2011, മാർച്ച് 6, ഞായറാഴ്‌ച

കളിത്തോക്കുകള്‍ ഇല്ലാത്ത രാജ്യം

ഇറാഖില്‍ തോക്കുകള്‍ക്കു പഞ്ഞമില്ല. അമേരിക്കന്‍ സൈനികരുടെയും തീവ്രവാദികളുടെയും പോരാളികളുടെയുമെല്ലാമായി ലക്ഷോപലക്ഷം തോക്കുകളുള്ള രാജ്യമാണ്‌ ഇറാഖ്‌. കൈത്തോക്കുകള്‍ മുതല്‍ വിമാനവേധതോക്കുകള്‍ വരെ ഇറാഖില്‍ സുലഭം. എന്നാല്‍, അവിടെ ലഭിക്കാത്തൊരു തോക്കുണ്ട്‌. സദാം ഹുസൈന്റെ കാലത്തുണ്ടായിരുന്നതും അമേരിക്കന്‍ അധിനിവേശകാലത്തു ലഭിക്കാത്തതുമായ തോക്കുകളാണിവ. കളിത്തോക്കുകള്‍. കളിത്തോക്കുകളാണ്‌ ഇപ്പോള്‍ ഇറാഖിലെ അപൂര്‍വ വസ്‌തുക്കള്‍. സുരക്ഷാഭീഷണിയുടെ പേരിലാണ്‌ കളിത്തോക്കുകള്‍ ഇറാഖില്‍ ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നത്‌. പക്ഷേ, കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവര്‍ ഇപ്പോഴും കളിത്തോക്കുള്‍ രഹസ്യമായി വില്‍ക്കുന്നുണ്ട്‌. നൂറിരട്ടി ലാഭമുള്ള ബിസിനസാണ്‌ കളിത്തോക്കുകളുടേതെന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌. കുട്ടികള്‍ തോക്കുമായി കളിക്കുന്നത്‌ സുരക്ഷാ സൈനികര്‍ക്കു ഭീഷണി സൃഷ്‌ടിക്കുമെന്നാണ്‌ അമേരിക്ക കളിത്തോക്കു നിരോധിക്കാന്‍ പറഞ്ഞന്യായം. സ്‌ഥലം ഇറാഖാണ്‌ കുട്ടികളുടെ കൈയിലുള്ളത്‌ കളിത്തോക്കാണോ അതോ ഒറിജിനല്‍ തോക്കാണോ എന്ന്‌ എങ്ങനെ അറിയാനാണ്‌ എന്നാണ്‌ അമേരിക്കന്‍ സൈനികരുടെ ചോദ്യം. കളിത്തോക്കുകാണിച്ചു പേടിപ്പിക്കുന്ന കുട്ടികളെ വെടിവച്ചാല്‍ അതുമതി അടുത്തപൊല്ലാപ്പിന്നെന്ന്‌ അമേരിക്കയ്‌ക്കറിയാം. അതിലും നല്ലത്‌ കളിത്തോക്കുകള്‍ നിരോധിക്കുന്നതാണെന്നതായിരുന്നു അമേരിക്കന്‍ ബുദ്ധി.

വാര്‍ത്ത