2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഉല്ലാസയാത്രയ്‌ക്ക് ബഹിരാകാശ ഹോട്ടലും

ധനികര്‍ക്ക്‌ ഉല്ലാസയാത്രയ്‌ക്ക് ഏതറ്റം വരെ പോകാന്‍ കഴിയും? ബഹിരാകാശത്തോളം എന്നു തന്നെയാകും ഉത്തരം. കീശയില്‍ കാശുള്ള കോടീശ്വരന്‍മാരെ ബഹിരാകാശത്തേക്ക്‌ കൊണ്ടുപോകാന്‍ നാസയും മറ്റും മത്സരിക്കുകയാണ്‌. ഇങ്ങനെ ബഹിരാകാശത്ത്‌ എത്തുന്ന ടൂറിസ്‌റ്റുകള്‍ക്ക്‌ എവിടെല്ലാം താമസിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനൊരു താമസ സൗകര്യം അവിടെയില്ല. അതുതന്നെയാണ്‌ റഷ്യന്‍ കമ്പനിയായ ഓര്‍ബിറ്റര്‍ ടെക്‌നോളജീസിനെ ഇത്തരമൊരു സംരഭത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. അടുത്ത നാലഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ്‌ കമ്പനി പദ്ധതിയിടുന്നത്‌.

ഏഴ്‌ പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ബഹിരാകാശ ഹോട്ടലിനകത്ത്‌ വിനോദ സഞ്ചാരികള്‍ക്കുവേണ്ട എല്ലാവിധ സുഖ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. നാലു മുറികളുള്ള ഗസ്‌റ്റ് ഹൗസാകും ടൂറിസ്‌റ്റുകള്‍ക്കാകും കമ്പനി തയാറാക്കുക. ഹോട്ടലിന്റെ ചുവരുകളില്‍ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളില്‍ കൂടി ഭൂമിയുടെ മനോഹര രൂപം കാണുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമത്രേ. ഒറ്റയടിക്ക്‌ ഏഴു പേര്‍ക്കുവരെ ഹോട്ടലില്‍ താമസിപ്പിക്കാന്‍ കഴിയും.

ബഹിരാകാശ ഹോട്ടല്‍ പദ്ധതിക്ക്‌ കോടിക്കണക്കിന്‌ ഡോളര്‍ ചെലവാകുമെന്നാണ്‌ കമ്പനി വിലയിരുത്തുന്നത്‌. റഷ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ റോസ്‌കോസ്‌മോസ്‌, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ആര്‍കെകെ എനര്‍ജിയ എന്നിവയുടെ സഹായത്തോടെയാണ്‌ ഓര്‍ബിറ്റല്‍ ഹോട്ടല്‍ നിര്‍മ്മിക്കുന്നത്‌. വ്യക്‌തികളും സാങ്കേതിക വിദഗ്‌ധരും പര്യവേക്ഷകരുമെല്ലാം ഹോട്ടലിലെ ഇടപാടുകാരായിരിക്കും.

വാര്‍ത്ത