2011, മേയ് 1, ഞായറാഴ്‌ച

ന്യൂയോര്‍ക്കുകാര്‍ക്ക്‌ പൊതുസ്‌ഥലത്ത്‌ നീലച്ചിത്രം കാണാം

അശ്ലീലചിത്രങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ കാണുന്നത്‌ മോശമാണെന്നാണ്‌ ആളുകള്‍ കരുതുന്നത്‌. കാരണം, ഇത്‌ ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ എതിരാണ്‌. എന്നാല്‍, അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ലൈബ്രറികളില്‍ ഇനി മുതല്‍ പരസ്യമായി നീലച്ചിത്രങ്ങള്‍ ആസ്വദിക്കാം. കാരണം, അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്രിത്തിന്റെ ഭാഗമായാണ്‌ ഈ നീലച്ചിത്രകാഴ്‌ചയെന്നാണ്‌ ലൈബ്രറി അധികൃതരുടെ പക്ഷം. സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ സ്‌ഥാപിച്ച ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള കംപ്യൂട്ടറുകളില്‍ അശ്ലീലചിത്രങ്ങള്‍ കാണുന്നത്‌ തടഞ്ഞിരിക്കെയാണ്‌ ന്യൂയോര്‍ക്ക്‌ നഗരവാസികള്‍ വ്യത്യസ്‌തമായി ചിന്തിച്ചത്‌. സര്‍ക്കാര്‍ഫണ്ടില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌ ന്യൂയോര്‍ക്ക്‌ ലൈബ്രറിയുടെ കേന്ദ്രങ്ങള്‍. പക്ഷേ, അഭിപ്രായസ്വാതന്ത്ര്യത്തെ മാനിച്ച്‌ തങ്ങള്‍ നീലച്ചിത്രങ്ങള്‍ പരസ്യമായി കാണുന്നത്‌ തടയുന്നില്ലെന്നാണ്‌ ലൈബ്രറി അധികൃതര്‍ പറയുന്നത്‌. ന്യൂയോര്‍ക്കില്‍ 200 കേന്ദ്രങ്ങളാണ്‌ ലൈബ്രറിക്കുള്ളത്‌. ഇവിടെയെത്തുന്നവര്‍ക്ക്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമാണ്‌ ലൈബ്രറി അധികൃതര്‍ നല്‍കുന്നത്‌. ഇനി മുതല്‍ ഈ കംപ്യൂട്ടറുകളില്‍ പൊതുജനമധ്യേ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാനുള്ള അവകാശമാണ്‌ ന്യൂയോര്‍ക്കുകാര്‍ക്ക്‌ നിയമം പ്രകാരം ലഭിക്കുന്നത്‌.

പൊതുജനത്തിനു ഭീഷണി പോലീസ്‌ !

നീതിന്യായവ്യവസ്‌ഥകളുടെ സംരക്ഷണത്തിനാണ്‌ പോലീസ്‌. എന്നാല്‍, കുറ്റവാളികളേക്കാളും തീവ്രവാദികളേക്കാളും പൊതുജനത്തിനുഭീഷണി പോലീസായാലോ. അമേരിക്കയിലെ ന്യൂഓര്‍ലന്‍സ്‌ സംസ്‌ഥാനത്തെ പോലീസ്‌ വകുപ്പ്‌ പൗരന്മാരുടെ സുരക്ഷയ്‌ക്കു ഭീഷണിയാണെന്നാണ്‌ അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. അമേരിക്കന്‍ സര്‍ക്കാരിന്റെ നീതിന്യായ വകുപ്പാണ്‌ ന്യൂഓര്‍ലന്‍സിലെ പോലീസ്‌ ഭീഷണിയാണെന്ന്‌ ഔദ്യോഗികമായി പത്രക്കുറിപ്പ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. ന്യൂ ഓര്‍ലന്‍സ്‌ സംസ്‌ഥാനത്തെ പോലീസുകാര്‍ നടത്തുന്ന അതിക്രമത്തെ തുടര്‍ന്നാണ്‌ അമേരിക്കന്‍ സര്‍ക്കാര്‍ നേരിട്ടിടപെട്ടത്‌. കുറ്റവാളികളെപ്പോലെയും തീവ്രവാദികളെപ്പോലെയും പെരുമാറുന്ന പോലീസാണ്‌ അമേരിക്കന്‍ ജനത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നാണ്‌ അമേരിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതുപരിഹരിക്കാന്‍ ന്യൂഓര്‍ലന്‍സ്‌ പോലീസിനെ നിയന്ത്രിക്കാന്‍ ബദല്‍ സംവിധാനമം നീതിന്യായവകുപ്പ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

നൂഡില്‍സുണ്ടാക്കുന്ന റോബോട്ട്‌

ചൈനയിലെ ഷെങ്‌യാങിലെ ഒരു നൂഡില്‍സ്‌ കടയിലെ പ്രധാന ആകര്‍ഷണം അവിടെത്തെ പാചകക്കാരനാണ്‌. സാധാരണ നൂഡില്‍ ഉണ്ടാക്കുന്നവരേക്കാള്‍ മൂന്നു മടങ്ങ്‌ മിടുക്കോടെ ഈ വിരുതന്‍ നൂഡില്‍സ്‌ ഉണ്ടാക്കും. അതും മറ്റാരേക്കാള്‍ മികവോടെയും. ഒരു ഹോട്ടലിലെ ഭക്ഷണം നന്നായാല്‍ ആളുകള്‍ ആകര്‍ഷികപ്പെടുക സ്വാഭാവികമാണ്‌. ഈ നൂഡില്‍ കടയിലേക്കും ആളുകള്‍ പ്രവഹിക്കുകയാണ്‌. ഈ മിടുക്കനായ പാചകക്കാരനെ കാണാനും അയാളുണ്ടാക്കുന്ന നൂഡില്‍സ്‌ കഴിക്കാനുമാണ്‌ ആളുകള്‍ വന്‍തോതില്‍ എത്തുന്നത്‌. ഒരു റോബോട്ടാണ്‌ ഈ പാചകക്കാരന്‍. അരിപ്പൊടിയില്‍ ഈ റോബോട്ട്‌ ഉണ്ടാക്കുന്ന നൂഡില്‍സ്‌ ഉഗ്രനാണെന്നാണ്‌ ഇതു കഴിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. നൂഡില്‍സ്‌ ഉണ്ടാക്കുന്ന ഒരു മുഷ്യനേക്കാളും മൂന്നു മടങ്ങ്‌ ലാഭകരമാണ്‌ റോബോട്ടെന്നാണ്‌ കടയുടമ പറയുന്നത്‌. പ്രത്യേകം പറഞ്ഞാണ്‌ ഇയാള്‍ റോബോട്ടിനെ ഉണ്ടാക്കിപ്പിച്ചത്‌. 3.5 ലക്ഷത്തിലേറെ രൂപയാണ്‌ ഇതിന്റെ നിര്‍മാണ ചെലവ്‌. റോബോട്ടിനു പത്തു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ഒരു കിലോവാട്ട്‌ വൈദ്യുതിമതിയെന്നാണ്‌ കടയുടമ പറയുന്നത്‌.

വാര്‍ത്ത