2013, ജനുവരി 1, ചൊവ്വാഴ്ച

ഒരു ഷര്‍ട്ടിന്‌ വില ഒന്നര കോടി രൂപ!

ഒരു ഷര്‍ട്ടിന്‌ എത്ര രൂപ വരെ വിലയാവാം? ആയിരം രൂപ കഴിഞ്ഞാല്‍ സാധാരണക്കാരന്റെ നെഞ്ചിടിക്കും. ശരാശരി പണക്കാരാണെങ്കില്‍ ഏതാനും ആയിരങ്ങള്‍ ചെലവഴിച്ചാലായി. എന്നാല്‍, പൂനെയിലെ ഒരു വ്യാപാരി വാങ്ങിയ ഷര്‍ട്ടിന്റെ വിലയെ കുറിച്ചറിഞ്ഞാല്‍ ആരും ഒന്നു ഞെട്ടും. ദത്താ ഭുജെ എന്ന വ്യാപാരി വാങ്ങിയ ഷര്‍ട്ടിന്‌ 1.27 കോടി രൂപയാണ്‌ വില!
ശരിക്കും ഞെട്ടിക്കാണുമല്ലോ? പൂനെയിലെ അറിയപ്പെടുന്ന വ്യാപാരിയും പിമ്പ്രി-ചിഞ്ചവാദ്‌ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗമായ സീമയുടെ ഭര്‍ത്താവുമാണ്‌ ദത്താ ഭുജെ എന്ന കഥാനായകന്‍.
ഷര്‍ട്ടിന്‌ എന്താണിത്ര വില എന്ന്‌ ദത്തയോട്‌ ചോദിച്ചാല്‍, 3.5 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ഷര്‍ട്ടാണെങ്കില്‍ വില വരില്ലേ എന്നാവും മറു ചോദ്യം! ദത്തയുടെ ഓര്‍ഡര്‍ അനുസരിച്ച്‌ പ്രദേശത്തെ ഒരു ജ്യൂവലറിയാണ്‌ ഷര്‍ട്ട്‌ നിര്‍മ്മിച്ചു നല്‍കിയത്‌. സ്വര്‍ണക്കുപ്പായം തീര്‍ത്തു നല്‍കാന്‍ പശ്‌ചിമ ബംഗാളില്‍ നിന്നുളള 15 സ്വര്‍ണപണിക്കാര്‍ ദിവസം 16 മണിക്കൂര്‍ വീതം രണ്ടാഴ്‌ച ജോലിയെടുത്തു.
മൂന്നരക്കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ഷര്‍ട്ട്‌ കൂടാതെ നാല്‌ കിലോഗ്രാം ഭാരമുളള സ്വര്‍ണാഭരണങ്ങളും ഭുജെ അണിയും! അതായത്‌ സ്വണഭ്രമക്കാരനായ ഭുജെ അണിയുന്നത്‌ ഏഴര കിലോഗ്രാം സ്വര്‍ണം! എന്താണിങ്ങനെ എന്നു ചോദിച്ചാല്‍ ഭുജെക്ക്‌ വ്യക്‌തമായ മറുപടിയുണ്ട്‌- ഒരു മഹാരാഷ്‌ട്രക്കാരന്‌ അല്‍പ്പം സ്വര്‍ണഭ്രമമൊക്കെയുണ്ടാവും! ഇത്‌ കുറച്ച്‌ കടുത്ത ഭ്രമമായിപ്പോയി എന്ന്‌ പറയാന്‍ വരട്ടെ, ഭുജെ ഇനി ഒരു സ്വര്‍ണമൊബൈല്‍ കൂടി നിര്‍മ്മിക്കാന്‍ പോവുകയാണ്‌!

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത