നമ്പരുകളില്‍ നിന്ന്‌ വരുന്ന സന്ദേശങ്ങളും കോളുകളും എഫ്‌ സീരീസ്‌ പ്രൈവസി സെറ്റിംഗ്‌ അതീവരഹസ്യമാക്കിവയ്‌ക്കും. അതായത,്‌ ഈ നമ്പറുകളില്‍ നിന്ന്‌ കോള്‍ വരുമ്പോള്‍ ഫോണില്‍ പ്രകടമായ ഒരു വ്യത്യാസവുമുണ്ടാവില്ല.
പിന്നീടെങ്ങനെയാണ്‌ ഫോണിന്റെ ഉടമ രഹസ്യ കോളോ സന്ദേശമോ സ്വീകരിക്കുക എന്നാവും നിങ്ങള്‍ ചിന്തിക്കുക. ഇത്തരം കോളുകള്‍ വരുമ്പോള്‍ ബാറ്ററി ചിഹ്നത്തിന്‍െയോ ആന്റിനയുടേയോ നിറം അല്‍പ്പം മാറും. ഇത്‌ ഫോണ്‍ ഉടമയ്‌ക്ക് അല്ലാതെ മറ്റാര്‍ക്കും അത്രപെട്ടെന്ന്‌ കണ്ടുപിടിക്കാനാവില്ല. ഇനി കണ്ടുപിടിച്ചാല്‍ തന്നെ രഹസ്യ കോഡ്‌ നല്‍കാതെ കോള്‍ അല്ലെങ്കില്‍ സന്ദേശം കണ്ടെത്താനുമാവില്ല.

ആശുപത്രിയില്‍ 'സെക്‌സ് റൂം'!

തെറ്റിദ്ധരിക്കേണ്ട, ചികിത്സയുടെ ഭാഗമാണിത്‌. ചൈനയിലെ ഹ്യൂബേയ്‌ പ്രവിശ്യയിലുളള സോങ്‌സിനിയാവൊ ആശുപത്രിയാണ്‌ വ്യത്യസ്‌ത സമീപനവുമായി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്‌.
വന്ധ്യതാ ചികിത്സയുടെ ഭാഗമായി ആശുപത്രിയധികൃതര്‍ ഒരു സെക്‌സ് വാര്‍ഡ്‌ തന്നെ തുറന്നു. ചികിത്സയുടെ ഭാഗമായി ഉപദേശങ്ങളും മരുന്നും പിന്നെ 'മൂഡ'്‌ നല്‍കുന്ന ഒരു സ്‌ഥലവും നല്‍കുന്നതാണ്‌ ചികിത്സാരീതി. ലൈംഗിക പശ്‌ചാത്തലമൊരുക്കി ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാനാണ്‌ അധികൃതര്‍ ലക്ഷ്യമിടുന്നത്‌.
സെക്‌സ് മൂഡ്‌ നല്‍കുന്ന ചുവന്ന കര്‍ട്ടനുകളും നേര്‍ത്ത ചുവന്ന വെളിച്ചവുമാണ്‌ സെക്‌സ് റൂമുകളുടെ ഒരു പ്രത്യേകത. കുഷ്യന്‍ സോഫകളും വൃത്താകൃതിയിലുളള കിടക്കയും ഇറോട്ടിക്‌ ആര്‍ട്ടുമൊക്കെ മുറികളെ വ്യത്യസ്‌തമാക്കുന്നു. താമസക്കാര്‍ക്ക്‌ മൂഡിനൊത്ത വസ്‌ത്രങ്ങള്‍ നല്‍കാനും അധികൃതര്‍ ശ്രദ്ധിക്കുന്നു.
എന്നാല്‍, ഇത്തരം മുറികളില്‍ ഒരു ദിവസം തങ്ങുന്നതിന്‌ കുറച്ചധികം ചെലവഴിക്കേണ്ടി വരും. ഒരു രാത്രിക്ക്‌ 140 ഡോളറാണ്‌ ആശുപത്രി ഈടാക്കുന്നത്‌.

2013, ജനുവരി 5, ശനിയാഴ്‌ച

പുരുഷനെ ദിവസ വാടകയ്‌ക്ക്!

