2011, മാർച്ച് 30, ബുധനാഴ്‌ച

'ലോകാവസാനം 2011 മേയ്‌ 21 വൈകിട്ട്‌ ആറിന്‌'

ലണ്ടന്‍: ഈ വര്‍ഷം മേയ്‌ 21 ന്‌ വൈകിട്ട്‌ ആറിന്‌ ലോകം അവസാനിക്കുമെന്ന്‌ പ്രവചനം. കാലിഫോര്‍ണിയ ഓക്ലന്‍ഡിലെ മതപണ്ഡിതനായ ഹാരോള്‍ഡ്‌ കാമ്പിംഗാണ്‌ പ്രവചനം നടത്തിയത്‌ . ലോക ജനസംഖ്യയില്‍ രണ്ടു ശതമാനത്തെ നേരെ സ്വര്‍ഗത്തിലേക്ക്‌ സ്വീകരിക്കും. ബാക്കി 98% ത്തെ മറ്റു സ്‌ഥലങ്ങളിലേക്ക്‌ മാറ്റും. അവസാനത്തിനായി എല്ലാവരും തയാറാകണമെന്ന്‌ 89 കാരനായ അദ്ദേഹം ആഹ്വാനം ചെയ്‌തു. 70 വര്‍ഷത്തെ ബൈബിള്‍ പഠനത്തിന്‌ ശേഷമാണത്രേ അദ്ദേഹം പ്രവചനം നടത്തിയത്‌ . യേശുവിന്റെ ക്രൂശാരോഹണം നടന്നിട്ട്‌ മേയ്‌ 21ന്‌ 722,500 ദിവസം തികയും. മൂന്ന്‌ പരിശുദ്ധ അക്കങ്ങളായ അഞ്ച്‌ , 10, 17 എന്നിവ ഗുണിച്ചാണ്‌ ഈ കണക്കുണ്ടാക്കിയത്‌ . ജപ്പാന്‍ , ന്യൂസിലന്‍ഡ്‌ , ഹെയ്‌തി എന്നിവടങ്ങളിലുണ്ടായ ഭൂചലനം ലോകാവസാനത്തിന്റെ സൂചനയാണ്‌ . 1994 സെപ്‌റ്റംബര്‍ ആറിന്‌ ലോകം അവസാനിക്കുമെന്ന്‌ ഇദ്ദേഹം പ്രവചിച്ചിരുന്നു . അന്ന്‌ കണക്കുകൂട്ടലിലുണ്ടായ പിഴവ്‌ ഇനി ആവര്‍ത്തിക്കില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌ .

'ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ ഫൈനലില്‍

മൊഹാലി: ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്താനെത്തിയ ഷാഹിദ്‌ അഫ്രീദിക്കും സംഘത്തിനും മൊഹാലിയില്‍ മോഹഭംഗം. ആവേശം അണപൊട്ടിയ അന്തരീക്ഷം, സാക്ഷ്യം വഹിക്കാന്‍ രണ്ടു പ്രധാനമന്ത്രിമാര്‍. ആര്‍ത്തലയ്‌ക്കാന്‍ അനേകായിരം ആരാധകര്‍. അതിര്‍ത്തി കടന്നെത്തിയ പാകിസ്‌താന്‍ വമ്പിനെ എറിഞ്ഞിടാന്‍ ഇന്ത്യക്ക്‌ ഇത്രയും പ്രചോദനം ധാരാളമായിരുന്നു. ഇന്നലെ മൊഹാലിയില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ 29 റണ്‍സിന്റെ മോഹവിജയം നേടി ഇന്ത്യ 2011 ലോകകപ്പിന്റെ കലാശക്കളിക്ക്‌ അര്‍ഹത നേടി. ശനിയാഴ്‌ച മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ്‌ ഇന്ത്യയുടെ എതിരാളികള്‍. ആവേശത്തിന്റെ രസമാപിനി വാനോളം ഉയര്‍ന്ന സെമി പോരാട്ടത്തില്‍ ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സ്‌ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്‌താന്‌ 49.5 ഓവറില്‍ 231 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളു. രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തിളങ്ങിയപ്പോള്‍ പാക്‌ പ്രതീക്ഷ പൊലിയുകയായിരുന്നു. നേരത്തെ 85 റണ്‍സ്‌ നേടിയ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മികവിലായിരുന്നു ഇന്ത്യ 260-ല്‍ എത്തിയത്‌. ബാറ്റിംഗ്‌ ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനു നെടുന്തൂണായ സച്ചിനാണ്‌ കളിയിലെ കേമന്‍. മത്സരത്തില്‍ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യക്കു പതിവു പോലെ വിരേന്ദര്‍ സേവാഗ്‌(38)മികച്ച തുടക്കമാണ്‌ സമ്മാനിച്ചത്‌. പാക്‌ സ്‌ട്രൈക്ക്‌ ബൗളര്‍ ഉമര്‍ ഗുല്ലിന്റെ ഒരോവറില്‍ അഞ്ചു ബൗണ്ടറി പറത്തിയ സേവാഗിന്റെ മിന്നല്‍ തുടക്കത്തിനു ശേഷം സ്‌പിന്നര്‍മാരുടെ രംഗപ്രവേശത്തോടെ പ്രതിരോധത്തിലേക്കു മടങ്ങിയ ഇന്ത്യയെ ഒരറ്റത്ത്‌ നിശ്‌ചയദാര്‍ഢ്യത്തോടെ ബാറ്റു വീശിയ സച്ചിന്റെ ഇന്നിംഗ്‌സാണു മികച്ച സ്‌കോറിലേക്കു നയിച്ചത്‌. പാക്‌ ഫീല്‍ഡര്‍മാരുടെ 'കൈ'യയച്ചുള്ള സഹായത്തിനിടെ 115 പന്തില്‍ നിന്നു 11 ബൗണ്ടറികളോടെയാണ്‌ സച്ചിന്‍ 85 റണ്‍സ്‌ നേടിയത്‌. സച്ചിനും സേവാഗിനും പുറമേ 36 റണ്‍സ്‌ നേടിയ സുരേഷ്‌ റെയ്‌ന, 27 റണ്‍സ്‌ നേടിയ ഗൗതം ഗംഭീര്‍, 25 റണ്‍സ്‌ നേടിയ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി എന്നിവരാണ്‌ ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. പാകിസ്‌താനുവേണ്ടി സയിദ്‌ അജ്‌മല്‍ രണ്ടു വിക്കറ്റെടുത്തു. സ്‌പിന്നര്‍ ആര്‍. അശ്വിന്‌ പകരം മീഡിയം പേസര്‍ ആശിഷ്‌ നെഹ്‌റയെ ഉള്‍പ്പെടുത്തിയാണ്‌ ഇന്ത്യ ഇറങ്ങിയത്‌.

2011, മാർച്ച് 29, ചൊവ്വാഴ്ച

ഊര്‍ജത്തിന്‌ കൃത്രിമ ഇലകള്‍

വൈദ്യുതി ചാര്‍ജ്‌ ലാഭിക്കാന്‍ കൃത്രിമ ഇലകള്‍. ഒരു വീട്ടിലെ വൈദ്യുതി ആവശ്യം നിറവേറ്റാന്‍ ചീട്ടിന്റെ വലുപ്പമുളള ഏതാനും ഇലകള്‍ മതിയെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌ . ഇലകള്‍ പ്രകാശസംശ്ലേഷണം ചെയ്യുന്നതിനെ അനുകരിച്ചാണ്‌ കൃത്രിമ ഇലകള്‍ ഊര്‍ജം സൃഷ്‌ടിക്കുന്നത്‌ . എല്ലാ വീടുകളിലും ആവശ്യമായ വൈദ്യുതി ഉണ്ടാക്കുന്ന കാലമാണ്‌ തങ്ങളുടെ പ്രതീക്ഷയെന്ന്‌ മസാച്ചുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ ഗവേഷകന്‍ ഡാനിയേല്‍ നൊസേറ വ്യക്‌തമാക്കി. സിലിക്കന്‍, കാറ്റലിസ്‌റ്റുകള്‍, രാസവസ്‌തുക്കള്‍ എന്നിവയാകും ചീട്ടുകളുടെ വലുപ്പമുള്ള കൃത്രിമ ഇലകളിലുണ്ടാകുക. ചെറിയ ജലസംഭരിക്കു മുകളിലാണ്‌ ഈ 'ഇലകള്‍' സ്‌ഥാപിക്കേണ്ടത്‌ . ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി കൃത്രിമ ഇലകള്‍ വേര്‍തിരിക്കും. രണ്ടു വാതകങ്ങളും ഊര്‍ജ അറകളില്‍ സൂക്ഷിക്കും. പിന്നീട്‌ ഊര്‍ജത്തിന്റെ ആവശ്യം ഉണ്ടാകുമ്പോള്‍ ഇവയുടെ സഹായത്താല്‍ ഉല്‍പാദിപ്പിക്കും. ആദ്യ കൃത്രിമ ഇലകള്‍ കൊളറാഡോ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബിലെ ജോണ്‍ ടര്‍നര്‍ ആണ്‌ സൃഷ്‌ടിച്ചത്‌ . എന്നാല്‍ ഉല്‍പാദന ചെലവ്‌ കൂടിയത്‌ തിരിച്ചടിയായി. ചിലവ്‌ കുറഞ്ഞ മാര്‍ഗമാണ്‌ തങ്ങളുടേതെന്നാണ്‌ നൊസേറയും സംഘവും പറയുന്നത്‌ .

2011, മാർച്ച് 28, തിങ്കളാഴ്‌ച

നാളെയാണ്‌ നാളെയാണ്‌

നാളയാണ്‌... നാളെയാണ്‌... ലോകക്രിക്കറ്റിലെ ഹൈവോള്‍ട്ടേജ്‌ മത്സരം നാളെയാണ്‌. 2011 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യയും-പാകിസ്‌താനും തമ്മിലുള്ള ഐതിഹാസിക മത്സരത്തിന്‌ ഒരു ദിനം കൂടി. നാളെ ഉച്ചയ്‌ക്ക് രണ്ടിന്‌ മത്സരത്തിനു ടോസ്‌ വീഴുന്നതോടെ ആവേശം ഉച്ചസ്‌ഥായിലാകും. മത്സരത്തിനായി മൊഹാലിയും ഇന്ത്യയും ഒരുങ്ങിക്കഴിഞ്ഞു. വി.വി.ഐ.പികള്‍ എത്തുന്ന മത്സരവേദിയും നഗരപരിസരങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്‌. സ്‌റ്റേഡിയത്തിന്റെയും താരങ്ങളുടെയും സുരക്ഷയ്‌ക്കായി പോലീസിനെയും അര്‍ധ സൈനികരയും നിയോഗിച്ചിട്ടുണ്ട്‌. ഇതുകൂടാതെ എന്‍.എസ്‌.ജി, എസ്‌.പി.ജി. എന്നിവരേയും മത്സരത്തിന്‌ സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിട്ടുണ്ട്‌. ിന്നലെ ഇരു ടീമുകളും മൊഹാലി സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഉച്ചയ്‌ക്കു നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാന്‍ അനേകം ആരാധകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ ആരേയും സ്‌റ്റേഡിയത്തിലേക്കു കടത്തി വിട്ടിശല്ലന്നു റിപ്പോര്‍ട്ടുണ്ട്‌. പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ മൂന്നു സീമര്‍മാരിറങ്ങുമെന്ന സൂചന പരിശീലന സെക്ഷനില്‍ നിന്നു ലഭിച്ചിട്ടുണ്ട്‌. ആശിഷ്‌ നെഹ്‌റയും എസ്‌. ശ്രീശാന്തും പരിശീലനത്തിനിടെ നെറ്റ്‌സില്‍ ഏറെ നേരം ബൗള്‍ ചെയ്‌തത്‌ ഇതിനെ ബലപ്പെടുത്തുന്നു. പാകിസ്‌താന്‍ ടീമും ഇന്നലെ ഏറെ നേരം സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. രാവിലെയും വൈകിട്ടുമായിരുന്നു അവരുടെ പരിശീലനം. പരിശീലന ശേഷം ഇന്ത്യന്‍ മുന്‍നിരയെ തകര്‍ക്കാനാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്‌ പാക്‌ പേസര്‍ ഉമര്‍ ഗുല്‍ പറഞ്ഞു.

ചെമ്മരിയാടിനു ജനിച്ചത്‌ നായക്കുട്ടി

ചെമ്മരിയാട്‌ നായയ്‌ക്കു ജന്മം നല്‍കിയിരിക്കുന്നു. ശാസ്‌ത്രലോകത്തെ ഞെട്ടിച്ച സംഭവം നടന്നിരിക്കുന്നത്‌ ചൈനയിലാണ്‌. ചെമ്മരിയാടിനെ വളര്‍ത്തുന്ന ലിയൂ നിയിംഗിന്റെ ഉടമസ്‌ഥതയിലുള്ള ആടാണ്‌ നായക്കുഞ്ഞിനു ജന്മം നല്‍കിയിരിക്കുന്നത്‌. ശരീരം മുഴുവന്‍ ചെമ്മരിയാടിനെപ്പോലെ വെളുത്ത രോമം നിറഞ്ഞതാണ്‌ ഈ ചെമ്മരിനായക്കൂട്ടി. എന്നാല്‍, വായ്‌, മൂക്ക്‌, കണ്ണ്‌, കാലുകള്‍ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളെല്ലാം നായയുടേതു പോലെയാണ്‌. ചൈനയിലെ ഷാനിങ്‌ പ്രവശ്യയിലാണ്‌ ലിയുവിന്റെ ഫാം. ചെമ്മരിയാട്‌ കുഞ്ഞിനു ജന്മം നല്‍കിയ ഉടന്‍തന്നെ ലിയു ഫാമിലെത്തിയിരുന്നു. അപ്പോഴാണ്‌ നായക്കുട്ടിയെക്കാണുന്നത്‌. നായയുടെയും ചെമ്മരിയാടിന്റെയും സങ്കരയിനമാണ്‌ ഈ കുഞ്ഞെന്നായിരുന്നു ലിയുവിന്റെ സംശയം. എന്നാല്‍, നായയും ചെമ്മരിയാടും രണ്ടു വംശങ്ങളാണെന്നും ഇവയെ തമ്മില്‍ ഒരിക്കലും യോജിപ്പിച്ച്‌ സങ്കരയിനം ഉണ്ടാക്കാന്‍ സാധ്യമല്ലെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌.

