2011, മാർച്ച് 10, വ്യാഴാഴ്‌ച
ലോകകപ്പ് മത്സരങ്ങള്‍ക്കിടെ മുംബൈ മാതൃകയില്‍ ആക്രമണത്തിനു സാധ്യത
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അല്‍ ക്വയ്‌ദയും ലഷ്‌കറെ തോയ്‌ബയും 26/11 മാതൃകയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ സമയക്രമം അല്‍ക്വയ്‌ദയും ലഷ്‌കറും ശേഖരിക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഡയറക്‌ടര്‍ എല്ലാ ഡി.ജി.പിമാര്‍ക്കും തീരസംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കത്തയച്ചുകഴിഞ്ഞു. ഉറുദു സംസാരിക്കുന്ന ലഷ്‌കറെ അംഗങ്ങള്‍ വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നു കത്തില്‍ പറയുന്നു. ജര്‍മന്‍ ബേക്കറി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സബിയുദ്ദീന്‍ അന്‍സാരിയും അനുയായികളുമാണു ലോകകപ്പ് മത്സരങ്ങളുടെ സമയക്രമം ശേഖരിക്കാന്‍ ശ്രമിക്കുന്നത്.
മുംബൈ ആക്രമണത്തില്‍ പങ്കെടുത്തയത്ര ആളുകളാവും പുതിയ ആക്രമണസംഘത്തിലും ഉണ്ടാകുക. ഇതില്‍ ചില അംഗങ്ങള്‍ ഇന്ത്യയില്‍ തന്നെ സജ്‌ജരായിട്ടുണ്ട്. മറ്റുള്ളവര്‍ അടുത്തുതന്നെ എത്തിച്ചേരും. കര്‍ശനമായ പരിശോധന നടത്തി ഇത്തരം സംഭവങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നാണു കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടതായി ബി.സി.സി.ഐ. മാധ്യമവിഭാഗം ചെയര്‍മാര്‍ രാജീവ് ശുക്ല പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്‌ത് എല്ലാവിധ മുന്‍കരുതലും സ്വീകരിക്കുമെന്നും രാജീവ് ശുക്ല അറിയിച്ചു.