2011, മേയ് 14, ശനിയാഴ്‌ച

ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്‌; ഭാര്യ വിവാഹമോചനത്തിന്‌

ബ്രിട്ടീഷ്‌ ദമ്പതികളുടെ ജീവിതത്തിലെ വില്ലനായി മാറിയിരിക്കുകയാണ്‌ റേഡിയോ. ബിബിസിയുടെ കീഴിലുള്ള റേഡിയോ 5 എന്ന റേഡിയോ സ്‌റ്റേഷനാണ്‌ ഈ ദമ്പതികളുടെ കഥയിലെ വില്ലന്‍. ടോണി എന്നു പേരുള്ളയാള്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ റേഡിയോ 5 കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണ്‌. എന്നാല്‍, ഭാര്യയോ റേഡിയോയുടെ ശബ്‌ദം കേള്‍ക്കുന്നതു തന്നെ ഇഷ്‌ടപ്പെടാത്ത വ്യക്‌തിയും. ടോണി ഉണര്‍ന്നാല്‍ ഉടനെ റേഡിയോ 5 ഓണ്‍ ചെയ്യുകയായി. സ്വന്തമായി ഒരു ഷോപ്പ്‌ നടത്തി വരികയാണ്‌ ടോണി. അവിടെയും റേഡിയോ 5 കേട്ടുകൊണ്ടാണ്‌ ടോണിയുടെ ബിസിനസ്‌. വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയാലോ വീണ്ടും റേഡിയോ ഓണ്‍ ചെയ്യുകയായി. ഭര്‍ത്താവിന്റെ റേഡിയോ പ്രേമം സഹിക്കവയ്യാതെ ഭാര്യ പലപ്പോഴും വീട്ടിലെ റേഡിയോകള്‍ വലിച്ചെറിഞ്ഞ്‌ നശിപ്പിക്കാറുണ്ട്‌. എന്നാല്‍, വീണ്ടും പുതിയ റേഡിയോ വാങ്ങിവരുന്ന ടോണി ഭാര്യയെ ശരിക്കും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്‌. 14 വര്‍ഷത്തോളം ഒന്നിച്ചു കഴിഞ്ഞ ദമ്പതികളാണിവര്‍. ഓര്‍മവച്ച നാള്‍ മുതല്‍ റേഡിയോ കേള്‍ക്കുന്നത്‌ ടോണിയുടെ ശീലമാണ്‌. എന്നാല്‍, ടോണിയുടെ ഈ ശീലത്തെ മനസിലാക്കാന്‍ ഭാര്യയ്‌ക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമമായി ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ്‌ കഴിയുന്നത്‌. മധ്യസ്‌ഥര്‍ പലരും ഇവരുടെ പിണക്കം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടില്‍ റേഡിയോ ഓണ്‍ ചെയ്യരുതെന്ന നിര്‍ബന്ധം മാത്രമേ തനിക്കുള്ളെന്നാണ്‌ ടോണിയുടെ ഭാര്യ പറയുന്നത്‌. എന്നാല്‍, റേഡിയോ ഉപക്ഷിച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ്‌ ടോണി. ഒടുവില്‍ ടോണിയുടെ ഭാര്യ വിവാഹമോചന കേസ്‌ നല്‍കുകയായിരുന്നു. റേഡിയോ 5വുമായുള്ള ഭര്‍ത്താവിന്റെ അഭിനിവേശം തങ്ങളുടെ ആശയവിനിമയത്തെ തകര്‍ത്തിരിക്കുകയാണെന്നും അതിനാല്‍ ഒന്നിച്ചു ജീവിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ടോണിക്കെതിരേ ഭാര്യ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌.

കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന്‌ പരസ്യം: നരഭോജി അറസ്‌റ്റില്‍

പാചകം ചെയ്‌തു കഴിക്കാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്നു ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്‌ത സ്‌ളോവാക്യക്കാരനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. താന്‍ നരഭോജിയാണെന്നും തനിക്കു പാചകം ചെയ്‌തു കഴിക്കാന്‍ ജീവനുള്ള മനുഷ്യനെ ആവശ്യമുണ്ടെന്നും കാട്ടിയാണ്‌ സ്‌ളോവാക്യക്കാരന്‍ പരസ്യം ചെയ്‌തത്‌. ഈ പരസ്യം കണ്ട ഒരു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ താന്‍ തയാറാണെന്നു പറഞ്ഞ്‌ സ്‌ളോവോക്യന്‍ നരഭോജിയെ ഫോണ്‍വിളിക്കുകയായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു താമാശയായിരിക്കും ഇതെന്നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ കരുതിയത്‌. എന്നാല്‍, ഫോണ്‍സംഭാഷണങ്ങള്‍ അതിരുകടന്നതോടെ കളികാര്യമാണെന്ന്‌ ഇയാള്‍ക്കു മനസിലായി. ഉടനെ ഈ വിവരം ഇയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസിനെ അറിയിക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസ്‌ സ്‌ളോവാക്യന്‍ പോലീസിനു വിവരം കൈമാറി. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സ്‌ളോവാക്യന്‍ പോലീസ്‌ നരഭോജിയെ കുടുക്കാന്‍ പദ്ധതിയിട്ടു. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ ആകൃഷ്‌ടനായി എത്തിയയാളെന്ന്‌ നടിച്ച്‌ ഒരു പോലീസ്‌ ഓഫീസര്‍ നാല്‍പ്പത്തിമൂന്നു വയസുള്ള നരഭോജിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ പോലീസുകാരനെ കൊല്ലാനായി നരഭോജി കത്തിയെടുത്തോടെ വീട്‌ വളഞ്ഞിരുന്ന മറ്റു പോലീസുകാര്‍ ഉള്ളിലേക്ക്‌ ഇരച്ചുകയറി ഇയാളെ അറസ്‌റ്റു ചെയ്യുകയായിരുന്നു

13 കോടിയുടെ സൂപ്പര്‍ കാര്‍

സ്‌റ്റാര്‍ട്ട്‌ ചെയ്‌താലുടന്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന കാറുകള്‍ ഹോളിവുഡ്‌ ശാസ്‌ത്രസിനിമകളിലെ മാത്രം യാഥാര്‍ഥ്യമാണ്‌. എന്നാല്‍, ഈ ഭാവനകള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്‌ ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഭാവിയുടെ കാര്‍ ഡിസൈനെന്ന്‌ വിലയിരുത്തുന്ന രൂപക്ലപനയോടെയാണ്‌ ലംബോര്‍ഗിനി ലോകത്തെ ഏറ്റവും വിലകൂടിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സെസ്‌റ്റോ എലിമെന്റോ എന്ന പേരിട്ടിരിക്കുന്ന ഈ കാര്‍ സ്വന്തമാക്കാന്‍ 13 കോടി രൂപയാണ്‌ മുടക്കേണ്ടത്‌. കാര്‍ബണ്‍ ഫബറിലാണ്‌ ഈ സൂപ്പര്‍ കാറിന്റെ ഷാസി നിര്‍മിച്ചിരിക്കുന്നത്‌. നിലവില്‍ കാര്‍ നിര്‍മിക്കാനുപയോഗിക്കുന്ന വസ്‌തുക്കളില്‍വച്ച്‌ ഏറ്റവും ശക്‌തിയേറിയതാണ്‌ കാര്‍ബണ്‍ ഫൈബറുകള്‍. ഈ സൂപ്പര്‍ കാറിനു 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ വെറും 2.5 സെക്കന്‍ഡുകള്‍ മതി. അതായത്‌ കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയാല്‍ ഉടന്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഇസെസ്‌റ്റോ എലിമെന്റോയ്‌ക്കാവും. മണിക്കൂറില്‍ 320 കിലോമീറ്ററാണ്‌ പരമാവധി വേഗം. വളരെ സുരക്ഷാ മുന്‍കരുതലോടും ആഢംബരത്തോടുമാണ്‌ ലംബോര്‍ഗിനി ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്‌. വെറും 20 എണ്ണം മാത്രമാണ്‌ ലംബോര്‍ഗിനി വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്‌. എന്നാല്‍, കാര്‍ പുറത്തിറക്കിയ ഉടനെ നൂറുകണക്കിനു കോടീശ്വരന്മാണ്‌ ഈ കാര്‍ വാങ്ങാനായി ക്യൂ നില്‍പ്പാരംഭിച്ചത്‌.

