2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഗതാഗതക്കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ ആകാശയാത്ര

ഗതാഗതക്കുരുക്കിനെ ശപിക്കാത്തവരായി ആരുമില്ല. അര്‍ജന്റീനക്കാരനായ ഹെര്‍നന്‍ പിറ്റോക്കോയും ഗതാഗതക്കുരുക്കില്‍ ഒട്ടേറെത്തവണ അകപ്പെട്ടിട്ടുണ്ട്‌. അര്‍ജന്റീനയുടെ തലസ്‌ഥാനമായ ബ്യൂനേസ്‌ഐറസിലാണ്‌ ഹെര്‍നന്റെ താമസം. ഗതാഗതക്കുരുക്കിന്റെ ലോകതലസ്‌ഥാനമാണ്‌ ഈ നഗരമെന്നാണ്‌ ഹെര്‍നന്‍ പറയുന്നത്‌. ഗതാഗതക്കുരുക്കില്‍ രക്ഷപെടാന്‍ ഒടുവില്‍ ആകാശത്തുകൂടി പറന്നു പോകാനായിരുന്നു ഹെര്‍നന്‍ പദ്ധതിയിട്ടത്‌. യന്ത്രസംവിധാനമുള്ള ഗ്ലൈഡറില്‍ ഹെര്‍നന്‍ നഗരത്തിനുമുകളിലൂടെ പറക്കുകയും ചെയ്‌തു. ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ സുന്ദരമായി നഗരകാഴ്‌ചകളൊക്കെ കണ്ട്‌ ഹെര്‍നന്‍ പറന്നിറങ്ങി. ഉടനേ സ്‌ഥലത്തെത്തിയ ബ്യൂനെസ്‌ഐറസ്‌ പോലീസ്‌ ഹെര്‍നനെ ഗ്ലൈഡര്‍ ഉള്‍പ്പെടെ അറസ്‌റ്റു ചെയ്‌തു. നഗരത്തിലെ ആകാശത്തുകൂടി പറക്കുന്നതിനു പ്രത്യേക അനുമതി വേണം. ഈ അനുമതിയില്ലാതെ പറന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അറസ്‌റ്റു. പോലീസിന്റെ പിടിയിലായെങ്കിലെന്ത്‌ നഗരത്തിലെ ആകാശത്തുകൂടി സ്‌ഥിരമായി പറന്നു നടക്കാനുള്ള അനുമതിക്കായി ഹെര്‍നന്‍ ഇപ്പോള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്‌.

എക്‌സ് റേ സോപ്പും അറ്റോമിക്‌ ബ്ലേഡും

ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓരോ കാലത്തും ഓരോ തന്ത്രമുണ്ട്‌. അതില്‍പലതും കാലങ്ങള്‍ കഴിയുമ്പോള്‍ വിചിത്രമായി തോന്നുന്നവയുമാണ്‌. പക്ഷേ, കഴിഞ്ഞനൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ സോപ്പും ബ്ലേഡും വെണ്ണയും സിഗരറ്റും തുടങ്ങിയ ജനപ്രിയവസ്‌തുക്കള്‍ വിറ്റഴിച്ചിരുന്നത്‌ മാരകവസ്‌തുക്കളുണ്ടെന്നവകാശപ്പെട്ടായിരുന്നു. മാരകമായ ആണവവികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന റേഡിയം അടങ്ങിയിട്ടുണ്ടെന്ന്‌ അവകാശപ്പെട്ടായിരുന്നു ഇവയില്‍ പല വസ്‌തുക്കളുടെയും വില്‍പ്പന. ചന്ദനവും കുങ്കുമവും സ്വര്‍ണവുമൊക്കെയുണ്ടെന്ന്‌ അവകാശപ്പെട്ട്‌ വസ്‌തുക്കള്‍ വിറ്റഴിക്കപ്പെടുന്നില്ലേ. അതേപോലുള്ള ഒരു മാര്‍ക്കറ്റിംഗ്‌ തന്ത്രമായിരുന്നു ഇത്‌. റേഡിയത്തെക്കുറിച്ചും എക്‌സ് റേയെക്കുറിച്ചും ആറ്റത്തെക്കുറിച്ചൊക്കെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കാലത്തായിരുന്നു ഇവ അടങ്ങിയിട്ടുണ്ടെന്ന്‌ അവകാശപ്പെട്ടുള്ള വസ്‌തുക്കളുടെ വില്‍പ്പന പൊടിപൊടിച്ചിരുന്നത്‌. റേഡിയത്തെയും എക്‌സ് റേയുമൊക്കെ അത്യപൂര്‍വ വസ്‌തുവായി ആളുകള്‍ കരുതിയിരുന്ന കാലമായിരുന്നു അത്‌. ഇവ അടങ്ങിയ വസ്‌തുക്കള്‍ ആരോഗ്യത്തിനു നല്ലതാണെന്നായിരുന്നു ആളുകള്‍ അന്നു കരുതിയിരുന്നത്‌. അതിനാലായിരുന്നു എക്‌സ്്‌ റേ സോപ്പും ആറ്റോമിക്‌ ബ്ലേഡും റേഡിയം വെണ്ണയും റേഡിയം സിഗരറ്റുകളും എക്‌സ് റേ ക്രീമുമൊക്കെ വിപണിയിലെത്തിയിരുന്നത്‌. പക്ഷേ, ഇവയിലൊന്നും ഈ വസ്‌തുക്കളില്ലെന്ന്‌ ജനത്തിനറിയില്ലല്ലോ.

ഒരു പെഗിനു 1.25 ലക്ഷം രൂപ

ഒരു പെഗു വീശാന്‍ 1.25 ലക്ഷം രൂപയോ! മുറിനിറയേ മദ്യം വാങ്ങി സൂക്ഷിച്ച്‌ ആഴ്‌ചകളോളം കുടിച്ചുതീര്‍ക്കാനുള്ള കാശ്‌ എന്തിനാ ഒരു തുള്ളി മദ്യത്തിനായി ചെലവഴിക്കുന്നതെന്നാണ്‌ മലയാളിയുടെ സംശയം. ഇതു സാധാരണ മദ്യമല്ല. ലോകത്തെ ഏറ്റവും അപൂര്‍വമായ മദ്യം കഴിക്കാനാണ്‌ ഒരു പെഗിനു 1.25 ലക്ഷം രൂപ മുടക്കേണ്ടത്‌. റെമി മാര്‍ട്ടിന്‍ ലൂയിസ്‌ 13 ബ്ലാക്‌ പേള്‍ എന്ന മദ്യത്തിനാണ്‌ പെഗിനു ലക്ഷങ്ങള്‍ വിലമതിക്കുന്നത്‌. ലോകത്താകെ റെമി മാര്‍ട്ടിന്‍ ലൂയിസിന്റെ 50 ബോട്ടിലുകളേയുള്ളൂ. അതില്‍ ഒരെണ്ണം ഡല്‍ഹിയിലെ ചാണക്യപുരിയിലെ ലീലാ പാലസിലാണ്‌. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏക റെമി മാര്‍ട്ടിന്‍ ലൂയിസ്‌ കുപ്പിയാണിത്‌. 14.5 ലക്ഷം രൂപയാണ്‌ ഇതിന്റെ ഒരു ബോട്ടിലിന്റെ വില. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും വിലകൂടിയ മദ്യവും ഇതുതന്നെ. 100 വര്‍ഷത്തോളം പഴക്കുമുള്ളതാണ്‌ ഈ മദ്യമെന്ന പ്രത്യേകതയുമുണ്ട്‌.