നിങ്ങള്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന സ്‌ത്രീ ആണോ? ഏകാന്തത അസഹ്യമായതു മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ? എങ്കില്‍ ഒരു രാത്രിയിലേക്ക്‌ പുരുഷ സുഹൃത്തിനെ വാടകയ്‌ക്ക് എടുത്ത്‌ മുഷിപ്പ്‌ മാറ്റൂ. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഇടപാടില്‍ ലൈംഗികമായി യാതൊന്നുമില്ല!
ജപ്പാനിലാണ്‌ ഈ സൗകര്യം ലഭ്യമാവുന്നത്‌. 2011 ല്‍ ആരംഭിച്ച സോയ്‌നെ-യാ പ്രൈം കേറ്റേഴ്‌സ് ആണ്‌ ജപ്പാനിലെ സ്‌ത്രീകള്‍ക്ക്‌ മാന്യമായ പുരുഷ സൗഹൃദം വാഗ്‌ദാനം ചെയ്യുന്നത്‌. സോയ്‌നെ-യാ എന്ന വാക്കിന്റെ അര്‍ഥം തന്നെ ഒരുമിച്ച്‌ ഉറങ്ങുക എന്നതാണ്‌. എന്നാല്‍, പുരുഷ സുഹൃത്തിനെ വാടകയ്‌ക്ക് എടുക്കാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്‌.
സുഹൃത്തിന്റെ കരവലയത്തില്‍ ഉറങ്ങാം, ഔട്ടിംഗ്‌ നടത്താം, സുഹൃത്തിനെക്കൊണ്ട്‌ വീട്ടില്‍ ചില്ലറ വൃത്തിയാക്കല്‍ നടത്തുകയോ ഒരു നേരം ആഹാരം തയ്യാറാക്കിക്കുകയോ ആവാം. എന്നാല്‍, കമ്പനിയെ അറിയിക്കാതെ അനാവശ്യമായി വാടക സുഹൃത്തിനെ സ്‌പര്‍ശിക്കാനോ ചുംബിക്കാനോ പോലും അനുവാദമില്ല! അതായത്‌, വാടക പുരുഷനെ നല്ലൊരു സുഹൃത്തായി മാത്രമേ കാണാവൂ.
ചെറുപ്പക്കാരായ സുന്ദരന്‍മാരെയാണ്‌ കമ്പനി വാടകയ്‌ക്ക് നല്‍കുന്നത്‌. ഇവര്‍ക്ക്‌ 12 മണിക്കൂറിന്‌ 580 ഡോളറാണ്‌ വാടക.

2013, ജനുവരി 4, വെള്ളിയാഴ്‌ച

നായകള്‍ ഡ്രൈവിംഗ്‌ ടെസ്‌റ്റ് പാസായി!

