2011, മാർച്ച് 6, ഞായറാഴ്‌ച

കളിത്തോക്കുകള്‍ ഇല്ലാത്ത രാജ്യം

ഇറാഖില്‍ തോക്കുകള്‍ക്കു പഞ്ഞമില്ല. അമേരിക്കന്‍ സൈനികരുടെയും തീവ്രവാദികളുടെയും പോരാളികളുടെയുമെല്ലാമായി ലക്ഷോപലക്ഷം തോക്കുകളുള്ള രാജ്യമാണ്‌ ഇറാഖ്‌. കൈത്തോക്കുകള്‍ മുതല്‍ വിമാനവേധതോക്കുകള്‍ വരെ ഇറാഖില്‍ സുലഭം. എന്നാല്‍, അവിടെ ലഭിക്കാത്തൊരു തോക്കുണ്ട്‌. സദാം ഹുസൈന്റെ കാലത്തുണ്ടായിരുന്നതും അമേരിക്കന്‍ അധിനിവേശകാലത്തു ലഭിക്കാത്തതുമായ തോക്കുകളാണിവ. കളിത്തോക്കുകള്‍. കളിത്തോക്കുകളാണ്‌ ഇപ്പോള്‍ ഇറാഖിലെ അപൂര്‍വ വസ്‌തുക്കള്‍. സുരക്ഷാഭീഷണിയുടെ പേരിലാണ്‌ കളിത്തോക്കുകള്‍ ഇറാഖില്‍ ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നത്‌. പക്ഷേ, കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവര്‍ ഇപ്പോഴും കളിത്തോക്കുള്‍ രഹസ്യമായി വില്‍ക്കുന്നുണ്ട്‌. നൂറിരട്ടി ലാഭമുള്ള ബിസിനസാണ്‌ കളിത്തോക്കുകളുടേതെന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌. കുട്ടികള്‍ തോക്കുമായി കളിക്കുന്നത്‌ സുരക്ഷാ സൈനികര്‍ക്കു ഭീഷണി സൃഷ്‌ടിക്കുമെന്നാണ്‌ അമേരിക്ക കളിത്തോക്കു നിരോധിക്കാന്‍ പറഞ്ഞന്യായം. സ്‌ഥലം ഇറാഖാണ്‌ കുട്ടികളുടെ കൈയിലുള്ളത്‌ കളിത്തോക്കാണോ അതോ ഒറിജിനല്‍ തോക്കാണോ എന്ന്‌ എങ്ങനെ അറിയാനാണ്‌ എന്നാണ്‌ അമേരിക്കന്‍ സൈനികരുടെ ചോദ്യം. കളിത്തോക്കുകാണിച്ചു പേടിപ്പിക്കുന്ന കുട്ടികളെ വെടിവച്ചാല്‍ അതുമതി അടുത്തപൊല്ലാപ്പിന്നെന്ന്‌ അമേരിക്കയ്‌ക്കറിയാം. അതിലും നല്ലത്‌ കളിത്തോക്കുകള്‍ നിരോധിക്കുന്നതാണെന്നതായിരുന്നു അമേരിക്കന്‍ ബുദ്ധി.

കീടനാശിനികള്‍ പുരുഷത്വം നശിപ്പിക്കും

വിളകളില്‍ കീടനാശിനി തളിക്കുന്നത്‌ ഉപദ്രവകാരികളായ ക്ഷുദ്രജീവികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ്‌. എന്നാല്‍, ഈ കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല പുരുഷത്വവും നശിപ്പിക്കുമെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. പുരുഷന്റെ പ്രജനനശേഷിയെയാണ്‌ കീടനാശിനികള്‍ തകര്‍ക്കുന്നത്‌. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കീടനാശിനികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും പുരുഷത്വത്തെ നശിപ്പിക്കുമെന്നു കണ്ടെത്തുന്നത്‌ ആദ്യമാണ്‌. യൂറോപ്യന്‍ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനങ്ങളിലാണ്‌ ഈ കണ്ടെത്തല്‍. ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ഫാര്‍മസിയാണ്‌ ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌. ലൈംഗിക ഹോര്‍മോണുകളെ ദോഷകരമായി ബാധിച്ചാണ്‌ കീടനാശിനികള്‍ പുരുഷത്വത്തിനു ഹാനിക്കുന്നത്‌.

മക്കളുടെ കുഞ്ഞിപ്പല്ലുകള്‍ സൂസന്‌ ആഭരണം

പൊഴിഞ്ഞുപോകുന്ന കുഞ്ഞിപ്പല്ലുകള്‍ എന്തു ചെയ്യും?. ഹോളിവുഡ്‌ താരം സൂസന്‍ സരഡോണാണ്‌ പുതിയ മാതൃക സൃഷ്‌ടിക്കുന്നത്‌ . മൂന്നു മക്കളുടെ പൊഴിഞ്ഞുപോയ പല്ലുകള്‍ ഉപയോഗിച്ച്‌ സൂസന്‍ തയാറാക്കിയത്‌ ബ്രേസ്ലറ്റാണ്‌ . സ്വര്‍ണത്തില്‍ തയാറാക്കിയ ആഭരണത്തില്‍ മുത്തുകള്‍ക്ക്‌ പകരമായാണ്‌ പല്ലുകള്‍ ചേര്‍ത്തത്‌ . പല്ലുകള്‍ക്കൊപ്പം പവിഴവും ചേര്‍ത്തിട്ടുണ്ട്‌ . മക്കളായ ഇവ, ജാക്ക്‌ റോബ്ബിന്‍സ്‌ , മൈല്‍സ്‌ റോബ്ബിന്‍സ്‌ എന്നിവരുടെ പല്ലുകളാണ്‌ അമ്മ ആഭരണമാക്കുന്നത്‌ . തന്റെ ഒരു സുഹൃത്താണ്‌ ആഭരണം രൂപകല്‍പന ചെയ്‌തതെന്ന്‌ അവര്‍ പറഞ്ഞു.

വാര്‍ത്ത