ജിമ്മില്‍പോകൂ; നഗ്നരായി വ്യായാമം ചെയ്യൂ

വ്യായാമം ചെയ്‌ത് മസില്‍ പെരുപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സുന്ദരമായി ഒരു ഓഫറുമായി എത്തിയിരിക്കുകയാണ്‌ ഒരു സ്‌പാനിഷ്‌ ജിം. ജിമ്മില്‍ വരൂ, നഗ്നരായി വ്യായാമം ചെയ്യൂ എന്നാണ്‌ സ്‌പെയിനിലെ ബാസ്‌ക്വെയിലുള്ള ഈസി ജിം ഉടമ പറയുന്നത്‌. ആളുകളെ ആകര്‍ഷിക്കാനാണ്‌ ജിമ്മില്‍ നഗ്നരായി വ്യായാമം ചെയ്യാന്‍ സൗകര്യമുണ്ടെന്നുള്ള പ്രഖ്യാപനം നടത്തിയെന്നാണ്‌ ജിം ഉടമ പറയുന്നത്‌. സ്‌പെയിന്‍ കടുത്തസാമ്പത്തിക പ്രതിസന്ധിയിലാണ്‌. ജിമ്മില്‍ വ്യായാമത്തിനായി എത്തിയിരുന്ന ആളുകളുടെ എണ്ണത്തെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചു. ഇതേത്തുടര്‍ന്നാണ്‌ ആളുകളെ ആകര്‍ഷിക്കാന്‍ ജിം ഉടമയായ മെര്‍ഷെ ലാസെക നഗ്നതാ വാഗ്‌ദാനം പ്രഖ്യാപിക്കുന്നത്‌. പണത്തിനുവേണ്ടിയാണ്‌ ഇതെല്ലാമെന്നാണ്‌ മെര്‍ഷെ പറയുന്നത്‌. ഈ പ്രദേശത്തുള്ള രണ്ട്‌ നീന്തല്‍ കുളങ്ങളില്‍ മാസത്തില്‍ ഒരു തവണ നഗ്നരായി കുളിക്കാനുള്ള സൗകര്യമുണ്ട്‌. ഈ പദ്ധതി വന്‍ വിജയമായിരുന്നു. ഇതിനെ മാതൃകയാക്കിയാണ്‌ നഗ്നരായി വ്യായാമം ചെയ്യാന്‍ തന്റെ ജിമ്മില്‍ അവസരമുണ്ടെന്ന്‌ മെര്‍ഷെ പ്രഖ്യാപിച്ചത്‌.

രണ്ടുതവണ വിവാഹം കഴിച്ച കൗമാരക്കാരന്‍

ബാലവിവാഹം ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിരിക്കുകയാണ്‌. എന്നാല്‍, രാജ്യത്തെ പല വിദൂര ഗ്രാമങ്ങളിലും ഇന്നും ബാലവിവാഹങ്ങള്‍ വ്യാപകമാണ്‌. ഇത്തരത്തില്‍ ഒരു ബാലവിവാഹം നടക്കുന്നുണ്ടെന്നറിഞ്ഞ്‌ തടയാന്‍ എത്തിയതായിരുന്നു രാജസ്‌ഥാനിലെ ബറാന്‍ ജില്ലാ അധികൃതര്‍. എന്നാല്‍, സംഭവസ്‌ഥലത്ത്‌ എത്തിയ ജില്ലാ അധികൃതര്‍ ഞെട്ടി. കാരണം, വരന്റെ രണ്ടാമത്തെ ബാലവിവാഹമായിരുന്നു ഇത്‌. ആദ്യ ഭാര്യ കഴിഞ്ഞ വര്‍ഷം മരിച്ചതിനെത്തുടര്‍ന്നാണ്‌ പ്രായപൂര്‍ത്തിയാകാത്ത വരന്‍ വീണ്ടും വിവാഹിതനാവുന്നത്‌. വരനു പ്രായം 18. വധുവിനും വിവാഹപ്രായം എത്തിയിരുന്നില്ല. ജയ്‌പൂരില്‍നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള പാലപൂര ഗ്രാമത്തിലായിരുന്നു സംഭവം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌.

ഒന്നര വയസുകാരന്‍ 'മെസിക്ക്‌' 10 വര്‍ഷത്തെ കരാര്‍

ജൂണിയര്‍ മെസി എന്ന പേരില്‍ യൂടൂബിലുടെ പ്രശസ്‌തനായ ഒന്നര വയസുകാരന്‍ Baerke van der Meij ക്ക്‌ 10 വര്‍ഷത്തെ കരാര്‍. ഹോളണ്ടിലെ പ്രഫഷണല്‍ ക്ലബായ വിവിവി ആണ്‌ 10 വര്‍ഷത്തേക്കുളള കരാര്‍ ഒപ്പുവച്ചത്‌ . പിതാവ്‌ ജോര്‍ജ്‌ ആണ്‌ മകന്റെ ഫുട്‌ബോള്‍ പ്രകടനം യൂടൂബില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌ . ടോയ്‌ബോക്‌സിലേക്ക്‌ Baerke van der Meij പന്ത്‌ അടിച്ചുകയറ്റുന്നത്‌ കണ്ട പലരും കുട്ടിയില്‍ ഒരു ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുകയായിരുന്നു. വിവിവിയുടെ മിഡ്‌ഫീല്‍ഡര്‍ കെന്‍ ലീമാന്‍സിനൊപ്പം പുതിയ താരം ചെറിയ പരിശീലനവും നടത്തി. കുട്ടിയുടെ മുത്തച്‌ഛന്‍ ഫുട്‌ബോള്‍ താരമായിരുന്നെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