ഉപേക്ഷിക്കപ്പെട്ടവരായിരുന്നു അവര്‍. പക്ഷേ നാഥനുണ്ടായപ്പോള്‍ ലോക ചരിത്രത്തില്‍ ഇടം നേടാനുളള പ്രാപ്‌തി തങ്ങള്‍ക്കുണ്ടെന്ന്‌ തെളിയിക്കുകയും ചെയ്‌തു. ന്യുസിലന്റില്‍ ഒരു ആനിമല്‍ ചാരിറ്റി എടുത്ത്‌ വളര്‍ത്തിയ രണ്ട്‌ നായകളുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ഇവര്‍ ഡ്രൈവിംഗ്‌ പഠിക്കുന്നത്‌ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അവര്‍ ടിവി ക്യാമറയ്‌ക്ക് മുന്നില്‍ ലൈവായി ഡ്രൈവിംഗ്‌ പരീക്ഷയും പാസായി!
പോര്‍ട്ടര്‍ എന്ന പത്ത്‌ മാസക്കാരനും മോണ്ടി എന്ന പതിനെട്ട്‌ മാസം പ്രായമുളള നായയുമാണ്‌ ഡ്രൈവിംഗ്‌ ടെസ്‌റ്റില്‍ പങ്കെടുത്തത്‌. എന്നാല്‍, ഇവര്‍ക്കൊപ്പം പഠിച്ച ഗിന്നി ടെസ്‌റ്റില്‍ പങ്കെടുത്തില്ല. രണ്ട്‌ മാസത്തെ പരിശീലനമാണ്‌ നായകള്‍ക്ക്‌ നല്‍കിയത്‌. പോര്‍ട്ടറെയും മോണ്ടിയേയും പ്രത്യേകം തയ്യാറാക്കിയ കാറില്‍ ഇരുത്തി ബെല്‍റ്റിട്ട്‌ മുറുക്കി റേസ്‌ ട്രാക്കിലേക്ക്‌ വിട്ടായിരുന്നു പരീക്ഷ. ഇവര്‍ സ്വയം സ്‌റ്റാര്‍ട്ട്‌ ചെയ്‌ത് കൂളായി ട്രാക്കിലൂടെ ഓടിച്ചു പോവുകയും ചെയ്‌തു! ഇത്തരമൊരു പ്രകടനം ലോകത്തില്‍ ആദ്യമാണെന്നാണ്‌ വിലയിരുത്തുന്നത്‌.
നായ ഡ്രൈവര്‍മാരുടെ സൗകര്യത്തിനായി പ്രത്യേകം തയ്യാറാക്കിയ കാറില്‍ ഡാഷ്‌ബോര്‍ഡിന്റെ ഉയരത്തിലാണ്‌ ബ്രേക്കും ആക്‌സിലേറ്റര്‍ പെഡലും പിടിപ്പിച്ചിരിക്കുന്നത്‌. അതേസമയം, വേഗത ക്രമാതീതമായി കൂടാതിരിക്കാന്‍ വേഗതാ നിയന്ത്രണ സംവിധാനവും കാറില്‍ ഘടിപ്പിച്ചിരിക്കുന്നു. അതായത്‌, ആക്‌സിലേറ്റര്‍ എത്ര കൂട്ടിയാലും നടക്കുന്നതില്‍ കൂടുതല്‍ വേഗത്തില്‍ പോകാനാവില്ല.
'ന്യൂസിലന്റ്‌ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ്‌ ക്രൂവല്‍റ്റി ടു അനിമല്‍സ്‌' ആണ്‌ ലൈവ്‌ ഡ്രൈവിംഗ്‌ ടെസ്‌റ്റ് സംഘടിപ്പിച്ചത്‌. ഉപേക്ഷിക്കപ്പെട്ട നായകള്‍ എത്രത്തോളം ബുദ്ധിയുളളവരാണെന്ന്‌ തെളിയിക്കുകയായിരുന്നു ലക്ഷ്യം.

2013, ജനുവരി 2, ബുധനാഴ്‌ച

സദ്ദാമിന്റെ രക്‌തത്തിലെഴുതിയ ഖുറാന്‍

സദ്ദാം ഹുസൈന്‍ എന്ന ക്രൂരനായ ഏകാധിപതിയെ തൂക്കിലേറ്റിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. പുതിയ ഭരണകൂടം സദ്ദാമിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന എല്ലാം ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തൂത്തെറിയുകയും ചെയ്‌തു. എന്നാല്‍, അധികൃതര്‍ക്ക്‌ നശിപ്പിക്കാന്‍ കഴിയാത്ത ഒന്ന്‌ ഇന്നുമുണ്ട്‌-സദ്ദാമിന്റെ രക്‌തം മഷിയാക്കി എഴുതിയ ഒരു ഖുറാന്‍!
തന്റെ മകന്‍ വധശ്രമത്തില്‍ നിന്ന്‌ രക്ഷപെട്ടതിനുളള ഉപകാരസ്‌മരണയ്‌ക്കാണ്‌ സദ്ദാം സ്വന്തം രക്‌തം മഷിയാക്കി ഖുറാന്‍ എഴുതുക എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്‌. തൊണ്ണൂറുകളുടെ അവസാനമാണ്‌ പ്രത്യേകയുളള ഈ ഖുറാന്‍ എഴുതപ്പെട്ടത്‌. ഇതിനായി രണ്ട്‌ വര്‍ഷത്തിനിടെ 27 ലിറ്റര്‍ രക്‌തമാണ്‌ സദ്ദാം നല്‍കിയത്‌!
ഇസ്ലാമിക വിഴ്വാസം അനുസരിച്ച്‌ മനുഷ്യ സ്രവം ഉപയോഗിച്ച്‌ എഴുതിയ ഖുറാന്‍ അശുദ്ധമാണ്‌. അതേസമയം, വിശുദ്ധ ഗ്രന്ഥമായതിനാല്‍ സദ്ദാമിന്റെ രക്‌തത്തിലെഴുതിയ ഖുറാന്‍ എങ്ങനെ നശിപ്പിക്കുമെന്നാണ്‌ ഇസ്ലാമിക പണ്ഡിതരെയും ഭരണാധികാരികളെയും കുഴക്കുന്നത്‌. എന്തായാലും ഇപ്പോള്‍ ബാഗ്‌ദാദിലെ സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്‌ സദ്ദാമിന്റെ രക്‌തത്തിലെഴുതിയ മതഗ്രന്ഥം

