2013, ജൂലൈ 16, ചൊവ്വാഴ്ച

'മരിച്ച' രോഗി ഉണര്‍ന്നു; യു.എസ്സില്‍ ആസ്‌പത്രിക്ക് 13.2 ലക്ഷം പിഴ

രോഗി മരിച്ചെന്നു കരുതി അവയവങ്ങള്‍ നീക്കാന്‍ തുടങ്ങിയ ആസ്പത്രി അധികൃതര്‍ക്ക് 22,000 ഡോളര്‍ (13.2 ലക്ഷം രൂപ) പിഴ. ന്യൂയോര്‍ക്കില്‍ 2009- ലാണ് സംഭവം.




41 വയസ്സായ കൊളീന്‍ എസ് ബേണിനെയാണ് അമിതമായി മരുന്നുകഴിച്ച് ബോധം നിലച്ച അവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ മരണം സംഭവിച്ചെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതിച്ചു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്താന്‍ തുടങ്ങവേ കൊളീന്‍ കണ്ണുതുറക്കുകയായിരുന്നു.



മതിയായ ചികിത്സ നല്‍കാതെയാണ് ആസ്പത്രിയധികൃതര്‍ രോഗി മരിച്ചതായി പ്രഖ്യാപിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് പിഴശിക്ഷ വിധിച്ചത്.

മുഖസൗന്ദര്യത്തിന് 'ഒച്ച് തെറാപ്പി'

ഒച്ചുകള്‍ മുഖത്ത് ഇഴയുന്നതിനെക്കുറിച്ച് അറപ്പും പേടിയുമില്ലാതെ ചിന്തിക്കാനാകുമോ? എങ്കില്‍, പരസ്യത്തില്‍ പറയുംപോലെ 'മുഖസൗന്ദര്യം നിങ്ങളെ തേടിവരും'. ജപ്പാനിലെ ഒരു ബ്യൂട്ടി പാര്‍ലറാണ് മുഖസൗന്ദര്യം സംരക്ഷിക്കാന്‍ 'ഒച്ച് തെറാപ്പി'യുമായി രംഗത്തുവന്നിരിക്കുന്നത്.



മൃതകോശങ്ങള്‍ നീക്കാനും മുഖക്കുരുവിന് കാരണമായ ചെറുസുഷിരങ്ങള്‍ വൃത്തിയാക്കി യൗവനം തിരികെപ്പിടിക്കാനും ഒച്ചുകളെ വെറും അഞ്ചു മിനിറ്റ് സ്വതന്ത്രമായി മുഖത്ത് വിഹരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ടോക്കിയോയിലെ 'സിസ് ലാബോ' എന്ന ബ്യൂട്ടിപാര്‍ലറിന്റെ വക്താവ് മനാമി തകാമുര പറയുന്നത്.



ഒച്ചുകള്‍ പുറപ്പെടുവിക്കുന്ന പശിമയുള്ള ദ്രവം പഴകിയ കോശങ്ങള്‍ നീക്കംചെയ്യുകയും വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അകറ്റുകയും ചെയ്യും. മുഖത്ത് ഈര്‍പ്പമുണ്ടാക്കാനും ഈ ദ്രവം സഹായിക്കും. ഒച്ചിന്റെ ദ്രവത്തിന് ത്വക്കിനെ വാര്‍ധക്യബാധയില്‍നിന്ന് സംരക്ഷിക്കാനാകുമെന്നാണ് വിശ്വാസം. വിപണിയില്‍ വില്‍ക്കുന്ന ചില സൗന്ദര്യസൗരക്ഷണ വസ്തുക്കളില്‍ ഒച്ചില്‍നിന്നുള്ള സത്ത് ഉപയോഗിക്കുന്നുമുണ്ട്.



ഒച്ചുകളെ മുഖത്തു വെക്കുമ്പോള്‍ നൂറുശതമാനം ശുദ്ധമായ ദ്രവമാണ് നേരിട്ടു ലഭിക്കുന്നതെന്നും മനാമി പറയുന്നു. സിസ് ലാബോ ബ്യൂട്ടിപാര്‍ലറില്‍ ഒറ്റത്തവണ ഒച്ച് തെറാപ്പി ചെയ്യാന്‍ 10,500 യെന്‍ (ഏതാണ്ട് 6,350 രൂപ) ആണ് ഈടാക്കുന്നത്.

2013, ജൂലൈ 1, തിങ്കളാഴ്‌ച

കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ള സൈക്കിള്‍; വില 500 രൂപ..!!!