കണ്ണില്ലാത്ത നായയ്‌ക്കു കണ്ണായി വാത്ത

താറാവുകളും കോഴികളും വാത്തകളുമായി നായ്‌ക്കള്‍ക്കു സൗഹൃദമില്ല. നേര്‍ക്കുനേരെ വന്നാല്‍ ഇരുവരും ശത്രുക്കളാണ്‌. എന്നാല്‍, ഈ ശത്രുതയൊക്കെ പഴങ്കഥയാക്കിയിരിക്കുകയാണ്‌ പോളണ്ടില്‍നിന്നുള്ള ഒരു പുതുകഥ. കാരണം, ബോക്‌സര്‍ ഇന്നത്തില്‍പ്പെട്ടെ ഒരു അന്ധനായയും ഒരു വാത്തയും തമ്മിലുള്ള ഹൃദയസ്‌പര്‍ശിയായ സൗഹൃദത്തിന്റെ കഥയാണിത്‌. അന്ധനായ നായയെ നയിക്കുന്നത്‌ നാലു വയസുള്ള വാത്തയാണ്‌. ഊണിലും ഉറക്കത്തിലും ഉരുവരും ഒന്നിച്ചാണ്‌്. നായയെ തന്റെ കഴുത്തിനാല്‍ നിയന്ത്രിച്ചാണ്‌ വാത്ത നയിക്കുന്നത്‌. കഴിഞ്ഞ വര്‍ഷമുണ്ടായ ഒരു അപകടത്തിലാണ്‌ നായയ്‌ക്കു കാഴ്‌ച നഷ്‌ടപ്പെട്ടത്‌. ഇതേത്തുടര്‍ന്നാണ്‌ നാളുകളോളം ശത്രുതയിലായിരുന്ന വാത്ത ഈ ഭീകരന്‍ നായയോടടുക്കുന്നതെന്നാണ്‌ ഉടമസ്‌ഥയായ റെനാട കൗര്‍സ പറയുന്നത്‌.

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

പൂസായ ഡ്രൈവര്‍ ടയറില്ലാതെ കാറോടിച്ചത്‌ കിലോമീറ്ററുകള്‍

ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളിലുള്ള ആന്‍ഡ്രു മാക്കി മദ്യപിക്കുന്നതില്‍ അഭിമാനിക്കുന്ന യുവാവാണ്‌. കേള്‍വിക്കുറവുള്ളതിനാല്‍ മദ്യലഹരിയില്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെക്കുറിച്ചുള്ള പരാതികളും ആന്‍ഡ്രുവിനു കേള്‍ക്കേണ്ടിവരുന്നില്ല എന്ന ഭാഗ്യവുമുണ്ട്‌്. എന്നാല്‍, അമിതമായി മദ്യപിച്ച്‌ ആന്‍ഡ്രു കാറോടിച്ചു പോകവേ ഒരുഅബദ്ധം പറ്റി. അതോടെ മൂന്നു വര്‍ഷത്തേക്ക്‌ ഡ്രൈവിംഗ്‌ ചെയ്യുന്നതില്‍നിന്നു പോലീസ്‌ ആന്‍ഡ്രുവിനെ വിലക്കിയിരിക്കുകയാണ്‌. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം ആന്‍ഡ്രു കാറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കാര്‍ അല്‌പ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ തന്നെ ആന്‍ഡ്രുവിന്റെ കാറിന്റെ ഒരു ചക്രം ഊരിത്തെറിച്ചുപോയി. എന്നാല്‍, മദ്യലഹരിയില്‍ ആന്‍ഡ്രു ഇതൊന്നുമറിയുന്നില്ലായിരുന്നു. അപകടകരമാം വിധം റോഡിലൂടെ അമിത വേഗതയിലായിരുന്നു ആന്‍ഡ്രുവിന്റെ ഡ്രൈവിംഗും. ടയറില്ലാതിനാല്‍ റിം റോഡിലുരഞ്ഞ്‌ തീ പാറിച്ചായിരുന്നു ആന്‍ഡ്രുവിന്റെ സഞ്ചാരം. കേള്‍വിക്കുറവുള്ളതിനാല്‍ ഈ ശബ്‌ദകോലാഹലമൊന്നും ആന്‍ഡ്രു കേള്‍ക്കുന്നില്ലായിരുന്നു. ആറു കിലോമീറ്ററിലേറെ ദൂരം ആന്‍ഡ്രു ഇങ്ങനെ ഡ്രൈവു ചെയ്‌തിരുന്നു. ഒടുവില്‍ പോലീസ്‌ പിടികൂടിയപ്പോള്‍ മാത്രമാണ്‌ ആന്‍ഡ്രു ഇക്കാര്യമറിയുന്നത്‌.

2011, ഏപ്രിൽ 6, ബുധനാഴ്‌ച

കുതിരയെ രക്ഷിക്കാന്‍ ബിയര്‍

ഡോക്‌ടര്‍മാര്‍ രക്ഷയില്ലെന്നു പറഞ്ഞ്‌ ഉപേക്ഷിച്ച കുതിരയുടെ ജീവന്‍ രക്ഷിച്ചതോ ഒരു കുപ്പി ബിയറും. ഓസ്‌ട്രേലിയയിലാണ്‌ സംഭവം. ആറുവയസുള്ള ഡയമണ്ട്‌ മൊജോ എന്ന കുതിരയാണ്‌ ബിയറിന്റെ പിന്‍ബലത്തില്‍ ജീവിതത്തിലേക്കു തിരികെയെത്തിയത്‌. ഡയമണ്ട്‌ പെട്ടെന്ന്‌ തളര്‍ച്ചബാധിച്ചു വീഴുകയായിരുന്നു. നിരവധി മൃഗഡോക്‌ടര്‍മാര്‍ പരിശോധിച്ചെങ്കിലും 24 മണിക്കൂറിനുള്ളില്‍ കുതിര മരിക്കുമെന്നു വിധിയെഴുതി കൈയൊഴിയുകയായിരുന്നു. ഉടമസ്‌ഥനായ സ്‌റ്റീവ്‌ ക്ലിബ്ബണ്‍ ഡയമണ്ടിന്റെ മരണവും പ്രതീക്ഷിച്ച്‌ അടുത്തുതന്നെ ഇരിപ്പായി. നിമിഷമങ്ങള്‍ കഴിയുന്തോറും കുതിര മരണത്തോട്‌ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ്‌ സ്‌റ്റീവ്‌ കുട്ടിക്കാലത്തു പറഞ്ഞു കേട്ട കുതിരക്കഥ ഓര്‍ത്തെടുത്തത്‌. മരണാസന്നനായ കുതിരയ്‌ക്കു ബിയര്‍ നല്‍കിയതും അവന്‍ ഉന്‍മേഷം വീണ്ടെടുത്തതുമായിരുന്നു ആ കഥയിലെ പ്രമേയം. ഡയമണ്ട്‌ എന്ന തന്റെ കുതിര എന്തായാലും മരിക്കും. അങ്ങനെയെങ്കില്‍ അവസാനമായി ഒരു കുപ്പി ബിയര്‍ കൊടുത്തുനോക്കാം. ജീവന്‍ തിരിച്ചു കിട്ടിയാലോ. ബിയര്‍ പാത്രത്തിലൊഴിച്ചു ഡയമണ്ടിനു നല്‍കി. കൂതിര ആര്‍ത്തിയോടെ ആ ബിയര്‍ മുഴുവന്‍ കുടിച്ചു തീര്‍ത്തു. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണാസന്നനായ കുതിരയുടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പഴയതിലും ഊര്‍ജസ്വലനായി സ്‌റ്റീവിനു മുമ്പിലൂടെ ഡയമണ്ട്‌ ഓടി നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ദിവസവും ഒരു കുപ്പി ബിയര്‍ സ്‌റ്റീവ്‌ തന്റെ കുതിരയ്‌ക്കു നല്‍കുന്നുണ്ട്‌.