സ്‌കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്ച്‌ പ്രതിഷേധം

വേനല്‍ക്കാലത്ത്‌ സ്‌കൂളില്‍ നിക്കറിടാന്‍ അനുവദിക്കാത്ത നടപടിക്കെതിരേ ബ്രിട്ടണില്‍ ഒരു വിദ്യാര്‍ഥി പ്രതിഷേധിച്ചത്‌ വ്യത്യസ്‌തരീതിയിലായിരുന്നു. വിദ്യാര്‍ഥിനികളെപ്പോലെ പാവാടയുടുത്തു സ്‌കൂളില്‍ എത്തിയാണ്‌ 12 വയസുകാരനായ ക്രിസ്‌ വൈറ്റ്‌ഹെഡ്‌ പ്രതിഷേധിച്ചത്‌. ബ്രിട്ടണില്‍ ഇപ്പോള്‍ കടുത്ത വേനലാണ്‌. എന്നാല്‍, ഈ വേനല്‍ക്കാലത്ത്‌ വിദ്യാര്‍ഥികള്‍ പാന്റ്‌ ധരിച്ച്‌ എത്തണമെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ കേംബ്രിഡ്‌ജിലെ ഇംപിംഗ്‌ടണ്‍ വില്ലേജ്‌ കോളജ്‌ അധികൃതര്‍ തയാറായില്ല. വിദ്യാര്‍ഥിനികള്‍ക്ക്‌ സ്‌കൂളില്‍ പാവാട ധരിച്ച്‌ എത്താമെങ്കില്‍ തങ്ങളെ നിക്കറിട്ട്‌ സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്ന ക്രിസിന്റെയും സഹപാഠികളുടെയും ആവശ്യം പ്രിന്‍സിപ്പല്‍ നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ക്രിസ്‌ പാവാട ധരിച്ച്‌ സ്‌കൂളിലെത്തിയത്‌. ആണ്‍കുട്ടികള്‍ക്കെതിരായ വിവേചനത്തിനെതിരേ പ്രതിഷേധിക്കാനാണ്‌ താന്‍ പാവാട ധരിച്ചതെന്നാണ്‌ ക്രിസ്‌ പറയുന്നത്‌. എന്നാല്‍, ക്രിസ്‌ പാവാട ധരിച്ചു വരുന്നതില്‍ അപാകതയില്ലെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ നിലപാട്‌. ക്രിസ്‌ പ്രതിഷേധിച്ചാലും നിക്കര്‍ ധരിക്കാന്‍ അനുവദിക്കില്ലെന്നാണ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്‌.

തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്‌

91 വയസായെങ്കിലും ജോണ്‍ ബ്രേയ്‌ ഇപ്പോഴും ന്യൂസിലാന്‍ഡിലെ വൈപാവയില്‍ രാത്രിയില്‍ റോന്തു ചുറ്റാറുണ്ട്‌. വയസും പ്രായവുമൊക്കെയായപ്പോള്‍ ഉറക്കം കിട്ടാത്തതിനാല്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നതാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. നഗരത്തിലെ കുറ്റവാളികളെ തെരഞ്ഞ്‌ നടക്കുകയാണ്‌ ഈ വൃദ്ധന്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ ജോണ്‍ ബ്രോയ്‌. സൈന്യത്തില്‍നിന്നു റിട്ടയറായി നാട്ടില്‍ തിരികെയെത്തിയപ്പോള്‍ മുതലാണ്‌ കുറ്റവാളികള്‍ക്കെതിരേ ജോണ്‍ കുരിശുയുദ്ധവുമായി തെരുവുകളില്‍ രാത്രി റോന്ത്‌ ചുറ്റല്‍ ആരംഭിച്ചത്‌. അഭിനവ ബാറ്റ്‌്മാനാണ്‌ താനെന്നാണ്‌ ജോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. രാത്രിയില്‍ ടോര്‍ച്ചും ആയുധങ്ങളുമൊക്കെയായിട്ടാണ്‌ ജോണിന്റെ റോന്തുചുറ്റല്‍. രാത്രിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും പോലീസിനെ അറിയിക്കുകയാണ്‌ ജോണ്‍ ചെയ്യുന്നത്‌. അതോടൊപ്പം അക്രമികളില്‍നിന്നു നിരപരാധികളെ രക്ഷിക്കാനും ജോണ്‍ തന്റെ കായികശേഷി പ്രകടിപ്പിക്കാറുണ്ട്‌. പ്രായമായതോടെ ഒരു സഹായിക്കൊപ്പമായിരുന്നു ജോണിന്റെ റോന്ത്‌ ചുറ്റല്‍. എന്നാല്‍, രാത്രിയിലുള്ള ഈ റോന്തു ചുറ്റല്‍ ജോണ്‍ അവസാനിപ്പിക്കണമെന്നാണ്‌ പോലീസ്‌ ആവശ്യപ്പെടുന്നത്‌. കാരണം, കുറ്റവാളികള്‍ ജോണിനെ കൈകാര്യം ചെയ്‌താല്‍ തങ്ങള്‍ ഉത്തരം പറയേണ്ടിവരുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

ആപ്പിള്‍ കഴിക്കൂ, ചുംബിക്കൂ

വായ്‌നാറ്റമില്ലാതെ ചുംബിക്കണോ. എങ്കില്‍ ഒരു ആപ്പിള്‍ കഴിക്കൂ എന്നാണ്‌ ഉത്തര കൊറിയയിലെ ഗവേഷകര്‍ പറയുന്നത്‌. വായ്‌നാറ്റം ഒഴിവാക്കുന്ന ആപ്പിള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്‌ ഉത്തരകൊറിയയിലെ ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍. ടേബിള്‍ ടെന്നീസ്‌ പന്തിന്റെ വലുപ്പമുള്ള ഈ ചെറുആപ്പിള്‍ കഴിച്ചാല്‍ വായ്‌നാറ്റം ഇല്ലാതാക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. വസ്‌ത്രത്തിന്റെ പോക്കറ്റില്‍ ഈ ചെറുആപ്പിള്‍ കൊണ്ടുനടക്കാം. സുന്ദരികളെയോ സുന്ദരന്മാരെയോ കാണുമ്പോള്‍ ഈ ആപ്പിള്‍ കഴിക്കുക. പിന്നെ വായ്‌നാറ്റം പേടിക്കാതെ ഇവരോട്‌ സംസാരിക്കാമല്ലോ. കാമുകീകാമുകന്മാരാണെങ്കില്‍ ഇതിനിടെ പരസ്‌പരം ചുംബനവുമാകാം.

ചിമ്പാന്‍സികളുടെ 'ഭാഷ പഠിക്കാം'