2011, മാർച്ച് 23, ബുധനാഴ്‌ച

കാക്കയ്‌ക്കു പ്രിയകൂട്ടുകാരനായ 10 വയസുകാരന്‍

കാക്കകളുമായുള്ള മനുഷ്യന്റെ സൗഹൃദത്തിന്റെ കഥകള്‍ അപൂര്‍വമാണ്‌. അത്തരം കഥകളില്‍തന്നെ അത്യപൂര്‍വമായ കഥയാണ്‌ ഒരു ബ്രിട്ടീഷ്‌ ബാലനും കാക്കയും തമ്മിലുള്ളത്‌. ഇമ്മാനുവല്‍ ആഡംസ്‌ എന്ന പത്തുവയസുകാരനും ഉറ്റസുഹൃത്തായ കാക്കയും തമ്മിലുള്ള അപൂര്‍വബന്ധത്തിന്റെ കഥയാണ്‌ ഇപ്പോള്‍ ബ്രിട്ടണില്‍ ചര്‍ച്ചാവിഷയം. സ്‌കൂളിലേക്കു നടന്നുപോകവേ ഒരു ദിവസം കാക്ക ഇമ്മാനുവലിന്റെ തലയില്‍വന്നിരിക്കുകയായിരന്നു. അതൊരു സൗഹൃദത്തിന്റെ തുടക്കമാവുകയായിരുന്നു. ഓടിച്ചുവിടാന്‍ നോക്കിയെങ്കിലും കാക്ക ഇമ്മാനുവലിനെ വിട്ടുമാറന്‍ തയാറായില്ല. പിന്നീടുള്ള ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. പിന്നെ പിന്നെ ഇമ്മാനുവലിനും കാക്കയെ ഇഷ്‌ടമായിത്തുടങ്ങി. സ്‌കൂളില്‍പോകാന്‍ വീട്ടില്‍നിന്നു ഇമ്മാനുവല്‍ ഇറങ്ങുമ്പോള്‍ തന്നെ കാക്കയും പറന്നെത്തുകയായി. സ്‌കൂളിന്റെ കവാടത്തിലെത്തിയാല്‍ കാക്ക ഇമ്മാനുവലിനെ യാത്രയാക്കി പറന്നുപോകും. ഇമ്മാനുവലിനോട്‌ അടുപ്പം കാണിക്കുമ്പോഴും ഇമ്മാനുവലിന്റെ സുഹൃത്തുക്കളോട്‌ കാക്കയ്‌ക്ക് അത്ര താത്‌പര്യം പോരാ. ഇപ്പോള്‍ കാക്ക ഇമ്മാനുവലിന്റെ വീട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണ്‌. ഇമ്മാനുവലുമായി കളിക്കുകയും ടിവികാണുകയുമാണ്‌ ജാക്‌ എന്നു വിളിക്കുന്ന ഈ കാക്കയുടെ ഇഷ്‌ടവിനോദം

പഠനത്തിനു പണം കണ്ടെത്താന്‍ ചൈനീസ്‌ വിദ്യാര്‍ഥികളുടെ ബീജദാനം

ബീജദാനം മഹാദാനമെന്നാണ്‌ ചൈനീസ്‌ ആരോഗ്യരംഗത്തെ മുദ്രാവാക്യം. കാരണം ചൈനീസ്‌ ദമ്പതികളില്‍ 10 ശതമാനപേരും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ്‌. ഇവരുടെ ദുഃഖത്തിനുള്ള പരിഹാരം കൃത്രിമ ഗര്‍ഭധാരണമാണ്‌. എന്നാല്‍, ഈ കൃത്രിമ ഗര്‍ഭധാരണത്തിനു ആവശ്യമായ പുരുഷബീജം നല്‍കുന്നതോ കോളജ്‌ വിദ്യാര്‍ഥികളും. ചൈനയില്‍ ബീജദാനം നടത്തുന്നവരില്‍ 95 ശതമാനവും വിദ്യാര്‍ഥികളാണെന്ന്‌ കണക്ക്‌. 22നും 45നും മധ്യേപ്രായമുള്ളവര്‍ക്കെ ചൈനയില്‍ ബീജദാനം ചെയ്യാന്‍ അര്‍ഹതയുള്ളൂ. മൂന്നു ഘട്ടങ്ങളിലുള്ള പരിശോധനകളിലൂടെയാണ്‌ ഇവരെ തെരഞ്ഞെടുക്കുന്നത്‌. ഒരിക്കല്‍ ബീജദാനം ചെയ്‌താല്‍ ഇരുപതിനായിരത്തിലേറെ രൂപയാണ്‌ ലഭിക്കുക. ജീവിത ചെലവും പഠനച്ചെലവും വര്‍ധിച്ച സാഹചര്യത്തില്‍ പണം കണ്ടെത്താനാണ്‌ വിദ്യാര്‍ഥികള്‍ ബീജദാനത്തിനു തയാറാകുന്നത്‌.

2011, മാർച്ച് 18, വെള്ളിയാഴ്‌ച

ഇറാന്‍ 'പറക്കും തളിക' നിര്‍മ്മിച്ചു

പറക്കും തളികയുടെ ആകൃതിയിലുളള ബഹിരാകാശ പേടകം നിര്‍മ്മിച്ചതായി ഇറാന്‍. പൈലറ്റില്ലാ പേടകത്തിന്‌ സൊഹല്‍(ശനി) എന്നാണ്‌ പേരിട്ടിരിക്കുന്നത്‌ . 1950 ല്‍ ഹോളിവുഡ്‌ സിനിമയായ ബി-മൂവിയില്‍ ഉപയോഗിച്ച പറക്കും തളികയോട്‌ സാദൃശ്യമുള്ള പേടകത്തിന്റെ ചിത്രമാണ്‌ ഇറാനിലെ ഫാര്‍സ്‌ ന്യൂസ്‌ ഏജന്‍സി പുറത്തുവിട്ടത്‌ . എന്നാല്‍ 'പറക്കുംതളിക'യുടെ വലുപ്പമോ മറ്റുവിവരങ്ങളോ നല്‍കാന്‍ ഇറാന്‍ തയാറായിട്ടില്ല. തീരെചെറുതായ സൊഹല്‍ ഇന്‍ഡോറിലും പ്രവര്‍ത്തിക്കുമെന്ന്‌ സൂചനയുണ്ട്‌ . അനായാസം പറന്നുയരാനും ഇറങ്ങാനുമുള്ള സൗകര്യം , ശബ്‌ദമില്ലായ്‌മ എന്നിവയും നേട്ടമായി ഇറാന്‍ അവകാശപ്പെടുന്നുണ്ട്‌ . ജിപിഎസ്‌ , മികച്ച കാമറാ സംവിധാനം തുടങ്ങിയവയും ഇതിനുണ്ട്‌ . ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തെളള അലി ഖമെയ്‌നി പങ്കെടുത്ത ഒരു ചടങ്ങിലാണത്രേ സൊഹല്‍ പ്രദര്‍ശിപ്പിച്ചത്‌ .

2011, മാർച്ച് 17, വ്യാഴാഴ്‌ച

സൂര്യനില്ലാതെയും 'ജീവിക്കാം' ‍

നക്ഷത്രങ്ങളില്ലാത്ത ഗ്രഹങ്ങളിലും ജീവിക്കാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍. സൂര്യന്‍/നക്ഷത്രത്തില്‍ നിന്ന്‌ പുറപ്പെടുന്ന ഊര്‍ജം ജീവന്‍ നിലനിര്‍ത്താന്‍ വേണമെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തലുകള്‍. ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനായ ഡോറിയന്‍ അബ്ബോട്ടാണ്‌ പുതിയ സിദ്ധാന്തത്തിന്‌ പിന്നില്‍. ഗ്രഹങ്ങളുടെ ഉള്ളിലുളള ചൂട്‌ ദ്രാവകങ്ങളെ നിലനിര്‍ത്തുമെന്നാണ്‌ വിശദീകരണം. ഇത്തരം ഗ്രഹങ്ങള്‍ക്കുളളില്‍ 'സമുദ്രങ്ങളും' ഉണ്ടാകാം. സൂര്യപ്രകാശം ആവശ്യമില്ലാത്ത ബാക്‌ടീരകള്‍ക്ക്‌ ഈ സാഹചര്യത്തില്‍ ജീവിക്കാനാകുമത്രേ. നക്ഷത്രം/സൂര്യനില്‍ നിന്ന്‌ ഏറെ അകലെയുള്ള ഗ്രഹങ്ങള്‍ക്കും ഈ സിദ്ധാന്തം ബാധകമാണ്‌ . ശനിയുടെ ഉള്ളില്‍ ഇത്തരം സമുദ്രങ്ങള്‍ ഉണ്ടാകുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയില്‍ 160 കിലോമീറ്റര്‍ ആഴമുള്ള സമുദ്രം കണ്ടെത്തിയിട്ടുണ്ട്‌ . അകകാമ്പിലെ ഉയര്‍ന്ന താപനില ഭൂമിയുടെ തുടക്കത്തിലേ ഉണ്ട്‌ . എന്നാല്‍ സൂര്യനില്‍ നിന്നുളള ഊര്‍ജമാണ്‌ ഭൂമിയിലെ ജീവികള്‍ക്ക്‌ പ്രയോജനം ചെയ്യുന്നുണ്ട്‌ . തങ്ങളുടെ പുതിയ കണ്ടെത്തല്‍ ഭാവി ബഹിരാകാശ യാത്രികര്‍ക്ക്‌ പ്രയോജനം ചെയ്യുേെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.

ഭാഗ്യം കൊണ്ടുവരുന്ന നായയ്‌ക്കു മുടക്കിയത്‌ 7 കോടി

കോടികള്‍ വിലമതിക്കുന്ന കാറുകളും ബംഗ്ലാവുകളുമൊക്കെയായി ഇന്ത്യയിലെ കോടീശ്വരര്‍ തങ്ങളുടെ സമ്പത്ത്‌ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചൈനീസ്‌ സമ്പന്നര്‍ ചിന്തിക്കുന്നത്‌ വ്യത്യസ്‌തരീതിയിലാണ്‌. ഇന്ത്യയിലുള്ളതിനേക്കാള്‍ കോടീശ്വരന്മാരുള്ള രാജ്യമാണ്‌ ചൈന. അവിടെ തങ്ങളുടെ സ്‌റ്റാറ്റസ്‌ പ്രകടിപ്പിക്കാന്‍ കാറുകളും കൂറ്റന്‍ കെട്ടിടങ്ങളും പോരെന്ന്‌ ചൈനക്കാര്‍ക്കറിയാം. നായകളാണ്‌ ഇപ്പോള്‍ ചൈനീസ്‌ സമ്പന്നരുടെ സ്‌റ്റാറ്റസ്‌ നിര്‍ണയിക്കുന്ന ഘടകം. സമ്പത്ത്‌ വര്‍ധിക്കുംതോറും വിലകൂടിയ ഇനം നായകളെ വളര്‍ത്തുന്ന പതിവ്‌ ചൈനക്കാര്‍ക്കിടയില്‍ വര്‍ധിക്കുകയാണ്‌. ടിബറ്റന്‍ മസ്‌റ്റിഫ്‌ എന്ന അപൂര്‍വയിനം നായകളാണ്‌ ചൈനീസ്‌ സമ്പന്നര്‍മാരുടെ പ്രിയയിനം. കഴിഞ്ഞ ദിവസം 7 കോടി രൂപമുടക്കിയാണ്‌ ഈ ഇനത്തില്‍പ്പെട്ട നായയെ ഒരു ചൈനീസ്‌ കോടീശ്വരന്‍ വാങ്ങിയത്‌. ചുവന്ന നിറത്തിലുള്ള 11 മാസം പ്രായമായ നായയാണ്‌ റെക്കോഡ്‌ വിലയ്‌ക്കു വിറ്റുപോയത്‌. ടിബറ്റന്‍ മസ്‌റ്റിഫ്‌ എന്ന നായകള്‍ ഭാഗ്യവും സമ്പത്തുംകൊണ്ടുവരുമെന്നാണ്‌ വിശ്വാസം. ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ പ്രിയതോഴനായാണ്‌ ഈ നായകള്‍ അറിയപ്പെടുന്നത്‌. ബുദ്ധസന്യാസിമാരുടെ ആത്മാക്കള്‍ ഈ നായ്‌ക്കളോടൊപ്പമുണ്ടെന്നാണ്‌ ചൈനക്കാര്‍ വിശ്വസിക്കുന്നത്‌. ഇതുകൊണ്ട്‌ ഈ നായ്‌ക്കള്‍ക്ക്‌ ഉടമസ്‌ഥര്‍ക്കു സ്വര്‍ഗഭാഗ്യം പ്രദാനംചെയ്യാനാവുമെന്ന്‌ ഇവര്‍ കരുതുന്നു. 80 സെന്റീമീറ്ററോളം ഉയരം വയ്‌ക്കുന്ന ടിബറ്റന്‍ മസ്‌റ്റിഫ്‌ നായ്‌ക്കള്‍ നൂറുകിലോയിലേറെ ഭാരം വയ്‌ക്കുന്നവയാണ്‌.

2011, മാർച്ച് 16, ബുധനാഴ്‌ച

കാടിന്റെ മകള്‍

അമീലിയ ഫോര്‍മാന്‍ എന്ന പതിനൊന്നു വയസുകാരി താമസിക്കുന്നത്‌ കൂറ്റന്‍ കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കു നടുവിലാണ്‌. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന അവള്‍ പക്ഷേ അറിയപ്പെടുന്നത്‌ കാടിന്റെ മകളായിട്ടാണ്‌. കാരണം, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം കാട്ടുമൃഗങ്ങളാണ്‌. ആന, ഗൊറില്ല, ചിമ്പാന്‍സി, ജിറാഫ്‌, കരടി, സിംഹം, പുലി എന്നിങ്ങനെ പോകുന്നു അമേലിയയുടെ കൂട്ടുകാരുടെ നിര. വന്യജീവി ഫോട്ടോഗ്രാഫറായ റോബിനാണ്‌ അമേലിയയുടെ മാതാവ്‌. അമ്മയ്‌ക്കൊപ്പം മൂന്നാം വയസുമുതല്‍ കാടുകയറിയതാണ്‌ അമേലിയ. മകളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ റോബിന്‍ മകളെയും തന്റെ ഫോട്ടോയാത്രകളില്‍ കൂട്ടിത്തുടങ്ങിയത്‌. ആദ്യ യാത്രയില്‍തന്നെ മകള്‍ക്കു മൃഗങ്ങളെ ഇഷ്‌ടപ്പെട്ടു തുടങ്ങിയെന്നാണ്‌ റോബിന്‍ പറയുന്നത്‌. പിന്നീട്‌ ഇരുവരുമൊരുമിച്ചായിരുന്നു ഫോട്ടോയാത്രകളെല്ലാം. അതോടൊപ്പം അമേരിക്കയിലെ സ്വകാര്യമൃഗശാലികളിലെയും ഫോട്ടോഗ്രാഫറാണ്‌ റോബിന്‍. ഏതു മൃഗത്തെയും ഇണക്കാന്‍ അമേലിയയ്‌ക്കു പ്രത്യേക കഴിവാണുള്ളത്‌. ഭയമേതുമില്ലാതെ വന്യമൃഗങ്ങളെ സമീപിക്കാനുള്ള ധൈര്യമാണ്‌ അമേലി ചെറുപ്രായത്തിലേ സ്വന്തമാക്കിയിട്ടുള്ളത്‌. അമേലിയയുടെ ഈ കഴിവിപ്പോള്‍ ലോകശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്‌. നൂറുകണക്കിനു മൃഗസുഹൃത്തുക്കളാണ്‌ അമേലിയയ്‌ക്കുള്ളത്‌.

മോഡലിന്റെ മാറിടത്തില്‍ കടിച്ച പാമ്പ്‌ ചത്തു

പാമ്പു കടിയേറ്റു മനുഷ്യന്‍ മരിക്കുകയാണ്‌ പതിവ്‌. എന്നാല്‍, മനുഷ്യനെ കടിച്ച പാമ്പ്‌ ചത്തിരിക്കുകയാണ്‌. ഇസ്രയേലിലാണ്‌ സംഭവം. ഓറിറ്റ ഫോക്‌സ് എന്ന മോഡലിന്റെ മാറിടത്തില്‍ കടിച്ച പാമ്പാണ്‌ മരിച്ചത്‌. ശാസ്‌ത്രക്രിയയിലൂടെ മാറിടത്തിന്റെ വലിപ്പം വര്‍ധിപ്പിച്ചതിലൂടെ ശ്രദ്ധനേടിയ ഇസ്രയേലി മോഡലാണ്‌ ഓറിറ്റ ഫോക്‌സ്. സിലിക്കണ്‍ ഉപയോഗിച്ചാണ്‌ ഓറിറ്റയുടെ മാറിടത്തിന്റെ വലുപ്പം ശസ്‌ത്രക്രിയയിലൂടെ വര്‍ധിപ്പിച്ചത്‌. ഇസ്രയേലിലെ ടെല്‍അവീവില്‍ ഒരു ഫോട്ടോഷൂട്ടിനിടയിലായിരുന്നു സംഭവം. പാമ്പിനെ ശരീരത്തില്‍ ചുറ്റി പരിധിയിലേറെ ഗ്ലാമറസായാണ്‌ ഓറിറ്റ കാമറയ്‌ക്കു മുമ്പില്‍ പോസ്‌ചെയ്‌തത്‌. ഫോട്ടോയ്‌ക്കായി മാറിടമേതാണ്ട്‌ പൂര്‍ണമായിത്തന്നെ ഓറിറ്റ പ്രര്‍ശിപ്പിച്ചിരുന്നു. കഴുത്തില്‍ ചുറ്റിയ പാമ്പിനെ അല്‌പം ബലമായി പിടിച്ചു മാറ്റുന്നതിനിടെയായിരുന്നു സംഭവം. ഓറിറ്റ പാമ്പിന്റെ കഴുത്തില്‍ ശക്‌തിയോടെ പിടിച്ചത്‌ പാമ്പിനിഷ്‌ടപ്പെട്ടില്ല. സ്വാഭാവിക പ്രതികരണമെന്നോണം പാമ്പ്‌ തന്റെ വിഷപ്പല്ലുകള്‍ ഓറിറ്റയുടെ മാറിടത്തില്‍ ആഴ്‌ത്തി. പാമ്പു കടിയേറ്റതോടെ ഓറിറ്റ അലറിക്കരഞ്ഞു. ഓറിറ്റയുടെ മാറിടത്തില്‍നിന്നു പാമ്പിനെ മല്‍പ്പിടുത്തത്തിലൂടെയാണ്‌ ഷുട്ടിംഗിനെത്തിയവര്‍ വിടുവിച്ചത്‌. ഉടനെ ഓറിറ്റയെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ഇതെല്ലാം കഴിഞ്ഞു ഷൂട്ടിംഗ്‌ സംഘം തിരിച്ചെത്തിയപ്പോഴാണ്‌ പാമ്പു ചത്തു കിടക്കുന്നതു കാണുന്നത്‌. ഓറിറ്റയെ കടിച്ചതോടെ പാമ്പിന്റെ ശരീരത്തില്‍ മാറിടത്തിലെ സിലിക്കണ്‍ കടന്നുകൂടിയതായും ഇതാണ്‌ പാമ്പിന്റെ ജീവനെടുക്കാന്‍ കാരണമെന്നുമാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

2011, മാർച്ച് 15, ചൊവ്വാഴ്ച

പ്രേമിച്ചോളൂ, വിവാഹം കഴിക്കരുത്‌!

പ്രേമിച്ചോളു, പക്ഷേ, വിവാഹം കഴിക്കരുത്‌. കാരണം പ്രേമ വിവാഹങ്ങള്‍ക്കു ആയൂസ്‌ കുറയും. ലോകപ്രസിദ്ധമായ ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി വര്‍ഷങ്ങളോളം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയതാണിത്‌. എന്നാല്‍, മാതാപിതാക്കളും മറ്റു ചേര്‍ന്നു നിശ്‌ചിക്കുന്ന വിവാഹമാകാം. കാരണം, ഈ വിവാഹബന്ധം ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്നും ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി പറയുന്നു. ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോ. റോബര്‍ട്ട്‌ എപ്‌സ്റ്റിന്‍ എട്ടു വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങളിലാണ്‌ പ്രേമവിവാഹങ്ങള്‍ അല്‌പായൂസുകളാണെന്നു കണ്ടെത്തിയത്‌. പ്രേമവിവാഹങ്ങള്‍ അഭിനിവേശത്തിന്റെ ആവേശത്താല്‍ നടക്കുന്നവയാണെന്നും വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ പ്രണയം കുറയുകയും അകല്‍ച്ചയുണ്ടാവുകയും ചെയ്യുമെന്നാണ്‌ ഡോ. റോബര്‍ട്ട്‌ പറയുന്നത്‌. ഇത്‌ വിവാഹബന്ധത്തിന്റെ തകര്‍ച്ചയിലേക്കു നയിക്കുമെന്നും ഡോ. റോബര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അറേഞ്ച്‌ഡ് മാരേജില്‍ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. കുടുംബ ബന്ധം, ജോലി, സാമ്പത്തികം, സാമൂഹികാവസ്‌ഥ, വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ്‌ അറേഞ്ച്‌ഡ് മാരേജ്‌. ഈ വിവാഹത്തിലൂടെ ഒരുമിക്കുന്ന ദമ്പതികള്‍ മെല്ലെമെല്ലെ അടുക്കുകയും പരസ്‌പരം മനസിലാക്കുകയും ചെയ്യും. ഇത്‌ നാള്‍ക്കുനാള്‍ ഇവരുടെ ബന്ധത്തെ സുദൃഢമാക്കുമെന്നുമാണ്‌ ഡോ. റോബര്‍ട്ടിന്റെ ഗവേഷണം പറയുന്നത്‌. ഇന്ത്യ, പാക്കിസ്‌താന്‍ തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തില്‍ മാതൃകയാക്കണമെന്നാണ്‌ ഡോ. റോബര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌. ഈ രാജ്യങ്ങളില്‍ അറേഞ്ച്‌ഡ് മാരേജുകളാണെന്നതാണ്‌ കാരണം.

സംസാരിക്കുന്ന കാര്‍

ശാസ്‌ത്രനോവലുകളിലും സിനിമകളിലും പരിചിതമായ സംസാരിക്കുന്ന കാര്‍ യാഥാര്‍ഥ്യമാവുന്നു. ഡ്രൈവറുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന കാറാണ്‌ നിരത്തുകള്‍ കീഴടങ്ങാന്‍ തയാറാവുന്നത്‌. വാഹന നിര്‍മാതാക്കളായ ഫോഡാണ്‌ സംസാരിക്കുന്ന സംവിധാനമുള്ള കാര്‍ രംഗത്തിറക്കുന്നത്‌. സ്‌ഥലമെത്താറായോ, അടുത്ത പെട്രോള്‍ പമ്പ്‌ എവിടെയാണ്‌ തുടങ്ങിയ നൂറുകണക്കിനു ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ ശേഷിയുള്ള സംവിധാനം സ്‌ഥാപിച്ച കാറുകള്‍ രംഗത്തിറക്കാനാണ്‌ ഫോഡിന്റെ പദ്ധതി. 19 ഭാഷകളിലെ 10,000 ഉത്തരവുകളോട്‌ പ്രതികരിക്കാന്‍ ശേഷിയുള്ളവയായിരിക്കും ഈ സംവിധാനം. മ്യൂസിക്ക്‌ സിസ്‌റ്റം, ഫോണ്‍, നാവിഗേറ്റര്‍ തുടങ്ങിയവ കാറിനോട്‌ സംസാരിച്ചുകൊണ്ട്‌ നിയന്ത്രിക്കാം. യാത്ര ചെയ്യുമ്പോള്‍ പാട്ട്‌ ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ പറയാം. കാറേ ഈ പാട്ടു മാറ്റു ഒരു അടിപൊളിപാട്ട്‌ കേള്‍പ്പിക്കൂ. ഉടനെ കാര്‍ പറയും യെസ്‌ ബോസ്‌. പിന്നെ അടിപൊളി പാട്ട്‌ കേട്ട്‌ യാത്രയാവാം. കാറിലുള്ള ആധുനിക സംവിധാനങ്ങളോട്‌ ഈ സംസാര സംവിധാനം കൂട്ടിയിണക്കിയാണ്‌ ഫോഡ്‌ കാറുകള്‍ രംഗത്തിറക്കുന്നത്‌. നിലവില്‍ ചില അത്യാഡംബര കാറുകളില്‍ ഡ്രൈവറുടെ സംഭാഷണം കേട്ട്‌ പ്രവര്‍ത്തിക്കുന്ന സംവിധാനമുണ്ടെങ്കിലും അത്‌ അത്ര കാര്യക്ഷമമല്ല. ഫോഡ്‌ ഫോക്കസ്‌ എന്ന മോഡലിലായിരിക്കും ഈ സംവിധാനം ആദ്യം നടപ്പാക്കുക. അടുത്ത വര്‍ഷമേ ഈ സംവിധാനമുള്ള കാര്‍ ഫോഡ്‌ രംഗത്തിറക്കൂ.

പ്രണയചിഹ്നമുള്ള പെന്‍ഗ്വിന്‍

നെഞ്ചില്‍ ഹൃദയചിഹ്നമുള്ള പെന്‍ഗ്വിന്‍ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്‌ സൂ ഫ്‌ളൂഡ്‌ എന്ന പ്രകൃതി ഫോട്ടോഗ്രാഫര്‍. എംപറര്‍ പെന്‍ഗ്വിന്‍ ഇനത്തില്‍പ്പെട്ടതാണ്‌ പ്രണയ ചിഹ്നധാരിയായ ഈ കുഞ്ഞന്‍ പെന്‍ഗ്വിന്‍. 20 വര്‍ഷമായി പെന്‍ഗ്വിനുകളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫറാണ്‌ സൂ. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞിലൂടെ ദിവസങ്ങളോളം പെന്‍ഗ്വിനുകളുടെ ചിത്രങ്ങള്‍ എടുക്കാനായി സൂ അലഞ്ഞു നടന്നിട്ടുണ്ട്‌. എന്നാല്‍, ആദ്യമായാണ്‌ ഹൃദയ ചിഹ്നം ശരീരത്തിലുള്ള ഒരു പെന്‍ഗ്വിനിനെ കാണുന്നത്‌. ഹൃദയചിഹ്നധാരിയായ ഈ പെന്‍ഗ്വിനാണ്‌ ജന്തുശാസ്‌ത്ര ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. പ്രകൃതിയുടെ അപൂര്‍വമായ പ്രതിഭാസമായാണ്‌ ശാസ്‌ത്രജ്‌ഞര്‍ ഇതിനെ നിരീക്ഷിക്കുന്നത്‌.

