2011, മാർച്ച് 10, വ്യാഴാഴ്‌ച

പെണ്‍വേഷം കെട്ടിയ ജെയിംസ്‌ ബോണ്ട്‌

ആഗോളപുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ജെയിംസ്‌ ബോണ്ട്‌ സ്‌ത്രീവേഷത്തില്‍. സ്‌ത്രീദിനത്തില്‍ പുറത്തിറക്കിയ ഒരു വീഡിയോ ചിത്രത്തിനുവേണ്ടിയാണ്‌ ജെയിംസ്‌ ബോണ്ട്‌ പെണ്‍വേഷം ധരിച്ചത്‌. സിനിമകളില്‍ ജെയിംസ്‌ ബോണ്ടായി അഭിനയിക്കുന്ന ഡാനിയല്‍ ക്രെയ്‌ഗാണ്‌ പെണ്‍വേഷത്തില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്‌. ലിംഗ സമത്വമെന്ന ആശയത്തിനുവേണ്ടിയായിരുന്നു ഡാനിയല്‍ ക്രെയ്‌ഗിന്റെ ഈ വേഷപ്പകര്‍ച്ച. സ്‌ത്രീകളെ വസ്‌ത്രങ്ങള്‍ മാറ്റുന്ന ലാഘവത്തോടെ ഉപയോഗിക്കുന്ന കഥാപാത്രമായാണ്‌ ജെയിംസ്‌ ബോണ്ടിനെ അവതരിപ്പിച്ചിട്ടുള്ളത്‌. ജെയിംസ്‌ ബോണ്ട്‌ ചിത്രത്തില്‍ ബ്രിട്ടീഷ്‌ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയായ എം എന്ന സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡെമി ജൂഡി ഡെഞ്ചിന്റെ ശബ്‌ദവും ഈ വീഡിയോ ചിത്രത്തിലുണ്ട്‌. രണ്ടു മിനിട്ടു നീണ്ടു നില്‍ക്കുന്ന ചിത്രത്തില്‍ ആദ്യം ജെയിംസ്‌ ബോണ്ടായി വേഷമിട്ടു വരുന്ന ഡാനിയല്‍ ക്രെയ്‌്ഗിനോട്‌ ജൂഡി ഡെഞ്ച്‌ ചോദിക്കുന്നു നമ്മള്‍ ഇരുവരും തുല്യരായാലോ എന്ന്‌. ഇതിനുശേഷം സ്‌ത്രീ വേഷത്തില്‍ ഡാനിയല്‍ ക്രെയ്‌ഗ് എത്തുന്നു. സ്‌ത്രീയും പുരുഷനും തുല്യരാണെന്ന ആശയം പ്രചരിപ്പിക്കാനാണ്‌ വീഡിയോ തയാറാക്കിയതെന്നാണ്‌ ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നത്‌.

വാര്‍ത്ത