ചിമ്പാന്‍സികളുടെ ഭാഷ പഠിക്കണോ? മനസുവച്ചാല്‍ സാദ്ധ്യമാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. സ്‌കോട്ട്‌ലന്‍ഡിലെ സെന്റ്‌ ആന്‍ഡ്രൂസ്‌ സര്‍വകലാശാലയിലെ ഗവേഷരുടെ വാദം അംഗീകരിച്ചാല്‍ വെറും 66 ആംഗ്യങ്ങള്‍ പഠിച്ചാല്‍ അവയുടെ സന്ദേശങ്ങള്‍ നമുക്ക്‌ മനസിലാക്കാം. 120 മണിക്കൂര്‍ നീളുന്ന വീഡിയോ ചിത്രവും ഇവരുടെ പക്കലുണ്ട്‌ . നേരത്തെ കൂട്ടിലടച്ച ചിമ്പാന്‍സികളെയാണ്‌ ഗവേഷകര്‍ നിരീക്ഷിച്ചിരുന്നത്‌. സ്വതന്ത്രരായ ചിമ്പാന്‍സികളെ നിരീക്ഷിച്ചപ്പോഴാണ്‌ തങ്ങള്‍ക്ക്‌ ഫലം ലഭിച്ചതെന്ന്‌ ഗവേഷകയായ കാതറൈന്‍ ഹൊബെയ്‌റ്റര്‍ അറിയിച്ചു. ഉഗാണ്ടയിലാണ്‌ കാതറൈന്‍ 266 ദിവസം നീണ്ട പഠനം നടത്തിയത്‌ . ചിമ്പാന്‍സി ഭാഷയിലെ ഓരോ ആംഗ്യങ്ങളും ഇവര്‍ വേര്‍ തിരിച്ചുകാട്ടുന്നുണ്ട്‌ . എതിര്‍ലിംഗത്തില്‍പ്പെട്ട ചിമ്പാന്‍സികള്‍ക്കു നല്‍കുന്ന ആംഗ്യങ്ങളും പൊതുവായി നല്‍കുന്ന സൂചനകളും ഏറെ വ്യത്യാസമുണ്ട്‌ . ഓരോ ആംഗ്യത്തിന്റെയും വ്യക്‌തമായ അര്‍ത്ഥം കണ്ടെത്താനുളള രണ്ടാം ഘട്ട പഠനങ്ങള്‍ സംഘം തുടങ്ങിക്കഴിഞ്ഞു. മനുഷ്യരുടെ ആംഗ്യങ്ങള്‍ക്കും ചിമ്പാന്‍സികളുടെ ആംഗ്യങ്ങള്‍ക്കും സാമ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്‌

ഭിത്തിയോട്‌ 'സംസാരിക്കാം'

റിമോട്ട്‌ കണ്‍ട്രോളുകളുടെ കാലം കഴിയാറായി. ടിവി ഓണ്‍ ചെയ്യാനും ,ലൈറ്റിടാനും ഭിത്തി 'നിര്‍ദ്ദേശം' നല്‍കിയാല്‍ മതി. വീടുകളെ കൂടുതല്‍ ഹൈടെക്‌ ആക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ മൈക്രോസോഫ്‌റ്റ് ആണ്‌ . മനുഷ്യ ശരീരത്തെ തന്നെ ആന്റീനകളാക്കിയുള്ള സാങ്കേതിക വിദ്യയാണ്‌ പുരോഗമിക്കുന്നത്‌ . ' വീടുപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ പുറത്തുവിടുന്ന ഇലക്‌ട്രോമാഗ്‌്നെറ്റിക്‌ വീട്ടിനുള്ളില്‍ ഉണ്ടാകും. റേഡിയോ ആന്റീനകള്‍ ഇവയില്‍ ചില തരംഗങ്ങള്‍ പിടിച്ചെടുക്കും. മനുഷ്യശരീരവും തരംഗങ്ങളെ ആഗിരണം ചെയ്യും.' - മൈക്രോസോഫ്‌റ്റിലെ ഗവേഷകനായ ഡെസ്‌നി ടാന്‍ പറയുന്നു. ഇലക്‌ട്രോണിക്‌ വയാറിംഗ്‌ ഉള്ള ഭിത്തിയില്‍ തൊടുമ്പോള്‍ ഭിത്തിയുമായുള്ള അകലമനുസരിച്ച്‌ ഇലക്‌ട്രിക്കല്‍ സിഗ്നലുകള്‍ ഉണ്ടാകും. മനുഷ്യന്റെ സാന്നിധ്യം മൂലം ഉണ്ടാകുന്ന ഇത്തരം സിഗ്നലുകളെ സ്വീകരിക്കുന്ന ഉപകരണങ്ങളാണ്‌ തയാറാക്കേണ്ടത്‌ . ശരീര ചലനങ്ങള്‍ അനുസരിച്ച്‌ സ്‌റ്റീരിയോയുടെ ശബ്‌ദം കൂട്ടുക, വിളക്ക്‌ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാനാകും. പ്രത്യേക തരം ബ്രേസ്ലറ്റുകള്‍ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ഗവേഷകര്‍ ശരീരവും ഭിത്തിയുമായുളള അകലം കണക്കാക്കുന്നത്‌ . ഇപ്പോള്‍ ശരീരത്തില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച്‌ പ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നത്‌ ലാപ്‌ടോപ്പുകളാണ്‌ . എന്നാല്‍ മൊബൈല്‍ ഫോണിന്റെ വലുപ്പമുള്ള ഡേറ്റാ പ്രോസസിംഗ്‌ സംവിധാനത്തിനായി ഗവേഷണം തുടരുകയാണെന്ന്‌ ശ്വേതക്‌ പട്ടേല്‍ അറിയിച്ചു.

