2011, ജൂലൈ 25, തിങ്കളാഴ്‌ച

വലുപ്പത്തില്‍ മുമ്പിന്‍; പേടിയില്‍ വമ്പന്‍

നാലടി ഉയരവും ഏഴടി നീളവും 120 കിലോ ഭാരവുമായി ഗിന്നസ്‌ ലോകറെക്കോഡില്‍ സ്‌ഥാനം നേടിയിരിക്കുകയാണ്‌ ജോര്‍ജ്‌ എന്ന നായ. അമേരിക്കയിലെ അരിസോണയിലുള്ള ഡേവ്‌ നാസര്‍- ക്രിസ്‌റ്റി ദമ്പതികളുടെ ഉടമസ്‌തയിലുള്ളതാണ്‌ ഗ്രേറ്റ്‌ ഡെയ്‌ന്‍ ഇനത്തില്‍പ്പെട്ട ഈ നായ. 2005 നവംബറിലാണ്‌ ജോര്‍ജ്‌ ജനിച്ചത്‌. 2006 ജനുവരിയിലാണ്‌ ഡേവും ക്രിസ്‌റ്റിയും ഈ നായയെ വാങ്ങുന്നത്‌. വാങ്ങുമ്പോള്‍ സാധാരണ ഒരു നായക്കുഞ്ഞിന്റെ വലുപ്പമേ ജോര്‍ജിനുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇവന്റെ കാല്‍പത്തികള്‍ക്ക്‌ അസാധാരണ വലുപ്പമുണ്ടായിരുന്നു. ആദ്യത്തെ അഞ്ചുമാസങ്ങള്‍ ജോര്‍ജിന്റെ വളര്‍ച്ച സാധാരണപോലെയായിരുന്നു. എന്നാല്‍, അതിനുശേഷം അസാധാരണമായ വളര്‍ച്ചയായിരുന്നു ജോര്‍ജിന്റേത്‌. ദിനംപ്രതി അരക്കിലോയോളം തൂക്കമായിരുന്നു ജോര്‍ജിനു വര്‍ധിച്ചുകൊണ്ടിരുന്നത്‌. 2006 നവംബറില്‍ ഒന്നാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ജോര്‍ജിന്റെ ഭാരം 90 കിലോയായി. ഗ്രേറ്റ്‌ ഡെയ്‌ന്‍ ഇനത്തില്‍പ്പെട്ട നായ്‌ക്കളുടെ ശരാശരി ഭാരം 56 മുതല്‍ 72 കിലോ മാത്രമാണ്‌. രണ്ടാം ജന്മദിനം ആഘോഷിച്ചപ്പോള്‍ ജോര്‍ജിന്റെ ഭാരം 97 കിലോയോളം എത്തി. ഒരു കാളക്കൂറ്റനെപ്പോലെ ജോര്‍ജ്‌ വളര്‍ന്നതോടെ ഇവനെയും കൊണ്ടുള്ള ചുറ്റിക്കറക്കം ഡേവ്‌ അവസാനിപ്പിച്ചു. കാഴ്‌ചയില്‍ ഭീതിതോന്നുമെങ്കിലും ജോര്‍ജൊരു പാവമാണെന്നാണ്‌ ഡേവ്‌ പറയുന്നത്‌. പാര്‍ക്കിലും മറ്റും പോകുമ്പോള്‍ ചെറുനായ്‌ക്കളെ കാണുന്നതുതന്നെ ജോര്‍ജിനു പേടിയാണ്‌. ചെറുനായ്‌ക്കള്‍ ഇവനുചുറ്റും കറങ്ങിനടത്താല്‍ ജോര്‍ജ്‌ ദയനീയമായി കുരച്ച്‌ ഡേവിന്റെ പിന്നിലൊളിക്കും. അതേപോലെ വെള്ളവും ജോര്‍ജിന്‌ പേടിയാണ്‌. 2010ലാണ്‌ ലോകത്തെ ഏറ്റവും വലിയനായയാണ്‌ ജോര്‍ജ്‌ എന്ന്‌ അവകാശപ്പെട്ട്‌ ഡേവ്‌ ഗിന്നസ്‌ ലോകറെക്കോഡ്‌ അധികൃതരെ സമീപിക്കുന്നത്‌. എന്നാല്‍, 2011ലാണ്‌ ഏറ്റവും വലിയ നായയെന്ന അംഗീകാരം ഗിന്നസ്‌ അധികൃതര്‍ ജോര്‍ജിനു സമ്മാനിക്കുന്നത്‌. ഗിന്നസ്‌ ബുക്കില്‍ സ്‌ഥാനം പിടിച്ചതോടെ ലോകതാരമായി മാറിയിരിക്കുകയാണ്‌ ജോര്‍ജ്‌. ലോകമെങ്ങും ഈ കൂറ്റന്‍ നായയ്‌ക്ക് പതിനായിരക്കണക്കിന്‌ ആരാധകരാണുള്ളത്‌. ഫേസ്‌ബുക്കില്‍ ജോര്‍ജിന്റെ ഇഷ്‌ടക്കാരായി എഴുപതിനായിരം പേരാണുള്ളത്‌.

വാര്‍ത്ത