
ബിയറില്ലാതെ നമുക്കെന്ത് ആഘോഷം എന്ന നിലപാടുകാരാണ് ഓസ്‌ട്രേലിയക്കാര്‍. സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും പതഞ്ഞുപൊങ്ങുന്ന ബിയര്‍ ലഹരിയില്‍ തീര്‍ക്കുന്നവരാണ് കങ്കാരുവിന്റെ നാട്ടുകാര്‍. ലഹരിയുടെയും രുചിയുടെയും നിറത്തിന്റെയും വൈവിധ്യം ബിയറില്‍ തീര്‍ത്തിട്ടുള്ളവരാണ് ഓസീസുകാര്‍.
ഇപ്പോള്‍ പുതിയൊരു തരം ബിയറാണ് രണ്ട് ഓസീസ് കമ്പനികള്‍ പുറത്തിറക്കിയിരിക്കുന്നത്. ഭൂമിയിലുള്ളവര്‍ക്കു ലഹരി നല്‍കാനുള്ളതല്ല ഈ ബിയര്‍. ബഹിരാകാശ യാത്രക്കാര്‍ക്കുള്ളതാണ് ഈ ബിയര്‍. ബഹിരാകാശ യാത്രക്കാര്‍ക്കായുള്ള ആദ്യത്തെ ബിയറുകള്‍ സൃഷ്‌ടിച്ചാണ് ഓസീസുകാര്‍ പുതിയ ചരിത്രം രചിച്ചത്.
ബഹിരാകാശത്തു ലഹരിനല്‍കാനുദ്ദേശിച്ചുള്ളതാണീ ബിയറെന്നാണ് ഇതുണ്ടാക്കിയ കമ്പനികള്‍ പറയുന്നത്. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തിനു ദോഷകരമല്ല ഈ ബിയറുകളെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ബഹിരാകാശ ടൂറിസം അടുത്ത വര്‍ഷം മുതല്‍ വ്യാപകമാകുമെന്നും അതിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് ബിയറുകള്‍ നിര്‍മിച്ചതെന്നുമാണ് കമ്പനികള്‍ പറയുന്നത്.