2011, മേയ് 17, ചൊവ്വാഴ്ച

ആഫ്രിക്കന്‍ ദമ്പതികള്‍ക്ക്‌ ജനിച്ചത്‌ വെളുത്ത ശിശു

മാതാപിതാക്കളുടെ വംശസ്വഭാവത്തോടുകൂടിയായിരിക്കും കുട്ടികള്‍ ജനിക്കുക. വെളുത്ത നിറത്തോടു കൂടിയുള്ള ദമ്പതികള്‍ക്ക്‌ ജനിക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായും വെളുത്തിരിക്കും. അതുപോലെ കറുത്ത വര്‍ഗക്കാരായ ദമ്പതികള്‍ക്ക്‌ ജനിക്കുക കറുത്ത നിറത്തോടുകൂടിയുള്ള കുട്ടികളും. കറുത്തതും വെളുത്തനിറത്തോടുകൂടിയുള്ള ദമ്പതികള്‍ക്ക്‌ ജനിക്കുക ഇരുവരുടെയും വംശപ്രത്യേകതയോടെയുള്ള കുഞ്ഞുമായിരിക്കും. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്‌തമായി ഒരു കുഞ്ഞ്‌ ജനിച്ചിരിക്കുകയാണ്‌ ബ്രിട്ടണിലുള്ള ഒരു ആഫ്രിക്കന്‍ ദമ്പതികള്‍ക്ക്‌. ഫ്രാന്‍സിസ്‌ ഷിബാന്‍ഗു-ആര്‍ലെറ്റെ എന്ന കറുത്ത വര്‍ഗത്തിലുള്ള ദമ്പതികള്‍ക്ക്‌ ജനിച്ച കുഞ്ഞാകട്ടെ ഇരുവരുടെയും വംശീയ പ്രത്യേകതകളൊന്നുമില്ലാത്തൊരു കുഞ്ഞും. ഈ ദമ്പതികളില്‍നിന്നു വ്യത്യസ്‌തമായ നിറത്തോടും വംശീയ പ്രത്യേകതകളോടും കൂടിയതാണ്‌ ഈ കുഞ്ഞ്‌. വെളുത്ത നിറത്തില്‍ യൂറോപ്യന്‍ പ്രത്യേകതകളോടുകൂടിയതാണ്‌ ഈ കുഞ്ഞ്‌ ജനിച്ചത്‌. കുഞ്ഞിനെക്കണ്ടാല്‍ ഈ ദമ്പതികളുടേതാണെന്ന്‌ പറയുകയേയില്ല. ഡാനിയല്‍ എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞ്‌ വൈദ്യശാസ്‌ത്രത്തെ അത്ഭുതപ്പെടുത്തിരിക്കുകയാണ്‌. കാരണം, അത്യപൂര്‍വമായി മാത്രമാണ്‌ ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്‌. ജനിതക വ്യത്യാസമാണ്‌ ഡാനിയലിന്റെ ഈ നിറംമാറ്റത്തിന്റെ കാരണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഷിബാന്‍ഗു- ആര്‍ലെറ്റെ ദമ്പതികള്‍ക്ക്‌ രണ്ടു വയസുള്ള മറ്റൊരു പുത്രനുമുണ്ട്‌. കറുത്ത നിറത്തില്‍ ഇരുവരുടെയും വംശീയ പ്രത്യേകതകളോടുകൂടിയതാണ്‌ ഈ കുഞ്ഞ്‌.

മേയ്‌ 21ന്‌ ലോകാവസാനം!