രോഗപ്രതിരോധത്തിനു മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍

മുട്ടകള്‍ ആരോഗ്യത്തിനു നല്ലതാണ്‌. എന്നാല്‍, മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നതോ? രോഗങ്ങള്‍ തടയുമെന്നാണ്‌ ചൈനക്കാര്‍ പറയുന്നത്‌. കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ക്കേ ഈ ഗുണമുള്ളൂ. കിഴക്കന്‍ ചൈനയുടെ ഷെജിയാംങ്‌ പ്രവശ്യയിലെ ഡോംഗ്‌്യാംഗിലാണ്‌ കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നത്‌. നൂറുകണക്കിനു വര്‍ഷങ്ങളായി കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങുന്ന മുട്ടകള്‍ ഈ പ്രദേശവാസികള്‍ ഉപയോഗിക്കുന്നുണ്ട്‌. പക്ഷേ, ഇപ്പോള്‍ ഇത്‌ ചൈനീസ്‌ സംസ്‌കാരത്തിന്റെ ഭാഗമായി ലോകം മുഴുവന്‍ പ്രചാരത്തിലാക്കാന്‍ തയാറെടുക്കുകയാണ്‌ അധികൃതര്‍. 10 വയസില്‍ താഴെയുള്ള കുട്ടികളുടെ മൂത്രത്തിലാണ്‌ ഈ മുട്ടകള്‍ പുഴുങ്ങുന്നത്‌. സ്‌കൂളുകളില്‍നിന്നു രാവിലെയാണ്‌ ഇവിടത്തുകാര്‍ മൂത്രം ശേഖരിക്കുന്നത്‌. മൂത്രത്തില്‍ പുഴുങ്ങിയെടുക്കുന്ന മുട്ട പിന്നീട്‌ തൊടുപൊളിച്ച്‌ ഒരു ദിവസം സൂക്ഷിക്കും. ഇതിനുശേഷമേ ഉപയോഗിക്കൂ. ഈ മുട്ടകള്‍ ആരോഗ്യത്തിനു നല്ലതാണെന്നുമാത്രമല്ല രുചികരവുമാണെന്നാണ്‌ ഡോംഗ്‌യാംഗുകാര്‍ പറയുന്നത്‌. പനിപോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത്‌ ഉചിതമാണെന്നും ഇത്തരം മുട്ടകള്‍ ദിവസവും കഴിക്കുന്നത്‌ ഉറക്കത്തിനു നല്ലതാണെന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. ഇത്തരം മുട്ടകള്‍ ലോകമെങ്ങും വന്‍തോതില്‍ കയറ്റുമതി ചെയ്യാനുള്ള തയാറെടുപ്പിലാണ്‌ ഡോംഗ്‌യാംഗുകാര്‍

2011, മാർച്ച് 11, വെള്ളിയാഴ്‌ച

ജപ്പാനില്‍ വന്‍ ഭൂകമ്പം; മിയാമിയില്‍ സുനാമി ആഞ്ഞടിക്കുന്നു‍

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്‌. റിക്‌ടര്‍ സ്‌കെയില്‍ 8.8 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ടോക്കിയോവില്‍ നിന്നും 400 കീലോമീറ്റര്‍ വടക്കു കിഴക്കന്‍ മേഖലയിലെ പസഫിക്‌ തീരത്താണുണ്ടായത്‌. മിയാമി തീരത്ത്‌ സുനാമിത്തിരമാല ആഞ്ഞടിച്ചുകയറുകയാണ്‌. ഇതിനകം തന്നെ പല പ്രധാനപട്ടണങ്ങളും സുനാമി വിഴുങ്ങിക്കഴിഞ്ഞു. പലയിടത്തും അഗ്നിബാധയുമുണ്ടായിട്ടുണ്ട്‌. കൂടുതല്‍ ജനവാസ പട്ടണങ്ങളിലേക്ക്‌ സുനാമി തിരമാല കയറുകയാണ്‌.മിനിറ്റുകള്‍ നീണ്ടുനിന്ന ഭൂകമ്പത്തിന്റെ ശക്‌തിയില്‍ ടോക്കിയോവിലെ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്ര ശക്‌തിയേറിയ ഭൂചലനം അനുഭവപ്പെടുന്നത്‌. ഇതേ തുടര്‍ന്ന്‌ രാജ്യത്ത്‌ സുനാമി മുന്നറിയിപ്പ്‌ നല്‍കി. തിരമാലകള്‍ 20 അടി വരെ ഉയരത്തില്‍ തീരത്തേക്ക്‌ അടിച്ചുകയറിയേക്കാമെന്ന്‌ മുന്നറിയിപ്പില്‍ പറയുന്നു.പ്രദേശിക സമയം ഉച്ചകളഇഞ്ഞ്‌ 2.40 ഓടെയാണ്‌ ഭൂകമ്പമുണ്ടായത്‌. കഴിഞ്ഞ ഏതാനും ദിവസമായി ജപ്പാനില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ടായിരുന്നു. 7.6 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്‌ മുന്‍പ്‌ അനുഭവപ്പെട്ടതില്‍ ഏറ്റവും ശക്‌തിയേറിയത്‌. നാലു മീറ്റര്‍ ഉയരത്തിലുള്ള തിരമാലകളാണ് ഇന്നത്തെ ഭൂചലനത്തിനു പിന്നാലെ കരയിലേക്ക് അടിച്ചുകയറുന്നതെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഭൂചലനത്തിനു പിന്നാലെ തീരത്തുനിന്നു ജനങ്ങളെ ഏറെക്കുറെ ഒഴിപ്പിച്ചിരുന്നുവെങ്കിലും തീരത്തുണ്ടായിരുന്ന വാഹനങ്ങളും ബോട്ടുകളും തുടച്ചുനീക്കിയാണ് സുനാമിത്തിര മുന്നേറുകയാണ്. ടോക്കിയോ ഉള്‍പ്പെടെ എല്ലാ നഗരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ 40 ലക്ഷംവീടുകളില്‍ വൈദ്യൂതി വിചേ്ഛദിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വാഹനങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് രക്ഷപ്പെടുന്നതിനിടെ ആഞ്ഞടിച്ച സുനാമിയില്‍ പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വെള്ളം കയറി പലയിടത്തും വാര്‍ത്താവിതര സംവിധാനം തകരാറിലായി. പല ടെലിവിഷന്‍ കേന്ദ്രങ്ങളും വെള്ളം കയറി. റഷ്യ, അമേരിക്ക, ഇന്തോനീഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കന്‍ മേേലയിലും വൈകാതെ ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടാകുമെന്ന് കരുതുന്നു. അടുത്തകാലത്ത് ലോകചരിത്രത്തിലെ തന്നെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ജപ്പാനെ കാത്തിരിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. ഭൂചലനം തുടര്‍ക്കഥയായ ജപ്പാനില്‍ അവയെ പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വീടുകളും കെട്ടിടങ്ങളുമാണ് നിര്‍മ്മിക്കുന്നത്. ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് ഔദ്യോഗിക വിശദീകരണം പുറത്തുവന്നു. അഞ്ചു ആണവ നിലയങ്ങള്‍ ഇതിനകം അടച്ചുപൂട്ടി.

2011, മാർച്ച് 10, വ്യാഴാഴ്‌ച

ആടു ജീവിതം

1994. നവംമ്പര്‍ മാസം. ബോംബയിലെ ബാപ്പൂട്ടിക്കയുടെ മുറി. ചെറിയ തണുപ്പുള്ള രാത്രിയില്‍ എല്ലാവരും കൂട്ടം കൂടിയിരിന്നു. ഗള്‍ഫിനു പോകാനുള്ളവര്‍.. പോയിട്ട് ജോലി കിട്ടാതെ തിരിച്ചു വന്നവര്‍.. ഏജന്റ് കബ്ബളിപ്പിച്ചു പണം നഷ്ടപ്പെട്ടവര്‍.. അക്കൂട്ടത്തില്‍ ഞാനും ജയ്സനും.. “എന്‍ വീട്ടില്‍ ഇരവ് അങ്കേഇരവാ....?” മനോഹരമായി പാടുകയാണ്‍ ശെല്‍‌വം. ബീഡിക്കറ പിടിച്ച പല്ലുകള്‍..എണ്ണ പുരട്ടാതെയും, ചീകി ഒതുക്കാതെയും പാറിപ്പറന്ന അനുസരണം കെട്ട ചെമ്പന്‍ മുടി.. എങ്കിലും ശെല്‍‌വത്തിന്റെ മുഖത്തിനു ഒരു കുട്ടിത്തം ഉണ്ടായിരുന്നു.. “ചൌതിക്ക് പോകറേന്‍ അണ്ണാ” ശെല്‍‌വം തമിഴകത്തു നിന്നും ബോംബയില്‍ വന്നത് അതിനാണ് “എന്ന വേലൈ തമ്പീ” എനിക്കറിയാവുന്ന തമിഴില്‍ ചോദിച്ചു. “വേല ഒണ്ണും തെരിയാതണ്ണാ, ‘ആടു മേയ്പ്പന്‍‘ എന്റ് ഏശന്റു ശൊല്‍‌റാറേ!” കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു. “അപ്പടിയാ” ദിവസങ്ങള്‍ കടന്നു പോയി. മിക്ക രാത്രികളിലും ശെല്‍‌വം പാട്ടു പാടും. അങ്ങിനെ ഒരു ദിവസം, ശെള്‍വം സൌദിക്കു പോയി.. കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും. സൌദി ജീവിതത്തിനിടയില്‍ പട്ടണ വാസിയായിരുന്ന ഞാന്‍ ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ കടന്നു പോകറുണ്ടായുരുന്നു. അപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്. തിള‍ച്ചു മറിയുന്ന മണല്‍ പരപ്പില്‍.. കാക്ക കാലിന്റെ തണലു പോലുമില്ലാതെ...ആടിനു മുന്‍പില്‍ നടക്കുന്ന പഴന്തുണി കെട്ടു പോലുള്ള മനുഷ്യന്‍.. ഒരു കൈയ്യില്‍ നീണ്ട വടിയും. മറു കൈയ്യില്‍ ഉണങ്ങി വരണ്ട കുറെ കുബ്ബൂസ് കഷണങ്ങളും അതെ ആടു മേയ്പ്പന്‍!! ഞാന്‍ കാതോര്‍ക്കാന്‍ ശ്രമിക്കും ആ പഴയ പാട്ടു കേള്‍ക്കാന്‍ കഴിയുമോ.. “എന്‍ വീട്ടില്‍ ഇരവ് ..അങ്കേ ഇരവാ....?” ഉഷ്ണക്കാറ്റിന്റെ ചൂളം വിളിയല്ലാതെ ഒന്നും കേള്‍ക്കാറില്ല.. ഇപ്പോഴും ശെല്‍‌വം പാടുന്നുണ്ടാവുമോ.. അതോ, ഏതെങ്കിലും “മോശടു വാടയുള്ള അര്‍ബ്ബാബിന്റെ“ ആട്ടും തുപ്പും ഏറ്റ്.. പാവം ശെല്‍‌വം.. ആടു ജീവിതം... ആട്ടിടയനല്ലാതിരിന്നിട്ടും.. ആടുമേയ്ക്കാന്‍ പോയ ശെല്‍‌‌വത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ.! നജീബ്ബ് അങ്ങിനെയല്ലായിരുന്നു. ആട്ടിടയനല്ല, ആടുമെയ്ക്കാന്‍ പോയതും അല്ല..പക്ഷേ, ആട്ടിടയനായി, അല്ല- ആട്ടിന്‍ കൂട്ടത്തിലെ തിരിച്ചറുവുള്ള ഒരു ആടായി ജീവിക്കേണ്ടി വന്നു നജീബിന് മറ്റാരുടെയോ വിധി, വില കൊടുത്തു വാങ്ങി,നബ്ബി തിരുമേനിയുടെ മണ്ണില്‍, നാല്‍ക്കാലിയായി ജീവിച്ച നജീബ്. ഓരോ പ്രവാസിയുടെയും മനസ്സില്‍ തീ കോരിയിടുന്ന കഥയാണ്, ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിമാനമായ ബന്യാമിന്റെ

തലമുടിയേക്കാള്‍ ചെറിയ ബാറ്ററി

ലോകത്തിലെ ഏറ്റവും ചെറിയ ബാറ്ററിയുടെ വലുപ്പമെത്ര?. തലമുടിയുടെ ആയിരത്തിലേഴ്‌ എന്നാകും ജിയാന്‍യു ഹുആങിന്റെ മറുപടി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ Sandia National Laboratoriesല്‍ നടത്തിയ ഗവേഷണത്തിലാണ്‌ ലിഥിയം അടിസ്‌ഥാനമാക്കിയുളള ബാറ്ററി കണ്ടുപിടിച്ചത്‌ . ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയാണ്‌ ബാറ്ററി നിര്‍മ്മിച്ചത്‌ . ഈ ബാറ്ററി ചാര്‍ജു ചെയ്യാനും ഡിസ്‌ചാര്‍ജു ചെയ്യാനും കഴിയുമെന്ന്‌ ഹുആങ്‌ വ്യക്‌തമാക്കി. എന്നാല്‍ നിലവിലുളള സാഹചര്യത്തില്‍ വാണിജ്യഅടിസ്‌ഥാനത്തില്‍ ഈ ബാറ്ററികള്‍ നിര്‍മ്മിക്കാനാകില്ല. ഇതിനായി കൂടുതല്‍ ഗവേഷണം വേണ്ടി വരും. നാനോ വസ്‌തുക്കളെയാണ്‌ ബാറ്ററിയുടെ ആനോഡ്‌ തയാറാക്കിയിരിക്കുന്നത്‌ . ഈ പ്രകിയ വന്‍തോതിലുളള ഉത്‌പാദനം തടസപ്പെടുത്തുകയാണ്‌ . ടിന്‍ ഓക്‌സൈഡ്‌ നാനോവൈര്‍ ആണ്‌ ആനോഡിന്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌ . ലിഥിയം കോബാള്‍ട്ട്‌ ഓക്‌സൈഡാണ്‌ കാഥോഡ്‌ . അയോണിക്‌ സ്വഭാവമുളള ദ്രാവകമാണ്‌ ഇലക്‌ട്രോടൈപ്പായി ഉപയോഗിക്കുന്നത്‌ . ബാറ്ററിക്ക്‌ 100 നാനോമീറ്ററാണ്‌ ചുറ്റളവ്‌ . 10 മൈക്രോമീറ്റണാണ്‌ നീളം. ചാര്‍ജ്‌ ചെയ്യുമ്പോള്‍ ബാറ്ററിയുടെ വലുപ്പം ഇരട്ടിയോളം കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്‌ .

