2011, മാർച്ച് 30, ബുധനാഴ്‌ച

'ലോകാവസാനം 2011 മേയ്‌ 21 വൈകിട്ട്‌ ആറിന്‌'

ലണ്ടന്‍: ഈ വര്‍ഷം മേയ്‌ 21 ന്‌ വൈകിട്ട്‌ ആറിന്‌ ലോകം അവസാനിക്കുമെന്ന്‌ പ്രവചനം. കാലിഫോര്‍ണിയ ഓക്ലന്‍ഡിലെ മതപണ്ഡിതനായ ഹാരോള്‍ഡ്‌ കാമ്പിംഗാണ്‌ പ്രവചനം നടത്തിയത്‌ . ലോക ജനസംഖ്യയില്‍ രണ്ടു ശതമാനത്തെ നേരെ സ്വര്‍ഗത്തിലേക്ക്‌ സ്വീകരിക്കും. ബാക്കി 98% ത്തെ മറ്റു സ്‌ഥലങ്ങളിലേക്ക്‌ മാറ്റും. അവസാനത്തിനായി എല്ലാവരും തയാറാകണമെന്ന്‌ 89 കാരനായ അദ്ദേഹം ആഹ്വാനം ചെയ്‌തു. 70 വര്‍ഷത്തെ ബൈബിള്‍ പഠനത്തിന്‌ ശേഷമാണത്രേ അദ്ദേഹം പ്രവചനം നടത്തിയത്‌ . യേശുവിന്റെ ക്രൂശാരോഹണം നടന്നിട്ട്‌ മേയ്‌ 21ന്‌ 722,500 ദിവസം തികയും. മൂന്ന്‌ പരിശുദ്ധ അക്കങ്ങളായ അഞ്ച്‌ , 10, 17 എന്നിവ ഗുണിച്ചാണ്‌ ഈ കണക്കുണ്ടാക്കിയത്‌ . ജപ്പാന്‍ , ന്യൂസിലന്‍ഡ്‌ , ഹെയ്‌തി എന്നിവടങ്ങളിലുണ്ടായ ഭൂചലനം ലോകാവസാനത്തിന്റെ സൂചനയാണ്‌ . 1994 സെപ്‌റ്റംബര്‍ ആറിന്‌ ലോകം അവസാനിക്കുമെന്ന്‌ ഇദ്ദേഹം പ്രവചിച്ചിരുന്നു . അന്ന്‌ കണക്കുകൂട്ടലിലുണ്ടായ പിഴവ്‌ ഇനി ആവര്‍ത്തിക്കില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌ .

'ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ ഫൈനലില്‍

മൊഹാലി: ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്താനെത്തിയ ഷാഹിദ്‌ അഫ്രീദിക്കും സംഘത്തിനും മൊഹാലിയില്‍ മോഹഭംഗം. ആവേശം അണപൊട്ടിയ അന്തരീക്ഷം, സാക്ഷ്യം വഹിക്കാന്‍ രണ്ടു പ്രധാനമന്ത്രിമാര്‍. ആര്‍ത്തലയ്‌ക്കാന്‍ അനേകായിരം ആരാധകര്‍. അതിര്‍ത്തി കടന്നെത്തിയ പാകിസ്‌താന്‍ വമ്പിനെ എറിഞ്ഞിടാന്‍ ഇന്ത്യക്ക്‌ ഇത്രയും പ്രചോദനം ധാരാളമായിരുന്നു. ഇന്നലെ മൊഹാലിയില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ 29 റണ്‍സിന്റെ മോഹവിജയം നേടി ഇന്ത്യ 2011 ലോകകപ്പിന്റെ കലാശക്കളിക്ക്‌ അര്‍ഹത നേടി. ശനിയാഴ്‌ച മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ്‌ ഇന്ത്യയുടെ എതിരാളികള്‍. ആവേശത്തിന്റെ രസമാപിനി വാനോളം ഉയര്‍ന്ന സെമി പോരാട്ടത്തില്‍ ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സ്‌ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്‌താന്‌ 49.5 ഓവറില്‍ 231 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളു. രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തിളങ്ങിയപ്പോള്‍ പാക്‌ പ്രതീക്ഷ പൊലിയുകയായിരുന്നു. നേരത്തെ 85 റണ്‍സ്‌ നേടിയ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മികവിലായിരുന്നു ഇന്ത്യ 260-ല്‍ എത്തിയത്‌. ബാറ്റിംഗ്‌ ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനു നെടുന്തൂണായ സച്ചിനാണ്‌ കളിയിലെ കേമന്‍. മത്സരത്തില്‍ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യക്കു പതിവു പോലെ വിരേന്ദര്‍ സേവാഗ്‌(38)മികച്ച തുടക്കമാണ്‌ സമ്മാനിച്ചത്‌. പാക്‌ സ്‌ട്രൈക്ക്‌ ബൗളര്‍ ഉമര്‍ ഗുല്ലിന്റെ ഒരോവറില്‍ അഞ്ചു ബൗണ്ടറി പറത്തിയ സേവാഗിന്റെ മിന്നല്‍ തുടക്കത്തിനു ശേഷം സ്‌പിന്നര്‍മാരുടെ രംഗപ്രവേശത്തോടെ പ്രതിരോധത്തിലേക്കു മടങ്ങിയ ഇന്ത്യയെ ഒരറ്റത്ത്‌ നിശ്‌ചയദാര്‍ഢ്യത്തോടെ ബാറ്റു വീശിയ സച്ചിന്റെ ഇന്നിംഗ്‌സാണു മികച്ച സ്‌കോറിലേക്കു നയിച്ചത്‌. പാക്‌ ഫീല്‍ഡര്‍മാരുടെ 'കൈ'യയച്ചുള്ള സഹായത്തിനിടെ 115 പന്തില്‍ നിന്നു 11 ബൗണ്ടറികളോടെയാണ്‌ സച്ചിന്‍ 85 റണ്‍സ്‌ നേടിയത്‌. സച്ചിനും സേവാഗിനും പുറമേ 36 റണ്‍സ്‌ നേടിയ സുരേഷ്‌ റെയ്‌ന, 27 റണ്‍സ്‌ നേടിയ ഗൗതം ഗംഭീര്‍, 25 റണ്‍സ്‌ നേടിയ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി എന്നിവരാണ്‌ ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. പാകിസ്‌താനുവേണ്ടി സയിദ്‌ അജ്‌മല്‍ രണ്ടു വിക്കറ്റെടുത്തു. സ്‌പിന്നര്‍ ആര്‍. അശ്വിന്‌ പകരം മീഡിയം പേസര്‍ ആശിഷ്‌ നെഹ്‌റയെ ഉള്‍പ്പെടുത്തിയാണ്‌ ഇന്ത്യ ഇറങ്ങിയത്‌.

വാര്‍ത്ത