2011, മേയ് 21, ശനിയാഴ്‌ച

നായയെ പ്രസവിച്ച പൂച്ച

ചൈനയില്‍ കാര്യങ്ങളെല്ലാം തലതിരിഞ്ഞാണു നടക്കുന്നത്‌. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഒരു ആട്‌് പ്രസവിച്ചത്‌ നായയെ. കഴിഞ്ഞദിവസം ഒരു പൂച്ചജന്മം നല്‍കിയതു നായക്കുട്ടിക്കും. ചൈനയിലെ യാങ്‌ഷാന്‍ പ്രവിശ്യയിലാണ്‌ പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ച സംഭവമുണ്ടായത്‌. ഷുവു യാങ്‌ എന്ന വീട്ടമ്മയുടെ പൂച്ചയാണ്‌ നായക്കുഞ്ഞിനു ജന്മമേകിയത്‌. പൂച്ച പ്രസവിച്ചു കിടക്കുന്നതാണ്‌ ഷുവു കാണുന്നത്‌. രണ്ട്‌ കുഞ്ഞുങ്ങള്‍ക്കായിരുന്നു പൂച്ച ജന്മം നല്‍കിയത്‌. ഷുവു പരിശോധിച്ചപ്പോള്‍ ഒരു കുഞ്ഞു മരിച്ചിരിക്കുന്നു. രണ്ടാമത്തെ കുഞ്ഞ്‌ നായക്കുഞ്ഞിനെപ്പോലെയുമുണ്ട്‌. ഷുവു അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ പൂച്ച(നായ)ക്കുഞ്ഞുമായി എത്തി. അവിടത്തെ പരിശോധനയിലും കുഞ്ഞ്‌ നായക്കുഞ്ഞാണെന്ന്‌ സ്‌ഥിരീകരിച്ചു. പൂച്ചക്കുഞ്ഞ്‌ ഒരിക്കലും നായക്കുഞ്ഞിനു ജന്മം നല്‍കില്ലെന്നാണ്‌ മൃഗസംരക്ഷണകേന്ദ്രത്തിലെ ഡോക്‌ടര്‍ പറയുന്നത്‌. പ്രസവത്തെത്തുടര്‍ന്ന്‌ കുഞ്ഞ്‌ ചത്തപ്പോള്‍ പൂച്ച എവിടെനിന്നെങ്കിലും നായക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നതാകാമെന്നാണ്‌ മൃഗഡോക്‌ടര്‍ ചൂണ്ടിക്കാട്ടുന്നത്‌.

വീടു നിയന്ത്രിക്കാനും ഗൂഗിള്‍!

ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്‌ പുതിയ മാനങ്ങള്‍ നല്‍കാനുറച്ചിരിക്കുകയാണ്‌ ഗൂഗിള്‍.മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രായിഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്റെ പരിധികൂട്ടാനാണ്‌ ശ്രമം. Tungstens എന്നാണ്‌ പുതിയ സംവിധാനത്തിന്‌ നല്‍കുന്ന പേര്‌ . വിളക്കുകള്‍ മുതല്‍ ഫ്രിഡ്‌ജ് വരെയുള്ള ഉപകരങ്ങളെ ദൂരെ നിന്ന്‌ പ്രവര്‍ത്തിപ്പിക്കാനുളള സാങ്കേതിക വിദ്യ സംവിധാനത്തിന്റെ ഭാഗമാകും. വീട്ടിലുളള എല്ലാ ഉപകരണങ്ങളെയും ബന്ധിപ്പിക്കാനും നിയന്ത്രിക്കാനുമുളള സംവിധാനമാണ്‌ തയാറാക്കുന്നതെന്ന്‌ Android@Home പദ്ധതിയുടെ തലവനായ ജോ ബ്രിട്ട്‌ അറിയിച്ചു. Tungstenന്റെ മാതൃകയും അദ്ദേഹം പുറത്തുവിട്ടു. ആറിഞ്ച്‌ നീളത്തില്‍ ചുറ്റും സെന്‍സറുകള്‍ ഘടിപ്പിച്ചതാണ്‌ ഉപകരണം. ആന്‍ഡ്രോയിഡ്‌ ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമായതിനാല്‍ കമ്പനികള്‍ക്ക്‌ ആവശ്യങ്ങള്‍ വരുത്താനാകും. Tungstenന്‌ ആവശ്യമായ ഹാര്‍ഡ്‌വേര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ഗൂഗിള്‍ പുറത്തുവിടും. ഇന്റര്‍നെറ്റ്‌ ബന്ധത്തിന്‌ Wi-Fi സംവിധാനമാകും Tungsten ഉപയോഗിക്കുക.

ഇന്റര്‍നെറ്റില്ലാതെയും ഫേസ്‌ബുക്കിലെത്താം

ഫേസ്‌ബുക്കിലെത്താന്‍ ഇനി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വേണ്ട. സിംഗപൂര്‍ ആസ്‌ഥാനമാക്കിയുള്ള U2opia മൊബൈല്‍ ആണ്‌ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്‌. ഇവരുടെ പ്രോഗ്രാം ഉപയോഗിച്ചാല്‍ ഡേറ്റാ കണക്ഷന്‍ ആവശ്യമാകില്ല. GPRS കണക്ഷന്‍ ഉപയോഗിക്കുന്ന ഏതു ഫോണിലും തങ്ങള്‍ തയാറാക്കിയ USSD അധിഷ്‌ഢിത സാങ്കേതിത വിദ്യ ഉപയോഗിക്കാമെന്ന്‌ സിഇഒ സുമേഷ്‌ മേനോന്‍ അറിയിച്ചു. മൊബൈല്‍ സേവനദാതാക്കള്‍ അറിയിപ്പുകളും , ബാലന്‍സ്‌ വിവരങ്ങളും നല്‍കാനാണ്‌ ഇപ്പോള്‍ Unstructured Supplementary Data (USSD) സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌ . തങ്ങളുടെ പ്രോഗ്രാം ഇപ്പോള്‍ ഗ്രാഫിക്‌സിന്‌ അനുമതി നല്‍കുന്നില്ലെന്ന്‌ സുമേഷ്‌ അറിയിച്ചു. എന്നാല്‍ ഫേസ്‌ബുക്കിലെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. എസ്‌എംഎസ്‌ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫേസ്‌ബുക്ക്‌ പ്രവര്‍ത്തിപ്പിക്കുന്നതു മൂലം ട്രാഫിക്‌ കാര്യമായി കൂടില്ല. ഇന്ത്യയിലെ ഒരു സ്വകാര്യ മൊബൈല്‍ സേവന ദാതാവ്‌ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാന്‍ രംഗത്തുണ്ട്‌ .

വാര്‍ത്ത