2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

കരുത്തിന്റെ പ്രതീകമായി തണ്ടര്‍ബേഡ് 500

ഇരുചക്രവാഹന പ്രേമികള്‍ക്കിടയില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഇന്ത്യയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആയി അറിയപ്പെടുന്ന ബുള്ളറ്റ് 12 വര്‍ഷമായി ഉപയോഗിക്കുന്ന ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍.

1958 മോഡല്‍ ഉപയോഗിക്കുന്ന എനിക്ക് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിനോടാണ് പ്രിയം. 1995ലാണ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിന്റെ പരമ്പരാഗത രൂപത്തില്‍ നിന്ന് പരിവര്‍ത്തനം തുടങ്ങിയത്. അങ്ങനെ ആദ്യമായി തണ്ടര്‍ബേഡ് പുറത്തുവന്നു. തണ്ടര്‍ബേഡിന്റെ പുതിയ ആവിഷ്‌കാരത്തില്‍ രണ്ട് വേരിയന്റുകളാണുള്ളത്. തണ്ടര്‍ബേഡ് 350ഉം 500ഉം

 ക്രൂസര്‍ ബൈക്കുകളുടെ രാജാവായ ഹാര്‍ലി ഡേവിഡ്‌സണിന്റെ രൂപഭാവമാണ് തണ്ടര്‍ബേഡിലൂടെ ബുള്ളറ്റ് അവതരിപ്പിച്ചത്. പുതിയ തണ്ടര്‍ബേഡിന് അതേ രൂപകല്‍പന നിലനിര്‍ത്തിയിരിക്കുന്നു. മുന്‍വശത്ത് ആദ്യം ശ്രദ്ധ കിട്ടുന്ന രീതിയില്‍ പ്രൊജക്ടര്‍ ലെന്‍സോടുകൂടിയ പുതിയ ക്ലിയര്‍ലെന്‍സ് ഹെഡ്‌ലൈറ്റാണ് തണ്ടര്‍ബേര്‍ഡ് 500ല്‍ വരുന്നത്. ഇതിന്റെ തൊട്ടുമുകളിലായി ക്രോം ഫിനിഷിലുള്ള ഇരട്ട മീറ്റര്‍ കണ്‍സോളും ഹെഡ്‌ലൈറ്റിന്റെ ചുറ്റുമുള്ള ക്രോം ഫിനിഷും വലിയ ഹാന്‍ഡിലും കൂടിച്ചേരുമ്പോള്‍ ശരിയായ ക്രൂസര്‍ ബൈക്കിന്റെ ഭാവമാണ് ലഭിക്കുന്നത്.

20 ലിറ്റര്‍ പെട്രോള്‍ ടാങ്കാണ് പുതിയ തണ്ടര്‍ബേര്‍ഡിന്. ഫ്യുവല്‍ ക്യാപ് നടുവില്‍ നിന്ന് മാറി വലത് വശത്താണ് കൊടുത്തിരിക്കുന്നത്. ടാങ്കിനോട് ചേര്‍ന്നുനില്‍ക്കുന്ന സീറ്റ് രണ്ട് ഉയരത്തിലാണ് - മുന്നില്‍ താഴ്ന്നിട്ടും, പിന്നില്‍ പൊങ്ങിയും. ക്രൂസര്‍ ബൈക്കിന്റെ തനതായ ഭാവമാണ് ഈ സീറ്റുകള്‍ നല്‍കുന്നത്. പുതിയ മുന്‍-പിന്‍ വീല്‍ ആര്‍ച്ചുകളും പുതിയ സൈലന്‍സറും പുതിയ ബുള്ളറ്റിന് ശരിയായ ക്രൂസര്‍ ബൈക്കിന്റെ ഭാവം നല്‍കുന്നു.