റീചാര്‍ജിന്‌ സെക്കന്‍ഡുകള്‍

മൊബൈല്‍ ഫോണ്‍ റീചാര്‍ജു ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി! . ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണ്‌ 3ഡി നാനോസ്‌ട്രക്‌ചര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയുടെ മാതൃക തയാറാക്കിയത്‌ . ഗവേഷണം യാഥാര്‍ത്ഥ്യമായാല്‍ മൊബൈല്‍ ഫോണുകള്‍ സെക്കന്‍ഡുകള്‍കൊണ്ടും ലാപ്‌ടോപ്പുകള്‍ മിനിറ്റുകള്‍ക്കുള്ളിലും റീചാര്‍ജ്‌ ചെയ്യാം. ഗവേഷണ ഫലം ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ക്കും പ്രയോജനപ്പെടുത്താമെന്ന്‌ ഗവേഷകരായ പോള്‍ ബ്രൗണും സംഘവും അവകാശപ്പെടുന്നു. നാനോടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി കാഥോഡാണ്‌ ഇവര്‍ രൂപകല്‍പന ചെയ്‌തതത്‌ . ഊര്‍ജ നഷ്‌ടമില്ലാതെ അതിവേഗം ചാര്‍ജ്‌ ചെയ്യുന്ന സംവിധാനമാണ്‌ വിഭാവന ചെയ്‌തിരിക്കുന്നത്‌ . നിലവിലുള്ള lithium-ion, nickel metal hydride ബാറ്ററികള്‍ക്ക്‌ കാലക്രമേണ ഊര്‍ജ സംഭരണ ശേഷി കുറയും. എന്നാല്‍ 3ഡി സ്‌ട്രക്‌ചര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക്‌ ഊര്‍ജ സംഭരണത്തിന്റെ കാര്യത്തില്‍ പരിമതികള്‍ ഉണ്ടാകില്ലെന്നാണ്‌ അവകാശവാദം. മിനിറ്റുകള്‍ കൊണ്ട്‌ റീച്ചാര്‍ജു ചെയ്യാന്‍ കഴിയുന്ന ഇലക്‌ട്രിക്‌ വാഹനങ്ങളും തങ്ങള്‍ തയാറാക്കിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിരത്തുകള്‍ കീഴക്കുന്ന കാലം സ്വപ്‌നം കാണുകയാണ്‌ ബ്രൗണും സംഘവും.

2011, ഏപ്രിൽ 2, ശനിയാഴ്‌ച

2011 ലോകകപ്പ്‌ ഫൈനല്‍ ഇന്ത്യ-ശ്രീലങ്ക /ശ്രീലങ്കനെഹ്‌റയക്ക്‌ പകരം ശ്രീശാന്ത്‌ ?

ടീം ഇവരില്‍നിന്ന്‌: ഇന്ത്യ- എം.എസ്‌. ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്‌, സച്ചിന്‍, ഗൗതം ഗംഭീര്‍, യുവ്രാജ്‌ സിംഗ്‌, വിരാട്‌ കോഹ്ലി, യൂസഫ്‌ പഠാന്‍, സുരേഷ്‌ റെയ്‌ന, സഹീര്‍ ഖാന്‍, ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍, എസ്‌. ശ്രീശാന്ത്‌, ആര്‍. അശ്വിന്‍, പിയൂഷ്‌ ചൗള, ഹര്‍ഭജന്‍ സിംഗ്‌. എം.എസ്‌.ധോണി: ലോകകപ്പ്‌ ഫൈനലില്‍ ആദ്യമായാണ്‌ വിക്കറ്റ്‌ കീപ്പര്‍മാര്‍ ഇരു ടീമുകളുടെയും നായകന്‍മാരാകുന്നത്‌. ബാറ്റിംഗില്‍ ഫോം ഔട്ടാണെങ്കിലും കീപ്പറുടെയും നായകന്റെയും ഇരട്ട വേഷത്തില്‍ ധോണി തിളങ്ങുന്നുണ്ട്‌. എട്ടു മത്സരങ്ങളില്‍നിന്ന്‌ ആറു ക്യാച്ചുകളും മൂന്നു സ്‌റ്റമ്പിംഗുകളും ഇതിനോടകം ധോണി സ്വന്തമാക്കി. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാനറിയാവുന്ന ധോണിയെപ്പോലുള്ള നായകന്‍മാര്‍ വിരളം. ബൗളര്‍മാരുടെ മേല്‍ ആധിപത്യം ഉറപ്പിക്കാതിരിക്കാന്‍ അവര്‍ക്ക്‌ ഷോര്‍ട്ട്‌ സ്‌പെല്‍ മാത്രമാണു ധോണി നല്‍കുന്നത്‌. 30 റണ്‍ ശരാശരിയില്‍ 150 റണ്‍സ്‌ മാത്രമാണു ധോണി നേടിയതെന്ന ന്യൂനതയുണ്ട്‌. സച്ചിന്‍: ഫൈനലിലെ ഏറ്റവും ആവേശകരമായ ചോദ്യം സച്ചിന്‍ 100 ാം സെഞ്ചുറിയടിക്കുമോയെന്നാണ്‌. എട്ടു മത്സരങ്ങളില്‍നിന്ന്‌ 464 റണ്‍സെടുത്ത സച്ചിന്‍ ടോപ്‌സ്കോറര്‍മാരില്‍ രണ്ടാമനാണ്‌. 51 ടെസ്‌റ്റ് സെഞ്ചുറികളും 48 ഏകദിന സെഞ്ചുറികളും സ്വന്തമാക്കിയ സച്ചിന്റെ അവസാന ലോകകപ്പാണിതെന്ന്‌ ഉറപ്പാണ്‌. ഈ ലോകകപ്പില്‍ രണ്ട്‌ സെഞ്ചുറികള്‍ സച്ചിന്റെ പേരിലുണ്ട്‌. 44 ലോകകപ്പ്‌ മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ആറു സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും നേടി. വാങ്കഡെ സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാണെന്നത്‌ സച്ചിനും ഇന്ത്യക്കും മുന്‍തൂക്കം നല്‍കുന്നു. സേവാഗ്‌: സേവാഗ്‌ വെടിക്കെട്ടായാല്‍ ലങ്ക കപ്പ്‌ നേടാമെന്ന മോഹം മുളയിലെ നുള്ളേണ്ടിവരും. ഏഴു മത്സരങ്ങളില്‍നിന്ന്‌ 380 റണ്‍സെടുത്ത സേവാഗ്‌ അടിക്കുമോയെന്ന്‌ ഒരാള്‍ക്കും പ്രവചിക്കാനാകില്ല. ബംഗ്ലാദേശിനെ ഉദ്‌ഘാടന മത്സരത്തിലും പാകിസ്‌താനെ സെമിയിലും തകര്‍പ്പന്‍ ബാറ്റിംഗ്‌ പ്രകടനത്തിന്റെ അലകള്‍ മാത്രം മതി കിരീടത്തിലെത്താന്‍. ഈ ലോകകപ്പില്‍ സേവാഗ്‌ ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടി. യുവ്രാജ്‌ സിംഗ്‌: യുവിയുടെ ഓള്‍റൗണ്ട്‌ പ്രകടനം ഇന്ത്യക്ക്‌ അപ്രതീക്ഷിത ആനുകൂല്യം നല്‍കുന്നു. എട്ടു മത്സരങ്ങളില്‍നിന്ന്‌ ഒരു സെഞ്ചുറിയും നാല്‌ അര്‍ധ സെഞ്ചുറിയും 13 വിക്കറ്റുമെടുത്ത യുവി നാലു തവണ മാന്‍ ഓഫ്‌ ദ്‌ മാച്ചായി ലോകകപ്പിലെ താരമാകാനുള്ള തയാറെടുപ്പിലാണ്‌. പാകിസ്‌താനെതിരേ ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും ബൗളിംഗില്‍ രണ്ടു വിക്കറ്റെടുത്തു യുവി നിര്‍ണായകമായി. ഫീല്‍ഡിംഗിലെ ഊര്‍ജസ്വലതയും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. സഹീര്‍ ഖാന്‍: വിക്കറ്റ്‌ വേട്ടക്കാരില്‍ രണ്ടാം സ്‌ഥാനത്തുള്ള സഹീര്‍ ഖാന്‍ ഇന്ത്യയുടെ കുന്തമുനയാണ്‌. എട്ടു മത്സരങ്ങളില്‍നിന്ന്‌ 19 വിക്കറ്റുകളാണു സഹീറെടുത്തത്‌. പാകിസ്‌താനെതിരേയും ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഖാന്‍ മികച്ച പ്രകടനം നടത്തി. 22 ലോകകപ്പ്‌ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഹീര്‍ 42 വിക്കറ്റുകള്‍ ഇതുവരെ വീഴ്‌ത്തി. ഹര്‍ഭജന്‍ സിംഗ്‌: ഭാജിക്കും ഈ ലോകകപ്പ്‌ ഗുണകരമായില്ല. എട്ടു മത്സരങ്ങളില്‍നിന്ന്‌ എട്ടു വിക്കറ്റ്‌ മാത്രമാണ്‌ അദ്ദേഹം സ്വന്തമാക്കിയത്‌. പാകിസ്‌താനെതിരേ അടക്കമുള്ള ചില മത്സരങ്ങളില്‍ മാത്രമാണ്‌ ഹര്‍ഭജന്‍ തിളങ്ങിയത്‌. ആദ്യ ലോകകപ്പ്‌ കളിക്കുന്ന വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്‌ന എന്നിവരുടെ സാന്നിധ്യം ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്നു. എട്ടു മത്സരങ്ങള്‍ കളിച്ച കോഹ്ലി 35.28 ശരാശരിയില്‍ 247 റണ്‍സെടുത്തു. ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും സ്വന്തം പേരിലാക്കി. മൂന്നു മത്സരങ്ങള്‍ മാത്രം കളിച്ച റെയ്‌ന 74 റണ്‍സെടുത്തിട്ടുണ്ട്‌. പാകിസ്‌താനെതിരേയും ഓസ്‌ട്രേലിയയ്‌ക്കെതിരേയും നിര്‍ണായക ഘട്ടത്തില്‍ ബാറ്റ്‌ ചെയ്യാന്‍ റെയ്‌നയ്‌ക്കായി. ടീം ഇവരില്‍നിന്ന്‌: ശ്രീലങ്ക- കുമാര സംഗക്കാര (നായകന്‍), മഹേള ജയവര്‍ധനെ, തിലകരത്‌നെ ദില്‍ഷന്‍, ദില്‍ഹാര ഫെര്‍ണാണ്ടോ, രംഗന ഹെറാത്‌, ചമര കപുഗദേര, നുവാന്‍ കുലശേഖര, ലസിത്‌ മലിംഗ, എയ്‌ഞ്ചലോ മാത്യൂസ്‌, അജന്ത മെന്‍ഡിസ്‌, മുത്തയ്യാ മുരളീധരന്‍, തീസാര പെരേര, തിലന്‍ സമരവീര, ചാമര സില്‍വ, ഉപുല്‍ തരംഗ. കുമാര സംഗക്കാര: ധോണിയെപ്പോലെ മുന്നില്‍നിന്നു നയിക്കുകയാണ്‌ സംഗക്കാരയും. ടീമിന്റെ ശക്‌തി ദൗര്‍ബല്യങ്ങളറിഞ്ഞാണ്‌ സംഗയും മുന്നേറുന്നത്‌. 104.25 റണ്‍ശരാശരിയില്‍ 417 റണ്‍സെടുത്ത സംഗ ടോപ്‌ സ്‌കോറര്‍മാരില്‍ മൂന്നാമനാണ്‌. ധോണിയെക്കാള്‍ കൂടുതല്‍ പേരെ പുറത്താക്കാനും സംഗയ്‌ക്കായി. എട്ടു മത്സരങ്ങളില്‍നിന്ന്‌ ഒന്‍പതു ക്യാച്ചുകളും നാലു സ്‌റ്റമ്പിംഗുമടക്കം 13 പേരെ ലങ്കന്‍ നായകന്‍ വിക്കറ്റിനു പിന്നില്‍നിന്നു പുറത്താക്കി. ദില്‍ഷന്‍: ലോകകപ്പിലെ ടോപ്‌ സ്‌കോററായ തിലകരത്‌നെ ദില്‍ഷന്‍ അപാരമായ ഫോമിലാണെന്നതാണ്‌ ലങ്കയുടെ പ്ലസ്‌ പോയിന്റ്‌. എട്ടു മത്സരങ്ങളില്‍നിന്ന്‌ 467 റണ്‍സാണു ദില്‍ഷന്‍ അടിച്ചെടുത്തത്‌. 19 ലോകകപ്പ്‌ മത്സരങ്ങള്‍ കളിച്ച ദില്‍ഷന്‍ രണ്ട്‌ സെഞ്ചുറിയും മൂന്ന്‌ അര്‍ധ സെഞ്ചുറിയും ഇതുവരെ നേടി. 12 വിക്കറ്റുകളും ദില്‍ഷന്‍ കറക്കി വീഴ്‌ത്തിയിട്ടുണ്ട്‌. 1996 ലോകകപ്പില്‍ സനത്‌ ജയസൂര്യ തകര്‍ത്തടിച്ചതിനു സമാനമായാണ്‌ ദില്‍ഷന്റെ പ്രകടനത്തെ വിലയിരുത്തുന്നത്‌. അശാങ്ക ഗുരുസിംഗെ, അരവിന്ദ ഡിസല്‍വ, അര്‍ജുന രണതുംഗ തുടങ്ങിയ പഴയ കാല ബാറ്റ്‌സ്മാന്‍മാരുടെ പകരക്കാരായാണ്‌ ലങ്കയുടെ പുതിയ മുന്നേറ്റ നിരയെ കാണേണ്ടത്‌. ഉപുല്‍ തരംഗ: സേവാഗിനെപ്പോലെ അടിച്ചു തകര്‍ക്കുകയാണ്‌ ഈ ലങ്കന്‍ ഓപ്പണറും. എട്ടു മത്സരങ്ങളില്‍നിന്ന്‌ 393 റണ്‍സാണ്‌ തരംഗ അടിച്ചുകൂട്ടിയത്‌. രണ്ട്‌ സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഈ ഓപ്പണറുടെ പേരിലുണ്ട്‌. സേവാഗിനെക്കാളും ശരാശരി (65.50) തരംഗയ്‌ക്കാണ്‌. സേവാഗിന്റെ ശരാശരി 54.28 റണ്‍സാണ്‌. തരംഗ- ദില്‍ഷന്‍ ഓപ്പണിംഗ്‌ കൂട്ടുകെട്ട്‌ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഓപ്പണിംഗ്‌ ജോഡിയാണ്‌. മുത്തയ്യാ മുരളീധരന്‍: ഈ മത്സരത്തോടെ രാജ്യാന്തര മത്സരങ്ങളോടു വിടപറയുന്ന മുരളിയും ലങ്കയുടെ പ്രധാന ആകര്‍ഷണമാണ്‌. ടെസ്‌റ്റ്, ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മുരളീധരന്‍ അവസാന ലോകകപ്പില്‍ കാര്യമായ പ്രകടനം പുറത്തെടുത്തില്ല. എട്ടു മത്സരങ്ങളില്‍നിന്ന്‌ 15 വിക്കറ്റാണു മുരളിയുടെ സമ്പാദ്യം. ലസിത്‌ മലിംഗ: റൗണ്ട്‌ ആം ആക്ഷനിലൂടെ പന്തെറിഞ്ഞ്‌ ബാറ്റ്‌സ്മാന്റെ ഹൃദയമിടിപ്പ്‌ കൂട്ടുന്ന മലിംഗ വാങ്ക്‌ഡെയിലെ വേഗം കുറഞ്ഞ പിച്ചില്‍ എന്തു ചെയ്യുമെന്നു കാത്തിരുന്നു കാണാം. മലിംഗ വിക്കറ്റെടുക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യ മങ്ങും. അജന്ത മെന്‍ഡിസ്‌: നിഗൂഡ ബൗളറെന്ന വിശേഷണവുമായി കരിയര്‍ തുടങ്ങിയ മെന്‍സിഡിനും ഈ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ആറു മത്സരങ്ങളില്‍നിന്ന്‌ ഏഴു വിക്കറ്റാണു മെന്‍ഡിസിന്റെ സമ്പാദ്യം. കാരംബോളുമായെത്തി ഇന്ത്യയെ കുഴപ്പിക്കാന്‍ മെന്‍ഡിസിനു പഴയപോലെ കഴിയുമോയെന്ന്‌ ഉറപ്പില്ല. വാങ്ക്‌ഡെ സ്‌റ്റേഡിയം വേഗം കുറഞ്ഞതായതിനാല്‍ മെന്‍ഡിസിനും സാധ്യതയുണ്ട്‌. ഇന്ത്യയെപ്പോലെ കരുത്തുറ്റ മധ്യനിരയില്ലാത്തതാണ്‌ ലങ്കയുടെ പോരായ്‌മ. ചാമര കപുഗദേര, രംഗന ഹെറാത്ത്‌, തിലന്‍ സമരവീര എന്നിവരുടെ മധ്യനിരയും വാലറ്റവും എയ്‌ഞ്ചലോ മാത്യൂസിന്റെ അഭാവത്തില്‍ വിയര്‍ക്കും.

