2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

അപരന്‍

 
വാഷിംഗ്‌ടണ്‍: ബഹിരാകാശത്ത്‌ ഭൂമിയുടെ 'സ്വഭാവങ്ങളുള്ള' ഗ്രഹം കണ്ടെത്തിയതായി ശാസ്‌ത്രജ്‌ഞര്‍. കാര്‍നിജ്‌ ഇന്‍സ്‌റ്റിറ്റ്യൂഷനിലെ ആര്‍ പോള്‍ ബട്ട്‌ലര്‍ ആണ്‌ പുതിയ ഗ്രഹം കണ്ടെത്തിയത്‌ . പുതിയ ഗ്രഹത്തിലെ താപനിലയും അന്തരീക്ഷവും ഭൂമിക്കു സമാനമെന്നാണ്‌ ഒരു വിഭാഗം ശാസ്‌ത്രജ്‌ഞരുടെ മതം. ഗുരുത്വാകര്‍ഷണം ഭൂമിക്കു തുല്യമാണ്‌ . ജീവന്‌ അനുകൂലമായ സാഹചര്യമാണ്‌ ഗ്രഹത്തിലുള്ളതെന്ന്‌ പെന്‍ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ജിം കാസ്‌റ്റിംഗ്‌ പറഞ്ഞു. ബാക്‌ടീരിയകളുടെ സാന്നിധ്യവും പുതിയ 'ഭൂമി'യില്‍ ശാസ്‌ത്രലോകം പ്രതീക്ഷിക്കുന്നുണ്ട്‌ .

എന്നാല്‍ പുതിയ ഗ്രഹത്തോട്‌ വിയോജിപ്പുള്ളവരുമുണ്ട്‌ . ഭൂമിയുടെ മൂന്നിരട്ടി ഭാരമാണ്‌ പുതിയ ഗ്രഹത്തിനുളളത്‌ . അച്ചുതണ്ടിന്‌ ചുറ്റുമുള്ള കറക്കത്തിനും വേഗതകുറവാണ്‌ . അതിനാല്‍ ഗ്രഹത്തില്‍ രാത്രിയും പകലും ഉണ്ടാകില്ല.

120 ത്രില്യണ്‍ മൈലുകള്‍ അകലെയാണ്‌ പുതിയ ഗ്രഹം. ഗ്ലൈസ്‌ 581 എന്ന നക്ഷത്രമാണ്‌ പുതിയ ഗ്രഹത്തിന്റെ 'സൂര്യന്‍'. പ്രപഞ്ചത്തില്‍ 40 ബില്യന്‍ ഗ്രഹങ്ങളില്‍ ഭൂമിക്കു തുല്യമായ സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന്‌ ഗവേഷണത്തില്‍ പങ്കെടുത്ത കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്‌റ്റീവന്‍ വോട്ട്‌ പറഞ്ഞു.

'പത്തു'തരം; ഇവള്‍ നൂറ്റാണ്ടിന്റെ ശിശു//10/10/2010

 പത്തിന്റെ പെരുക്കത്തില്‍ വിവാഹം കഴിച്ചവരും ശുഭകാര്യങ്ങള്‍ ചെയ്‌തവരും എന്തിനേറെ സിസേറിയനിലൂടെ കുട്ടികയെ പുറത്തെടുത്തവര്‍ വരെ കണ്ടേക്കും. എന്നാല്‍ പത്തിന്റെ ഈ അപൂര്‍വ ഒത്തുചേരില്‍ ഭൂമിയിലേക്ക്‌ ദൈവഹിതത്തോടെ എത്തിയത്‌ ആരാകും? അതു നിയാമ ബോണ്ട്‌ എന്ന കൊച്ചു മാലാഖ തന്നെയാകും. 2010-ാം വര്‍ഷത്തെ 10 മാസത്തിലെ പത്താം തീയതിയില്‍ പത്തുമണിയും പത്തു മിനിറ്റും പത്തു സെക്കന്‍ഡും കഴിഞ്ഞപ്പോള്‍ അമ്മയുടെ ഉദരത്തില്‍നിന്നു ഭൂമിയിലേക്ക്‌ എത്തിയവള്‍.

