
തായ്‌ലന്‍ഡിലെ സുപാത്ര സസുഫാന്‍ എന്ന പത്തുവയസുകാരിയെ കണ്ടാല്‍ ആരും ഒന്നു ഞെട്ടും. ശരീരം നിറയേ രോമം വളര്‍ന്ന ഒരു ഭീകരരൂപം. സുപാത്രയുടെ ശരീരത്തില്‍ ഒരിഞ്ചു സ്‌ഥലംപോലും രോമം വളരാത്തതായില്ല. മുഖത്താകട്ടെ രോമങ്ങള്‍ മുടിപോലെ വളര്‍ന്നു തൂങ്ങിക്കിടക്കുന്നു. ചെന്നായ് ബാലികയെന്നും കുരങ്ങിയെന്നുമുള്ള കൂട്ടുകാരികളുടെ കളിയാക്കലുകള്‍ കൂടെയും. ഏതൊരാളുടെയും ആത്മവിശ്വാസം തകര്‍ക്കാന്‍ ഇതൊക്കെമതി.
എന്നാല്‍, സുപാത്രയ്‌ക്ക് ഇതൊക്കെ കേട്ടാല്‍ ഒരുകുലുക്കവുമില്ല. കാരണം, ഏറ്റവും കൂടുതല്‍ രോമമുള്ള പെണ്‍കുട്ടിയെന്ന ഗിന്നസ് ലോകറിക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സുപാത്ര. ഈ ബഹുമതി തനിക്കു ആത്മവിശ്വാസം നല്‍കിയിരിക്കുകയാണെന്നാണ് സുപാത്ര പറയുന്നത്.
അപൂര്‍വമായ ജനിതകവ്യതിയാനമാണ് സുപാത്രയുടെ ഈ അമിത രോമവളര്‍ച്ചയുടെ കാരണമെന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത്. തന്നെ കുഴക്കിയിരുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഗിന്നസ് ലോകറിക്കോഡെന്നാണ് സുപാത്ര അഭിപ്രായപ്പെട്ടത്. നൃത്തം ചെയ്യാനും പാടാനും അഭിനയിക്കാനും ഇഷ്‌ടപ്പെടുന്ന സുപാത്രയാണ് ഇപ്പോള്‍ അവളുടെ സ്‌കൂളിലെ താരം.
ജന്മനാതന്നെ സുപാത്രയ്‌ക്കു അമിതരോമ വളര്‍ച്ചയുണ്ടായിരുന്നു. രണ്ടാം വയസില്‍ തന്നെ ലേസര്‍ ചികിത്സയ്‌ക്കു വിധേയയാക്കിയെങ്കിലും അതൊന്നും രോമവളര്‍ച്ചയെ തടയാന്‍ പര്യാപ്‌തമല്ലായിരുന്നു. എന്തായാലും മകളുടെ രോമവളര്‍ച്ചയെക്കുറിച്ചുള്ള സുപാത്രയുടെ മാതാപിതാക്കളുടെ ആശങ്കകള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്. കാരണം, ഗിന്നസ് ലോകറിക്കോഡില്‍ പേരുവന്നതോടെ ലോകം മുഴുവന്‍ മകള്‍ അറിയപ്പെട്ട സന്തോഷത്തിലാണവര്‍.