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകം അവസാനിക്കുമെന്ന്‌ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്‌ അമേരിക്കക്കാരനായ റോബര്‍ട്ട്‌ ഫിറ്റ്‌സ്്‌പാട്രിക്‌ എന്ന അറുപതുകാരന്‍. ഒരു വമ്പന്‍ ഭൂചലനത്തോടെയാണ്‌ ലോകാവസാനമെന്നാണ്‌ റോബര്‍ട്ട്‌ പറയുന്നത്‌. 2011 മേയ്‌ 21ന്‌ ലോകം അവസാനിക്കും. അതായത്‌ ഈ വെള്ളിയാഴ്‌ച. അന്നേദിവസം അമേരിക്കന്‍ സമയം വൈകിട്ട്‌ ആറുമണിയോടെയാണ്‌ ഭൂകമ്പമുണ്ടാകുന്നതെന്നും ലോകത്തുണ്ടായതില്‍വച്ച്‌ ഏറ്റവും വലിയ ഭൂകമ്പമായിരിക്കും ഇതെന്നും റോബര്‍ട്ട്‌ പ്രവചിക്കുന്നു. ലോകാവസാനം പ്രവചിക്കുകമാത്രമല്ല. ഇതിനെക്കുറിച്ച്‌ ലോകാവസാന രേഖകള്‍ എന്നൊരു പുസ്‌തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌ ഈ അമേരിക്കക്കാരന്‍. പുസ്‌തകം ചെലവാകുന്നില്ലെന്നു കണ്ടതോടെ തന്റെ സമ്പാദ്യം മുഴുവന്‍ മുടക്കി പരസ്യം ചെയ്യുകയാണ്‌ റോബര്‍ട്ട്‌. ജീവിതകാലത്ത്‌ താന്‍ സമ്പാദിച്ച 6.3 കോടിയോളം രൂപയാണ്‌ ന്യൂയോര്‍ക്കില്‍ ലോകാവസാനത്തെക്കുറിച്ചുള്ള പരസ്യം ചെയ്യാനായി റോബര്‍ട്ട്‌ വിനിയോഗിച്ചത്‌. കൂറ്റന്‍ പരസ്യബോര്‍ഡുകളിലൂടെയാണ്‌ റോബര്‍ട്ടിന്റെ ലോകാവസാന മുന്നറിയിപ്പുകള്‍. 2011 മേയ്‌ 21ന്‌ ലോകം അവസാനിക്കുമെന്നതിനെക്കുറിച്ച്‌ ബൈബിളില്‍ സൂചനയുണ്ടെന്നാണ്‌ റോബര്‍ട്ട്‌ അവകാശപ്പെടുന്നത്‌.

മദ്യപിച്ചാല്‍ ഡ്രൈവര്‍ വാഹനത്തിനു പുറത്ത്‌

മദ്യപിച്ച്‌ വാഹനമോടിക്കുന്നതാണ്‌ റോഡപകടങ്ങളുടെ പ്രധാനകാരണം. ഇത്തരം അപകടങ്ങള്‍ തടയാന്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വാഹനത്തോടൊപ്പം സംവിധാനമുണ്ടെങ്കിലോ. ഇത്തരമൊരു സംവിധാനം എര്‍പ്പെടുത്തിയിരിക്കുകയാണ്‌ ബ്രിട്ടണ്‍. അവിടെ യാത്രാ ബസുകളില്‍ മദ്യപിച്ച്‌ ഡ്രൈവര്‍ പ്രവേശിച്ചാല്‍ വാഹനം സ്‌റ്റാര്‍ട്ടാവില്ല. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത്‌ അനലൈസറുകള്‍ ഈ ബസുകളില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ഡ്രൈവിംഗ്‌ സീറ്റില്‍ കയറിയിരുന്നാല്‍ ഡ്രൈവര്‍ ആദ്യം ചെയ്യേണ്ടത്‌ ഈ ബ്രീത്ത്‌ അനലൈസറില്‍ ഊതുകയെന്നതാണ്‌. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെങ്കില്‍ ബസ്‌ സ്‌റ്റാര്‍ട്ടാവും. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ബ്രീത്ത്‌ അനലൈസറില്‍നിന്ന്‌ പ്രത്യേക കേന്ദ്രത്തിലേക്ക്‌ സന്ദേശം പോവും. ബസ്‌ സ്‌റ്റാര്‍ട്ടാവുകയില്ലെന്നു മാത്രമല്ല ഏതാനും നിമിഷങ്ങള്‍ക്കകം പോലീസ്‌ സ്‌ഥലത്തെത്തി ഡ്രൈവറെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്യും. ഈ സംവിധാനം മറ്റു വാഹനങ്ങളിലും ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ്‌ ബ്രിട്ടണ്‍.

ശവമഞ്ചം ഓടിച്ച്‌ റെക്കോഡിട്ട വൈദികന്‍

റേ ബിദ്ദിസ്‌ ഇംഗ്ലണ്ടിലെ ഒരു വൈദികനാണ്‌. മോട്ടോര്‍ ബൈക്കുകള്‍ വേഗത്തില്‍ ഓടിക്കുകയെന്നതാണ്‌ ഈ വൈദികന്റെ പ്രിയപ്പെട്ടവിനോദം. വേഗതയോടുള്ള ഈ ഇഷ്‌ടം തന്റെ വൈദികവൃത്തിയോട്‌ ബന്ധിപ്പിച്ചിരിക്കുകയാണ്‌ റേ. ഏറ്റവും വേഗത്തില്‍ ശവമഞ്ചം ഓടിച്ചാണ്‌ ഈ വൈദികന്‍ തന്റെ ബൈക്കുപ്രേമം തെളിയിച്ചിരിക്കുന്നത്‌. മോട്ടോര്‍ബൈക്കില്‍ ഘടിപ്പിച്ച ശവമഞ്ചം മണിക്കൂറില്‍ 182.5 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ്‌ റേ റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം പിടിച്ചത്‌. ഏറ്റവും വേഗത്തില്‍ ശവമഞ്ചം ഓടിച്ചതിന്റെ റേക്കോഡാണ്‌ റേ സ്വന്തമാക്കിയത്‌. ട്രയഫ്‌ അമേരിക്ക എന്ന ബൈക്കാണ്‌ റെ ഉപയോഗിച്ചത്‌. ഈ വാഹനത്തില്‍ രണ്ടു ചക്രങ്ങളോടു കൂടിയുള്ള ശവമഞ്ചം ഘടിപ്പിച്ചു. ഇതില്‍ ശവപ്പെട്ടിയും റേ വച്ചിരുന്നു. യോര്‍ക്ക്‌ ഷെയറിലുള്ള ഹാലിഫാക്‌സിലുള്ള ഒരു വിമാനത്താവളത്തിന്റെ റണ്‍വേയിലാണ്‌ റേ തന്റെ ബൈക്കില്‍ റെക്കോഡ്‌ പ്രകടനം നടത്തിയത്‌. സംസ്‌കാര ചടങ്ങില്‍ മൃതദേഹ പേടകം വഹിക്കുന്ന ശവമഞ്ചം ഓടിച്ചാണ്‌ റെക്കോഡിട്ടതെന്നാണ്‌ ഈ വൈദികന്റെ അവകാശവാദം. പരമ്പരാഗത രീതികളില്‍നിന്നു വ്യത്യസ്‌തമായി ചിന്തിക്കുന്നവരാണ്‌ ഈ ശവമഞ്ചത്തില്‍ അത്യയാത്രയ്‌ക്കിഷ്‌ടപ്പെടുന്നതെന്നും റേ ചൂണ്ടിക്കാട്ടുന്നു. റോക്കറ്റെന്നാണ്‌ റേ ഈ പായുന്ന ശവമഞ്ചത്തിനിട്ടിരിക്കുന്ന പേര്‌.

ചന്ദ്രനിലേക്കൊരു വിനോദയാത്ര

ആകാശത്ത്‌ വിളങ്ങിനില്‍ക്കുന്ന ചന്ദ്രനിലേക്കൊരു യാത്ര നടത്താന്‍ ആഗ്രഹിക്കാത്താവരായി ആരുണ്ട്‌. ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങള്‍ നിധിപോലെ സൂക്ഷിച്ചുവച്ചായിരിക്കും ഇത്തരക്കാര്‍ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം നടത്തുന്നത്‌. എന്നാല്‍, ചന്ദ്രയാത്രയെന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഒരു കമ്പനി രംഗത്തെത്തിയിരിക്കുകയാണ്‌. 17 ദിവസം നീളുന്നൊരു ബഹിരാകാശ യാത്ര. ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സെന്ററിലെ താമസവും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ ചുറ്റക്കറക്കവും ഉള്‍പ്പെടുന്നതാണ്‌ ഈ ട്രിപ്പ്‌. ചെലവ്‌ അല്‌പം കൂടുമെന്നുമാത്രം. 675 കോടി രൂപ മുടക്കാന്‍ തയാറാകുന്ന ഏതൊരാള്‍ക്കും ചന്ദ്രനെ ചുറ്റിയടിച്ച്‌ ഭൂമിയിലെത്താം. സ്‌പേസ്‌ അഡ്‌വെഞ്ചര്‍ എന്ന കമ്പനിയാണ്‌ ട്രാവല്‍ ഏജന്റുമാര്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. റഷ്യന്‍ ബഹിരാകാശ വാഹത്തിലായിരിക്കും ചന്ദ്രനെ ചുറ്റിയടിച്ചുവരാന്‍ ബഹിരാകാശ വിനോദസഞ്ചാരികള്‍ യാത്രയാവുക. 2015 മുതല്‍ വിനോദസഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്‌ ഇവര്‍. നിലവില്‍ ഒരാള്‍ ചാന്ദ്രയാത്രയ്‌ക്കായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു കഴിഞ്ഞു. 2020തോടെ 140 വിനോദയാത്രക്കാരെയെങ്കിലും ചന്ദ്രന്‍ ചുറ്റിയടിച്ച്‌ കാണിക്കാനാണ്‌ കമ്പനിയുടെ പദ്ധതി.

വിമാനമോ അതോ ട്രെയിനോ?

വിമാനത്തിന്റെ രൂപത്തില്‍ പറക്കുന്ന ട്രെയിന്‍ വികസിപ്പിച്ചിരിക്കുകയാണ്‌ ജപ്പാനീസ്‌ വാഹനവിദഗ്‌ധര്‍. കാഴ്‌ചയില്‍ ഈ വാഹനം വിമാനത്തെപ്പോലെയിരിക്കും. ചിറകുകളും പ്രൊപ്പല്ലറുകളുമൊക്കെയുള്ള ഒരു യഥാര്‍ഥ വിമാനം. എന്നാല്‍, ഇവന്‌ സഞ്ചരിക്കാന്‍ ട്രെയിനിന്റെ മാതൃകയില്‍ പ്രത്യേക ട്രാക്ക്‌ വേണം. ഭൂമിയില്‍ തൊടാതെ ആകാശത്ത്‌ ഏതാനും ഇഞ്ച്‌ ഉയര്‍ന്നാണ്‌ ഈ വിമാനട്രെയിനിന്റെ സഞ്ചാരം. ജപ്പാനിലെ തൊഹൊകു സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്‌ധരാണ്‌ ഈ വിമാനട്രെയിനിന്റെ മാതൃക വികസിപ്പിച്ചെടുത്തത്‌. ഭൂമിയില്‍ തൊടാതെ സഞ്ചരിക്കുന്നതിനാല്‍ ഘര്‍ഷണം ഇല്ലാതെ വളരെ വേഗത്തില്‍ കുതിക്കാന്‍ ഈ വാഹനത്തിനു സാധിക്കും. അതോടൊപ്പം കുറഞ്ഞ ഊര്‍ജത്തില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍, ഈ വിമാനട്രെയിനില്‍ സഞ്ചരിക്കണമെന്ന്‌ മോഹമുള്ളവര്‍ വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