പറഞ്ഞിരുന്ന ഡേറ്റിനും എട്ടാഴ്‌ചയ്‌ക്കു മുന്‍പാണ്‌ നിയാമയുടെ വരവ്‌. കുട്ടിയുടെ ജനന സമയം ആശുപത്രിയിലെ ഡിജിറ്റല്‍ ക്ലോക്കില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്‌തു. വെസ്‌റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഗുഡ്‌ ഹോപ്‌ ഹോസ്‌പിറ്റലിലായിരുന്നു നിയാമയുടെ ജനനം. നിയാമയും അമ്മ കീലി ഹിയാര്‍നിയും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. മകളുടെ ജനനസമയം അറിഞ്ഞ്‌ ആദ്യം ആശ്‌ചര്യപ്പെട്ട അമ്മ പിന്നീട്‌ ആഹ്‌ളാദത്താല്‍ വീര്‍പ്പുമുട്ടിയതായി അധികൃതര്‍ പറയുന്നു.

പബ്‌ വെയിട്രസായി ജോലി നോക്കുകയാണ്‌ ഹിയാര്‍നി. 22 വയസുകാരനായ ഡീന്‍ ബോണ്ടാണ്‌ ഈ സമയക്കുരുന്നിന്റെ അമ്മ. മകള്‍ പിറക്കുമ്പോള്‍ ആശുപത്രിയില്‍ ഇല്ലാതിരുന്ന അച്‌ഛന്‍ വിവരം അറിഞ്ഞ്‌ എത്തുമ്പോഴത്തേക്ക്‌ എല്ലാം കഴിഞ്ഞിരുന്നു. കോളജില്‍ മേസ്‌തിരിയാകാന്‍ പഠിക്കുകയാണ്‌ ബോണ്ട്‌. മാസം തികയാതെയാണ്‌ കുഞ്ഞ്‌ പിറന്നതിനാല്‍ നവംബറോടു കൂടിമാത്രമേ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുകയുള്ളൂ. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ്‌ ഇത്തരമൊരു അപൂര്‍വ വേള പിറക്കുകയുള്ളൂ എന്നതിനാല്‍ കുഞ്ഞിനെ നൂറ്റാണ്ടിന്റെ ശിശു എന്നു വിളിച്ചാലും അത്ഭുതമില്ല.

കൊച്ചു മനുഷ്യന്‍ ഇനി നേപ്പാളിന്‌ സ്വന്തം

 ഒക്‌ടോബര്‍ 14 ഖജേന്ദ്ര താപ്പാ മഗര്‍ കാത്തിരുന്ന ദിവസമാണ്‌. ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ താനണെന്ന്‌ ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ അംഗീകരിക്കുന്ന ദിവസം. വ്യാഴാഴ്‌ച 18 വയസ്സ്‌ തികഞ്ഞ ഖജേന്ദ്ര തന്നെയാണ്‌ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന്‌ ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ അംഗീകരിച്ചു. രണ്ടടി 1.8 ഇഞ്ചാണ്‌ നേപ്പാളി സ്വദേശിയായ ഖജേന്ദ്രയുടെ ഉയരം. അഞ്ചരക്കിലോയാണ്‌ തൂക്കം. കൊളംബിയയില്‍ നിന്നുള്ള 24 കാരനായ എഡ്‌വേര്‍ഡ്‌ നിനോ ഹെര്‍ണാണ്ടസിന്റെ റെക്കോര്‍ഡാണ്‌ ഖജേന്ദ്ര തകര്‍ത്തത്‌. മധ്യ നേപ്പാളിലെ ഹിമാലത്തിനു സമീപം പൊഖാറയിലാണ്‌ കുഞ്ഞു ഖജേന്ദ്രയുടെ താമസം.

നേപ്പാളിലെ ഒരു പഴക്കച്ചവടക്കാരന്റെ മകനാണ്‌ ഖജേന്ദ്ര. രണ്ടടിയെ ഉയരമുള്ളങ്കിലും ആഗ്രഹങ്ങള്‍ക്ക്‌ ഹിമാലയത്തോളം ഉയരമുണ്ട്‌. ഏതൊരു പുരുഷനെയും പോലെ കല്യാണം കഴിക്കണമെന്നും കുടുംബവുമായി കഴിയണമെന്നും ഖജേന്ദ്രയ്‌ക്കും മോഹമുണ്ട്‌. കൂടാതെ ഭാര്യയുടെ ഹാന്‍ഡ്‌ ബാഗില്‍ കയറി ലോകം കറങ്ങണമെന്നും ഖജേന്ദ്രയ്‌ക്കു ആഗ്രഹമുണ്ട്‌.

നേപ്പാള്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി അലങ്കരിക്കുന്ന ഖജേന്ദ്ര ടൂറിസം പ്രചാരത്തിനായി അടുത്തിടെ ന്യുയോര്‍ക്കിലും ലണ്ടനിലും പര്യടനം നടത്തിയിരുന്നു.

വാര്‍ത്ത