2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പ്രണയലേഖനത്തിനു വില 67 ലക്ഷം രൂപ

പ്രണയലേഖനങ്ങള്‍ ചരിത്രത്തിലേക്കു പോയ്‌ മറഞ്ഞിട്ടു കാലങ്ങള്‍ ഏറെയായി. എന്നാലും പ്രണയലേഖനങ്ങള്‍ എന്നു കേള്‍ക്കുന്നതുതന്നെ ഒരു സുഖമുള്ള കാര്യമാണ്‌. എസ്‌.എം.എസുകളും വീഡിയോ ചാറ്റിംഗുമൊക്കെയായി 21-ാം നൂറ്റാണ്ടില്‍ പ്രണയം ചൂടുപിടിക്കുമ്പോള്‍ കാമുകിയെ കാണാത്ത കാമുകന്റെ വിഹ്വലതകള്‍ എഴുതിനിറഞ്ഞ ഒരു പ്രണയലേഖനം ലേലത്തില്‍ വിറ്റുപോയത്‌ 67.2 ലക്ഷം രൂപയ്‌ക്കാണ്‌. ഇംഗ്ലീഷ്‌ കവിതയ്‌ക്കു കാല്‌പനികതയുടെ പുതുഭാവങ്ങള്‍ നല്‍കിയ ജോണ്‍ കീറ്റ്‌സ് കാമുകിയും ഭാവിവധുവുമായ ഫാനി ബ്രാവിനു അയച്ച പ്രണയലേഖനമാണ്‌ റെക്കോഡ്‌ തുകയ്‌ക്കു വിറ്റുപോയത്‌. 1820ല്‍ ഇരുപത്തിനാലാം വയസില്‍ കാമുകിക്കെഴുതിയ കത്താണ്‌ ലേലത്തില്‍ വിറ്റുപോയത്‌. ക്ഷയരോഗ ബാധിതനായി രോഗശയ്യയില്‍ കിടക്കവേയാണ്‌ കീറ്റ്‌സ് കാമുകിക്കു സ്‌നേഹാക്ഷരങ്ങളില്‍ പ്രണയം നിറച്ച ഈ കത്തെഴുതിയത്‌. രോഗക്കിടക്കയിലായതിനാല്‍ തനിക്കു കാമുകിയെ കാണാനും ചുംബിക്കാനും സാധിക്കാത്തതിലുള്ള ദുഃഖവും 170 വാക്കുകളുള്ള ഈ പ്രണയലേഖനത്തില്‍ കീറ്റ്‌സ് പറയുന്നുണ്ട്‌. രേഗത്തിന്റെ തടവറയില്‍ ശിക്ഷ അനുഭവിക്കുകയാണ്‌ താനെന്നാണ്‌ കീറ്റ്‌സ് ഈ കത്തില്‍ പറയുന്നത്‌. 1821-ല്‍ ഇരുപത്തിയഞ്ചാം വയസിലാണ്‌ കീറ്റ്‌സ് അകാലത്തില്‍ ലോകത്തോടു വിടപറയുന്നത്‌. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കക്കരനാണ്‌ പ്രണയലേഖനം സ്വന്തമാക്കിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത