
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കി.
ന്യൂഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ നടന്ന ഹോളണ്ടിനെതിരായ ഗ്രൂപ്പ് ബി മത്സരത്തില്‍ 18 റണ്‍സ് നേടിയാണ് സച്ചിന്‍ റെക്കോഡ് പിന്നിട്ടത്. 40 മത്സരങ്ങളില്‍നിന്നാണ് ഈ ചരിത്ര നേട്ടം. സച്ചിന്റെ ആറാം ലോകകപ്പ് കൂടിയാണിത്. 22 പന്തുകളില്‍ 27 റണ്‍സെടുത്ത സച്ചിനെ പീറ്റര്‍ സീലാര്‍ പുറത്താക്കുകയായിരുന്നു. 42 മല്‍സരങ്ങളില്‍ നിന്നും 1577 റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണു രണ്ടാമത്. വെസ്‌റ്റിന്‍ഡീസ് മുന്‍ നായകന്‍ ബ്രയാന്‍ ലാറയാണ് മൂന്നാമത്.
34 മത്സരങ്ങളില്‍നിന്ന് 1225 റണ്‍സാണു ലാറ നേടിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയടിച്ച താരമെന്ന റെക്കോഡും സച്ചിന്‍ സ്വന്തം പേരിലാക്കിയിരുന്നു. 13 അര്‍ധ സെഞ്ചുറികളും അദ്ദേഹം കുറിച്ചിട്ടുണ്ട്.