രഹസ്യങ്ങളില്ലാത്ത വെബ്‌സൈറ്റ്‌

താങ്കള്‍ക്ക്‌ രഹസ്യങ്ങളൊന്നും സൂക്ഷിക്കണമെന്നില്ലേ?. ഓരോ നീക്കങ്ങളെയും ലോകത്തെ അറിയിക്കാന്‍ വെബ്‌സൈറ്റുകള്‍ വരുന്നു. ഓര്‍ക്കുട്ട്‌ , ഫേസ്‌ബുക്ക്‌ , ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ നേടിയ വളര്‍ച്ചയെ മറികടക്കുകയാണ്‌ പ്രഥമ ലക്ഷ്യം. Dscover.me, Sitesimon.com ,Voyurl.com എന്നിവയാണ്‌ ഇപ്പോള്‍ അണിയറയിലുള്ളത്‌ . ഉപയോക്‌താക്കളുടെ രഹസ്യങ്ങളെല്ലാം ഇവയിലൂടെ പങ്കിടാം. ബ്രൗസിംഗ്‌ ഹിസ്‌റ്ററി, ഷോപ്പിംഗ്‌ താല്‍പര്യങ്ങള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം പങ്കുവയ്‌ക്കപ്പെടും. 'നമ്മള്‍ എന്താണ്‌ വായിക്കുന്നത്‌ ,കാണാന്‍ ഇഷ്‌ടപ്പെടുന്നത്‌, വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നത്‌ ...ഇവയെല്ലാം ലോകത്തിന്‌ പങ്കുവയ്‌ക്കാം'- Dscover.me സ്‌ഥാപകന്‍ പോള്‍ ജോണ്‍സ്‌ അറിയിച്ചു. പുതുതലമുറ രഹസ്യങ്ങളെ വെറുക്കുന്നവരാണ്‌ . അവര്‍ക്കായി നവംബറില്‍ Dscover.me തുറക്കാനാണ്‌ പദ്ധതി. ആര്‍ക്കും ഈ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കാനാകും. എന്നാല്‍ ഏതാനും മാസം നിരീക്ഷിച്ച ശേഷമെ എല്ലാവര്‍ക്കായും ജാലകം തുറക്കുകയുള്ളൂവെന്നാണ്‌ മറ്റു സൈറ്റുകളുടെ നിലപാട്‌ . രഹസ്യമില്ലാത്ത ലോകമെന്ന സങ്കല്‍പ്പത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഒരാളുടെ പേരില്‍ വ്യാജമായി വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യതയാണ്‌ പ്രധാന പ്രശ്‌നം. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആരെയും അപകീര്‍ത്തിപ്പെടുത്താനാകും. ഓണ്‍ലൈന്‍ ഡേറ്റിംഗ്‌ , ബാങ്കിംഗ്‌ വിവരങ്ങള്‍ പുറത്താകുന്നത്‌ അപകടകരമാകും. ചാരപ്രവര്‍ത്തനത്തിനായി ഇത്തരം വെബ്‌ സൈറ്റുകളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. എന്നാല്‍ രഹസ്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ അവ സൂക്ഷിച്ചുകൊള്ളുകയെന്നാണ്‌ പുതിയ കൂട്ടായ്‌മക്കാര്‍ നല്‍കുന്ന മറുപടി. കച്ചവട താല്‍പര്യക്കാര്‍ക്ക്‌ ഇത്തരം കൂട്ടായ്‌മകള്‍ കൂടുതല്‍ സാധ്യത നല്‍കുമെന്ന വിമര്‍ശനവുമുണ്ട്‌ . സൂപ്പര്‍ താരങ്ങളെ ആരാധകര്‍ ഷോപ്പിംഗിനായി അനുകരിക്കാനുള്ള സാധ്യത ഇവര്‍ കാണുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ വില്‍പന കൂട്ടാന്‍ പ്രശസ്‌തരെ ഇത്തരം സൈറ്റുകളില്‍ നിയോഗിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകും. എതിരാളികളെ തകര്‍ക്കാനും ഈ ആയുധം ഉപയോഗിച്ചേക്കാം. നമുക്ക്‌ കാത്തിരുന്നു കാണാം.

ആത്മഹത്യ തടയാന്‍ Facebook

താങ്കളുടെ കൂട്ടുകാര്‍ ആരെങ്കിലും ആത്മഹത്യ ചെയ്യുമെന്ന്‌ കരുതുന്നുണ്ടോ?. Facebook പരിഹാരം കണ്ടെത്തിക്കൊളളും. സമരിറ്റന്‍സുമായി ചേര്‍ന്നാണ്‌ Facebookപുതിയ സംവിധാനമൊരുക്കുന്നത്‌ . Facebookല്‍ കൂടി വിവരം കൈമാറിയ ശേഷം പലരും ആത്മഹത്യ ചെയ്‌തതാണ്‌ മാറ്റത്തിന്‌ പ്രേരിപ്പിച്ചത്‌ . ആത്മഹത്യ പ്രവണതയുള്ളവരുടെ വിവരങ്ങള്‍ Facebook മോഡറേറ്റര്‍ക്ക്‌ നല്‍കാം. കൂടെ സന്ദേശമുള്ള പേജും സമര്‍പ്പിക്കണം. കൂട്ടുകാരനെക്കുറിച്ചുളള മറ്റു വിവരങ്ങളും നല്‍കുന്നത്‌ നല്ലത്‌ . വിവരങ്ങള്‍ ലഭിച്ചാലുടന്‍ പോലീസിനെ വിവരമറിയിക്കും. സമരിറ്റന്‍സ്‌ എന്ന സന്നദ്ധ സംഘടനയ്‌ക്കും വിവരം ലഭിക്കും. കഴിഞ്ഞ മൂന്നു മാസമായി പരീക്ഷണ അടിസ്‌ഥാനത്തില്‍ നല്‍കിയ സൗകര്യം വിജയമായിരുന്നെന്ന്‌ സമരിറ്റന്‍സ്‌ വക്‌താവ്‌ നിക്കോള പെക്കെറ്റ്‌ വ്യക്‌തമാക്കി. വ്യാജ പരാതികള്‍ ലഭിച്ചില്ല. എന്നാല്‍ ഈ സൗകര്യം തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുമെന്ന ഭീഷണി വ്യാപകമായുണ്ട്‌

'ബഹിരാകാശത്ത്‌ ജീവനില്ല'

അന്യഗ്രഹജീവികള്‍ ഇപ്പോഴും കഥകളില്‍ മാത്രമെന്ന്‌ നാസ. ബഹിരകാശ ജീവികളെ കണ്ടെത്തിയെന്ന ഗവേഷകന്‍ റിച്ചാര്‍ഡ്‌ ഹൂവറുടെ വാദമാണ്‌ നാസ തള്ളിയത്‌ . 'നാസയ്‌ക്ക് മാധ്യമങ്ങളില്‍ നിന്നോ ജനങ്ങളില്‍ നിന്നോ ഒളിക്കാനൊന്നുമില്ല. ഏത്‌ അവകാശവാദവും തെളിയിക്കപ്പെട്ടാലെ നാസ അംഗീകരിക്കൂ'- വാഷിംഗ്‌ടണിലെ സയന്‍സ്‌ മിഷന്‍ ഡയറക്‌ടറേറ്റിലെ മുഖ്യ ശാസ്‌ത്രജ്‌ഞന്‍ പോള്‍ ഹെട്‌സ് പറഞ്ഞു. ജേര്‍ണല്‍ ഓഫ്‌ കോസ്‌മോളജിയിലാണ്‌ ഹൂവര്‍ ബഹിരാകാശ ജീവികളെക്കുറിച്ചുള്ള അവകാശവാദം ഉന്നയിച്ചത്‌ . ഉല്‍ക്കയില്‍ ബാക്‌ടീരയുടെ ഫോസില്‍ കണ്ടെത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇലക്‌ട്രോണ്‍ സ്‌കാനിംഗ്‌ മൈക്രോസ്‌കോപ്പ്‌ ഉപയോഗിച്ചാണ്‌ ഗവേഷണം നടത്തിയത്‌ . നാസയിലെ തന്നെ ഗവേഷകനാണ്‌ ഹൂവര്‍.

പെണ്‍വേഷം കെട്ടിയ ജെയിംസ്‌ ബോണ്ട്‌

ആഗോളപുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ജെയിംസ്‌ ബോണ്ട്‌ സ്‌ത്രീവേഷത്തില്‍. സ്‌ത്രീദിനത്തില്‍ പുറത്തിറക്കിയ ഒരു വീഡിയോ ചിത്രത്തിനുവേണ്ടിയാണ്‌ ജെയിംസ്‌ ബോണ്ട്‌ പെണ്‍വേഷം ധരിച്ചത്‌. സിനിമകളില്‍ ജെയിംസ്‌ ബോണ്ടായി അഭിനയിക്കുന്ന ഡാനിയല്‍ ക്രെയ്‌ഗാണ്‌ പെണ്‍വേഷത്തില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്‌. ലിംഗ സമത്വമെന്ന ആശയത്തിനുവേണ്ടിയായിരുന്നു ഡാനിയല്‍ ക്രെയ്‌ഗിന്റെ ഈ വേഷപ്പകര്‍ച്ച. സ്‌ത്രീകളെ വസ്‌ത്രങ്ങള്‍ മാറ്റുന്ന ലാഘവത്തോടെ ഉപയോഗിക്കുന്ന കഥാപാത്രമായാണ്‌ ജെയിംസ്‌ ബോണ്ടിനെ അവതരിപ്പിച്ചിട്ടുള്ളത്‌. ജെയിംസ്‌ ബോണ്ട്‌ ചിത്രത്തില്‍ ബ്രിട്ടീഷ്‌ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയായ എം എന്ന സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡെമി ജൂഡി ഡെഞ്ചിന്റെ ശബ്‌ദവും ഈ വീഡിയോ ചിത്രത്തിലുണ്ട്‌. രണ്ടു മിനിട്ടു നീണ്ടു നില്‍ക്കുന്ന ചിത്രത്തില്‍ ആദ്യം ജെയിംസ്‌ ബോണ്ടായി വേഷമിട്ടു വരുന്ന ഡാനിയല്‍ ക്രെയ്‌്ഗിനോട്‌ ജൂഡി ഡെഞ്ച്‌ ചോദിക്കുന്നു നമ്മള്‍ ഇരുവരും തുല്യരായാലോ എന്ന്‌. ഇതിനുശേഷം സ്‌ത്രീ വേഷത്തില്‍ ഡാനിയല്‍ ക്രെയ്‌ഗ് എത്തുന്നു. സ്‌ത്രീയും പുരുഷനും തുല്യരാണെന്ന ആശയം പ്രചരിപ്പിക്കാനാണ്‌ വീഡിയോ തയാറാക്കിയതെന്നാണ്‌ ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നത്‌.

ബര്‍ഗര്‍ കഴിക്കൂ; 14,000 രൂപ സ്വന്തമാക്കൂ‍

ഭക്ഷണം കഴിക്കാന്‍ കാശ്‌ ഹോട്ടലുകാര്‍ക്കു കൊടുക്കുന്നതാണ്‌ പതിവ്‌. എന്നാല്‍, ഭക്ഷണം കഴിച്ചാല്‍ പണം നല്‍കാമെന്നാണ്‌ ഒരു ഹോട്ടലുടമ പറയുന്നത്‌. ബ്രിട്ടണിലുള്ള ഇന്ത്യന്‍ വംശജനാണ്‌ ഉപഭോക്‌താക്കള്‍ക്കു കാശു വാഗ്‌ദാനംചെയ്‌തിരിക്കുന്നത്‌. സുദീപ്‌ ദീ എന്ന റെസേ്‌റ്റാറന്റ്‌ ഉടമ ഒരു ബര്‍ഗര്‍ ഉണ്ടാക്കി. 30 സെന്‍ീമീറ്റര്‍ വലുപ്പമുള്ള ഈ ബര്‍ഗര്‍ മുഴുവനും തിന്നുതീര്‍ത്താല്‍ 14,000 രൂപ നല്‍കാമെന്നാണ്‌ സുദീപിന്റെ വാഗ്‌ദാനം. 2100 രൂപയാണ്‌ ഈ ഭീമന്‍ ബര്‍ഗറിന്റെ വില. വീട്ടില്‍ ഭാര്യയ്‌ക്കും കുട്ടികള്‍ക്കും കഴിക്കാനായാണ്‌ സുദീപ്‌ ഈ ഭീമന്‍ ബര്‍ഗര്‍ തയാറാക്കിയത്‌. സുദീപും ഭാര്യയും രണ്ടുകുട്ടികളും കഴിച്ചിട്ടും ബര്‍ഗറിന്റെ പകുതിപോലും തീര്‍ക്കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ സൂദീപ്‌ തന്റെ റെസേ്‌റ്റാറന്റിന്റെ പ്രചരണാര്‍ഥം ഈ ഭീമന്‍ വാഗ്‌ദാനം നല്‍കിയത്‌. ഒരാള്‍ക്ക്‌ ഒരു ആഴ്‌ച ജീവിക്കാനുള്ള കലോറി അടങ്ങിയതാണ്‌ സുദീപ്‌ തയാറാക്കിയ ഈ ഭീമന്‍ ബര്‍ഗര്‍. മൂന്നു കിലോ ഇറച്ചി, 30 ബണ്ണുകള്‍, ചീസ്‌, തക്കാളി, സവാള തുടങ്ങിയവയാണ്‌ ഈ ഭീമന്‍ ബര്‍ഗറിലുള്ളത്‌. രണ്ടു മണിക്കൂര്‍ കൊണ്ടു ബര്‍ഗര്‍ തിന്നു തീര്‍ത്താല്‍ മതിയെന്നാണ്‌ സുദീപ്‌ പറയുന്നത്‌.

ലോകകപ്പ്‌ മത്സരങ്ങള്‍ക്കിടെ മുംബൈ മാതൃകയില്‍ ആക്രമണത്തിനു സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കിടെ അല്‍ ക്വയ്‌ദയും ലഷ്‌കറെ തോയ്‌ബയും 26/11 മാതൃകയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ സമയക്രമം അല്‍ക്വയ്‌ദയും ലഷ്‌കറും ശേഖരിക്കുകയാണെന്ന്‌ രഹസ്യാന്വേഷണ വിഭാഗം ഡയറക്‌ടര്‍ എല്ലാ ഡി.ജി.പിമാര്‍ക്കും തീരസംസ്‌ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാര്‍ക്കും കത്തയച്ചുകഴിഞ്ഞു. ഉറുദു സംസാരിക്കുന്ന ലഷ്‌കറെ അംഗങ്ങള്‍ വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നു കത്തില്‍ പറയുന്നു. ജര്‍മന്‍ ബേക്കറി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സബിയുദ്ദീന്‍ അന്‍സാരിയും അനുയായികളുമാണു ലോകകപ്പ്‌ മത്സരങ്ങളുടെ സമയക്രമം ശേഖരിക്കാന്‍ ശ്രമിക്കുന്നത്‌. മുംബൈ ആക്രമണത്തില്‍ പങ്കെടുത്തയത്ര ആളുകളാവും പുതിയ ആക്രമണസംഘത്തിലും ഉണ്ടാകുക. ഇതില്‍ ചില അംഗങ്ങള്‍ ഇന്ത്യയില്‍ തന്നെ സജ്‌ജരായിട്ടുണ്ട്‌. മറ്റുള്ളവര്‍ അടുത്തുതന്നെ എത്തിച്ചേരും. കര്‍ശനമായ പരിശോധന നടത്തി ഇത്തരം സംഭവങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നാണു കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടതായി ബി.സി.സി.ഐ. മാധ്യമവിഭാഗം ചെയര്‍മാര്‍ രാജീവ്‌ ശുക്ല പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്‌ത് എല്ലാവിധ മുന്‍കരുതലും സ്വീകരിക്കുമെന്നും രാജീവ്‌ ശുക്ല അറിയിച്ചു.