ഫുട്‌്ബോള്‍ ലോകകപ്പിനായി കൃത്രിമ മേഘങ്ങള്‍

2022ലെ ഫുട്‌ബോള്‍ ലോകകപ്പ്‌ ഖത്തറില്‍ നടക്കുമെന്നു പ്രഖ്യാപനം വന്നതു തന്നെ ലോകത്തെ ഞെട്ടിച്ചാണ്‌. മരുഭൂമികള്‍ നിറഞ്ഞ ഖത്തറിലെ കൊടുംചൂടില്‍ എങ്ങനെയാണ്‌ ഫുട്‌ബോള്‍ ലോകകപ്പ്‌ നടത്തുകയെന്നായിരുന്നു പ്രധാന സംശയം. എന്നാല്‍, തലയ്‌ക്കുമീതേ കത്തുന്ന സൂര്യനെ വരുതിയിലാക്കി കളിക്കാര്‍ക്കു തണല്‍ ഒരുക്കുന്ന വിദ്യയാണ്‌ ഖത്തര്‍ ഒരുക്കുന്നത്‌. മേഘങ്ങള്‍ സൂര്യപ്രകാശത്തെ മറയ്‌ക്കുന്ന സൂത്രവിദ്യയാണ്‌ ഖത്തര്‍ ലോകകപ്പിനായി പരീക്ഷിക്കുന്നത്‌. കൃത്രിമ മേഘങ്ങളാണ്‌ ഖത്തര്‍ ഇതിനായി ഒരുക്കുന്നത്‌. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഘടകങ്ങള്‍ കൊണ്ടു നിര്‍മിച്ച വമ്പന്‍ ബലൂണില്‍ ഹീലിയം വാതകം നിറച്ചാണ്‌ ഈ കൃത്രിമ മേഘം തയാറാക്കുന്നത്‌. ഇതില്‍ സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുകളും ഘടിപ്പിച്ചിട്ടുണ്ട്‌. ഈ മോട്ടോറുകളെ റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ച്‌ കൃത്രിമ മേഘത്തെ യഥേഷ്‌ടം നീക്കന്‍ സാധിക്കും. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞരാണ്‌ ഈ കൃത്രിമ മേഘത്തിന്റെ രൂപകല്‌പന നിര്‍വഹിച്ചത്‌. ഒരു കൃത്രിമ മേഘത്തിനു 21 കോടിയിലേറെ രൂപയാണ്‌ ചെലവു വരുന്നത്‌. അതോടൊപ്പം തന്നെ സൂര്യപ്രകാശത്താല്‍ പ്രവര്‍ത്തിക്കുന്ന എയര്‍കണ്ടീഷനുകള്‍ ഉപയോഗിച്ചു സ്‌റ്റേഡിയം തണുപ്പിക്കാനും ഖത്തര്‍ അധികൃതര്‍ തയാറെടുക്കുകയാണ്‌.

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പൂവനായി മാറിയ പിടക്കോഴി

ശസ്‌ത്രക്രിയയിലൂടെ ലിംഗമാറ്റത്തിനു വിധേയരാകാന്‍ മനുഷ്യനു സാധിക്കുമെങ്കില്‍ ഈ മാറ്റം പ്രകൃതിയാല്‍ സാധ്യമാണെന്നു തെളിയിച്ചിരിക്കുകയാണ്‌ ഒരു കോഴി. ഏതാനും മാസം മുമ്പുവരെ പിടക്കോഴിയായിരുന്ന കോഴിയാണ്‌ പ്രകൃതിപ്രതിഭാസത്തിലൂടെ പൂവന്‍കോഴിയായി മാറിയിരിക്കുന്നത്‌. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്ഷെയറിലുള്ള ജാനറ്റ്‌ ഹൊവാര്‍ഡ്‌ എന്ന വൃദ്ധ വളര്‍ത്തുന്ന ഗ്രെറ്റിയെന്ന പിടിക്കോഴിയാണ്‌ പൂവനായി മാറിയത്‌. കഴിഞ്ഞ വര്‍ഷം വരെ മുട്ടയിട്ടിരുന്നു ഗ്രെറ്റി. എന്നാല്‍, പിന്നീട്‌ മുട്ടയിടുന്നതു നിര്‍ത്തിയ ഗ്രെറ്റി പൂവന്‍ കോഴിയുടെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഹോര്‍മോണ്‍ മാറ്റാണ്‌ ഈ രൂപപരിണാമത്തിനു കാരണമെന്നാണ്‌ ശാസ്‌ത്രലോകം ചൂണ്ടിക്കാട്ടുന്നത്‌. അത്യപൂര്‍വമായ മാറ്റമാണിതെന്നു ജന്തുശാസ്‌ത്രജ്‌ഞര്‍ പറയുന്നു. പൂവന്‍കോഴിയായി മാറിയതോടെ ഗ്രെറ്റിയുടെ പേര്‌ ബെര്‍റ്റിയെന്നാക്കി മാറ്റിയാണ്‌ ജാനറ്റ്‌ രൂപപരിണാമത്തിനു പിന്തുണ നല്‍കിയത്‌.

'ഏത്തവാഴ' കാര്‍

പൈനാപ്പിളും , വാഴപ്പഴവും കൊണ്ട്‌ നിര്‍മ്മിച്ച 'കാര്‍' . ഇത്‌ കുട്ടികള്‍ക്കുളള കളിപ്പാട്ടമല്ല. വാഴയിലെയും കൈതയിലെയും നാരുകള്‍ ഉപയോഗിച്ച്‌ കൂടുതല്‍ ദൃഡതയുള്ള വാഹന ഘടകങ്ങള്‍ നിര്‍മ്മിക്കാമെന്ന്‌ ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ കണ്ടെത്തിയിരിക്കുന്നത്‌ . ഇവയില്‍ നിന്ന്‌ നിര്‍മ്മിക്കുന്ന വസ്‌തു പ്ലാസ്‌റ്റിക്കിന്‌ പകരം ഉപയോഗിക്കാമെന്നാണ്‌ അവകാശവാദം. ഏത്തപ്പഴത്തിലെയും പൈനാപ്പിളിലിലെയും നാനാ - സെല്ലുലോസ്‌ നാരുകള്‍ ഉപയോഗിച്ച്‌ പ്രതിരോധ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന കെവ്‌ലാറിനേക്കാള്‍ കരുത്തുളള വസ്‌തു നിര്‍മ്മിക്കാനാകുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ അല്‍സിഡസ്‌ ലിയാവോ പറഞ്ഞു.കെവ്‌ലാര്‍ പൊട്രോളിയത്തില്‍ നിന്നാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌ . പുതിയ വസ്‌തു പ്ലാസ്‌റ്റിക്കിനെക്കാള്‍ നാലിരട്ടി ശക്‌തിയുള്ളതാണ്‌ . എന്നാല്‍ ഭാരത്തില്‍ 30 % കുറവുണ്ടാകും. കാറുകളുടെ ഡാഷ്‌ബോര്‍ഡുകള്‍, ബമ്പറുകള്‍, സൈഡ്‌ പാനലുകള്‍ എന്നിവയും പുതിയ വസ്‌തു ഉപയോഗിച്ച്‌ ഉണ്ടാക്കാം. ജലം , ഓക്‌സിജന്‍, തീ എന്നിവയോടുളള പ്രതിരോധ ശേഷിയും കൂടുതലാണ്‌ . ബ്രസീലുകാരുടെ കണ്ടെത്തലിന്‌ പുതുമ ഏറെ അവകാശപ്പെടാനില്ല. കോട്ടയം ബസേലിയോസ്‌ കോളജിലെ രസതന്ത്രം അധ്യാപകന്‍ വാഴനാരുകള്‍ ഉപയോഗിച്ച്‌ ഹെല്‍മെറ്റുകള്‍ നിര്‍മ്മിച്ച്‌ ശ്രദ്ധേയനായിരുന്നു.

