2011, ജൂൺ 29, ബുധനാഴ്‌ച

അത്യുന്നതങ്ങളില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍

സമുദ്രനിരപ്പില്‍നിന്ന്‌ 12,000 അടി ഉയരത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍. തിബറ്റിലാണ്‌ ഈ അത്യാഢംബര ഹോട്ടല്‍ തുറന്നിരിക്കുന്നത്‌. ബുദ്ധമതത്തിന്റെ ആത്മീയ-ഭരണകേന്ദ്രമായിരുന്ന തിബറ്റ്‌ ഇപ്പോള്‍ ചൈനീസ്‌ ആധിപത്യത്തിലാണ്‌. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്‌ടപ്പെട്ടയിടം കൂടിയാണ്‌ തിബറ്റ്‌. വിനോദ സഞ്ചാരികളുടെ വര്‍ധനവിനെത്തുടര്‍ന്ന്‌ ചൈനീസ്‌ ഭരണകൂടമാണ്‌ ഇവിടെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആരംഭിക്കാന്‍ തയാറായത്‌. ബുദ്ധമത ആശ്രമത്തിന്റെ മാതൃകയിലാണ്‌ ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്‌. രൂപകല്‌പനയില്‍ മാത്രമേ ആശ്രമത്തിന്റെ സ്വാധീനമുള്ളൂ. ഉള്ളില്‍ പ്രവേശിച്ചാല്‍ ആശ്രമമൂല്യങ്ങള്‍ പൊടിപോലും കാണാനാവില്ല. ബാറും സ്‌പായും സിമ്മിംഗ്‌ പൂളുമൊക്കെ ഈ ഹോട്ടലിലുണ്ട്‌. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന ആഢംബര ഹോട്ടലെന്ന പ്രത്യേകതയും ഇതിനുണ്ട്‌. 12,000 അടി ഉയരത്തില്‍ സ്‌ഥിതിചെയ്യുന്നതിനാല്‍ ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക്‌ ശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ വരാനുള്ള സാധ്യതയുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുകളും മുറികളില്‍ ക്രമീകരിച്ചിട്ടുണ്ട്‌. ടിബറ്റിന്റെ തലസ്‌ഥാനമായ ലാസയിലാണ്‌ ഹോട്ടല്‍ സ്‌ഥിതിചെയ്യുന്നത്‌.

ഉന്നംവച്ചത്‌ പന്നിയെ; വെടികൊണ്ടത്‌ ഭാര്യയ്‌ക്ക്‌

പന്നിയെ ലക്ഷ്യമാക്കി റഷ്യക്കാരന്‍ ഉതിര്‍ത്തവെടി കൊണ്ടത്‌ ഭാര്യയ്‌ക്ക്. റഷ്യയിലെ ടുലയിലാണ്‌ സംഭവം. അറുപതുകാരനും ഭാര്യയും പന്നിയെ വെടിവയ്‌ക്കാനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ ഇയാളുടെ തോക്ക്‌ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. വെടിയേറ്റ ഭാര്യ സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചു. നാടന്‍ തോക്കുപയോഗിച്ചായിരുന്നു റഷ്യന്‍ ദമ്പതികള്‍ പന്നിയെ വെടിവയ്‌ക്കാന്‍ ഇറങ്ങിയത്‌. ഭാര്യയെ കൊന്ന കുറ്റത്തിനു പോലീസ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്‌. എന്നാല്‍, വെടിയേറ്റ്‌ പന്നിക്കെന്തെങ്കിലും പരിക്കു പറ്റിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

വാര്‍ത്ത