വിരലോളമുള്ള പിസി

വില ആയിരം രൂപയോളം. വലുപ്പം വിരലിനോളം. Raspberry Pi അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ്‌ . ഇംഗ്ലണ്ടിലെ ഗെയിം പ്രോഗ്രാമര്‍ ഡേവിഡ്‌ ബ്രബെന്‍ ആണ്‌ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പുതിയ കമ്പ്യൂട്ടറിന്റെ പിന്നില്‍. യുഎസ്‌ബി സ്‌റ്റിക്കിലാണ്‌ വിവരങ്ങള്‍ ശേഖരിക്കുക. കീബോര്‍ഡും മോണിറ്ററും ഉപയോഗിക്കാനാവശ്യമായ പോര്‍ട്ടുകള്‍ ഇതിലുണ്ട്‌ . 700 മെഗാ ഹെട്‌സ് വേഗമുള്ള ARM11 പ്രോസസറാണ്‌ ഈ കമ്പ്യൂട്ടറിലുള്ളത്‌ . 128 റാമും OpenGL ഗ്രാഫിക്‌സും കമ്പ്യൂട്ടറിലുണ്ട്‌ . അത്യാവശ്യം വേഗത്തില്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ്‌ ചെയ്യാനാകും. Ubuntu , അല്ലെങ്കില്‍ മറ്റ്‌ ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം ഉപയോഗിക്കാം. വേര്‍ഡ്‌ പ്രോസസറും അനായാസം പ്രവര്‍ത്തിപ്പിക്കാം. അല്‍പം വിലകൂടിയ മോഡലില്‍ 12 മെഗാ പിക്‌സല്‍ കാമറയുമുണ്ടാകും. ഒരു വര്‍ഷത്തിനകം തന്റെ കമ്പ്യൂട്ടര്‍ വ്യാപകമാക്കാനുളള ശ്രമത്തിലാണ്‌ ബ്രബെന്‍.