പാകിസ്‌താനില്‍ ചിലന്തി തരംഗം

പാകിസ്‌താനിലെ സിന്ധിലെ മരങ്ങള്‍ക്ക്‌ ചിലന്തികളുടെ ഉടുപ്പ്‌ . കഴിഞ്ഞ വര്‍ഷമുണ്ടായ വെളളപ്പൊക്കമാണ്‌ പുതിയ പ്രതിഭാസത്തിന്‌ കാരണമെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌ . വെള്ളപ്പൊക്കത്തില്‍ നിന്ന്‌ രക്ഷ നേടാന്‍ മരങ്ങളെ അഭയം പ്രാപിച്ച ചിലന്തികള്‍ മരങ്ങളെ ചിലന്തി വലകളാല്‍ പൊതിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ 2,000 പേരാണ്‌ മരിച്ചത്‌ . പാകിസ്‌താനിലെ മൂന്ന്‌ പ്രവിശ്യകളിലായി 2 കോടി ജനങ്ങളാണ്‌ ദുരിതത്തില്‍പ്പെട്ടത്‌ . സിന്ധ്‌ പ്രവിശ്യയിലാണ്‌ ചിലന്തികള്‍ മരങ്ങള്‍ സ്വന്തമാക്കിയത്‌ . ഈ പ്രതിഭാസം നേരത്തെ ഉണ്ടായിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. ചിലന്തികളോട്‌ അവര്‍ക്ക്‌ പിണക്കവുമില്ല. ചിലന്തിവലകള്‍ കൊതുക്‌ ശല്യം കുറച്ചെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌ .

പ്രണയലേഖനത്തിനു വില 67 ലക്ഷം രൂപ

പ്രണയലേഖനങ്ങള്‍ ചരിത്രത്തിലേക്കു പോയ്‌ മറഞ്ഞിട്ടു കാലങ്ങള്‍ ഏറെയായി. എന്നാലും പ്രണയലേഖനങ്ങള്‍ എന്നു കേള്‍ക്കുന്നതുതന്നെ ഒരു സുഖമുള്ള കാര്യമാണ്‌. എസ്‌.എം.എസുകളും വീഡിയോ ചാറ്റിംഗുമൊക്കെയായി 21-ാം നൂറ്റാണ്ടില്‍ പ്രണയം ചൂടുപിടിക്കുമ്പോള്‍ കാമുകിയെ കാണാത്ത കാമുകന്റെ വിഹ്വലതകള്‍ എഴുതിനിറഞ്ഞ ഒരു പ്രണയലേഖനം ലേലത്തില്‍ വിറ്റുപോയത്‌ 67.2 ലക്ഷം രൂപയ്‌ക്കാണ്‌. ഇംഗ്ലീഷ്‌ കവിതയ്‌ക്കു കാല്‌പനികതയുടെ പുതുഭാവങ്ങള്‍ നല്‍കിയ ജോണ്‍ കീറ്റ്‌സ് കാമുകിയും ഭാവിവധുവുമായ ഫാനി ബ്രാവിനു അയച്ച പ്രണയലേഖനമാണ്‌ റെക്കോഡ്‌ തുകയ്‌ക്കു വിറ്റുപോയത്‌. 1820ല്‍ ഇരുപത്തിനാലാം വയസില്‍ കാമുകിക്കെഴുതിയ കത്താണ്‌ ലേലത്തില്‍ വിറ്റുപോയത്‌. ക്ഷയരോഗ ബാധിതനായി രോഗശയ്യയില്‍ കിടക്കവേയാണ്‌ കീറ്റ്‌സ് കാമുകിക്കു സ്‌നേഹാക്ഷരങ്ങളില്‍ പ്രണയം നിറച്ച ഈ കത്തെഴുതിയത്‌. രോഗക്കിടക്കയിലായതിനാല്‍ തനിക്കു കാമുകിയെ കാണാനും ചുംബിക്കാനും സാധിക്കാത്തതിലുള്ള ദുഃഖവും 170 വാക്കുകളുള്ള ഈ പ്രണയലേഖനത്തില്‍ കീറ്റ്‌സ് പറയുന്നുണ്ട്‌. രേഗത്തിന്റെ തടവറയില്‍ ശിക്ഷ അനുഭവിക്കുകയാണ്‌ താനെന്നാണ്‌ കീറ്റ്‌സ് ഈ കത്തില്‍ പറയുന്നത്‌. 1821-ല്‍ ഇരുപത്തിയഞ്ചാം വയസിലാണ്‌ കീറ്റ്‌സ് അകാലത്തില്‍ ലോകത്തോടു വിടപറയുന്നത്‌. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കക്കരനാണ്‌ പ്രണയലേഖനം സ്വന്തമാക്കിയത്‌.

ചുംബനം നല്‍കിയില്ല; തൊണ്ണൂറുകാരി അമ്പതുകാരനെ വെടിവച്ചു

ചുംബനം നല്‍കാത്തതിനു വെടിവച്ചു കൊല്ലാന്‍ ശ്രമം. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്‌ സംഭവം. 92 വയസുള്ള ഹെലന്‍ ബി. സ്‌റ്റൗഡിംഗറാണ്‌ പ്രതി. അയല്‍വാസിയായ ബെറ്റ്‌നറുടെ വീട്ടില്‍ ഹെലന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ്‌ സംഭവം. ബെറ്റ്‌നര്‍ വൃദ്ധയായ ഹെലനെ പലകാര്യങ്ങള്‍ക്കും സഹായിച്ചിരുന്നു. വീട്ടിലെത്തിയ ഹെലന്‍ ബെറ്റ്‌നറോടു തന്നെ ചുംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 53 വയസുള്ള ബെറ്റ്‌നര്‍ ഇതിനു വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ്‌ ഹെലന്‍ വെടിവച്ചത്‌. പക്ഷേ, കാഴ്‌ചയ്‌ക്കു തകരാറുണ്ടായിരുന്ന ഹെലന്റെ തോക്കില്‍നിന്നുതിര്‍ന്ന വെടിയുണ്ടകളില്‍നിന്നു ബെറ്റ്‌നര്‍ രക്ഷപെടുകയായിരുന്നു. കൊലക്കുറ്റത്തിനിപ്പോള്‍ ഹെലനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്‌.

വാര്‍ത്ത