499 സിസി സിംഗിള്‍ സിലിന്‍ഡര്‍ 4 സ്‌ട്രോക്ക് ട്വിന്‍സ്പാര്‍ക്ക് എയര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 5250 ആര്‍പിഎമ്മില്‍ 27.2 എച്ച്.പി. കരുത്തും 4000 ആര്‍.പി.എമ്മില്‍ 41.3 എന്‍.എം. ടോര്‍ക്കുമാണ് ലഭിക്കുന്നത്. ഡിജിറ്റല്‍ ഇലക്‌ട്രോണിക് ഇഗ്‌നീഷനും ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജക്ഷനുമാണ് ഇതിലുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് വാഹനത്തിന്. തണ്ടര്‍ബോഡ് 350 ല്‍ ഘടിപ്പിച്ചിരിക്കുന്നത് സിംഗിള്‍ സിലിന്‍ഡര്‍ 4 സ്‌ട്രോക്ക് ട്വിന്‍സ്പാര്‍ക്ക് എയര്‍കൂള്‍ഡ് 346 സിസി പെട്രോള്‍ എന്‍ജിനാണ്. ഇത് 5250 ആര്‍പിഎമ്മില്‍ 19.8 എച്ച്.പി. കരുത്തും 4000 ആര്‍പിഎമ്മില്‍ 28 എന്‍.എം. ടോര്‍ക്കുമാണ്. ട്രാന്‍സിസ്റ്ററൈസ്ഡ് കോയില്‍ ഇഗ്‌നീഷനും കാര്‍ബറേറ്റര്‍ ഫ്യുവല്‍ സപ്ലൈയുമാണ് ഈ എന്‍ജിനുള്ളത്. 500 ലെ പോലെ ഇലക്ട്രിക് സ്റ്റാര്‍ട്ടും 5 സ്പീഡ് ഗിയര്‍ ബോക്‌സുമാണ് 350 ലും വരുന്നത്.

നീലനിറത്തിലുള്ള വാഹനത്തിന് യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈനാണ് ശ്രദ്ധേയമാക്കുന്നത്. ബുള്ളറ്റിന്റെ തനതായ സ്‌പോക്ക്‌വീലാണ് മുന്നിലും പിന്നിലും. ടെസ്റ്റ് റൈഡിനായി തയ്യാറെടുത്ത് ഇലക്ട്രിക് സ്റ്റാര്‍ട്ടില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഫസ്റ്റ് ഗിയറിടാന്‍ പോകുമ്പോഴാണ് ആധുനിക ബുള്ളറ്റിന്റെ മറ്റൊരു രുചിയറിഞ്ഞത്, ഗിയര്‍ലിവര്‍ ഇടതുകാലിലാണ്, ബുള്ളറ്റിന്റെ പരമ്പരാഗത വലത് കാലിലുള്ള ഗിയര്‍ലിവറാണ് എനിക്കിഷ്ടം.

യഥാര്‍ത്ഥ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്ന കരുത്ത് 500 ന്റെ എന്‍ജിനുണ്ട്. സിറ്റി ട്രാഫിക്കില്‍ ഇതിന്റെ 41.3 എന്‍.എം. ടോര്‍ക്കും ഹൈവേയില്‍ 27.2 എച്ച്.പി. കരുത്തും ശരിക്കും ആസ്വദിക്കാന്‍ പാകത്തിലാണ് ട്യൂണിങ്. ഗിയര്‍ റേഷ്യോയും വളരെ അനായാസം ഉപയോഗിക്കാവുന്ന തരത്തിലാണുള്ളത്. മുമ്പുണ്ടായിരുന്ന തണ്ടര്‍ബേഡിന്റെ 'വൈബ്രേഷന്‍' പുതിയ 500 ല്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉത്തേജകമായ റൈഡ് ലഭിക്കുന്നുണ്ട്.മുന്നിലുള്ള ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നിലുള്ള ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക് അബ്‌സോര്‍ബറും കൂടിച്ചേരുമ്പോള്‍ യാത്രാസുഖം ഇരട്ടിയാവുന്നു. മുന്നിലുള്ള ഡിസ്‌ക്‌ബ്രേക് എത്രവേഗത്തില്‍ പോകുമ്പോഴും തണ്ടര്‍ബേഡിനെ തളയ്ക്കാന്‍ പാകത്തിലുള്ളതാണ്.

കേരളത്തില്‍ തണ്ടര്‍ബേര്‍ഡ് 350 ന് 1.35 ലക്ഷം രൂപയും 500 ന് 1.74 ലക്ഷം രൂപയുമാണ് വില. ഒരു ഹാര്‍ലിയെടുക്കാന്‍ ആഗ്രഹിച്ച് അത്രയും പണം കൊടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തണ്ടര്‍ബേഡ് 500 വലിയ ആശ്വാസമാണ്.

വാര്‍ത്ത