ലോകകപ്പില്‍ സച്ചിന്‍ 2000

ന്യൂഡല്‍ഹി: ലോകകപ്പ്‌ ക്രിക്കറ്റില്‍ 2000 റണ്‍സ്‌ നേടുന്ന ആദ്യ താരമെന്ന റെക്കോഡ്‌ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. ന്യൂഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ല ഗ്രൗണ്ടില്‍ നടന്ന ഹോളണ്ടിനെതിരായ ഗ്രൂപ്പ്‌ ബി മത്സരത്തില്‍ 18 റണ്‍സ്‌ നേടിയാണ്‌ സച്ചിന്‍ റെക്കോഡ്‌ പിന്നിട്ടത്‌. 40 മത്സരങ്ങളില്‍നിന്നാണ്‌ ഈ ചരിത്ര നേട്ടം. സച്ചിന്റെ ആറാം ലോകകപ്പ്‌ കൂടിയാണിത്‌. 22 പന്തുകളില്‍ 27 റണ്‍സെടുത്ത സച്ചിനെ പീറ്റര്‍ സീലാര്‍ പുറത്താക്കുകയായിരുന്നു. 42 മല്‍സരങ്ങളില്‍ നിന്നും 1577 റണ്‍സ്‌ നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണു രണ്ടാമത്‌. വെസ്‌റ്റിന്‍ഡീസ്‌ മുന്‍ നായകന്‍ ബ്രയാന്‍ ലാറയാണ്‌ മൂന്നാമത്‌. 34 മത്സരങ്ങളില്‍നിന്ന്‌ 1225 റണ്‍സാണു ലാറ നേടിയത്‌. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയടിച്ച താരമെന്ന റെക്കോഡും സച്ചിന്‍ സ്വന്തം പേരിലാക്കിയിരുന്നു. 13 അര്‍ധ സെഞ്ചുറികളും അദ്ദേഹം കുറിച്ചിട്ടുണ്ട്‌.

2011, മാർച്ച് 6, ഞായറാഴ്‌ച

കളിത്തോക്കുകള്‍ ഇല്ലാത്ത രാജ്യം

ഇറാഖില്‍ തോക്കുകള്‍ക്കു പഞ്ഞമില്ല. അമേരിക്കന്‍ സൈനികരുടെയും തീവ്രവാദികളുടെയും പോരാളികളുടെയുമെല്ലാമായി ലക്ഷോപലക്ഷം തോക്കുകളുള്ള രാജ്യമാണ്‌ ഇറാഖ്‌. കൈത്തോക്കുകള്‍ മുതല്‍ വിമാനവേധതോക്കുകള്‍ വരെ ഇറാഖില്‍ സുലഭം. എന്നാല്‍, അവിടെ ലഭിക്കാത്തൊരു തോക്കുണ്ട്‌. സദാം ഹുസൈന്റെ കാലത്തുണ്ടായിരുന്നതും അമേരിക്കന്‍ അധിനിവേശകാലത്തു ലഭിക്കാത്തതുമായ തോക്കുകളാണിവ. കളിത്തോക്കുകള്‍. കളിത്തോക്കുകളാണ്‌ ഇപ്പോള്‍ ഇറാഖിലെ അപൂര്‍വ വസ്‌തുക്കള്‍. സുരക്ഷാഭീഷണിയുടെ പേരിലാണ്‌ കളിത്തോക്കുകള്‍ ഇറാഖില്‍ ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നത്‌. പക്ഷേ, കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവര്‍ ഇപ്പോഴും കളിത്തോക്കുള്‍ രഹസ്യമായി വില്‍ക്കുന്നുണ്ട്‌. നൂറിരട്ടി ലാഭമുള്ള ബിസിനസാണ്‌ കളിത്തോക്കുകളുടേതെന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌. കുട്ടികള്‍ തോക്കുമായി കളിക്കുന്നത്‌ സുരക്ഷാ സൈനികര്‍ക്കു ഭീഷണി സൃഷ്‌ടിക്കുമെന്നാണ്‌ അമേരിക്ക കളിത്തോക്കു നിരോധിക്കാന്‍ പറഞ്ഞന്യായം. സ്‌ഥലം ഇറാഖാണ്‌ കുട്ടികളുടെ കൈയിലുള്ളത്‌ കളിത്തോക്കാണോ അതോ ഒറിജിനല്‍ തോക്കാണോ എന്ന്‌ എങ്ങനെ അറിയാനാണ്‌ എന്നാണ്‌ അമേരിക്കന്‍ സൈനികരുടെ ചോദ്യം. കളിത്തോക്കുകാണിച്ചു പേടിപ്പിക്കുന്ന കുട്ടികളെ വെടിവച്ചാല്‍ അതുമതി അടുത്തപൊല്ലാപ്പിന്നെന്ന്‌ അമേരിക്കയ്‌ക്കറിയാം. അതിലും നല്ലത്‌ കളിത്തോക്കുകള്‍ നിരോധിക്കുന്നതാണെന്നതായിരുന്നു അമേരിക്കന്‍ ബുദ്ധി.

കീടനാശിനികള്‍ പുരുഷത്വം നശിപ്പിക്കും

വിളകളില്‍ കീടനാശിനി തളിക്കുന്നത്‌ ഉപദ്രവകാരികളായ ക്ഷുദ്രജീവികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ്‌. എന്നാല്‍, ഈ കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല പുരുഷത്വവും നശിപ്പിക്കുമെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. പുരുഷന്റെ പ്രജനനശേഷിയെയാണ്‌ കീടനാശിനികള്‍ തകര്‍ക്കുന്നത്‌. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കീടനാശിനികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും പുരുഷത്വത്തെ നശിപ്പിക്കുമെന്നു കണ്ടെത്തുന്നത്‌ ആദ്യമാണ്‌. യൂറോപ്യന്‍ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനങ്ങളിലാണ്‌ ഈ കണ്ടെത്തല്‍. ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ഫാര്‍മസിയാണ്‌ ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌. ലൈംഗിക ഹോര്‍മോണുകളെ ദോഷകരമായി ബാധിച്ചാണ്‌ കീടനാശിനികള്‍ പുരുഷത്വത്തിനു ഹാനിക്കുന്നത്‌.

മക്കളുടെ കുഞ്ഞിപ്പല്ലുകള്‍ സൂസന്‌ ആഭരണം

പൊഴിഞ്ഞുപോകുന്ന കുഞ്ഞിപ്പല്ലുകള്‍ എന്തു ചെയ്യും?. ഹോളിവുഡ്‌ താരം സൂസന്‍ സരഡോണാണ്‌ പുതിയ മാതൃക സൃഷ്‌ടിക്കുന്നത്‌ . മൂന്നു മക്കളുടെ പൊഴിഞ്ഞുപോയ പല്ലുകള്‍ ഉപയോഗിച്ച്‌ സൂസന്‍ തയാറാക്കിയത്‌ ബ്രേസ്ലറ്റാണ്‌ . സ്വര്‍ണത്തില്‍ തയാറാക്കിയ ആഭരണത്തില്‍ മുത്തുകള്‍ക്ക്‌ പകരമായാണ്‌ പല്ലുകള്‍ ചേര്‍ത്തത്‌ . പല്ലുകള്‍ക്കൊപ്പം പവിഴവും ചേര്‍ത്തിട്ടുണ്ട്‌ . മക്കളായ ഇവ, ജാക്ക്‌ റോബ്ബിന്‍സ്‌ , മൈല്‍സ്‌ റോബ്ബിന്‍സ്‌ എന്നിവരുടെ പല്ലുകളാണ്‌ അമ്മ ആഭരണമാക്കുന്നത്‌ . തന്റെ ഒരു സുഹൃത്താണ്‌ ആഭരണം രൂപകല്‍പന ചെയ്‌തതെന്ന്‌ അവര്‍ പറഞ്ഞു.

2011, മാർച്ച് 5, ശനിയാഴ്‌ച

മുട്ടയ്‌ക്കുള്ളില്‍ മുട്ട

ഒരു മുട്ടയ്‌ക്കു പകരം രണ്ടു മുട്ട കിട്ടിയ അത്ഭുതത്തിലാണ്‌ ജോണ്‍ ഫെല്ലോ. അറുപത്തിയെട്ടുകാരനായ ജോണ്‍ പ്രഭാത ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു. പതിവുള്ള ഓംലെറ്റിനായി മുട്ട പൊട്ടിച്ചതായിരുന്നു ജോണ്‍. എന്നാല്‍, പാത്രത്തിലേക്കു വീണതോ മറ്റൊരു മുട്ടയും. ഇംഗ്ലണ്ടിലെ വേമൗത്തിലാണ്‌ സംഭവം. സ്‌ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പിംഗ്‌ സെന്ററില്‍നിന്നാണ്‌ ജോണ്‍ ഈ മുട്ടയും വാങ്ങിയത്‌. എന്നാല്‍, അപൂര്‍വമായ പ്രകൃതി പ്രതിഭാസമാണെന്നും എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്ന്‌ വ്യക്‌തമായി കണ്ടെത്തിയിട്ടില്ലെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌.

കാന്തികശക്‌തിയുള്ള ബാലന്‍

ലോഹങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവ്‌ കാന്തിക വസ്‌തുക്കള്‍ക്കുണ്ട്‌. മനുഷ്യനും ഇങ്ങനെ ലോഹങ്ങളെ ആകര്‍ഷിക്കാന്‍ തുടങ്ങിയാലോ. കാന്തിക മനുഷ്യനെന്നു വിളിക്കാം. അങ്ങനെയെങ്കില്‍ സെര്‍ബിയക്കാരനായ ബോഗ്‌ദാന്‍ എന്ന ഏഴുവയസുകാരനെ കാന്തിക ബാലനെന്നു വിളിക്കേണ്ടിവരും. കാരണം, ബോഗ്‌ദാന്‍ കാന്തിക ശക്‌തിയുള്ള മനുഷ്യനാണ്‌. ചെറിയ സ്‌പൂണുകളും, കത്തികളും ടിവി റിമോര്‍ട്ടും എന്തിന്‌ ഫ്രൈയിംഗ്‌പാന്‍പോലും ഈ കുഞ്ഞു ശരീരത്തിന്റെ ആകര്‍ഷണ ശക്‌തിയാല്‍ ശരീരത്തോട്‌ ഒട്ടിയിരിക്കും. ബോഗ്‌ദാന്‍ വരുമ്പോള്‍ സമീപത്തുള്ള ലോഹങ്ങള്‍ പാഞ്ഞടുത്തു ശരീരത്തോട്‌ ഒട്ടിച്ചേരുകയില്ല. ഇവ ഈ ബാലന്റെ ശരീരത്തില്‍ ചേര്‍ത്തുവയ്‌ക്കണമെന്നുമാത്രം. പശയൊന്നും വേണ്ട. ഒട്ടിയങ്ങിരിക്കും. പിന്നെ ഒരിത്തിരി ബലം കൊടുത്ത്‌ പറിച്ചെടുക്കണമെന്നുമാത്രം. ബോഗ്‌ദാന്റെ ഈ കാന്തിക ശക്‌തികാരണം വൈദ്യുതി വസ്‌തുക്കളുടെ സമീപത്തേക്ക്‌ ഈ ബാലനെ വീട്ടുകാര്‍ വിടാറില്ല. ടെലിവിഷന്റെയും കംപ്യൂട്ടറിന്റെയും മുമ്പില്‍ ബോഗ്‌ദാന്‍ എത്തിയാല്‍ ഇവ തനിയെ ഓഫായി പോകുമെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌.

ലക്‌ചര്‍ നോട്ടെഴുതാന്‍ സെക്‌സ്‌ ബുക്ക്‌

ഷെറിദാന്‍ സിമോവ്‌- ഈ പേരിപ്പോള്‍ ഇംഗ്ലണ്ടില്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമതാണ്‌. ഹാരിപോട്ടറെയും മറ്റു വിഖ്യാത പുസ്‌തകങ്ങളെയുമൊക്കെ കടത്തിവെട്ടി മുന്നേറുന്ന പുസ്‌തകത്തിന്റെ രചയിതാവാണ്‌ സിമോവ്‌. വാട്ട്‌ എവരി മാന്‍ തിങ്ക്‌ എബൗട്ട്‌ എപ്പാര്‍ട്ട്‌ ഫ്രം സെക്‌സ് എന്നാണ്‌ പുസ്‌തകത്തിന്റെ പേര്‌്. ലൈംഗികതയെ മാറ്റിനിര്‍ത്തിയാല്‍ പുരുഷന്‍ എന്താണു ചിന്തിക്കുന്നത്‌ എന്നതിനെക്കുറിച്ചാണ്‌ തന്റെ പുസ്‌കതമെന്നാണ്‌ സിമോവിന്റെ അവകാശവാദം. 200 പേജുള്ള ഈ പുസ്‌കത്തിന്റെ വില 330 രൂപയാണ്‌. പക്ഷേ, ഈ 200 പേജുകളിലും ഒരു വാക്കുപോലും അച്ചടിച്ചിട്ടില്ലെന്നതാണ്‌ പ്രത്യേകത. നിരവധി വര്‍ഷങ്ങളായി ഈ വിഷയത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടും പഠിച്ചിട്ടും ഒന്നു കണ്ടെത്താനായിട്ടില്ലെന്നും അതിനാലാണ്‌ പുസ്‌തകത്തിന്റെ പേജുകള്‍ ശൂന്യമാക്കിയിട്ടിരിക്കുന്നതെന്നാണ്‌ സിമോവ്‌ പറയുന്നത്‌. സിമോവിന്റെ പുസ്‌തകം കോളജ്‌ വിദ്യാര്‍ഥികള്‍ ലക്‌ചര്‍ നോട്ട്‌ എഴുതാനാണ്‌ വാങ്ങിക്കുട്ടുന്നതെന്നാണ്‌ പ്രസാധകര്‍ പറയുന്നത്‌. ബ്രിട്ടണിലെ കോളജ്‌ കാമ്പസുകളില്‍ ഈ ബുക്ക്‌ വാങ്ങി നോട്ടെഴുതുന്നതാണ്‌ ഇപ്പോഴത്തെ ഫാഷന്‍. വന്‍തോതില്‍ കോളജ്‌ വിദ്യാര്‍ഥികള്‍ ബുക്ക്‌ വാങ്ങിക്കൂട്ടുന്നതിനാല്‍ വില്‍പ്പനയില്‍ റിക്കോഡ്‌ സൃഷ്‌ടിച്ച്‌ സിമോവിന്റെ ബുക്ക്‌ മുന്നേറുകയാണെന്നാണ്‌ പുസ്‌തക വില്‍പ്പനക്കാര്‍ പറയുന്നത്‌.

ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍...

അന്തരിച്ച മലയാള സിനിമാ താരം ജയന്റെ കൈയില്‍ ഒരു മുതലയെ കിട്ടിയാല്‍ എന്തു സംഭവിക്കും. ജയന്‍ അതുമായി ഗുസ്‌തിപിടിക്കും. ലോകത്ത്‌ ജയനുമാത്രം സാധിക്കുന്നൊരു ജോലിയാണ്‌ മുതലയുമായുള്ള ഗുസ്‌തിപിടിത്തമെന്നാണ്‌ മലയാളികള്‍ കരുതിയിരുന്നത്‌. എന്നാല്‍, തായ്‌്ലന്‍ഡിലെ ഒരു മൃഗശാലയില്‍ ഒറിജിനല്‍ മുതല ഗുസ്‌തിക്കാരുണ്ട്‌. ബാംങ്കോഗിലെ സാംഫ്രാന്‍ എലിഫന്റ്‌ ഗ്രൗണ്ട്‌ ആന്‍ഡ്‌ സൂ എന്ന മൃഗശാലയിലാണ്‌ മുതല ഗുസ്‌തിക്കാരുള്ളത്‌. 1985 മുതല്‍ ഇവിടെ മുതലയും മനുഷ്യരും തമ്മിലുള്ള ഗുസ്‌തി സന്ദര്‍ശകര്‍ക്കായി നടത്തി വരുന്നുണ്ട്‌. സോംഫ്‌പൊ എന്ന ഇരുപത്തിരണ്ടുകാരനാണ്‌ ഇപ്പോള്‍ ഈ മൃഗശാലയിലെ ജയന്‍. മുതലയുമായി കരണം മറിയുക. മുതലയുടെ വായ്‌ ബലമായി പിടിച്ചു തുറക്കുക, തുറന്നിരിക്കുന്ന മുതല വായില്‍ തലവയ്‌ക്കുക തുടങ്ങിയ ഞെട്ടിക്കല്‍ ഐറ്റങ്ങളാണ്‌ ഈ തായ്‌്ലന്‍ഡ്‌ ജയന്‍ ചെയ്യുന്നത്‌. ഒരു മണിക്കൂറോളം നേരം നീണ്ടുനില്‍ക്കുന്നതാണ്‌ ഈ ഗുസ്‌തി.

ബാറ്ററിയില്‍ ഓടുന്ന ഒറ്റചക്രവാഹനം

നഗരത്തിരക്കുകളില്‍ കുടുങ്ങാതെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഒരു ഒറ്റചക്രവാഹനം. സോളോവീല്‍ എന്നാണ്‌ ഇതിന്റെ പേര്‌. ചക്രവും അതിന്റെ മുകളില്‍ ഒരാള്‍ക്കു കയറിനിന്നു സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലുമാണ്‌ ഈ വാഹനം തയാറാക്കിയിരിക്കുന്നത്‌. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സോളോവീലിനു കഴിയും. ആയിരം വാട്ടിന്റെ ബാറ്ററിയുടെ സഹായത്തോടെയാണ്‌ ഇവന്റെ സഞ്ചാരം. ഈ ഒറ്റവീല്‍ വാഹനത്തില്‍ കയറി മുന്നോട്ട്‌ ആഞ്ഞാല്‍ ഇവന്‍ ഓടിത്തുടങ്ങും. പുറകോട്ടാഞ്ഞാലോ ഇവന്‍ നില്‍ക്കും. തിരിയുകയും വളയുകയുമൊക്കെ ചെയ്യാം. പക്ഷേ, അല്‌പം ബാലന്‍സുണ്ടാകണമെന്നാണ്‌ കമ്പനി പറയുന്നത്‌. 45 മിനിട്ട്‌ ചാര്‍ജു ചെയ്‌താല്‍ രണ്ടു മണിക്കൂര്‍ ഈ ഒറ്റ ചക്രവാഹനത്തില്‍ സഞ്ചരിക്കാമെന്നാണ്‌ കമ്പനിയുടെ വാഗ്‌ദാനം. അത്യാവശ്യം കയറ്റങ്ങളൊക്കെ ഈ കുഞ്ഞന്‍ കയറിക്കോളും. ഷേന്‍ ചെന്‍ എന്ന അമ്പത്തിനാലുകാരനായ ഈ ഒറ്റചക്രവാഹനം വികസിപ്പിച്ചെടുത്തത്‌. ഒമ്പതു കിലോമാത്രം ഭാരമുള്ള ഇവനെ ഒരു ചെറിയ ബാഗു കണക്കേ എവിടെയും കൈയില്‍ തൂക്കി കൊണ്ടുനടക്കാനാവും. പക്ഷേ, ഏതാണ്ട്‌ 70,000 രൂപയാണ്‌ ഇവന്റെ വില. അമേരിക്കയില്‍ മാത്രമാണ്‌ ഇപ്പോള്‍ സോളോവീല്‍ ലഭിക്കുന്നത്‌.

2011, മാർച്ച് 3, വ്യാഴാഴ്‌ച

ലഹരി നുരയും തക്കാളി

ആവശ്യമാണു കണ്ടെത്തലിന്റെ മാതാവ്‌ എന്നു പറയുന്നത്‌ ശരിവയ്‌ക്കുകയാണ്‌ ഗുജറാത്തുകാര്‍. മദ്യം നിരോധിച്ച സംസ്‌ഥാനമാണ്‌ ഗുജറാത്ത്‌. എന്നാല്‍, അവിടെ കുടിയന്മാരില്ലേ? അവര്‍ക്കു ലഹരി എങ്ങനെ ലഭിക്കും. അതിനുള്ള ഉത്തരമാണ്‌ ഗുജറാത്തില്‍ തക്കാളികള്‍. വ്യാജമദ്യ മാഫിയക്കാരാണ്‌ ഈ തക്കാളികള്‍ രംഗത്തിറക്കിയിരിക്കുന്നത്‌. മദ്യം നിറച്ച തക്കാളികളാണ്‌ ഇവയെന്നുമാത്രം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ്‌ ഈ തക്കാളികളില്‍ സിറിഞ്ച്‌ ഉപയോഗിച്ച്‌ നിറയ്‌ക്കുന്നത്‌. തക്കാളിക്കു 20 രൂപയാണ്‌ വിലയെങ്കിലും ലഹരിതക്കാളിക്കു 250-300 രൂപ കൊടുക്കണം. റമ്മിനും ബ്രാണ്ടിക്കും വിലവ്യത്യാസവുമുണ്ട്‌. തെരഞ്ഞെടുത്ത കടകളില്‍ തെരഞ്ഞെടുത്ത കുടിയന്മാര്‍ക്കു മാത്രമേ ഈ തക്കാളി ലഭിക്കൂ. തക്കാളിയില്‍ നിറച്ച മദ്യത്തിനു പ്രത്യേക ലഹരിയാണെന്നാണ്‌ ഗുജറാത്തിലെ സ്‌ഥിരം കുടിയന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌.

കണ്ണില്‍ ഘടിപ്പിക്കാവുന്ന കംപ്യൂട്ടര്‍

ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ സംവിധാനം നിര്‍മിച്ചിരിക്കുകയാണ്‌ അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല. അന്ധതയ്‌ക്കു കാരണമാകാവുന്ന ഗ്ലൂക്കോമ എന്ന നേത്രരോഗത്തിന്റെ ചികിത്സാര്‍ഥമാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടര്‍ നിര്‍മിച്ചിരിക്കുന്നത്‌. ഒരു ചതുരശ്രമില്ലീമീറ്ററാണ്‌ ഇതിന്റെ വിലുപ്പം. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ ഈ കംപ്യൂട്ടറിനെ കണാനാവൂ. ഗ്ലൂക്കോമ രോഗം പിടിപെട്ടയാളുടെ കണ്ണില്‍ ഘടിപ്പിക്കാനാണ്‌ ഈ കംപ്യൂട്ടര്‍. കണ്ണിന്റെ മര്‍ദം അളക്കാനുള്ള ഉപകരണമായാണ്‌ ഇതിനെ ഉപയോഗിക്കുന്നത്‌. സാദാ കംപ്യൂട്ടറെ വെല്ലുന്നവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടര്‍. തീരെച്ചെറിയ മൈക്രോപ്രൊസസറാണ്‌ ഇതിലുള്ളത്‌. കണ്ണിന്റെ മര്‍ദം അളക്കാനുള്ള സെന്‍സര്‍, മെമ്മറി, ബാറ്ററി, സോളാര്‍സെല്‍, വയര്‍ലെസ്‌ റേഡിയോ, ഇതിന്റെ ആന്റിന തുടങ്ങിയവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടറിലുള്ളത്‌. പുറത്തുള്ള റേഡിയോ ഉപകരണത്തിലേക്ക്‌ വിവരങ്ങള്‍ കൈമാറാനാണ്‌ ഈ റേഡിയോയും ആന്റിനയും. വയര്‍ലെസ്‌ നെറ്റ്‌വര്‍ക്ക്‌ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാവുന്നവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടറെന്നാണ്‌ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. കംപ്യൂട്ടര്‍ രംഗത്തെ ഭാവിതന്നെ മാറ്റിമറിക്കാവുന്ന കണ്ടുപിടിത്തമായാണ്‌ ശാസ്‌ത്രലോകം ഇതിനെ വിലയിരുത്തുന്നത്‌. എന്നാല്‍, ഇവ വിപണിയില്‍ ലഭ്യമാകണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഈ കംപ്യൂട്ടറിനു ശാസ്‌ത്രജ്‌ഞര്‍ പേരു നല്‍കിയിട്ടില്ല.
സ്‌കോട്ട്‌ലന്‍ഡില്‍നിന്നുള്ള ഒരു വാര്‍ത്ത കേട്ടാല്‍ മദ്യപാനികളുടെ സ്വന്തം നാടെന്ന കേരളീയരുടെ അഹങ്കാരം തീരും. മദ്യത്തിന്റെ കാര്യത്തില്‍ സോഷ്യലിസ്‌റ്റു നിലപാട്‌ സ്വീകരിച്ചെന്ന കേരളത്തിന്റെ അവകാശവാദവും ഇതോടെ അവസാനിക്കും. കാരണം, സ്‌കോട്ട്‌ലന്‍ഡിലെ ഒരു എട്ടു വയസുകാരി ചികിത്സാ സഹായം തേടുകയാണ്‌. ഏതെങ്കിലും മാരകമായ രോഗത്തിനല്ല ഈ രണ്ടാം ക്ലാസുകാരി ചികിത്സാസഹായം തേടുന്നത്‌. മദ്യപാനത്തില്‍നിന്നു മോചനം നേടാനാണ്‌ ഈ ബാലിക ശ്രമിക്കുന്നത്‌. ഏതൊരു മദ്യപാനിയേയും വെല്ലുവിളിക്കാവുന്ന കപ്പാസിറ്റി ഈ ചെറുപ്രായത്തിലേ ഇവള്‍ കരസ്‌ഥമാക്കിയിരിക്കുന്നെന്നാണ്‌ ഡോക്‌ടര്‍മാര്‍ ഞെട്ടലോടെ സാക്ഷ്യപ്പെടുത്തിയത്‌. പരമ്പരാഗതമായി മദ്യപന്മാരുടെ കുടുംബമായിരുന്നു ഈ ബാലികയുടേത്‌. അതിനാലാണ്‌ ചെറുപ്രായത്തിലേ മികച്ച മദ്യപാനിയെന്നു പേരുനേടാന്‍ ഈ ബാലികയെ സഹായിച്ചത്‌.

ബിയറില്ലാതെ എന്തു ബഹിരാകാശ യാത്ര!

ബിയറില്ലാതെ നമുക്കെന്ത്‌ ആഘോഷം എന്ന നിലപാടുകാരാണ്‌ ഓസ്‌ട്രേലിയക്കാര്‍. സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും പതഞ്ഞുപൊങ്ങുന്ന ബിയര്‍ ലഹരിയില്‍ തീര്‍ക്കുന്നവരാണ്‌ കങ്കാരുവിന്റെ നാട്ടുകാര്‍. ലഹരിയുടെയും രുചിയുടെയും നിറത്തിന്റെയും വൈവിധ്യം ബിയറില്‍ തീര്‍ത്തിട്ടുള്ളവരാണ്‌ ഓസീസുകാര്‍. ഇപ്പോള്‍ പുതിയൊരു തരം ബിയറാണ്‌ രണ്ട്‌ ഓസീസ്‌ കമ്പനികള്‍ പുറത്തിറക്കിയിരിക്കുന്നത്‌. ഭൂമിയിലുള്ളവര്‍ക്കു ലഹരി നല്‍കാനുള്ളതല്ല ഈ ബിയര്‍. ബഹിരാകാശ യാത്രക്കാര്‍ക്കുള്ളതാണ്‌ ഈ ബിയര്‍. ബഹിരാകാശ യാത്രക്കാര്‍ക്കായുള്ള ആദ്യത്തെ ബിയറുകള്‍ സൃഷ്‌ടിച്ചാണ്‌ ഓസീസുകാര്‍ പുതിയ ചരിത്രം രചിച്ചത്‌. ബഹിരാകാശത്തു ലഹരിനല്‍കാനുദ്ദേശിച്ചുള്ളതാണീ ബിയറെന്നാണ്‌ ഇതുണ്ടാക്കിയ കമ്പനികള്‍ പറയുന്നത്‌. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തിനു ദോഷകരമല്ല ഈ ബിയറുകളെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ബഹിരാകാശ ടൂറിസം അടുത്ത വര്‍ഷം മുതല്‍ വ്യാപകമാകുമെന്നും അതിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ്‌ ബിയറുകള്‍ നിര്‍മിച്ചതെന്നുമാണ്‌ കമ്പനികള്‍ പറയുന്നത്‌.

