2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

റാസല്‍ഖൈമ രാജാവ്‌ ഷെയ്‌ഖ് സഖര്‍ അന്തരിച്ചു

 ദുബായ്‌: യു.എ.ഇയിലെ ഏഴു പ്രവിശ്യകളിലൊന്നായ റാസല്‍ഖൈമയിലെ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്‌ഖ് സഖര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ക്വാസിമി (92) ഇന്നലെ പുലര്‍ച്ചെ അന്തരിച്ചു. കബറടക്കം നടത്തി. അധികാരത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാജാവായിരുന്നു ഇദ്ദേഹം. റാസല്‍ഖൈമയുടെ പുതിയ ഭരണാധികാരിയായി നാലാമത്തെ മകന്‍ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖര്‍ അല്‍ ക്വാസിമി (54) അധികാരമേറ്റു.

ഷെയ്‌ഖ് സഖറിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ റേഡിയോ നിലയങ്ങളും ഔദ്യോഗിക ടെലിവിഷന്‍ ചാനലുകളും ആദരസൂചകമായി സംപ്രേഷണം നിര്‍ത്തിവച്ചു. ദുബായ്‌, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ, അജ്‌മാന്‍, ഫുജൈറ, ഉമ്മല്‍ഖ്വയിന്‍ എന്നീ എമിറേറ്റുകള്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കു റാസല്‍ഖൈമയില്‍ ഏഴു ദിവസത്തെയും ഷാര്‍ജ, അജ്‌മാന്‍, ഉമ്മല്‍ഖ്വയിന്‍ എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തെയും അവധി പ്രഖ്യാപിച്ചു. ഒമാനിലെ വടക്കന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന അല്‍ ക്വാസിമി രാജകുടുംബാംഗമായ ഷെയ്‌ഖ് സഖര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ക്വാസിമി 1918 ഏപ്രില്‍ ഒമ്പതിനാണു ജനിച്ചത്‌. 1948 ജൂലൈ 17 ന്‌ റാസല്‍ഖൈമ എമിറേറ്റിന്റെ ഭരണം അമ്മാവനും ഭാര്യാപിതാവുമായ ഷെ്‌യ്ഖ്‌ ബിന്‍ സലീമില്‍നിന്ന്‌ ഏറ്റെടുത്തു.

ഏറെ നാളായി അസുഖബാധിതനായിരുന്നു. മകന്‍ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖര്‍ ആയിരുന്നു ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്‌. 2003 ഏപ്രില്‍ 28 നാണ്‌ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖറിനെ റാസല്‍ഖൈമയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്‌. 1971 ഡിസംബര്‍ രണ്ടിനു യു.എ.ഇ. രൂപം കൊണ്ടെങ്കിലും 1972 ഫെബ്രുവരി 24 നു മാത്രമാണ്‌ റാസല്‍ഖൈമ എമിറേറ്റ്‌ യു.എ.ഇ യോടൊപ്പം ചേര്‍ന്നത്‌.

വാര്‍ത്ത