കണ്‍ചിമ്മുക, ലോഗ്‌ ഇന്‍ ചെയ്യുക

പാസ്‌വേര്‍ഡുകള്‍ മറന്നാലുള്ള പൊല്ലാപ്പിന്‌ വിട. കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുക, കണ്ണുകള്‍ ചലിപ്പിക്കുക. ഇ- മെയില്‍ , നെറ്റ്‌ ബാങ്കിംഗ്‌ അക്കൗണ്ടുകളിലേക്ക്‌ ലോഗ്‌ ഇന്‍ ചെയ്യാന്‍ ഇത്രമാത്രം മതി. ന്യൂയോര്‍ക്കിലെ Hoyos Group ആണ്‌ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്‌. കൃഷ്‌ണമണിയെ സ്‌കാന്‍ ചെയ്‌ത ശേഷമാണ്‌ പ്രോഗ്രാം ഉപയോക്‌താവിനെ കണ്ടെത്തുന്നത്‌ . ബിസിനസ്‌ കാര്‍ഡിന്റെ വലുപ്പമാകും സ്‌കാനറിനുളളത്‌ . നാല്‌ ഔണ്‍സാണ്‌ ഭാരം. സ്‌കാനര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സോഫ്‌റ്റ്വേറും Hoyos Group നല്‍കും. പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്ന ഏതു പ്രോഗ്രാമിനും സ്‌കാനര്‍ അനുയോജ്യമാണ്‌ . കൃഷ്‌ണമണിയുടെ പ്രത്യേകത അനുസരിച്ചാകും പാസ്‌വേര്‍ഡുകള്‍ തയാറാകുക. വിരലടയാളത്തെക്കാള്‍ മികച്ചതാണ്‌ കൃഷ്‌ണമണിയടിസ്‌ഥാനമാക്കിയുളള സംവിധാനം. വിരലടയാളം അടിസ്‌ഥാനമാക്കിയുളള പ്രോഗ്രാമുകള്‍ 18 പരിശോധനകളാണ്‌ നടത്തുക. എന്നാല്‍ കൃഷ്‌ണമണി ഉപയോഗിക്കുമ്പോള്‍ 2,000 കേന്ദ്രങ്ങളാകും പരിഗണിക്കുക. സ്വഭാവികമായും സുരക്ഷയേറും. വിപണിയിലെത്തുമ്പോള്‍ ഉപകരണത്തിന്‌ 4,500 രൂപയോളം വിലയാകും.

ന്യുട്ടന്റെ ആപ്പിള്‍ മരം 'വീഴ്‌ചയിലേക്ക്‌'

ഐസക്ക്‌ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തിന്‌ കാരണമായ ആപ്പിള്‍ മരം വീഴ്‌ചയിലേക്ക്‌ . 1665 ല്‍ ന്യൂട്ടണ്‍ ഈ മരത്തിന്റെ ചുവട്ടിരിരുന്നപ്പോഴാണത്രേ ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ കാരണമായ ആപ്പിള്‍ പതിച്ചത്‌ . ന്യൂട്ടണ്‍ പ്രശസ്‌തനായതോടെ ലിങ്കണ്‍ഷേറിലുളള മരവും പ്രശസ്‌തമായി. ഇപ്പോഴാകട്ടേ ഏറെ വിനോദ സഞ്ചാരികളെയാണ്‌ ഈ മരം ആകര്‍ഷിക്കുന്നത്‌ . മരം കാണാനെത്തുന്നവര്‍ വേരിന്റെ ഒരംശമെങ്കിലും മുറിച്ചുകൊണ്ടാകും മടങ്ങുക. ഈയടുത്ത കാലത്ത്‌ സന്ദര്‍ശകരുടെ എണ്ണത്തില്‍ 50% വര്‍ധനയാണ്‌ ഉണ്ടായത്‌ . കൊടുങ്കാറ്റിനെ വരെ നേരിട്ട ചരിത്രം ഈ മരത്തിനുണ്ട്‌ . ഇപ്പോള്‍ 'ട' ആകൃതിയിലാണ്‌ മരം. മരത്തിന്‌ ചുറ്റും വേലി കൊട്ടി സംരക്ഷിക്കാനാണ്‌ ശ്രമം. 400 വര്‍ഷം കൂടിയെങ്കിലും മരത്തെ നിലനിര്‍ത്തണമെന്നാണ്‌ സംരക്ഷകരുടെ മോഹം.

റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്‌

ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും മാതൃകയിലൊരു ലോകകപ്പിന്‌ ന്യൂസിലന്‍ഡ്‌ വേദിയാവുകയാണ്‌. എന്നാല്‍, ഏതെങ്കിലുമൊരു കായിക ഇനത്തിനുവേണ്ടിയുള്ളതല്ല ഈ ലോകകപ്പ്‌. ഏറ്റവും മികച്ച റോബോട്ടിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ്‌ ഈ ലോകമത്സരം നടത്തുന്നത്‌. ന്യൂസിലന്‍ഡില്‍ ഒകേ്‌ടാബര്‍ 11 മുതല്‍ 13 വരെയാണ്‌ മത്സരം. ന്യൂസിലന്‍ഡിലെ ഓക്‌്ലാന്‍ഡില്‍ നടക്കുന്ന റഗ്‌ബി ലോകകപ്പിനോടനുബന്ധിച്ചാണ്‌ റോബോട്ട്‌ മത്സരവും അരങ്ങേറുന്നത്‌. ന്യൂസിലന്‍ഡ്‌, അമേരിക്ക, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ തന്നെ മത്സരത്തില്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു കഴിഞ്ഞു. റോബോട്ടിക്‌ വേള്‍ഡ്‌ കപ്പെന്നാണ്‌ മത്സരത്തിന്റെ പേര്‌. റോബോട്ടുകളുടെ രൂപകല്‌്പന, നിര്‍മാണം, പ്രവര്‍ത്തനം, വേഗത, കഴിവ്‌ തുടങ്ങിയവയാണ്‌ മത്സരത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്‌

റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം പിടിക്കാന്‍ ലിംഗാഗ്രഛേദ മഹാമഹം

ലോക റെക്കോഡ്‌ സ്വന്തമാക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ വഴികളുണ്ട്‌. ഫിലിപ്പീന്‍സിലെ മാരികിനാ നഗരം ലോക റെക്കോഡ്‌ സ്വന്തമാക്കാന്‍ അല്‌പം വ്യത്യസ്‌തമായൊരു മാര്‍ഗമാണ്‌ തെരഞ്ഞെടുത്തത്‌. നൂറുകണക്കിനു ബാലകര്‍ക്കും യുവാക്കള്‍ക്കും സൗജന്യമായി ലിംഗാഗ്രഛേദം നടത്തികൊടുത്ത്‌ റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം നേടാനായിരുന്നു മാരികിനാ നാഗരം ശ്രമിച്ചത്‌. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ യുവാക്കള്‍ വരെ ഈ സൗജ്യന ഛേദനത്തില്‍ പങ്കെടുത്തു. മാരികിനാ നഗര സേ്‌റ്റഡിയത്തില്‍ തയാറാക്കിയ ശസ്‌ത്രക്രിയാ മുറികളിലായിരുന്നു കൂട്ട ഛേദനം നടത്തിയത്‌. ചെറുപ്പത്തിലേ ലിംഗാഗ്ര ചര്‍മം ഛേദിക്കുന്നത്‌ ഫിലിപ്പീന്‍സ്‌ പാരമ്പര്യമാണ്‌. സ്‌കൂള്‍ അവധിക്കാലത്താണ്‌ ആണ്‍കുട്ടികള്‍ ഛേദനം നടത്തുന്നത്‌. സുരക്ഷിതമായ ഛേദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു നഗരസഭ ഈ പരിപാടി സംഘടിപ്പിച്ചത്‌. സ്വകാര്യ ആശുപത്രികളില്‍ രണ്ടായിരത്തോളം രൂപ ചെലവു വരുന്ന ഛേദനാ ശസ്‌ത്രക്രിയയാണ്‌ നഗരസഭ സൗജന്യമായി ചെയ്‌തു കൊടുത്തത്‌. രണ്ടായിരത്തിലേറെ ആളുകള്‍ ഇതില്‍ പങ്കെടുത്തെന്നാണ്‌ നഗരസഭ പറയുന്നത്‌. ഇതിലൂടെ റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം നേടി ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്‌ ലക്ഷ്യമെന്നാണ്‌ നഗരസഭാ അധികൃതര്‍ പറയുന്നത്‌.

വാര്‍ത്ത