സ്വര്‍ണ ഗുളിക

മെച്ചപ്പെട്ട ധനസ്‌ഥിതിയുളളവര്‍ക്ക്‌ ആഡംബരങ്ങളോട്‌ അതിരു കവിഞ്ഞ ഒരു ആസക്‌തിയാണ്‌. വിലകൂടിയ കാറുകള്‍ വാങ്ങിയും അപൂര്‍വ ആഭരണങ്ങള്‍ വാങ്ങിയും മറ്റുമാണ്‌ പലപ്പോഴും ഇത്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ആഡംബരദാഹം കൂടിയവര്‍ക്ക്‌ മനസ്സിനെ തൃപ്‌തിപ്പെടുത്താന്‍ അത്ര പ്രചാരത്തിലില്ലാത്ത ഒരു വഴികൂടിയുണ്ട്‌ - 24 കാരറ്റ്‌ സ്വര്‍ണ ഗുളിക!
സ്വര്‍ണ ഗുളിക കഴിച്ചാല്‍ ആഡംബര പ്രേമം ശമിക്കുമെന്ന്‌ ആരും തെറ്റിദ്ധരിക്കേണ്ട. സാധാരണ നിലയില്‍ ഗുളിക രോഗശമനം നല്‍കിയേക്കും. എന്നാല്‍ ഇത്‌ മരുന്നേയല്ല. ആഡംബരക്കാര്‍ക്കുളള ആത്മസംതൃപ്‌തി മാത്രം! തങ്ങളുടെ ശരീരത്തിനകത്തും സ്വര്‍ണമുണ്ടെന്ന്‌ ആശ്വസിച്ച്‌ നടക്കാം അത്ര തന്നെ! 24 കാരറ്റ്‌ സ്വര്‍ണ ഗുളിക കഴിച്ച്‌ നിങ്ങളുടെ ഉളള്‌ സമ്പത്തിന്റെ അറകളാക്കൂ എന്നാണ്‌ വില്‍പ്പനക്കാരും പറയുന്നത്‌
ടോബി വോങ്‌ എന്ന ന്യൂയോര്‍ക്ക്‌ ആര്‍ട്ടിസ്‌റ്റ് കെന്‍ കോര്‍ട്ട്‌നിക്കൊപ്പം ചേര്‍ന്ന്‌ 2005 ല്‍ ആണ്‌ ആദ്യമായി സ്വര്‍ണ ഗുളിക വില്‍പ്പനക്കെത്തിച്ചത്‌. അന്ന്‌ 275 ഡോളറായിരുന്നു വില. 'സിറ്റിസണ്‍: സിറ്റിസണ്‍' ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോഴും വില്‍പ്പനയില്‍ തകര്‍ത്തു മുന്നേറുന്ന ഗുളികയ്‌ക്ക് വിലയും കുതിച്ചുകയറി. ഇപ്പോള്‍ സ്വര്‍ണ ഗുളിക 425 ഡോളറിന്‌ ലഭിച്ചാല്‍ ഭാഗ്യമെന്ന്‌ കരുതാം!

2013, ജനുവരി 1, ചൊവ്വാഴ്ച

അധികമായാല്‍ മുട്ടയും വിഷം; 28 മുട്ട തിന്ന്‌ യുവാവ്‌ മരിച്ചു!

അധികമായാല്‍ എന്തും വിഷത്തിന്റെ ഫലമാണ്‌ നല്‍കുന്നത്‌. ഇക്കാര്യം ഓര്‍ക്കാതെ വാതുവയ്‌പിന്‌ എടുത്തുചാടിയ ഒരു ടുണീഷ്യന്‍ യുവാവിന്‌ ജീവന്‍ നഷ്‌ടമായി.
ദാവോ ഫറ്റ്‌നാസി എന്ന ഇരുപതുകാരന്‍ മുപ്പത്‌ പച്ചമുട്ട കഴിക്കാമോ എന്ന സുഹൃത്തുക്കളുടെ ബെറ്റ്‌ ഏറ്റെടുത്തത്‌ ഒരു നിസ്സാര കാര്യമെന്ന മട്ടിലായിരുന്നു. എന്നാല്‍, 28 മുട്ട അകത്താക്കിയപ്പോഴേക്കും വയറ്‌ വേദന കാരണം യുവാവ്‌ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണവും സംഭവിച്ചിരുന്നു. ഡിസംബര്‍ 26 ന്‌ ആണ്‌ സംഭവം നടന്നത്‌.
പച്ചമുട്ട ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാവാമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. പച്ചമുട്ടയിലെ സാല്‍മൊണെല്ലാ ബാക്‌ടീരിയയാണ്‌ അപകടകാരിയാവുന്നതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. എന്തായാലും, അമിതമായി മുട്ട അകത്താക്കിയ പാവം

ഒരു ഷര്‍ട്ടിന്‌ വില ഒന്നര കോടി രൂപ!

ഒരു ഷര്‍ട്ടിന്‌ എത്ര രൂപ വരെ വിലയാവാം? ആയിരം രൂപ കഴിഞ്ഞാല്‍ സാധാരണക്കാരന്റെ നെഞ്ചിടിക്കും. ശരാശരി പണക്കാരാണെങ്കില്‍ ഏതാനും ആയിരങ്ങള്‍ ചെലവഴിച്ചാലായി. എന്നാല്‍, പൂനെയിലെ ഒരു വ്യാപാരി വാങ്ങിയ ഷര്‍ട്ടിന്റെ വിലയെ കുറിച്ചറിഞ്ഞാല്‍ ആരും ഒന്നു ഞെട്ടും. ദത്താ ഭുജെ എന്ന വ്യാപാരി വാങ്ങിയ ഷര്‍ട്ടിന്‌ 1.27 കോടി രൂപയാണ്‌ വില!
ശരിക്കും ഞെട്ടിക്കാണുമല്ലോ? പൂനെയിലെ അറിയപ്പെടുന്ന വ്യാപാരിയും പിമ്പ്രി-ചിഞ്ചവാദ്‌ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗമായ സീമയുടെ ഭര്‍ത്താവുമാണ്‌ ദത്താ ഭുജെ എന്ന കഥാനായകന്‍.
ഷര്‍ട്ടിന്‌ എന്താണിത്ര വില എന്ന്‌ ദത്തയോട്‌ ചോദിച്ചാല്‍, 3.5 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ഷര്‍ട്ടാണെങ്കില്‍ വില വരില്ലേ എന്നാവും മറു ചോദ്യം! ദത്തയുടെ ഓര്‍ഡര്‍ അനുസരിച്ച്‌ പ്രദേശത്തെ ഒരു ജ്യൂവലറിയാണ്‌ ഷര്‍ട്ട്‌ നിര്‍മ്മിച്ചു നല്‍കിയത്‌. സ്വര്‍ണക്കുപ്പായം തീര്‍ത്തു നല്‍കാന്‍ പശ്‌ചിമ ബംഗാളില്‍ നിന്നുളള 15 സ്വര്‍ണപണിക്കാര്‍ ദിവസം 16 മണിക്കൂര്‍ വീതം രണ്ടാഴ്‌ച ജോലിയെടുത്തു.
മൂന്നരക്കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ഷര്‍ട്ട്‌ കൂടാതെ നാല്‌ കിലോഗ്രാം ഭാരമുളള സ്വര്‍ണാഭരണങ്ങളും ഭുജെ അണിയും! അതായത്‌ സ്വണഭ്രമക്കാരനായ ഭുജെ അണിയുന്നത്‌ ഏഴര കിലോഗ്രാം സ്വര്‍ണം! എന്താണിങ്ങനെ എന്നു ചോദിച്ചാല്‍ ഭുജെക്ക്‌ വ്യക്‌തമായ മറുപടിയുണ്ട്‌- ഒരു മഹാരാഷ്‌ട്രക്കാരന്‌ അല്‍പ്പം സ്വര്‍ണഭ്രമമൊക്കെയുണ്ടാവും! ഇത്‌ കുറച്ച്‌ കടുത്ത ഭ്രമമായിപ്പോയി എന്ന്‌ പറയാന്‍ വരട്ടെ, ഭുജെ ഇനി ഒരു സ്വര്‍ണമൊബൈല്‍ കൂടി നിര്‍മ്മിക്കാന്‍ പോവുകയാണ്‌!

HAPPY NEW YEAR


വാര്‍ത്ത