 
കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ളതാണ് ഈ സൈക്കിള്‍. പക്ഷേ, കളിപ്പാട്ടമല്ല. 220 കിലോ ഭാരമുള്ളയാള്‍ക്കും ചവിട്ടിപ്പോകാം. വില അഞ്ഞൂറ് രൂപയില്‍ താഴെ. ഭാരം ഒമ്പത് കിലോ മാത്രം. ഇസ്രായേലി എന്‍ജിനീയര്‍ ഇസ്ഹര്‍ ഗഫ്‌നിയാണ് ഇതിന്റെ നിര്‍മാതാവ്. കടലാസ് മടക്കി രൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് കലയാണ് കാര്‍ഡ്‌ബോര്‍ഡ് സൈക്കിളിന്റെ അടിസ്ഥാന തത്വം

പലതരം ഹൈഎന്‍ഡ് ബൈക്കുകള്‍ സ്വന്തമായുള്ള അമേച്വര്‍ സൈക്ലിസ്റ്റാണ് ഗഫ്‌നി. സൈക്കിളും ഹൈഎന്‍ഡായിക്കൊണ്ടിരിക്കുമ്പോഴാണ് കാര്‍ഡ്‌ബോര്‍ഡ് സൈക്കിള്‍ എന്ന ആശയം അദ്ദേഹത്തിന്റെ തലയിലുദിച്ചത്. മൂന്ന് വര്‍ഷത്തെ പരിശ്രമം കൊണ്ട് അത് യാഥാര്‍ഥ്യമായി. ഒരാളുടെ ഭാരം താങ്ങാനാവുന്ന കാര്‍ഡ്‌ബോര്‍ഡുണ്ടാക്കുകയായിരുന്നു ആദ്യ പടി. പഴയ കടലാസുകള്‍ സംസ്‌ക്കരിച്ചുണ്ടാക്കിയ കാര്‍ഡ്‌ബോര്‍ഡ് പലതായി മടക്കി കട്ടികൂട്ടി. പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു നനയാത്ത, ഉരുകാത്ത കാര്‍ബോര്‍ഡിന്റെ നിര്‍മാണം. അതിനെ വാര്‍ണിഷടിച്ച് മനോഹരമാക്കി. ഇതിന്റെ ഒരു കഷണം മാസങ്ങളോളം വാട്ടര്‍ ടാങ്കിലിട്ടായിരുന്നു ഗുണനിലവാരം ഉറപ്പാക്കല്‍. പിന്നീടായിരുന്നു സൈക്കിള്‍ നിര്‍മാണം. \സൈക്കിളിന്റെ ഫ്രെയിം, ചക്രങ്ങള്‍, ഹാന്‍ഡില്‍, സീറ്റ് എന്നിവയും കാര്‍ഡ്‌ബോര്‍ഡുകൊണ്ടുണ്ടാക്കി. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുകൊണ്ടുള്ളതാണ് പെഡല്‍. റീസൈക്കിള്‍ ചെയ്ത വസ്തുക്കളാണ് ബ്രെയ്ക്കുണ്ടാക്കാനും ഉപയോഗിച്ചിട്ടുള്ളത്. ഇവയെന്തെന്ന് ഗഫ്‌നി വെളിപ്പെടുത്തിയിട്ടില്ല. വൈദ്യുതി മോട്ടോര്‍ ഘടിപ്പിക്കാനുള്ള സൗകര്യവും സൈക്കിളിലുണ്ട്.തിര്‍ന്നവര്‍ക്കുള്ള സൈക്കിളിന് ഒമ്പതുകിലോയെ ഭാരം വരൂ. വില ഏതാണ്ട് പത്ത് ഡോളര്‍ (ഏകദേശം 480 രൂപ). കുട്ടികളുടെ സൈക്കിളും ഉണ്ടാക്കിയിട്ടുണ്ട് ഗഫ്‌നി. മൂന്നരക്കിലോ ഭാരമുള്ള ഇതിന് ആറ് ഡോളറേ (ഏകദേശം 164 രൂപ) വിലയുള്ളൂ. ദരിദ്ര രാജ്യങ്ങളിലാണ് ഗഫ്‌നി വിപണി ലക്ഷ്യംവെക്കുന്നത്.



സൈക്കിള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ വേണ്ട തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഇസ്രായേലി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ഇ.ആര്‍.ബി. സകലസഹായവുമായി ഗഫ്‌നിക്കൊപ്പമുണ്ട്.

വാര്‍ത്ത