ഏറ്റവും കൂടുതല്‍ രോമമുള്ള പെണ്‍കുട്ടി

തായ്‌ലന്‍ഡിലെ സുപാത്ര സസുഫാന്‍ എന്ന പത്തുവയസുകാരിയെ കണ്ടാല്‍ ആരും ഒന്നു ഞെട്ടും. ശരീരം നിറയേ രോമം വളര്‍ന്ന ഒരു ഭീകരരൂപം. സുപാത്രയുടെ ശരീരത്തില്‍ ഒരിഞ്ചു സ്‌ഥലംപോലും രോമം വളരാത്തതായില്ല. മുഖത്താകട്ടെ രോമങ്ങള്‍ മുടിപോലെ വളര്‍ന്നു തൂങ്ങിക്കിടക്കുന്നു. ചെന്നായ്‌ ബാലികയെന്നും കുരങ്ങിയെന്നുമുള്ള കൂട്ടുകാരികളുടെ കളിയാക്കലുകള്‍ കൂടെയും. ഏതൊരാളുടെയും ആത്മവിശ്വാസം തകര്‍ക്കാന്‍ ഇതൊക്കെമതി. എന്നാല്‍, സുപാത്രയ്‌ക്ക് ഇതൊക്കെ കേട്ടാല്‍ ഒരുകുലുക്കവുമില്ല. കാരണം, ഏറ്റവും കൂടുതല്‍ രോമമുള്ള പെണ്‍കുട്ടിയെന്ന ഗിന്നസ്‌ ലോകറിക്കോഡ്‌ സ്വന്തമാക്കിയിരിക്കുകയാണ്‌ സുപാത്ര. ഈ ബഹുമതി തനിക്കു ആത്മവിശ്വാസം നല്‍കിയിരിക്കുകയാണെന്നാണ്‌ സുപാത്ര പറയുന്നത്‌. അപൂര്‍വമായ ജനിതകവ്യതിയാനമാണ്‌ സുപാത്രയുടെ ഈ അമിത രോമവളര്‍ച്ചയുടെ കാരണമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. തന്നെ കുഴക്കിയിരുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്‌ ഗിന്നസ്‌ ലോകറിക്കോഡെന്നാണ്‌ സുപാത്ര അഭിപ്രായപ്പെട്ടത്‌. നൃത്തം ചെയ്യാനും പാടാനും അഭിനയിക്കാനും ഇഷ്‌ടപ്പെടുന്ന സുപാത്രയാണ്‌ ഇപ്പോള്‍ അവളുടെ സ്‌കൂളിലെ താരം. ജന്മനാതന്നെ സുപാത്രയ്‌ക്കു അമിതരോമ വളര്‍ച്ചയുണ്ടായിരുന്നു. രണ്ടാം വയസില്‍ തന്നെ ലേസര്‍ ചികിത്സയ്‌ക്കു വിധേയയാക്കിയെങ്കിലും അതൊന്നും രോമവളര്‍ച്ചയെ തടയാന്‍ പര്യാപ്‌തമല്ലായിരുന്നു. എന്തായാലും മകളുടെ രോമവളര്‍ച്ചയെക്കുറിച്ചുള്ള സുപാത്രയുടെ മാതാപിതാക്കളുടെ ആശങ്കകള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്‌. കാരണം, ഗിന്നസ്‌ ലോകറിക്കോഡില്‍ പേരുവന്നതോടെ ലോകം മുഴുവന്‍ മകള്‍ അറിയപ്പെട്ട സന്തോഷത്തിലാണവര്‍.

2011, മാർച്ച് 2, ബുധനാഴ്‌ച

ഉന്നതനിലയില്‍ ജീവിച്ച കുറുക്കന്‍

ഉന്നതനിലയില്‍ ജീവിച്ചൊരു കുറുക്കനെ കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ പിടികൂടി. ബ്രിട്ടണിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍ താമസമാക്കിയ കുറുക്കനെയാണ്‌ പിടികൂടിയത്‌. 288 മീറ്റര്‍ ഉരത്തിലുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവേ തന്നെ അനിധികൃതമായി ഈ കുറുക്കന്‍ കൈയേറുകയായിരുന്നെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. 72 നിലകളുള്ള ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌ കുറക്കന്‍ താമസിച്ചിരുന്നത്‌. മരങ്ങള്‍ നിറഞ്ഞ കാടല്ലെങ്കിലും നഗരമൊരു കോണ്‍ക്രീറ്റ്‌ വനമാണെന്നു ചിന്തിച്ചിരുന്ന പുരോഗമന ചിന്തകനായിരുന്നു ഈ കുറുക്കന്‍. നിര്‍മാണ തൊഴിലാളികളുടെ ഭക്ഷണാവശിഷ്‌ടങ്ങളായിരുന്നു ഈ വിരുതന്‍ കഴിച്ചിരുന്നത്‌. ലോകത്തെ ഏറ്റവും ഉന്നതനിലയില്‍ ജീവിക്കുന്ന കുറുക്കനെന്ന അഹങ്കാരമൊന്നും ഈ പാവത്തിനില്ലായിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും കൂവുന്നൊരു സ്വഭാവദൂഷ്യം പാരമ്പര്യമായി കുറുക്കന്മാര്‍ക്കുണ്ടല്ലോ. എന്നാല്‍, ഈ പാവത്തിനു അതുമില്ലായിരന്നു. ലണ്ടന്‍ ബ്രിഡ്‌ജിനു സമീപത്തുയരുന്ന ആകാശഗോപുരത്തിന്റെ 72-ാം നിലയില്‍ നഗരകാഴ്‌ചകള്‍ കണ്ട്‌ സന്തോഷപൂര്‍വമായിരുന്നു ഇവന്റെ താമസം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഏതോ പണിക്കാരന്‍ മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ ഇവനെ കണ്ടുപിടിക്കുകയായിരുന്നു. പിന്നീട്‌ ഒരു കൂട്ടിലടച്ച്‌ ഇവനെ മൃഗസംരക്ഷകര്‍ക്കു കൈമാറി. കെട്ടിടം പണിയുന്നവര്‍ ഈ സുന്ദരനായ കുറക്കനു ഒരു പേരുമിട്ടു. റോമിയോ. എന്തായാലും റോമിയോ ഇപ്പോള്‍ ലണ്ടനിലെ ഒരു മൃഗശാലയിലാണ്‌.

വിലമതിക്കാനാവാത്ത വജ്രം

എന്തിനും വിലയിടുന്നവരാണ്‌ പാശ്‌ചാത്യര്‍. എന്നാല്‍, കോറ സണ്‍ ഡ്രോപ്‌ എന്ന വജ്രത്തിനു വിലയിടാന്‍ അവര്‍ക്കു സാധിക്കുന്നില്ല. കാരണം മഞ്ഞനിറത്തിലുള്ള ലോകത്തെ ഏറ്റവും അപൂര്‍വമായ വജ്രമാണിത്‌. 110 കാരറ്റുണ്ട്‌ ഈ വജ്രം. ഇറ്റുവീഴുന്ന വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ളതാണിത്‌. അതിനാലാണ്‌ ഇറ്റുവീഴുന്ന സൂര്യകിരണമെന്ന്‌ അര്‍ഥത്തില്‍ സണ്‍ ഡ്രോപ്‌ എന്ന ഈ വജ്രത്തിനു പേരുനല്‍കിയത്‌. വജ്ര നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനിയായ കോറയാണ്‌ ഈ വജ്രത്തിന്റെ ഉടമസ്‌ഥര്‍. 100 കാരറ്റിലധികമുള്ള വജ്രങ്ങള്‍ വളരെഅപൂര്‍വമായതാണ്‌ കോറ സണ്‍ ഡ്രോപിന്റെ മൂല്യത്തിനുകാരണം. ആഫ്രിക്കയില്‍നിന്നാണ്‌ ഈ വജ്രം ഖനനം ചെയ്‌തെടുത്തത്‌. അത്യപൂര്‍വമായ ഈ വജ്രത്തിന്റെ പ്രദര്‍ശനം ലോകംമുഴുവന്‍ നടത്തുന്ന തിരക്കിലാണ്‌ കമ്പനി.

കള്ളനെ പിടികൂടിയ ഫേസ്‌ബുക്ക്‌

സൗഹൃദങ്ങള്‍ പുതുക്കാനും കണ്ടെത്താനും മാത്രമല്ല കള്ളനെ പിടിക്കാനും ഫേസ്‌ബുക്ക്‌ സഹായിക്കുമെന്നാണ്‌ അമേരിക്കന്‍ പോലീസ്‌ പറയുന്നത്‌. മസാച്ചുസെറ്റ്‌സിലെ സ്വാന്‍സിയിലെ സിനിമാ തീയറ്ററില്‍ മോഷണം നടത്തിയ കള്ളനെ പിടികൂടിയത്‌ ഫേസ്‌ബുക്കിന്റെ സാഹയത്തോടെയാണ്‌. ഇരുപത്തിയഞ്ചുകാരനായ ഡാനിയല്‍ ബോയ്‌സിയെന്ന യുവാവ്‌ തീയറ്റര്‍ കെട്ടിടത്തില്‍ ആരുമറിയാതെ കടന്ന്‌ പണപ്പെട്ടി മോഷ്‌ടിക്കുകയായിരുന്നു. എന്നാല്‍, ഡാനിയല്‍ പണം മോഷ്‌ടിക്കുന്നതിന്റെ ചിത്രങ്ങള്‍ തീയറ്ററിലെ രഹസ്യകാമറകള്‍ പകര്‍ത്തിയിരുന്നു. ഈ കാമറാ ദൃശ്യങ്ങള്‍ കണ്ട തീയറ്ററിലെ ഒരു ജീവനക്കാരന്‍ ഇയാളെ പരിചയമുണ്ടെന്നു തറപ്പിച്ചു പറഞ്ഞു. ഫേസ്‌ബുക്കില്‍ ഏറെ സമയം ചെലവഴിക്കുന്നയാളായിരുന്നു ഈ ജീവനക്കാരന്‍. ഫേസ്‌ബുക്കില്‍ ഇയാളെ കണ്ടിട്ടുണ്ടെ ജീവനക്കാരന്റെ മൊഴി സ്വീകരിച്ച പോലീസ്‌ വിശദമായി ഫേസ്‌ബുക്കില്‍ പരതി മോഷ്‌ടാവിനെ കണ്ടെത്തുകയായിരുന്നു.

ഗ്രീഷ്മ വെള്ളം യാചിച്ചു, വിഷം കലക്കി നല്‍കി

സഹോദരിയുടെ സ്വാര്‍ത്ഥതയും ക്രൂരതയും അതിരുവിട്ടപ്പോള്‍ ഗ്രീഷ്മ എന്ന പന്ത്രണ്ടുകാരിക്ക് നഷ്ടമായത് സ്വജീവന്‍. സ്വന്തം പ്രണയബന്ധം സംരക്ഷിക്കുന്നതിന് വേണ്ടി സ്വസഹോദരിയെ കുരുതികൊടുത്ത രേഷ്മ എന്ന പത്തൊമ്പതുകാരിയെയും കാമുകന്‍ കണ്ണനെന്ന പ്രശാന്തിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി ആനച്ചാല്‍ പുളിക്കച്ചുണ്ടയില്‍ രാജന്‍ മാത്യുവിന്റെ മകള്‍ ഗ്രീഷ്മയെ 2006 സെപ്തംബര്‍ 19 ന് ആണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ കുളിക്കാന്‍ പോയ സമയത്ത് അനുജത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി. കുളികഴിഞ്ഞു വരുന്ന സമയത്ത് അനുജത്തി തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നും അഴിച്ച് നിലത്ത് കിടത്തിയപ്പോഴേക്കും മരിച്ചു എന്നുമായിരുന്നു രേഷ്മ നല്‍കിയ മൊഴി. ഗ്രീഷ്മ വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍, തുടര്‍ന്ന് നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ സഹോദരിയുടെയും കാമുകന്റെയും രാക്ഷസീയ ഭാവം വെളിച്ചത്ത് വന്നത്. സംഭവം നടക്കുമ്പോള്‍ രേഷ്മയ്ക്ക് പതിനാലും കാമുകന്‍ പ്രശാന്തിന് ഇരുപതും വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറായ പ്രശാന്തും രേഷ്മയും തമ്മില്‍ പ്രണയത്തിലാവുകയും പ്രശാന്ത് അടിക്കടി വീട്ടിലെത്തി രേഷ്മയെ കാണുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഈ ബന്ധം അനുജത്തി ഗ്രീഷ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഗ്രീഷ്മ ഇക്കാര്യം പിതാവ് രാജന്‍‌മാത്യുവിനെ അറിയിക്കുകയും ചെയ്തു. മേലില്‍ വീട്ടില്‍ വരരുത് എന്ന് രാജന്‍‌മാത്യു പ്രശാന്തിനെ വിലക്കുകയും അയാളുടെ വീട്ടില്‍ ഇതെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവ ദിവസം രേഷ്മയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന അവസരം മുതലാക്കാന്‍ പ്രശാന്ത് വീണ്ടും അവിടെയെത്തി. പ്രശാന്തിനെ കണ്ട ഗ്രീഷ്മ ഇക്കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞു. പറയരുത് എന്ന് പലതവണ പ്രശാന്ത് ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, വഴങ്ങാതിരുന്ന ഗ്രീഷ്മയെ പ്രശാന്ത് കഴുത്ത് ഞെരിച്ച് ബോധം കെടുത്തി. അബോധാവസ്ഥയിലായിരുന്ന ഗ്രീഷ്മയെ കട്ടിലില്‍ എടുത്തു കിടത്തിയപ്പോള്‍ അവ്യക്തമായി വെള്ളത്തിനു വേണ്ടി യാചിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് പ്രശാന്ത് കൈയില്‍ കരുതിയിരുന്ന വിഷം ഗ്ലാസിലൊഴിച്ച് ഗ്രീഷ്മയ്ക്ക് നല്‍കുകയായിരുന്നു. ഇതിനായി ഗ്ലാസ് എടുത്തു കൊടുത്തത് രേഷ്മയായിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ഗ്ലാസ് തെളിവ് നശിപ്പിക്കാന്‍ വേണ്ടി പൊട്ടിച്ച് കളയുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിനായി സ്വസഹോദരിയെ ക്രൂരമായി കൊലചെയ്യാന്‍ കൂട്ടുനിന്ന രേഷ്മയുടെ പ്രണയബന്ധം പിന്നീട് മുറിഞ്ഞുപോയിരുന്നു. ഗ്രീഷ്മയുടെ ജീവിതം തല്ലിക്കെടുത്തിയതിന്റെ ശാപം കാരണമായിരിക്കാം മറ്റൊരാളുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കെ രേഷ്മയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്!

വാര്‍ത്ത