മോഷണം പോയകാര്‍ തിരികെ ലഭിച്ചത്‌ 36 വര്‍ഷത്തിനുശേഷം

മോഷണം പോകുന്ന കാറുകള്‍ തിരികെ ലഭിക്കുന്നതു തന്നെ മഹാഭാഗ്യമാണ്‌. കാറിന്റെ എന്‍ജിനുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അഴിച്ചുമാറ്റി വില്‍ക്കുന്നതാണ്‌ സാധാരണ മോഷ്‌ടാക്കളുടെ രീതി. അല്ലെങ്കില്‍ വ്യാജരജിസ്‌ട്രേഷനില്‍ വാഹനത്തെ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കാനും മോഷ്‌ടാക്കള്‍ തയാറാണ്‌. ഇങ്ങനെ നഷ്‌ടപ്പെടുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. എന്നാല്‍, അമേരിക്കയില്‍ മോഷണം പോയ ഒരു കാര്‍ കണ്ടെത്തിയത്‌ 36 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. 1975 ജൂലൈ 8ന്‌ ന്യൂയോര്‍ക്കില്‍നിന്നു മോഷണം പോയ കാറാണ്‌ കഴിഞ്ഞ ദിവസം ന്യൂജഴ്‌സിയില്‍നിന്നു കണ്ടെത്തിയത്‌. 1969 മോഡല്‍ ഷെവി കമറോ എസ്‌എസ്‌ എന്ന കാറാണ്‌ തിരികെ ലഭിച്ചത്‌. ജാനിസ്‌ മഫുസി എന്ന സ്‌ത്രീയുടെ പേരിലുള്ളതാണ്‌ ഈ കാര്‍. ഇവരുടെ പിതാവ്‌ ജോലി ചെയ്‌തിരുന്ന ഓഫീസിന്റെ മുമ്പില്‍നിന്നായിരുന്നു കാര്‍ 1975ല്‍ മോഷണം പോയത്‌. കഴിഞ്ഞ മാസം ഈ കാര്‍ ഇന്റര്‍നെറ്റിലൂടെ സാന്‍ത മരിയ എന്നയാള്‍ വാങ്ങുകയായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നതില്‍നിന്നു വ്യത്യസ്‌തമായ കാര്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ സാന്‍ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ന്യൂയോര്‍ക്കില്‍നിന്നു മോഷണം പോയതാണെന്ന്‌ പോലീസ്‌ കണ്ടെത്തിയത്‌.

അപ ഷേര്‍പ്പയ്‌ക്കുമുമ്പില്‍ എവറസ്‌റ്റ് തലകുനിച്ചത്‌ 21ാം തവണ

ലോകത്തെ ഏറ്റവും ഉയരും കൂടിയ കൊടുമുടിയാണ്‌ എവറസ്‌റ്റ്. എവറസ്‌റ്റ് കീഴടക്കുകയെന്നത്‌ ലോകത്തെ ഏതൊരു പര്‍വതാരോഹകന്റെയും സ്വപ്‌നമാണ്‌. ഒരു തവണ എവറസ്‌റ്റ് കീഴടക്കുന്നവരെപ്പോലും മാധ്യമങ്ങള്‍ ധീരരായാണ്‌ വാഴ്‌ത്തുന്നത്‌. എന്നാല്‍, 8850 മീറ്റര്‍ 8848 മീറ്റര്‍ ഉയരമുള്ള ഈ വമ്പനെ 21 തവണ കീഴടക്കി ലോകറെക്കോഡിട്ടിരിക്കുകയാണ്‌ അപ ഷേര്‍പയെന്ന നേപ്പാളുകാരന്‍. തന്റെ തന്നെ മുന്‍ റെക്കോഡാണ്‌ അപ ഷേര്‍പ തിരുത്തിയത്‌. 1990ലാണ്‌ അപ ഷേര്‍പ ആദ്യമായി എവറസ്‌റ്റ് കീഴടക്കുന്നത്‌. പിന്നീട്‌ ഓരോ വര്‍ഷവും എന്ന കണക്കില്‍ അപ ഷേര്‍പ എവറസ്‌റ്റ് കീഴടക്കിവരുന്നു. 51-ാം വയസിലാണ്‌ അമേരിക്കയില്‍ താമസമാക്കിയ അപ ഷേര്‍പയുടെ ഈ നേട്ടമെന്ന പ്രത്യേകതയുമുണ്ട്‌.

വാര്‍ത്ത